Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം എം എസ് ധോണി ഒഴിഞ്ഞു; അപ്രതീക്ഷിത തീരുമാനം ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ; ഒഴിവാക്കണമെന്നു ബിസിസിഐയോടു ധോണി ആവശ്യപ്പെട്ടു; ടീമിൽ തുടരുമെന്നും ധോണി

മുംബൈ: ക്രിക്കറ്റ് പ്രേമികളെ അപ്രതീക്ഷിത നിരാശയിലാക്കി മഹേന്ദ്രസിങ് ധോണി ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനം രാജിവച്ചു. ഇംഗ്ലണ്ടിനെതിരായ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കേയാണ് ധോണിയുടെ അപ്രതീക്ഷിത തീരുമാനം. തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ടീമിൽ തുടരുമെന്ന് ധോണി വ്യക്തമാക്കിയിട്ടുണ്ട്. വിരാട് കോലിയായിരിക്കും ധോണിക്കു പകരം ഏകദിന, ട്വന്റി20 ടീമുകളുടെ പുതിയ നായകനാകുകയെന്നു കരുതുന്നു. അദ്ദേഹം ഇപ്പോൾ ടെസ്റ്റ് ടീമിന്റെ നായകനാണ്.

വിരാട് കോലിയുടെ നേതൃത്വത്തിൽ ഏകദിന ടീം മികച്ച പ്രകടനം പുറത്തെടുക്കുന്ന പശ്ചാത്തലത്തിലാണ് ധോണിയുടെ രാജിയെന്നു വിലയിരുത്തപ്പെടുന്നു. ക്രിക്കറ്റിന് വളരെ വലിയ സാധ്യതയൊന്നുമില്ലാത്ത ജാർഖണ്ടിൽനിന്നെത്തി സച്ചിന്റെ നിർദ്ദേശപ്രകാരം ഇന്ത്യൻ ടീമിന്റെ നായകപദവിയിലേക്കെത്തിയ ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നെഞ്ചോടു ചേർത്തുവയ്ക്കുകയായിരുന്നു. ഇന്ത്യൻ നായക പദവിയിലെത്തിയ ആദ്യ വിക്കറ്റ് കീപ്പർ കൂടിയാണ് ധോണി. അവസാന നിമിഷംവരെ ക്ഷമയോടെനിന്ന് ടീമിനെ വിജയത്തിലേക്കു നയിക്കാൻ അദ്ദേഹം കാണിച്ചിരുന്ന ആർജവവും പാടവവും മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാൻ കഴിയുന്നതായിരുന്നു. കളിയുടെ അന്ത്യ നിമിഷങ്ങളിൽ എത്ര കടുത്ത സമ്മർദത്തെ അതിജീവിച്ചും ഉചിതമായ തീരുമാനം എടുക്കുന്നതിലും ധോണി മിടുക്കു കാട്ടി.

നേരത്തേ 2014ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കിടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞ് ധോണി ആരാധകരെ ഞെട്ടിച്ചിരുന്നു. ജാർഖണ്ഡ് സ്വദേശിയായ ധോനി 35-ാം വയസ്സിലാണ് ഏകദിന ക്യാപ്റ്റൻസ്ഥാനം ഒഴിയുന്നത്. 283 ഏകദിനങ്ങൾ കളിച്ചിട്ടുള്ള ധോനി 9110 റൺസാണ് നേടിയത്. പുറത്താകാതെ നേടിയ 183 റൺസാണ് ഏറ്റവും ഉയർന്ന സ്‌കോർ. ഒൻപത് സെഞ്ച്വറിയും 61 അർധസെഞ്ച്വറിയും അടങ്ങുന്നതാണ് ഈ കരിയർ.

90 ടെസ്റ്റുകളിൽ നിന്ന് 4876 റൺസാണ് ധോനി നേടിയിട്ടുള്ളത്. ആറ് സെഞ്ച്വറിയും 33 അർധസെഞ്ച്വറികളുമാണ് ധോനി നേടിയത്. ഏകദിനത്തിൽ 256 ക്യാച്ചും 39 സ്റ്റമ്പിങ്ങും ഏകദിനത്തിൽ 267 ക്യാച്ചും 92 സ്റ്റമ്പിങ്ങുമാണ് ധോനി നടത്തിയത്.

മൂന്ന് ഐസിസി കിരീടങ്ങളും നേടി ക്യാപ്റ്റനെന്ന പദവി ധോണിക്കു മാത്രം സ്വന്തമാണ്. 2007ൽ ടിട്വന്റിയിലും 2011ൽ ഏകദിനത്തിലും ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയ ധോനിയുടെ നേതൃത്വത്തിലാണ് 2013ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലും കിരീടമണിഞ്ഞത്.

ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20യിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിത്തന്ന നായകനുമാണ് ധോണി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യയെ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചു. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോൾ ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ധോണിയായിരുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി ഇന്ത്യ മാറിയതും ധോണിക്ക് കീഴിലാണ്.

ക്യാപ്റ്റൻ എന്ന നിലയിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിന് നൽകിയ സേവനത്തിന് ധോനിയോട് നന്ദി രേഖപ്പെടുത്തുന്നതായി ബിസിസിഐ ചീഫ് എക്സിക്യുട്ടീവ് രാഹുൽ ജോഹ്രി പറഞ്ഞു. ധോനിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം പുതിയ ഉയരങ്ങളിലെത്തിയെന്നും ധോനിയുടെ നേട്ടങ്ങൾ ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തും ഓർമിക്കപ്പെടുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP