Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും ലാസ്റ്റ് ഓവർ ത്രില്ലർ; റിങ്കുവിന്റെ വെടിക്കെട്ട് പ്രകടനം പാഴായി; ലഖ്‌നൗവിനോട് 2 റൺസിന് പരാജയപ്പെട്ട് കൊൽക്കത്ത ടൂർണ്ണമെന്റിൽ നിന്നും പുറത്ത്; ജയത്തോടെ പ്ലേ ഓഫിൽ കയറി ലഖ്‌നൗ

വീണ്ടും ലാസ്റ്റ് ഓവർ ത്രില്ലർ; റിങ്കുവിന്റെ വെടിക്കെട്ട് പ്രകടനം പാഴായി; ലഖ്‌നൗവിനോട് 2 റൺസിന് പരാജയപ്പെട്ട് കൊൽക്കത്ത ടൂർണ്ണമെന്റിൽ നിന്നും പുറത്ത്; ജയത്തോടെ പ്ലേ ഓഫിൽ കയറി ലഖ്‌നൗ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഐപിഎല്ലിൽ അവസാന പന്തിലേക്ക് നീണ്ട ത്രില്ലർ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് റൺസിനാണ് കെകെആറിന്റെ പരാജയം. 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 8 വിക്കറ്റിന് 208 റൺസെടുക്കാനേയായുള്ളൂ. അവസാന ഓവറുകളിൽ റിങ്കും സിംഗും, സുനിൽ നരെയ്നും നടത്തിയ വെടിക്കെട്ട് പാഴായി. നേരത്തെ ക്വിന്റൺ ഡികോക്കിന്റെ ഇടിവെട്ട് സെഞ്ചുറിയാണ് ലഖ്നൗവിനെ 210 റൺസിലെത്തിച്ചത്.

 മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ 21 റൺസാണ് കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് റിങ്കു സിങ് ബൗണ്ടറി കടത്തി. അടുത്ത രണ്ടു പന്തുകളും സിക്‌സർ പറത്തി റിങ്കു വിജയപ്രതീക്ഷ വർധിപ്പിച്ചു. നാലാം പന്തിൽ ഡബിൾ. എന്നാൽ അഞ്ചാം പന്തിൽ സിക്‌സറിനുള്ള റിങ്കുവിന്റെ ശ്രമം പാളി. ഉയർന്നുപൊങ്ങിയ പന്ത് എവിൻ ലൂയിസ് കൈകളിൽ ഒതുക്കി. അവസാന പന്തിൽ കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത് മൂന്നു റൺസ്. പക്ഷേ ഉമേഷ് യാദവിന്റെ വിക്കറ്റ് സ്റ്റോയിനിസ് തെറിപ്പിച്ചതോടെ കൊൽക്കത്ത ടൂർണമെന്റിൽനിന്നു പുറത്തായി.

നിതീഷ് റാണ (22 പന്തിൽ 42), സാം ബില്ലിങ്‌സ് (24 പന്തിൽ 36) എന്നിവരാണ് കൊൽക്കത്തനിരയിൽ പൊരുതിയ മറ്റുള്ളവർ. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അവർക്ക്, ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി. നാലാം പന്തിൽ ഓപ്പണർ വെങ്കടേഷ് അയ്യരിനെ മൊഹ്സിൻ ഖാൻ, കീപ്പർ ക്വിന്റൻ ഡികോക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാം ഓവറിൽ മറ്റൊരു ഓപ്പണർ അഭിജിത് തോമറിനെ (8 പന്തിൽ 4) നഷ്ടമായതോടെ കൊൽക്കത്ത കൂട്ടത്തകർച്ച മുന്നിൽകണ്ടു.

എന്നാൽ പിന്നീട് നിതീഷ് റാണയും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് അവരെ കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. എട്ടാം ഓവറിൽ കൃഷ്ണപ്പ ഗൗതം നിതീഷ് റാണയെ പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ സാം ബില്ലിങ്‌സ് ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകിയതോടെ കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 66 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്.

എന്നാൽ അടുത്തടുത്ത് തന്നെ ശ്രേയസിനെയും ബില്ലിങ്‌സിനെയും നഷ്ടപ്പെട്ടതോടെ കൊൽക്കത്ത പരുങ്ങലിലായി. വമ്പൻ അടിക്കാരൻ ആന്ദ്ര റസലും (11 പന്തിൽ 5) അധികംവൈകാതെ പുറത്തായി. പിന്നീട് ഒത്തുചേർന്ന റിങ്കു സിങ്ങും സുനിൽ നരെയ്നും ചേർന്ന് പൊരുതിയെങ്കിലും വിജയത്തിന്റെ തൊട്ടരുകിൽ വരെ എത്തിക്കാനെ സാധിച്ചുള്ളൂ.

ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ലക്‌നൗ ഓപ്പണർമാർ പെയ്യിച്ച സിക്‌സർ മഴയിൽ കൊൽക്കത്ത ബോളർമാർ നനഞ്ഞുകുളിച്ചു. നിർണായക ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് കൂറ്റൻ സ്‌കോർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അവർ, നിശ്ചിത 20 ഓവറിൽ വിക്കറ്റൊന്നും പോകാതെ 210 റൺസെടുത്തു.

ഓപ്പണർമാരായ ക്വിന്റൻ ഡികോക്കിന്റെ കിടിലൻ സെഞ്ചറിയും (70 പന്തിൽ 140*), ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ അർധസെഞ്ചറിയുമാണ് (51 പന്തിൽ 68*) ലക്‌നൗവിനെ 'സൂപ്പർ' ആക്കിയത്. ഇരുവരുടെയും ബാറ്റിൽനിന്ന് മൊത്തം പിറന്നത് 27 ബൗണ്ടറികൾ, 14 സിക്‌സും, 13 ഫോറും. ഇതിൽ പത്തു സിക്‌സും പിറന്നത് ഡികോക്കിന്റെ ബാറ്റിൽനിന്ന്. അവസാന മൂന്ന് ഓവറിൽ 61 റൺസാണ് ഇരുവരും കൂടി അടിച്ചെടുത്തത്. 19ാം ഓവറിൽ മാത്രം 27 റൺസ്.

 ഐപിഎലിനെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ് ഇന്നു പിറന്നത്. 2016ൽ ഗുജറാത്ത് ലയൺസിനെതിരെ ബെംഗളൂരുവിനായി കോലിയും ഡിവില്ലേഴ്‌സും ചേർന്നു നേടിയ 229 റൺസാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ഐപിഎലിൽ തന്റെ രണ്ടാം സെഞ്ചറിയാണ് ഡികോക്ക് കുറിച്ചത്. 2016ൽ ബെംഗളൂരുവിനെതിരെയായിരുന്നു ആദ്യ സെഞ്ചറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP