Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോയലായി സഞ്ജുവിന്റെ ഫൈനൽ എൻട്രി ആഘോഷമാക്കി മലയാളികൾ; 'ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത' എന്ന് ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞതിൽ കൂൾ ക്യാപ്ടനുള്ള കൈയടിയും; ഷ്വെയ്ൻ വോൺ ആദ്യ ഐപിഎൽ കപ്പുയർത്തുമ്പോൾ കേരളത്തിലെ അണ്ടർ 16 കളിക്കാരനായ സഞ്ജുവിന് ഇത് ഇതിഹാസത്തിനൊപ്പം എത്താനുള്ള അസുലഭ അവസരം

റോയലായി സഞ്ജുവിന്റെ ഫൈനൽ എൻട്രി ആഘോഷമാക്കി മലയാളികൾ; 'ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത' എന്ന് ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞതിൽ കൂൾ ക്യാപ്ടനുള്ള കൈയടിയും; ഷ്വെയ്ൻ വോൺ ആദ്യ ഐപിഎൽ കപ്പുയർത്തുമ്പോൾ കേരളത്തിലെ അണ്ടർ 16 കളിക്കാരനായ സഞ്ജുവിന് ഇത് ഇതിഹാസത്തിനൊപ്പം എത്താനുള്ള അസുലഭ അവസരം

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഐപിഎൽ ടീമുകളിൽ ചെന്നൈയും മുംബൈയും കഴിഞ്ഞാൽ ഏറ്റവും അധികം ആരാധരകരുള്ള ടീമുകളുടെ കൂട്ടത്തിലാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീം. കഴിഞ്ഞ തവണ ഐപിഎല്ലിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം ഇന്ന് വിജയത്തിന്റെ കൊടുമുടിയിലാണ്. ഒരൊറ്റ വിജയം മതി ഐപിഎല്ലിലെ രണ്ടാമത്തെ റോയൽ കീരീടം ഉയർത്താൻ. ഫൈനലിൽ ഗുടറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചു സഞ്ജുവും കൂട്ടരും കപ്പെടുത്താൽ സഞ്ജുവിന്റെ പേര് എഴുതി ചേർക്കുക ഇതിഹാസ താരം ഷെയിൻ വോണിന് ഒപ്പമാകും. ഷെയിൻ വോണിന്റെ കാലത്താണ് ഇതിന് മുമ്പ് രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തുന്നതും കപ്പടിക്കുന്നതും. ഇനി ഒരു വിജയം കൂടി കടന്നാൽ ഐപിഎൽ ചരിത്രത്തിൽ ഒരു മലയാളി തീർക്കുന്ന മറ്റൊരു ചരിത്രമായി മാറും.

ഇന്നലെ രാജസ്ഥാന്റെ മിന്നുന്ന വിജയത്തിൽ ജോസ് ബട്‌ലറാണ് താരമെങ്കിലും മുന്നിൽ നിന്നും നയിച്ച ക്യാപ്ടൻ സഞ്ജുവിനുമുണ്ട് ക്രെഡിറ്റ്. കാരണം, കൃത്യമായ ബൗളർമാരെ ഉപയോഗിച്ചു റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിടിച്ചു കെട്ടിയത് സഞ്ജുവാണ്. മലയാളി താരത്തിന്റെ ബൗളിങ് ചേഞ്ചസാണ് മത്സരത്തിൽ നിർണായകമായത്. കൂളായി നിന്ന് ടീമിനെ നയിക്കുക എന്നടതാണ് സഞ്ജുവിന്റെ വഴി ഇത് വിജയിച്ചതു കൊണ്ട് തന്നെ മലയാളിയുടെ വിജയമായി ഇത് ആഘോഷിക്കുകയും ചെയ്യുന്നു.

സൈബർ ഇടത്തിലെ കളിയെഴുത്തുകാരും സഞ്ജുവിന്റെ ക്യാപ്ൻസിയെ പുകഴ്‌ത്തുന്നു. ഇന്നലത്തെ വിജയത്തിന് ശേഷം സന്ദീപ് ദാസ് എഴുതിയ കുറിപ്പും ഏറെ ശ്രദ്ധേയമാണ്. സന്ദീപ് എഴുതിയത് ഇങ്ങനെയാണ്:

''ഞങ്ങൾ മത്സരിച്ചത് അതിശക്തരായ രാജസ്ഥാൻ റോയൽസിനോടാണ്. ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത...'' രണ്ടാം ക്വാളിഫയറിലെ പരാജയത്തിനുശേഷം ആർ.സി.ബി നായകൻ ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞ വാക്കുകളാണിത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരമായ ഡ്യൂപ്ലെസി വാനോളം പുകഴ്‌ത്തിയ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസനാണ്. കേരളീയർക്ക് അഭിമാനത്താൽ പുളകം കൊള്ളാനുള്ള വകയുണ്ട്.

അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. സഞ്ജുവിന്റെ നേട്ടത്തിന്റെ വലിപ്പം എന്താണെന്ന് നമുക്ക് കൃത്യമായി മനസ്സിലായിട്ടുണ്ടോ? അയാൾ വേണ്ടവിധം അംഗീകരിക്കപ്പെടുന്നുണ്ടോ? രാജസ്ഥാൻ 2008-ൽ ഐ.പി.എൽ കിരീടം ജയിച്ചിട്ടുണ്ട്. അന്ന് ഷെയ്ൻ വോൺ ആയിരുന്നു അവരുടെ സ്‌കിപ്പർ. അക്കാലത്ത് സഞ്ജു കേരളത്തിലെ മൈതാനങ്ങളിൽ അണ്ടർ-16 ക്രിക്കറ്റ് കളിച്ചുനടക്കുകയായിരുന്നു.

വോണിനുശേഷം രാജസ്ഥാന്റെ നായകപദവി അലങ്കരിച്ചത് ഷെയ്ൻ വാട്‌സൻ,രാഹുൽ ദ്രാവിഡ്,സ്റ്റീവ് സ്മിത്ത്,അജിൻക്യ രഹാനെ തുടങ്ങിയവരായിരുന്നു. എല്ലാവരും അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രബലർ. പക്ഷേ രാജസ്ഥാനെ ഐ.പി.എൽ ഫൈനലിൽ എത്തിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല. അക്കാര്യം സാധിച്ചെടുത്തത് സഞ്ജു മാത്രമാണ്!

അഹമ്മദാബാദിൽ സഞ്ജു എന്ന നായകൻ നിറഞ്ഞുനിൽക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്നതാണ് രാജസ്ഥാന്റെ കരുത്ത്. നോക്കൗട്ട് ഗെയിമുകളിൽ റൺചേസ് ഒട്ടും എളുപ്പവുമല്ല. പക്ഷേ ടോസ് നേടിയ സഞ്ജു ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു. പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യം തനിക്കുണ്ടെന്ന് വിളിച്ചുപറയുകയായിരുന്നു സഞ്ജു!

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തല്ലിച്ചതച്ച ടീമാണ് ആർ.സി.ബി. സഞ്ജുവും കൂട്ടരും അവരെ 157 റൺസിൽ ഒതുക്കി. രാജസ്ഥാന്റെ തുറുപ്പുചീട്ടുകളായ അശ്വിനും ചഹലും നിറംമങ്ങിയ ദിവസമായിരുന്നു. പക്ഷേ പേസ് ബോളർമാരെ ഉപയോഗിച്ച് സഞ്ജു കളി വരുതിയിലാക്കി.
ഒരു നല്ല നായകൻ സ്വന്തം കളിക്കാരിൽ വിശ്വാസം വെച്ചുപുലർത്തണം. സഞ്ജു അതാണ് ചെയ്തത്. ഗുജറാത്തിനോട് സംഭവിച്ച പരാജയത്തിന്റെ പേരിൽ പ്ലെയിങ് ഇലവനിൽ മാറ്റം വരുത്താൻ ക്യാപ്റ്റൻ തയ്യാറായില്ല. ഡേവിഡ് മില്ലർ നിലംതൊടാതെ പറത്തിയ പ്രസിദ് കൃഷ്ണയെക്കൊണ്ട് സഞ്ജു വീണ്ടും ഡെത്ത് ഓവർ എറിയിച്ചു. ദിനേഷ് കാർത്തിക്,ഹസരംഗ എന്നിവരെ തുടരെ പുറത്താക്കിയാണ് പ്രസിദ്ധ് നന്ദി പ്രകാശിപ്പിച്ചത്.

രാജസ്ഥാന്റെ ലെഫ്റ്റ് ആം സീമർ മക്കോയ് കടുത്ത മാനസിക സംഘർഷത്തിലാണ്. അസുഖബാധിതയായ അമ്മയെക്കുറിച്ചോർത്ത് അയാളുടെ മനസ്സ് നീറുന്നുണ്ടെന്ന് രാജസ്ഥാൻ കോച്ച് സംഗക്കാര വെളിപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള മക്കോയ് ബാംഗ്ലൂരിനെതിരെ ഒന്നാന്തരമായി പന്തെറിഞ്ഞു. ഒരു കിടിലൻ ക്യാച്ചും എടുത്തു.

മക്കോയ് ഇങ്ങനെ തിളങ്ങുമ്പോൾ സഞ്ജുവിന് സന്തോഷിക്കാം. മോശമായി പന്തെറിഞ്ഞപ്പോഴെല്ലാം സഞ്ജു മക്കോയിയെ പ്രചോദിപ്പിച്ചിരുന്നു. തോളിൽ കൈവെച്ച് സംസാരിച്ചിരുന്നു. ഗുജറാത്തിനെതിരായ ക്വാളിഫയറിലെ തന്റെ ആദ്യ ഓവറിൽ 18 റൺസ് വഴങ്ങിയ മക്കോയ് ഇങ്ങനെ മാറിയതിൽ സഞ്ജുവിന് നല്ല പങ്കുണ്ട്.

ഇത്രയൊക്കെ ചെയ്ത സഞ്ജുവിനെ പ്രശംസിക്കാൻ കളിപറച്ചിലുകാർ മടികാട്ടി. പ്രശംസയുടെ ഒരു വരി പറഞ്ഞത് മാത്യു ഹെയ്ഡൻ മാത്രം. ഒരു ചെറിയ പിഴവ് പറ്റിപ്പോയാൽ പക തീർക്കുന്നതുപോലെ സഞ്ജുവിനെ വിമർശിക്കുന്ന സുനിൽ ഗാവസ്‌കർമാർ വിരാജിക്കുന്ന ഇടമാണ് ഐ.പി.എല്ലിന്റെ കമന്ററി ബോക്‌സ് എന്ന കാര്യം കൂടി ഓർക്കണം.

സഞ്ജുവിന്റെ സ്ഥാനത്ത് ധോനിയോ വിരാടോ രോഹിതോ ആയിരുന്നുവെങ്കിലോ? ഡൽഹി ക്യാപ്പിറ്റൽസിനെ വിജയകരമായി തോളിലേറ്റാൻ ഋഷഭ് പന്തിന് കഴിഞ്ഞിരുന്നുവെങ്കിലോ? ഇതേ കമന്റേറ്റർമാർ അഭിനന്ദനങ്ങൾ കൊണ്ട് സാഗരം തീർക്കുമായിരുന്നില്ലേ? ക്യാപ്റ്റന്റെ ബുദ്ധിവൈഭവത്തെക്കുറിച്ച് സ്റ്റാർ സ്പോർട്സ് പ്രത്യേക പരിപാടി സംഘടിപ്പിക്കുമായിരുന്നില്ലേ?

ബ്രില്യൻസ് കാണിച്ചത് പാവത്താനായ സഞ്ജു ആയതുകൊണ്ട് ആർക്കും മിണ്ടാട്ടമില്ല! ഈ സീസണിൽ നാനൂറിലധികം റണ്ണുകൾ സഞ്ജു സ്‌കോർ ചെയ്തിട്ടുണ്ട്. അതും 150-ന്റെ പരിസരത്തുള്ള പ്രഹരശേഷിയിൽ. ഇന്ത്യൻ ടി20 ടീമിലെ സ്ഥാനം അയാൾ നൂറുശതമാനം അർഹിച്ചിരുന്നു. എന്നിട്ടും സെലക്ടർമാർ സഞ്ജുവിനെ തഴഞ്ഞു. ആ നീതികേടിനെതിരെ ശബ്ദമുയർത്താൻ പ്രമുഖരാരും തയ്യാറായില്ല. സഞ്ജുവിനെ കല്ലെറിയാൻ ഏറ്റവും കൂടുതൽ ഉത്സാഹം കാണിക്കുന്നത് ചില മലയാളികളാണ്. സഞ്ജുവിനെ പിന്തുണയ്ക്കുന്നവരും പരിഹസിക്കപ്പെടുന്നു.

ക്വാളിഫയറിൽ സഞ്ജു ഹസരംഗയ്‌ക്കെതിരെ കളിച്ച മോശം ഷോട്ടിനെക്കുറിച്ചാണ് ഭൂരിഭാഗം പേരും ചർച്ച ചെയ്യുന്നത്. ആരോഗ്യകരമായ വിമർശനങ്ങൾ നല്ലതുതന്നെയാണ്. സഞ്ജുവിന്റെ പ്ലസ് പോയിന്റ്‌സ് അതിനിടയിൽ മുങ്ങിപ്പോവരുത് എന്ന് മാത്രം.സഞ്ജുവിനെ കുറ്റം പറയാൻ ആവശ്യത്തിലേറെ ആളുകളുണ്ട്. അയാളെ നെഞ്ചിലേറ്റാൻ നമ്മൾ മാത്രമേയുള്ളൂ. അത് മറന്നുകൂടാ! ഐ.പി.എൽ റിട്ടയർമെന്റ് പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ മഹേന്ദ്രസിങ് ധോനി ഇപ്രകാരം പറഞ്ഞിരുന്നു-

''അവസാന മത്സരം ചെന്നൈയിൽ വെച്ച് കളിക്കണം എന്നാണ് ആഗ്രഹം. ഇന്ത്യയിലെ പ്രധാന വേദികളിലെല്ലാം ഒരിക്കൽക്കൂടി ചെല്ലണം. എല്ലാവരോടും യാത്ര പറയണം...'' അങ്ങനെയൊരു യാത്ര എം.സ്.ഡി നടത്തുന്ന സമയം വരും. അന്ന് ക്യാപ്റ്റൻ കൂൾ പറഞ്ഞുവെച്ച വാചകങ്ങൾക്ക് ഒരു അനുബന്ധം കൂടിയുണ്ടാകും-''ഞാൻ മടങ്ങുകയാണ്. വെറുതെയങ്ങ് പോവുകയല്ല. എന്റെ കിരീടവും ചെങ്കോലും ഏറ്റെടുക്കാൻ പ്രാപ്തനായ ഒരാൾ ഇവിടെയുണ്ട്. അവന്റെ പേര് സഞ്ജു വിശ്വനാഥ് സാംസൺ എന്നാണ്...!''

കൂൾ ക്യാപ്ടൻ, മികച്ച ബൗളിങ്, പിന്നെ ബട്‌ലർ ഷോയും

സഞ്ജുവിന്റെ കൂൾ ക്യാപ്ടൻസിയും ബൗളർമാരുടെ മികവും പിന്നെ ജോസ് ബട്ട്‌ലറിനെ ഷോയും. ഇതാണ് ഇന്നലെ രാജസ്ഥാൻ റോയൽസിനെ ഇന്ത്യൻ പ്രീമിയർ ലഗിന്റെ ഫൈനലിലേക്ക് നയിച്ചത്. രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിന് തകർത്തായിരുന്നും രാജസ്ഥാൻ റോയൽസിന്റെ ഫൈനൽ പ്രവേശനം. ബാംഗ്ലൂർ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ 18.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ജോസ് ബട്ലറാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. ടൂർണമെന്റിലുടനീളം മാരക ഫോമിൽ കളിക്കുന്ന ബട്ലർ 60 പന്തുകളിൽ നിന്ന് 106 റൺസെടുത്ത് അപരാജിതനായി നിന്നു.

2008 ന് ശേഷം രാജസ്ഥാൻ റോയൽസ് ഇതാദ്യമായാണ് ഐ.പി.എൽ ഫൈനലിൽ പ്രവേശിക്കുന്നത്. 2008-ലെ പ്രഥമ ഐ.പി.എൽ കിരീടം രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു. അതിനുശേഷം 2013, 2015, 2018 സീസണുകളിൽ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനൽ കാണാതെ പുറത്തായി. ഇതിഹാസ താരം ഷെയ്ൻ വോണിന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകൻ എന്ന നേട്ടം സഞ്ജു സ്വന്തമാക്കി. സഞ്ജുവിന്റെ മികച്ച ക്യാപ്റ്റൻസിയാണ് രാജസ്ഥാന് ഫൈനലിലേക്കുള്ള വഴിവെട്ടിയത്. രാജസ്ഥാന് വേണ്ടി ബൗളർമാരും മികച്ച പ്രകടനം പുറത്തെടുത്തു.

158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ജോസ് ബട്ലറും യശസ്വി ജയ്സ്വാളും ചേർന്ന് നൽകിയത്. ആദ്യ അഞ്ചോവറിൽ 61 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

പക്ഷേ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ജയ്സ്വാളിനെ മടക്കി ജോഷ് ഹെയ്സൽവുഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തിൽ നിന്ന് 21 റൺസെടുത്ത ജയ്സ്വാൾ വിരാട് കോലിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പക്ഷേ ബട്ലർ മറുവശത്ത് അനായാസം ബാറ്റുവീശി. 23 പന്തുകളിൽ നിന്ന് താരം അർധസെഞ്ചുറി കുറിച്ചു. ജയ്സ്വാളിന് പകരം നായകൻ സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. സഞ്ജുവും നന്നായി ബാറ്റ് വീശാനാരംഭിച്ചതോടെ രാജസ്ഥാൻ സ്‌കോർ കുതിച്ചു. വെറും 9.1 ഓവറിൽ ടീം സ്‌കോർ 100 കടന്നു.

പക്ഷേ 12-ാം ഓവറിൽ സഞ്ജുവിന് കാലിടറി. ഹസരംഗയുടെ പന്തിൽ കയറിയടിക്കാൻ ശ്രമിച്ച സഞ്ജുവിനെ ദിനേശ് കാർത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കി. 21 പന്തിൽ ഒരു ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 23 റൺസെടുത്താണ് നായകൻ ക്രീസ് വിട്ടത്. സഞ്ജുവിന് പകരം ദേവദത്ത് പടിക്കൽ ക്രീസിലെത്തി. പിന്നാലെ ബട്ലർ ഈ സീസണിൽ 800 റൺസ് മറികടന്നു. സഞ്ജുവിന് പകരമെത്തിയ ദേവ്ദത്തിന് ഫോം കണ്ടെത്താനായില്ല. വെറും ഒൻപത് റൺസെടുത്ത താരത്തെ ഹെയ്സൽവുഡ് കാർത്തിക്കിന്റെ കൈയിലെത്തിച്ചു. ദേവ്ദത്തിന് പകരം ഹെറ്റ്മെയർ ക്രീസിലെത്തി.

18-ാം ഓവറിൽ ജോസ് ബട്ലർ സെഞ്ചുറി നേടി. വെറും 59 പന്തുകളിൽ നിന്നാണ് താരം മൂന്നക്കം കണ്ടത്. താരത്തിന്റെ ഈ സീസണിലെ നാലാം സെഞ്ചുറിയാണിത്. നാല് അർധശതകവും ബട്ലറുടെ പേരിലുണ്ട്. പിന്നാലെ 18-ാം ഓവറിലെ ആദ്യ പന്തിൽ സിക്സ് നേടിക്കൊണ്ട് ബട്ലർ രാജസ്ഥാനെ വിജയതീരത്തെത്തിച്ചു. ബട്ലർ 60 പന്തുകളിൽ നിന്ന് ആറ് സിക്സിന്റെയും പത്ത് ഫോറിന്റെയും അകമ്പടിയോടെ 106 റൺസെടുത്തും ഹെറ്റ്മെയർ രണ്ട് റൺസ് നേടിയും പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി ജോഷ് ഹെയ്സൽവുഡ് രണ്ട് വിക്കറ്റെടുത്തപ്പോൾ ഹസരംഗ ഒരു വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തിൽ തന്നെ തകർച്ചയെ അഭിമുഖീകരിക്കേണ്ടിവന്നു. ടീം സ്‌കോർ ഒൻപതിൽ നിൽക്കേ എട്ട് പന്തിൽ നിന്ന് ഏഴുറൺസെടുത്ത വിരാട് കോലിയെ ബാംഗ്ലൂരിന് നഷ്ടമായി. കോലിയെ പ്രസിദ്ധ് കൃഷ്ണ സഞ്ജു സാംസണിന്റെ കൈയിലെത്തിച്ചു. കോലിക്ക് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ രജത് പടിദാർ ക്രീസിലെത്തി. ഫാഫ് ഡുപ്ലെസ്സിയും പടിദാറും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു.

ഇതിനിടയിൽ പടിദാറിന്റെ അനായാസ ക്യാച്ച് റിയാൻ പരാഗ് പാഴാക്കി. പ്രസിദ്ധ് കൃഷ്ണ ചെയ്ത അഞ്ചാം ഓവറിലെ അഞ്ചാം പന്തിലാണ് പരാഗ് ക്യാച്ച് കൈവിട്ടത്. ഇത് മത്സരത്തിൽ നിർണായകമായി. പിന്നാലെ അടിച്ചുതകർത്ത പടിദാർ ഡുപ്ലെസിക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ ഒബെഡ് മക്കോയ് ഈ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തുകളിൽ നിന്ന് 25 റൺസെടുത്ത ഡുപ്ലെസ്സിയെ മക്കോയ് അശ്വിന്റെ കൈയിലെത്തിച്ചു.

ഡുപ്ലെസ്സിക്ക് പകരം ഗ്ലെൻ മാക്സ്വെൽ ക്രീസിലെത്തി. 12.3 ഓവറിൽ ടീം സ്‌കോർ 100 കടന്നു. വെടിക്കെട്ട് പ്രകടനവുമായി മാക്സ്വെൽ കളം നിറഞ്ഞെങ്കിലും താരത്തിന്റെ ഇന്നിങ്സിന് അധികം ആയുസ്സുണ്ടായില്ല. 13 പന്തുകളിൽ നിന്ന് 24 റൺസെടുത്ത മാക്സ്വെല്ലിനെ ട്രെന്റ് ബോൾട്ട് മക്കോയിയുടെ കൈയിലെത്തിച്ചു. മികച്ച ക്യാച്ചാണ് മക്കോയ് നേടിയത്. മാക്സ്വെല്ലിന് പകരം മഹിപാൽ ലോംറോർ ക്രീസിലെത്തി. ലോംറോറിനെ സാക്ഷിയാക്കി തകർപ്പൻ സിക്സിലൂടെ പടിദാർ അർധസെഞ്ചുറി നേടി. 40 പന്തുകളിൽ നിന്നാണ് താരം 50 റൺസിലെത്തിയത്.

പക്ഷേ അർധസെഞ്ചുറി നേടിയതിനുപിന്നാലെ പടിദാർ പുറത്തായി. 42 പന്തുകളിൽ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 58 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. പടിദാറിന് പകരം ദിനേശ് കാർത്തിക് ക്രീസിലെത്തി. റൺസ് നേടാൻ ബുദ്ധിമുട്ടിയ ലോംറോറിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. വെറും എട്ട് റൺസെടുത്ത താരത്തെ മക്കോയ് അശ്വിന്റെ കൈയിലെത്തിച്ചു. ലോംറോറിന് പുറകേ ടീമിന്റെ വിശ്വസ്തനായ ദിനേഷ് കാർത്തിക്കും കൂടാരം കയറി. വെറും ആറ് റൺസ് മാത്രമെടുത്ത കാർത്തിക്കിനെ പ്രസിദ്ധ് പരാഗിന്റെ കൈയിലെത്തിച്ചു. രാജസ്ഥാന് വേണ്ടി പ്രസിദ്ധ് കൃഷ്ണയും മക്കോയിയും മൂന്ന് വിക്കറ്റ് വീതം നേടി. അശ്വിനും ബോൾട്ടും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP