Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താങ്കൾ വിരമിക്കുന്നുവെന്നത് രാജ്യത്തെ 130 കോടി ജനങ്ങൾക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്; ക്രിക്കറ്റ് ലോകത്ത് നിന്ന് സ്വന്തമാക്കിയ നേട്ടങ്ങളേയും കായിക ലോകത്തിന് നൽകിയ സംഭാവനകളേയും അഭിനന്ദിക്കുന്നു; ഇന്ത്യൻ ക്രിക്കറ്റിനായി നിങ്ങൾ നൽകിയ സംഭവനകൾക്ക് നന്ദിയുണ്ട്; എം.എസ് ധോനിക്ക് കത്തുമായി പ്രധാനമന്ത്രി മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകനും കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്ത മഹേന്ദ്ര സിങ് ധോനിക്ക് സുദീർഘവും വികാരഭരിതവുമായ കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ധോനി വിരാമം കുറിച്ചത്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്നതായി പ്രധാമന്ത്രി കത്തിൽ വ്യക്തമാക്കി.

'എളിമ മുഖമുദ്രയാക്കിയ നിങ്ങളുടെ സമീപനം രാജ്യം മുഴുവൻ ചർച്ച ചെയ്തിരുന്നു. ക്രിക്കറ്റ് ലോകത്ത് നിന്ന് സ്വന്തമാക്കിയ നേട്ടങ്ങളേയും കായിക ലോകത്തിന് നൽകിയ സംഭാവനകളേയും അഭിനന്ദിക്കുന്നു. താങ്കൾ വിരമിക്കുന്നുവെന്നത് രാജ്യത്തെ 130 കോടി ജനങ്ങൾക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യൻ ക്രിക്കറ്റിനായി നിങ്ങൾ നൽകിയ സംഭവനകൾക്ക് നന്ദിയുണ്ട്. സാക്ഷിക്കും മകൾ സിവയ്ക്കും ഇനി കൂടുതൽ സമയം നിങ്ങൾക്കൊപ്പം ചെലവഴിക്കാൻ അവസരം ലഭിക്കുകയാണ്'- മോദി കത്തിൽ വ്യക്തമാക്കി.

'ചെറിയ ടൗണിൽ നിന്ന് ക്രിക്കറ്റ് ലോകത്തെത്തി തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച താങ്കൾ ഇന്ത്യയിലെ വളർന്നു വരുന്ന യുവാക്കൾക്കെല്ലാം പ്രചോദനമാണ്. പേരിനൊപ്പം കുടുംബത്തിന്റെ മഹിമയോ മറ്റോ അവകാശപ്പെടാനില്ലാതെ കഴിവും കഠിനാധ്വാനവും കൊണ്ട് താങ്കൾക്ക് ഉയരങ്ങൾ കീഴടക്കാൻ സാധിച്ചു'- മോദി കുറിച്ചു.

ഈ കത്തിന് ധോനി തന്റെ ട്വിറ്റർ പേജിലൂടെ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ചു. 'കലാകാരന്മാരും സൈനികരും കായികതാരങ്ങളും അവരുടെ കഠിനാധ്വാനം എല്ലാവരുടേയും ശ്രദ്ധയിൽപ്പെടണമെന്നും എല്ലാവരുടേയും അഭിനന്ദനം ലഭിക്കണമെന്നും ആഗ്രഹിക്കാറുണ്ട്. അങ്ങയുടെ അഭിനന്ദനങ്ങൾക്കും ആശംസകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു'- ധോനി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യക്ക് 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച നായകനാണ് ധോനി. ധോനിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ 2009ൽ ടെസ്റ്റിലെ ഒന്നാം നമ്പർ ടീമായും വളർന്നിരുന്നു. മൂന്ന് ഫോർമാറ്റിലുമായി 17,000 റൺസും വിക്കറ്റ് കീപ്പറെന്ന നിലയിൽ 800 പുറത്താക്കലുകളും 16 സെഞ്ച്വറികളും സ്വന്തം പേരിലാക്കിയാണ് ധോനി കളമൊഴിഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP