Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഓട്ടോ ഡ്രൈവറുടെ മകൻ പന്ത് കൈയിലെടുത്തത് സാമ്പത്തിക പരാധീനതകളിൽ വട്ടം കറങ്ങി; 2019ൽ 204 റൺസ് പ്രതിരോധിച്ചപ്പോൾ 2.2 ഓവറിൽ വിട്ടു കൊടുത്തത് 36 റൺസ്; അന്നത്തെ വില്ലൻ ഇന്ന് സൂപ്പർ; നാല് ഓവറിൽ വെറും എട്ട് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ; കൊൽക്കത്തയെ 84 റൺസിന് ചുരുട്ടി കെട്ടിയത് ഈ ബൗളിങ് മികവ്; മുഹമ്മദ് സിറാജിന് നല്ലകാലമെത്തുമ്പോൾ

ഓട്ടോ ഡ്രൈവറുടെ മകൻ പന്ത് കൈയിലെടുത്തത് സാമ്പത്തിക പരാധീനതകളിൽ വട്ടം കറങ്ങി; 2019ൽ 204 റൺസ് പ്രതിരോധിച്ചപ്പോൾ 2.2 ഓവറിൽ വിട്ടു കൊടുത്തത് 36 റൺസ്; അന്നത്തെ വില്ലൻ ഇന്ന് സൂപ്പർ; നാല് ഓവറിൽ വെറും എട്ട് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ; കൊൽക്കത്തയെ 84 റൺസിന് ചുരുട്ടി കെട്ടിയത് ഈ ബൗളിങ് മികവ്; മുഹമ്മദ് സിറാജിന് നല്ലകാലമെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: നാല് ഓവറിൽ വെറും എട്ട് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ. ഇതിൽ രണ്ട് ഓവറുകൾ മെയ്ഡനും. ഇതോടെ ഐ.പി.എൽ ചരിത്രത്തിൽ ഒരു മത്സരത്തിൽ രണ്ട് ഓവറുകൾ മെയ്ഡനാക്കുന്ന ആദ്യ താരമാവുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിരയിലുള്ള മുഹമ്മദ് സിറാജ്.

20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് മാത്രമേ കൊൽക്കത്തയ്ക്ക് നേടാനായുള്ളൂ. 14-ാം ഓവറിൽ വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ ലക്ഷ്യം കാണുകയും ചെയ്തു. ഇതിന് കാരണം സിറാജായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിരയിലുള്ള താരമാണ് മുഹമ്മദ് സിറാജ്. റൺസ് വിട്ടുകൊടുക്കുന്നതു കൊണ്ട് തന്നെ ഈ ബൗളർക്ക് വിമർശനമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. എന്നാൽ സിറാജ് ഇന്ന് താരമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിമർശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് സിറാജ് പുറത്തെടുത്തത്.

2019ലെ ഐഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലെ പോരാട്ടത്തിൽ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു മുഹമ്മദ് സിറാജിന് ആ രാത്രി. സ്‌കോർബോർഡിൽ 204 റൺസുണ്ടായിട്ടും ബാംഗ്ലൂരിന് ജയിക്കാൻ കഴിയാതിരുന്ന മത്സരം. ഇങ്ങനെയാണ് കളിയെങ്കിൽ ജയിക്കാൻ അർഹതയില്ലെന്നായിരുന്നു അന്ന് വിരാട് കോലിയുടെ പ്രതികരണം. അന്ന് 2.2 ഓവറുകൾ മാത്രമാണ് സിറാജ് പന്തെറിഞ്ഞത്. 36 റൺസാണ് സിറാജിന് വഴങ്ങേണ്ടി വന്നത്. മത്സരത്തിൽ രണ്ടു ബീമറുകൾ എറിഞ്ഞതിന് അംപയറിന്റെ വിലക്കും കൂടി വന്നു. ഇതേ സിറാജാണ് ഇപ്പോൾ താരമാകുന്നത്.

2020ലെ മത്സരത്തിൽ സിറാജിന്റെ ആദ്യ 13 പന്തുകളിൽ ഒരു റൺ പോലും നേടാൻ കൊൽക്കത്ത ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ല. ആദ്യ രണ്ട് ഓവറിൽ ഒരു റൺസും വിട്ടുകൊടുക്കാതെയാണ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. ഒരു ജെനുവിൻ ഇൻസ്വിങ്ങറിൽ രാഹുൽ ത്രിപാഠിയെ വീഴ്‌ത്തിയ സിറാജ് തൊട്ടടുത്ത പന്തിൽ നിതീഷ് റാണയുടെ കുറ്റി പിഴുതു. രണ്ടാം ഓവറിൽ ടോം ബാന്റണെയും വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച സിറാജ് കൊൽക്കത്തയുടെ തകർച്ചയിൽ പ്രധാന പങ്കുവഹിച്ചു.

ഷഹബാസ് അഹമ്മദിനു പകരമാണ് മുഹമ്മദ് സിറാജിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. 13 വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിഞ്ഞ ആദ്യ ബോളറാണ് മുഹമ്മദ് സിറാജ്; അതും രണ്ട് വിക്കറ്റ് മെയ്ഡൻ ഓവറുകൾ. സിറാജ് ആകെ എറിഞ്ഞ 24 പന്തുകളിൽ 16 പന്തിലും കൊൽക്കത്ത ബാറ്റ്‌സ്ന്മാർക്ക് റണ്ണൊന്നുമെടുക്കാനായില്ല. മത്സരത്തിൽ സിറാജിന്റെ ഇക്കണോമി റേറ്റായ 2.00 ഈ സീസണിൽ ഇതേവരെയുള്ള ഏറ്റവും മികച്ച ഇക്കണോമി റേറ്റാണ്. ഈ മത്സരത്തിനു മുൻപ് ഐപിഎൽ കരിയറിൽ സിറാജിന്റെ ഇക്കണോമി റേറ്റ് 9.30 ആയിരുന്നു.

രണ്ടാം ഓവറിലാണ് സിറാജ് കളിയുടെ ഗതിതന്നെ തിരിച്ചുവിട്ട ബോളിങ് പ്രകടനം കാഴ്ചവച്ചത്. മൂന്നാം പന്തിലായിരുന്നു ആദ്യ പ്രഹരം. പന്ത് തേഡ് മാനിലേക്ക് തട്ടിയകറ്റാൻ ശ്രമിച്ച രാഹുൽ ത്രിപാഠിക്കു പിഴച്ചു. വിക്കറ്റ് കീപ്പർ എബി ഡിവില്ലിയേഴ്‌സ് ഡൈവ് ചെയ്ത് പന്ത് കൈകളിലൊതുക്കി. തുടർന്നെത്തിയ നിതീഷ് റാണയെ തൊട്ടടുത്ത പന്തിൽ ബൗൾഡായി സിറാജ് കൊൽക്കത്തയെ വീണ്ടും ഞെട്ടിച്ചു. ആ ഓവറിൽ റണ്ണൊന്നും വിട്ടുകൊടുക്കാതെ രണ്ട് നിർണായക വിക്കറ്റുകളാണ് സിറാജ് നേടിയത്. സിറാജ് എറിഞ്ഞ മൂന്നാം ഓവറിൽ രണ്ടു റൺസ് മാത്രമാണ് കൊൽക്കത്ത നേടിയത്. തന്റെ നാലാം ഓവറിൽ ആറു സിംഗിളുകൾ മാത്രമാണ് സിറാജ് വഴങ്ങിയത്.

ബുധനാഴ്‌ച്ച രാത്രിയിൽ നടത്തിയ അവിസ്മരണീയ പ്രകടനത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് മുഹമ്മദ് സിറാജ്. കൊൽക്കത്തയ്ക്ക് എതിരെ വിരാട് കോലി ന്യൂ ബോൾ ഏൽപ്പിക്കുമെന്ന് ഒട്ടും കരുതിയില്ലെന്ന് സിറാജ് പറയുന്നു. 'ന്യൂ ബോൾ വെച്ച് കാര്യമായ പരിശീലനം ഞാൻ നെറ്റ്സിൽ നടത്തിയിരുന്നു. എന്നാൽ മത്സരത്തിൽ ഞാൻ ഓപ്പൺ ചെയ്യുമെന്ന് ഒട്ടും കരുതിയില്ല. ക്രിസ് മോറിസിന്റെ ആദ്യ ഓവർ കഴിയുമ്പോഴേക്കും തയ്യാറായി നിൽക്കാൻ വിരാട് കോലി പെട്ടെന്നാണ് ആവശ്യപ്പെട്ടത്', സിറാജ് അറിയിച്ചു.

ഇതേസമയം, കോലി ആവശ്യപ്പെട്ട പ്രകാരമല്ല താൻ പന്തെറിഞ്ഞതെന്ന് താരം വെളിപ്പെടുത്തുന്നുണ്ട്. ബൗൺസറുകൾ എറിയാനാണ് പന്തുകൊടുക്കുമ്പോൾ കോലി സിറാജിനോട് ആവശ്യപ്പെട്ടത്. പക്ഷെ ബൗൺസറുകൾ എറിയാൻ സിറാജിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഗുഡ് ലെങ്തിൽ പന്തെറിഞ്ഞാൽ കാര്യമുണ്ടാകുമെന്ന ഉൾവിളിക്ക് പിന്നാലെ താരം പോയി. 'രണ്ടാമത്തെ ഓവറിൽ പന്തുതരുമ്പോൾ ബൗൺസറുകൾ വേണമെന്നാണ് വിരാട് ഭായി ആവശ്യപ്പെട്ടത്. ഇപ്രകാരം പന്തെറിയാനും ആദ്യം തീരുമാനിച്ചു. പക്ഷെ റണ്ണപ്പ് തുടങ്ങിയപ്പോൾ ഉൾവിളിയുണ്ടായി. ബൗൺസറിന് പകരം ഗുഡ് ലെങ്ത് പരീക്ഷിച്ചു. ഓവറിലെ മൂന്നാം പന്തിൽ ഈ ശ്രമം വിജയിച്ചു. ആദ്യ വിക്കറ്റ് കിട്ടി', സിറാജ് സൂചിപ്പിച്ചു. സിറാജിന് പന്തുകൊടുക്കാനുള്ള തീരുമാനത്തെ കുറിച്ച് ആർസിബിയുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസ്സനും മനസ്സുതുറക്കുന്നുണ്ട്.

'ക്രിസ് മോറിസിന്റെ ആദ്യ ഓവറിൽ പന്ത് സ്വിങ് ചെയ്യുന്നതു കണ്ടപ്പോഴാണ് അടുത്ത ഓവർ സിറാജിന് കൊടുക്കാമെന്ന തീരുമാനമുണ്ടായത്. സിറാജ് മികച്ച സീം പൊസിഷൻ പാലിക്കാറുണ്ട്. താരം ഗുഡ് ലെങ്ത് കൂടി കണ്ടെത്തിയതോടെ ബാംഗ്ലൂരിന് കാര്യങ്ങൾ എളുപ്പമായി', മൈക്ക് ഹെസ്സൻ പറഞ്ഞു. നിലവിൽ 30 ഐപിഎൽ മത്സരങ്ങളിൽ നിന്നും 34 വിക്കറ്റുകളാണ് സിറാജിന്റെ സമ്പാദ്യം. ഇക്കോണമി നിരക്കാകട്ടെ, 9.02 റൺസും.

ഹൈദരാബാദ് നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു സിറാജിന്റെ പിതാവ്. സാമ്പത്തിക പരാധീനതകളിൽ വട്ടം കറങ്ങിയാണ് സിറാജ് ക്രിക്കറ്റിലേക്ക് വന്നത്. 2017 നവംബറിൽ ന്യൂസിലാൻഡിനെതിരെ രാജ്‌കോട്ടിൽ നടന്ന ട്വന്റി-20 മത്സരത്തിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. മൂന്ന് മത്സരങ്ങൾ കളിച്ചെങ്കിലും ഒരു വിക്കറ്റാണ് നേടിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആസ്ട്രലിയയ്ക്ക് എതിരെ ഒരു ഏകദിനത്തിൽ കളിച്ചശേഷം പിന്നെ ഇന്ത്യൻ ടീമിലെത്തിയിട്ടില്ല.

2017ലാണ് ഇതിന് മുമ്പ് സിറാജ് ന്യൂബാൾ കൈകാര്യം ചെയ്തത്. സൺറൈസേഴ്‌സിനായി ഐ.പി.എല്ലിൽ അരങ്ങേറിയ വർഷമായിരുന്നു അത്. ഐ.പി.എൽ 13- ാം സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറും ഐ.പി. എൽ ചരിത്രത്തിൽ 20 ഓവറും ബാറ്റ് ചെയ്ത ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറുമാണ് കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP