Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളിച്ച പതിനഞ്ചിൽ പത്ത് കളിയിലും തന്റെ ഇന്നിങ്സ് കൊണ്ട് ടീമിന് കരുത്തായ സഞ്ജു; രണ്ട് സെഞ്ചുറിയും നാല് അർധ സെഞ്ചുറിയുമായി റൺവേട്ടക്കാരിൽ രണ്ടാമനായ രാഹുൽ; 'വ്യക്തിഗത' മികവിൽ രാഹുൽ ഇന്ത്യൻ ജഴ്‌സിയിൽ; ടീം മാനായ സഞ്ജു പുറത്തും; സാമൂഹ്യ മാധ്യമങ്ങളിലെ താരതമ്യം ഇങ്ങനെ

കളിച്ച പതിനഞ്ചിൽ പത്ത് കളിയിലും തന്റെ ഇന്നിങ്സ് കൊണ്ട് ടീമിന് കരുത്തായ സഞ്ജു; രണ്ട് സെഞ്ചുറിയും നാല് അർധ സെഞ്ചുറിയുമായി റൺവേട്ടക്കാരിൽ രണ്ടാമനായ രാഹുൽ; 'വ്യക്തിഗത' മികവിൽ രാഹുൽ ഇന്ത്യൻ ജഴ്‌സിയിൽ; ടീം മാനായ സഞ്ജു പുറത്തും; സാമൂഹ്യ മാധ്യമങ്ങളിലെ താരതമ്യം ഇങ്ങനെ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിലെ വ്യക്തിഗത പ്രകടനത്തിന്റെ മികവിൽ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച താരങ്ങൾ ഒട്ടേറെയുണ്ട്. ഹാർദ്ദിക് പാണ്ഡ്യയ്ക്കും ജസ്പ്രീത് ബുംറയ്ക്കും അടക്കം ഇന്ത്യൻ നിരയിലേക്ക് വഴി തുറന്നതും ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളായിരുന്നു. എന്നാൽ വ്യക്തിഗത മികവിന് വേണ്ടി ടീമിന്റെ താൽപര്യങ്ങൾ ബലികഴിക്കുന്നവർ എന്ന് നിരന്തരം വിമർശനം ഏറ്റുവാങ്ങുന്ന താരങ്ങളുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വിമർശനം ഏറ്റുവാങ്ങുന്ന താരമാണ് കെ.എൽ രാഹുൽ.

സ്വന്തം നേട്ടങ്ങൾക്കായി മാത്രം കളിക്കുന്ന താരം, ഇന്ത്യൻ ടീമിലും ഐപിഎല്ലിലും കളിക്കാനാരംഭിച്ച നാളുകൾ മുതൽ ഈ പേരുദോഷം കെ.എൽ രാഹുലിനെ വിടാതെ പിന്തുടരുന്നുണ്ട്. ടീം ആദ്യം ബാറ്റ് ചെയ്യുമ്പോഴാകട്ടെ റൺസ് പിന്തുടരുമ്പോഴാകട്ടെ രാഹുലിന്റെ സമീപനത്തിൽ മാറ്റമൊന്നും വരാറില്ല. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ടീമിന് ബാധ്യതയാകുന്ന രാഹുൽ ഇന്നിങ്സുകൾ സോഷ്യൽ മീഡിയയിലും മറ്റും പോസ്റ്റ്മോർട്ടത്തിന് വിധേയമാകുന്നതിന് നമ്മൾ നിരവധി തവണ സാക്ഷിയായിട്ടുണ്ട്. ആ വലിയ പട്ടികയിലേക്ക് ചേർത്തുവെയ്ക്കാനുള്ള മറ്റൊരു ഇന്നിങ്സാണ് കഴിഞ്ഞ ദിവസം ഐപിഎൽ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ രാഹുലിൽ നിന്നും ഉണ്ടായത്.

208 റൺസ് എന്ന വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്നൗവിന് പിഴച്ചതും അത്യാവശ്യ ഘട്ടത്തിൽ റിസ്‌ക് എടുത്തുള്ള ഈ കടന്നാക്രമണം ഇല്ലാതെ പോയതുകൊണ്ടാണ്. ബൗളർമാരെ കടന്നാക്രമിക്കാൻ കെൽപ്പുള്ള ക്വിന്റൺ ഡിക്കോക്കിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ ശേഷം മനൻ വോറയെ കൂട്ടുപിടിച്ച് കരുതലോടെയാണ് രാഹുൽ തുടങ്ങിയത്. ആവശ്യമായ റൺറേറ്റ് ഉയർന്നതോടെ വോറ സ്‌കോർ ഉയർത്താൻ വേണ്ടി വലിയ ഷോട്ടുകൾ കളിക്കാൻ നിർബന്ധിതനായി. അഞ്ചാം ഓവറിൽ ജോഷ് ഹെയ്സൽവുഡിനെ ഒരു ഫോറും സിക്സും പറത്തിയ ശേഷം തൊട്ടടുത്ത പന്തിലും ആക്രമിക്കാൻ ശ്രമിച്ചു. പന്ത് ഷഹബാസ് അഹമ്മദിന്റെ കൈയിൽ വിശ്രമിച്ചു.

തുടർന്ന് ദിപക് ഹൂഡ ക്രീസിലെത്തിയതോടെയാണ് ലഖ്നൗ മത്സരത്തിലേക്ക് തിരികെയെത്തിയത്. സിറാജ് എറിഞ്ഞ ആറാം ഓവറിൽ ഒരു ഫോറും രണ്ടു സിക്സുമടക്കം 17 റൺസെടുത്ത രാഹുൽ പവർപ്ലേയിൽ സ്‌കോർ 62 റൺസെന്ന മികച്ച നിലയിലെത്തിച്ചു. എന്നാൽ തുടന്നുള്ള ഏഴ് ഓവറുകളിൽ രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നത് ഒരേയൊരു ബൗണ്ടറി മാത്രം. ആവശ്യമായ റൺറേറ്റ് ഉയർന്നതോടെ അപ്പുറത്തുള്ള ഹൂഡ റിസ്‌ക് എടുക്കാൻ നിർബന്ധിതനായി. 7-13 ഓവറുകൾക്കിടയ്ക്ക് ലഖ്നൗ സ്‌കോർബോർഡിലെത്തിയത് 49 റൺസ് മാത്രമായിരുന്നു. നേരിട്ട ആദ്യ 17 പന്തുകളിൽ 26 റൺസെടുത്ത രാഹുലിന് പിന്നീടുള്ള 28 റൺസെടുക്കാൻ വേണ്ടിവന്നത് 26 പന്തുകളാണ്.

ഇഴഞ്ഞിഴഞ്ഞ് രാഹുൽ അർധ സെഞ്ചുറി തികയ്ക്കാനെടുത്ത സമയം മുഴുവൻ ആവശ്യമായ റൺറേറ്റ് പിടിവിട്ടുയരാതെ കാത്തത് 26 പന്തിൽ നിന്ന് നാലു സിക്സും ഒരു ഫോറുമടക്കം 45 റൺസെടുത്ത ഹൂഡ ക്രീസിലുള്ളതുകൊണ്ടായിരുന്നു. എന്നാൽ 15-ാം ഓവറിൽ ഹൂഡ മടങ്ങിയപ്പോഴും റിസ്‌ക് എടുക്കാൻ രാഹുൽ ഒരുക്കമല്ലായിരുന്നു. 43 പന്തിൽ നിന്ന് 50 തികച്ച രാഹുൽ ഒടുവിൽ 58 പന്തുകൾ കളിച്ച് 79 റൺസെടുത്താണ് പുറത്തായത്. 58 പന്തിൽ 79 റൺസ് എന്നത് മോശമല്ലാത്ത പ്രകടനമാണെന്ന് പറയാമെങ്കിലും ആ ഇന്നിങ്സ് ടീമിന് എത്രത്തോളം ബാധ്യതയായെന്നതിന് ലഖ്നൗവിന്റെ പരാജയം തന്നെയാണ് തെളിവ്. അതായത് 43 പന്തുകളോളം കളിച്ച് സെറ്റായ ഒരു താരം പിന്നീടുള്ള 25 റൺസുകൾക്കായി നേരിട്ടത് 15 പന്തുകൾ. അതും എലിമിനേറ്റർ പോലൊരു ഡൂ ഓർ ഡൈ മത്സരത്തിൽ ആവശ്യമായ റൺറേറ്റ് 12-ന് മുകളിൽ നിൽക്കുമ്പോൾ. ബാംഗ്ലൂരിനായി രജത് കളിച്ച പോലുള്ള ഇന്നിങ്സ് ആയിരുന്നു രാഹുൽ പുറത്തെടുത്തതെങ്കിൽ ലക്‌നൗ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയേനെ.

ആർസിബി - ലഖ്നൗ മത്സരത്തിലെ ഫലം നിർണയിച്ച പ്രധാന വ്യത്യാസം രജത് പാട്ടിദാർ കളിച്ച ഇന്നിങ്സായിരുന്നു. അവസാന ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ചതുകൊണ്ട് പ്ലേ ഓഫിൽ എത്തിയ ടീമാണ് ആർസിബി. എലിമിനേറ്ററാകട്ടെ ഗ്രൂപ്പ് ഘട്ടത്തിൽ നന്നായി കളിച്ച ലഖ്നൗവിനെതിരേയും. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ആർസിബിക്ക് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റനും പ്രധാന ബാറ്ററുമായ ഫാഫ് ഡുപ്ലെസിയെ നഷ്ടമായ അവസരത്തിലാണ് രജത് ക്രീസിലെത്തുന്നത്. കോലിക്കൊപ്പം ശ്രദ്ധയോടെയാണ് അയാൾ തുടങ്ങിയത്.

അഞ്ചാം ഓവർ വരെ നിശബ്ദനായിരുന്ന അയാൾ ക്രുനാൽ പാണ്ഡ്യയുടെ ആറാം ഓവറിലാണ് ഗിയർ മാറ്റുന്നത്. മൂന്ന് ഫോറും ഒരു സിക്സുമടക്കം ആ ഓവറിൽ പിറന്നത് 20 റൺസായിരുന്നു. ഇതോടെയാണ് പവർപ്ലേയിൽ ഒരു വിക്കറ്റിന് 52 റൺസെന്ന മികച്ച നിലയിൽ ആർസിബി എത്തുന്നത്. 11-ാം ഓവറിൽ താൻ നേരിട്ട 28-ാം പന്തിലാണ് രജത് 50 തികയ്ക്കുന്നത്. പിന്നീടുള്ള 62 റൺസ് പിറന്നത് 26 പന്തുകളിൽ.

ഇതിനിടെ കോലിയുടെ വിക്കറ്റിന് പിന്നാലെ സ്‌കോർ ഉയർത്താൻ കെൽപ്പുള്ള ഗ്ലെൻ മാക്സ്വെൽ, മഹിപാൽ ലോംറോർ എന്നിവരെ നഷ്ടമായി ആർസി പ്രതിരോധത്തിലായിരിക്കുമ്പോഴാണ് 14-ാം ഓവറിൽ ദിനേഷ് കാർത്തിക്ക് ക്രീസിലെത്തുന്നത്. ഇന്നിങ്സ് കെട്ടിപ്പടുക്കാൻ കെൽപ്പുള്ള ഒരാൾ ക്രീസിലെത്തിയതോടെ രജത് അടിതുടങ്ങി. അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 92 റൺസിൽ 84-ഉം പിറന്നത് അവസാന നാല് ഓവറിലാണ്. ഡെത്ത് ഓവറുകളിലെ ഈ കടന്നാക്രമണമാണ് ആർസിയെ 200 കടത്തിയതും ഒടുവിൽ വിജയത്തിലേക്കെത്തിച്ചതും.

രാഹുലിന്റെ മെല്ലപ്പോക്ക് ടീമിന് ബാധ്യത
ഈ സീസണിൽ 15 കളികളിൽ നിന്ന് രണ്ട് സെഞ്ചുറിയും നാല് അർധ സെഞ്ചുറിയുമടക്കം 616 റൺസ് രാഹുൽ നേടിയിട്ടുണ്ട്. റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനവും ഭദ്രം. വരുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഇടവും ക്യാപ്റ്റൻ സ്ഥാനവും രാഹുലിനാണ്. എന്നാൽ അയാൾ എത്രത്തോളം ഒരു ടീം മാനാണ് എന്നതിൽ ഇന്ത്യൻ ആരാധകർ പോലും സംശയം പ്രകടിപ്പിക്കും. 'ടീം തേഞ്ഞാലും വേണ്ടില്ല താൻ രക്ഷപ്പെട്ടാൽ മതി' എന്നത് സ്ഥിരമായി രാഹുലിനെതിരേ സോഷ്യൽ മീഡിയയിൽ കാണുന്ന വിമർശനങ്ങളിൽ ഒന്നാണ്.

മുമ്പ് പഞ്ചാബ് കിങ്സിൽ കളിച്ചപ്പോഴും ഇന്ത്യൻ ടീമിലുള്ളപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. റൺസ് അടിച്ചുകൂട്ടിയിട്ടും ടീമിനായി ഇംപാക്റ്റ് ഉണ്ടാക്കാൻ സാധിക്കാത്ത താരമാണ് രാഹുലെന്നതാണ് വിമർശനങ്ങളിലൊന്ന്. സ്വാർഥനായ താരമെന്നത് രാഹുൽ ഇക്കാലത്തിനിടയ്ക്ക് ഊട്ടിയുറപ്പിച്ചിട്ടുള്ള വിമർശനങ്ങളിൽ ഒന്നുമാത്രം. പലപ്പോഴും അയാളുടെ വേഗം കുറഞ്ഞ ഇന്നിങ്സുകൾ നോൺസ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന ബാറ്റ്സ്മാന് നൽകുന്ന സമ്മർദം വളരെ വലുതാണ്. മുമ്പ് രാഹുൽ പഞ്ചാബിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ഇതിന്റെ പ്രധാന ഇരയായിരുന്നു മായങ്ക് അഗർവാൾ. റൺറേറ്റ് താഴുമ്പോൾ സ്വാഭാവികമായും റിസ്‌ക് എടുത്ത് കളിക്കുന്ന ബാറ്റർ പുറത്താകാൻ സാധ്യത കൂടുതലാണ്. റിസ്‌ക് എടുക്കാതെ കളിച്ചാൽ അക്കൗണ്ടിൽ സെഞ്ചുറിയും അർധ സെഞ്ചുറികളും റൺസും കൂടുതൽ വീഴും, പക്ഷേ അതുകൊണ്ട് ടീമിന് കാര്യമൊന്നും ഉണ്ടാകില്ല.

രാഹുലിന്റെ കണക്കുകൾ തന്നെ ഈ വാദത്തിന് തെളിവാണ്. 2021-ലെ ഐപിഎൽ സീസണിൽ 626 റൺസുമായി റൺവേട്ടക്കാരിൽ മൂന്നാമനായിരുന്നു രാഹുൽ. എന്നാൽ ആ സീസണിൽ പഞ്ചാബ് പ്ലേ ഓഫ് പോലും കണ്ടില്ല. 14 കളികളിൽ നിന്ന് ആറു വിജയങ്ങൾ മാത്രമുണ്ടായിരുന്ന ടീം ഫിനിഷ് ചെയ്തത് ആറാം സ്ഥാനത്ത്. 2020 സീസണിൽ 670 റൺസ് അടിച്ചുകൂട്ടി രാഹുൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. എന്നാൽ ആ തവണയും പഞ്ചാബ് ആറാം സ്ഥാനത്തുതന്നെയായിരുന്നു. 2019-ൽ 593 റൺസ് നേടി രാഹുൽ ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു. ആ സീസണിലും വെറും ആറു ജയങ്ങളുമായി പഞ്ചാബ് ആറാം സ്ഥാനത്തു തന്നെ. 2018-ൽ രാഹുൽ പഞ്ചാബിനായി നേടിയത് 659 റൺസ്. റൺവേട്ടക്കാരിൽ മൂന്നാമൻ. എന്നാൽ ആ സീസണിൽ പഞ്ചാബ് ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്ത്.

കോടികൾ വാരി, ഇഷാനും ടീമിന് ബാധ്യത
ഈ സീസണിൽ മുംബൈ ഇന്ത്യൻസിനായി 14 കളികളിൽ നിന്ന് 418 റൺസെടുത്ത ഇഷാൻ കിഷന്റെ പ്രകടനത്തേയും ഒരു കൂട്ടർ ചൂണ്ടിക്കാട്ടുന്നത് ഈ പട്ടികയിലേക്കാണ്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും മുംബൈക്ക് മികച്ച തുടക്കം നൽകാൻ സാധിക്കാത്ത താരമാണ് കിഷൻ. മുംബൈ ഈ സീസണിൽ നേരിട്ട പ്രധാന പ്രശ്നവും ഓപ്പണർമാർ നൽകുന്ന മോശം തുടക്കമായിരുന്നു. പന്തുകൾ നേരിടാൻ കിഷൻ ബുദ്ധിമുട്ടുമ്പോൾ സ്‌കോർ ഉയർത്തേണ്ട ചുമതല മറുവശത്ത് ക്യാപ്റ്റൻ രോഹിത്തിലേക്ക് ചുരുങ്ങുന്നു. പലപ്പോഴും ഇത്തരം സമ്മർദങ്ങളിൽപ്പെട്ടാണ് രോഹിത് ഈ സീസണിൽ വിക്കറ്റ് വലിച്ചെറിഞ്ഞത്. പിന്നീട് ശ്രദ്ധയോടെ കളിച്ച് കിഷൻ തന്റെ അക്കൗണ്ടിൽ റൺസ് എത്തിച്ചുകൊണ്ടിരുന്നു. ഫലമോ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിൽ ഇഷാനും ഇടംപിടിച്ചു.

ഈ സാഹചര്യത്തിൽ സഞ്ജു സാംസന്റെ ഒരു അഭിമുഖത്തിൽ നിന്നുള്ള വാചകങ്ങൾ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. താൻ ഇവിടെ വന്നത് കുറേയേറെ റൺസടിച്ചുകൂട്ടാനല്ല, ചെറുതെങ്കിലും ടീമിന് ഏറെ സഹായകമാകുന്ന റൺസ് സ്വന്തമാക്കാനാണ് എന്നാണ് സഞ്ജു പറയുന്ന വാചകം. ഈ സീസണിൽ അക്ഷരംപ്രതി അതുതന്നെ സഞ്ജു പാലിക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ 27 പന്തിൽ നിന്ന് 55 റൺസടിച്ചാണ് സഞ്ജു തുടങ്ങിയത്. ടീം സ്‌കോർ 200 കടക്കുന്നതിന് വഴിമരുന്നിട്ടത് ഈ ഇന്നിങ്സായിരുന്നു.

രണ്ടാം മത്സരത്തിൽ മുംബൈക്കെതിരേ 21 പന്തിൽ നിന്ന് 30 റൺസ്. സെഞ്ചുറി നേടിയ ജോസ് ബട്ട്ലർക്ക് മികച്ച പിന്തുണ നൽകിക്കൊണ്ടുള്ള ഇന്നിങ്സ്. എന്നാൽ പിന്നീട് ബാംഗ്ലൂർ (8), ലഖ്നൗ (13), ഗുജറാത്ത് (11) ടീമുകൾക്കെതിരേ തിളങ്ങാനായില്ല. എന്നാൽ കൊൽക്കത്തയ്ക്കെതിരേ വീണ്ടും ഫോമിലെത്തി. ബട്ട്ലർക്ക് ഉറച്ച പിന്തുണ നൽകി 19 പന്തിൽ അടിച്ചെടുത്തത് 38 റൺസ്. ടീം സ്‌കോർ വീണ്ടും 200 കടന്നു. പിന്നാലെ ഡൽഹിക്കെതിരേ 19 പന്തിൽ നിന്നും 46 റൺസ്. ആ വട്ടവും ടീം 200 മുകളിൽ സ്‌കോർ ചെയ്തു.

തുടർന്ന് ആർസിബിക്കെതിരേ 21 പന്തിൽ 27, മുംബൈക്കെതിരേ 7 പന്തിൽ 16, കൊൽക്കത്തയ്ക്കെതിരേ 49 പന്തിൽ 54, പഞ്ചാബിനെതിരേ 12 പന്തിൽ 23, ഡൽഹിക്കെതിരേ 6, ലഖ്നൗവിനെതിരേ 24 പന്തിൽ നിന്ന് 32, ചെന്നൈക്കെതിരേ 15, ഏറ്റവും ഒടുവിൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെതിരേ 26 പന്തിൽ 47 റൺസ്. അതായത് രാജസ്ഥാൻ കളിച്ച 15 മത്സരങ്ങളിൽ പത്തിലും തന്റെ ഇന്നിങ്സ് കൊണ്ട് ടീം സ്‌കോറിങ്ങിൽ ഇംപാക്റ്റ് ഉണ്ടാക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഒരു ടീം മാൻ എന്ന നിലയിൽ ഒരു വിഭാഗം സഞ്ജുവിന്റെ പേര് എടുത്തുപറയുന്നതും ഇതുകൊണ്ടു തന്നെയാണ്. വ്യക്തപരമായ നേട്ടങ്ങൾക്കുപരി ടീമിന് വേണ്ടി കളിക്കുന്ന താരം. രാജസ്ഥാന്റെ മുന്നേറ്റം തന്നെ അതിന് തെളിവ്.

''സഞുവിന്റേത് എല്ലാ ഷോട്ടുകളും നിറഞ്ഞ ഇന്നിങ്സായിരുന്നു. സ്ട്രൈറ്റ് ഷോട്ടുകളും സ്‌ക്വയർ കട്ടുകളും പുൾ ഷോട്ടുകളും ഇന്നിങ്സിൽ കാണാമായിരുന്നു. സ്പിന്നർമാർക്കെതിരെ മനോഹരമായി സഞ്ജു ബാറ്റ് വീശി. ക്രീസ് വിട്ടിറങ്ങി വലിയ ഷോട്ടുകൾ കളിക്കുമെന്ന് തോന്നിച്ചെങ്കിലും സഞ്ജു കാത്തിരുന്ന് കളിച്ചു. ലേറ്റ് കട്ടുകളും സ്‌ക്വയർ കട്ടുകളും വർണിക്കാൻ വാക്കുകളില്ല.

ഇന്നിങ്സ് അൽപം കൂടി നീണ്ടുപോയെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ സഞ്ജു എപ്പോവും ഇങ്ങനെയാണ്. നീണ്ട ഇന്നിങ്സുകൾ കളിക്കാൻ ശ്രമിക്കാറില്ല. എന്നാൽ ജോസ് ബട്ലർ പോലും ബുുദ്ധിമുട്ടിയ സാഹചര്യത്തിൽ ടീമിനെ മികച്ച നിലയിലെത്താൻ സഞ്ജുവിനായി എന്ന് സമാധാനിക്കാം.'' ശാസ്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് തഴയപ്പെട്ട ശേഷം സഞ്ജുവിന്റെ ആദ്യ മത്സരമായിരുന്നു ആദ്യ ക്വാളിഫയറിൽ ഗുജറാത്തിന് എതിരെ നടന്നത്. ഓരോ റൺസും സെലക്റ്റർമാർക്കുള്ള അടിയാണെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.

എല്ലാ മത്സരത്തിലും സെഞ്ചുറിയും അർധ സെഞ്ചുറിയും നേടുന്നതിന് വലിയ വിലയൊന്നുമില്ലാത്ത ലീഗിൽ 10 പന്തിൽ നിന്ന് നേടുന്ന 25-30 റൺസിന് ഉണ്ടാക്കാൻ സാധിക്കുന്ന ഇംപാക്റ്റ് വളരെ വലുതാണ്. അവിടെയാണ് സഞ്ജുവിന്റെയും രാഹുലിന്റെയും ഇന്നിങ്സുകൾ വേറിട്ട് നിൽക്കുന്നത്. സ്‌കോർ കാർഡ് നോക്കുന്നവർ സ്റ്റാറ്റസ് നോക്കി രാഹുലാണ് മികച്ചവൻ എന്ന് പറയും. എന്നാൽ മത്സരം നിരീക്ഷിക്കുന്നവർക്കറിയാം സാഹചര്യത്തിനനുസരിച്ച് നേടുന്ന 25-30 റൺസ് ഉണ്ടാക്കുന്ന വ്യത്യാസം.

ആർസിബിക്കെതിരായ രാഹുലിന്റെ ഇന്നിങ്സിനെ വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി തന്നെ രംഗത്തെത്തിയതും നമ്മൾ ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. ഹൂഡ അടിച്ചുകളിക്കുന്ന സമയത്ത് രാഹുൽ കുറച്ചുകൂടി റൺസ് നേടാൻ ശ്രമിക്കണമായിരുന്നുവെന്നാണ് ശാസ്ത്രി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP