Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക്കിസ്ഥാന്റെ വജ്രായുധത്തെ മെരുക്കാൻ കങ്കാരുക്കൾക്ക് തുണ മലയാളിയുടെ ചൈനാമൻ; ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർക്ക് നിർത്താതെ പന്തെറിഞ്ഞ് കൈയടി നേടി നരിക്കുനിക്കാരൻ; ദുബായിലേക്ക് ജിയാസിനെ എത്തിച്ചത് ബൗളിങ് കൺസൾട്ടന്റെ ശ്രീറാമിന്റെ ഇടപെടൽ; കടൽ കടന്ന് പ്രതിഭ തെളിയിക്കുമ്പോഴും വാട്‌മോറിനെ പോലും കാണിക്കാതെ ഒതുക്കി കേരളാ ക്രിറ്റിലെ മേലാളന്മാരും; വീണ്ടും വാർത്താതാരമായി 'കേരളാ മാക്‌സ് വെൽ' മാറുമ്പോൾ

പാക്കിസ്ഥാന്റെ വജ്രായുധത്തെ മെരുക്കാൻ കങ്കാരുക്കൾക്ക് തുണ മലയാളിയുടെ ചൈനാമൻ; ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർക്ക് നിർത്താതെ പന്തെറിഞ്ഞ് കൈയടി നേടി നരിക്കുനിക്കാരൻ; ദുബായിലേക്ക് ജിയാസിനെ എത്തിച്ചത് ബൗളിങ് കൺസൾട്ടന്റെ ശ്രീറാമിന്റെ ഇടപെടൽ; കടൽ കടന്ന് പ്രതിഭ തെളിയിക്കുമ്പോഴും വാട്‌മോറിനെ പോലും കാണിക്കാതെ ഒതുക്കി കേരളാ ക്രിറ്റിലെ മേലാളന്മാരും; വീണ്ടും വാർത്താതാരമായി 'കേരളാ മാക്‌സ് വെൽ' മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രതിഭയുണ്ടെങ്കിലും അതിശക്തനായ ഗോഡ് ഫാദറില്ലെങ്കിൽ കേരളാ ക്രിക്കറ്റിൽ രക്ഷയില്ല. രഞ്ജി ട്രോഫിയുടെ ക്യാമ്പിൽ പോലും കയറിക്കൂടാൻ പറ്റില്ല. ഇതിന് ഏറ്റവും വലിയ തെളിവാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ കെ.കെ. ജിയാസ്. ലോകോത്തര നിലവാരത്തിലുള്ള ചൈനമിൻ സ്പിന്നറാണ് ജിയാസ്. പക്ഷേ കേരളത്തിന് ഈ താരത്തെ വേണ്ട. എന്നാൽ പ്രതിഭ തിരിച്ചറിഞ്ഞ് ജിയാസിനെ റാഞ്ചുകയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ്. ഓസ്‌ട്രേലിയൻ കളറിൽ ജിയാസിനെ കളിപ്പിക്കാൻ അവർക്ക് കഴിയില്ല. എങ്കിലും ഈ ഇന്ത്യൻ താരത്തെ ഓസ്‌ട്രേലിയൻ ടീമിനൊപ്പം നിർത്താനാണ് ഓസീസ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

പാക്കിസ്ഥാനിലേക്കുള്ള പര്യടൻ ഓസ്‌ട്രേലിയയ്ക്ക് ഏറെ നിർണ്ണായകമാണ്. പരമ്പര തൂത്തുവാരി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. എന്നാൽ യാസിർ ഷായും ഷദാബ് ഖാനും സ്പിന്നിലൂടെ ഉയർത്താൻ പോകുന്ന വെല്ലുവിളികളെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് തിരിച്ചറിയുന്നു. ഇതിനെ മറികടക്കാൻ ജിയാസിന്റെ ചൈനമൻ പന്തുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഓസീസ് ബാറ്റസ്മാന്മാർ. ദുബായിലാണ് ടീം ഇപ്പോഴുള്ളത്. പാക്കിസ്ഥാനിൽ നേരിടേണ്ടി വരുന്ന വജ്രായുധത്തെ മരുക്കാനുള്ള തീവ്ര പ്രാക്ടീസിലാണ് അവർ. മുൻ ഇന്ത്യൻ താരം എസ് ശ്രീറാമാണ് ഓസ്‌ട്രേലിയൻ ടീമിന്റെ സ്പിൻ ബൗളിങ്ങ് കൺസൾട്ടന്റ്. ശ്രീറാമാണ് ജിയാസിന്റെ സേവനം ഓസീസ് ടീമിന് ലഭ്യമാക്കുന്നത്. ഓസ്‌ട്രേലിയൻ ടീമിന്റെ ഔദ്യോഗിക ഡ്ര്‌സ് നൽകിയാണ് ജിയാസിന് ടീമിനൊപ്പം നിർത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ ഔദ്യോഗിക വൈബ് സൈറ്റിലും വാർത്ത നൽകിയിട്ടുണ്ട്. ഇന്ത്യക്കാരനായ ലെഗ് സ്പിന്നർ പ്രദീപ് സാഹുവും ജിയാസിനൊപ്പം ഓസീസ് ടീമിന്റെ പരിശീലനത്തിൽ പങ്കാളിയാണ്. നേരത്തേയും ജിയാസ് ഓസീസ് ടീമിന് വേണ്ടി പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ പര്യടനത്തിന് എത്തിയപ്പോൾ ചൈനമാൻ ബോളർ കുൽദീപ് യാദവിന്റെ പന്തുകളെ നേരിടാനായിരുന്നു അന്ന് ജിയാസിലൂടെ പരിശീലനം തേടിയത്.

കുൽദീപ് യാദവിന്റെ അതേ ആക്ഷനിലാണ് ഇടംകൈ ചൈനാമാനായ ജിയാസും പന്തെറിയുന്നത്. ഈ വിവരം അറിയാവുന്ന, ഓസ്‌ട്രേലിയൻ ടീം ഉപദേശകനായ മുൻ ഇന്ത്യൻ താരം ശ്രീധരൻ ശ്രീറാം വഴിയാണ് ഓസീസ് ടീം ക്യാംപിലേക്ക് ജിയാസ് എത്തിയത്. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ താരമാണ്. കേരളത്തിനു വേണ്ടി അണ്ടർ 19, അണ്ടർ 22, അണ്ടർ 25 ടീമുകളിൽ മൽസരിച്ചിട്ടുണ്ട്. എന്നാൽ അതിനപ്പുറത്തേക്ക് കളിക്കാൻ കേരളാ ക്രിക്കറ്റിലെ ദൈവങ്ങൾ ജിയാസിന് അവസരം ഒരുക്കിയില്ല. വാലറ്റത്തിറങ്ങി കൂറ്റൻ അടികൾക്ക് പേരുകേട്ട ജിയാസിന് ' കേരള മാക്‌സ്വെൽ' എന്ന വിളിപ്പേരുമുണ്ട്. കേരളത്തിലെ ലീഗ് മത്സരങ്ങളിൽ മാത്രമായി ജിയാസിന്റെ മിന്നും പ്രകടനങ്ങൾ ഇപ്പോൾ ഒതുങ്ങുകയാണ്. കോഴിക്കോട്ട് നിന്ന് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ മനസ്സിലുറപ്പിച്ച ജിയാസ് കൊച്ചിയിലെത്തിയതോടെയാണ് അറിയപ്പെടുന്ന താരമായി മാറിയത്. ജൂനിയർ തലത്തിൽ മികവ് കാട്ടിയ താരത്തിന് കരുത്തായത് മുത്തൂറ്റ് ക്രിക്കറ്റ് ക്ലബ്ബായിരുന്നു. അതിന് ശേഷം മാസ്റ്റേസ് ഫിൻക്രോപ്പിലെത്തി. മുൻ രഞ്ജി താരം രാംകുമാറാണ് ഇവിടെ പരിശീലകൻ. എറണാകുളത്തെ എബിനാണ് ജിയാസിലെ ക്രിക്കറ്റ് താരത്തിന് എല്ലാ പിന്തുണയും ഉപദേശവും നൽകുന്നത്. ജൂനിയർ തലത്തിലെ പ്രകടനമികവുകളാണ് ശ്രീറാം എന്ന താരത്തിന്റെ ശ്രദ്ധയിൽ ജിയാസിനെ എത്തിച്ചത്.

ഇതോടെയാണ് ഇന്ത്യയുടെ ചൈനാമെൻ ബൗളർ കുൽദീപ് യാദവിനെ നേരിടാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ സഹായിക്കാൻ മലയാളി താരത്തിന്റെ സേവനം ശ്രീറാം തേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ താരമായിരുന്നു ജിയാസ്. ഓസീസ് ടീമിനൊപ്പം പന്തെറിയാൻ കഴിഞ്ഞതു സ്വപ്നമായി തോന്നുന്നെന്നുവെന്ന് അന്ന് ജിയാസ് പ്രതികരിച്ചിരുന്നു. അറിയാവുന്ന വേരിയേഷനുകളിൽ പന്തെറിഞ്ഞു. 2011 മുതൽ 2013 വരെ രാജസ്ഥാൻ റോയൽസിന്റെ ഡവലപ്മെന്റ് ടീമിലുണ്ടായിരുന്നു. ഡൽഹി ഡെയർഡെവിൾസിന്റെ മുൻ സഹപരിശീലകനായിരുന്നു എസ് ശ്രീറാം. അങ്ങനെയാണ് ജിയാസിനെ ശ്രീറാം അടുത്തറിയുന്നത്. ഐ.പി.എല്ലിൽ കളിക്കുമ്പോൾ സ്റ്റോയ്ൻസും ട്രാവിസ് ഹെഡും മലയാളി താരത്തിന്റെ ബൗളിങ്ങിനെ അഭിനന്ദിച്ചിരുന്നു. ഇതെല്ലാമായപ്പോൾ ഈ സീസണിലെങ്കിലും കേരളത്തിന്റെ രഞ്ജി ടീമിലുണ്ടാകുമെന്ന് ഈ നരിക്കുനിക്കാരൻ കരുതി. എന്നാൽ അവഗണനയാണുണ്ടായത്. ഇതിനിടെയാണ് അംഗീകാരമായി വീണ്ടും ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരാനുള്ള ക്ഷണം ജിയാസിനെ തേടിയെത്തുന്നത്.

ലോകോത്തര താരങ്ങൾക്ക് പന്തെറിഞ്ഞ് കൊടുക്കുന്നതിനായി പ്രത്യേകമായി ഓസ്ട്രേലിയൻ ടീം നേരിട്ട് വിളിപ്പിച്ചതിന്റെ ത്രില്ലിലാണ് ജിയാസ് ഇപ്പോൾ. കോഴിക്കോട് നരിക്കുനി സ്വദേശിയായ ജിയാസിന്റെ അച്ഛൻ ഡ്രൈവറും അമ്മ വീട്ടമ്മയുമാണ്. മകന് ജീവിതത്തിൽ ക്രിക്കറ്റാണ് ഏറ്റവും പ്രധാനമെന്ന് അച്ഛൻ മുൻപ് പറഞ്ഞിട്ടുമുണ്ട്. അമ്മയുടേയും അച്ഛന്റേയും വേദനകൾക്ക് പരിഹാരമാകാനാണ് ജിയാസിന്റെ ശ്രമം. അതിനുള്ള സുവർണ്ണാവസരമായിരുന്നു ഓസീസ് ടീമിന്റെ പരിശീലന ക്യാമ്പ്. ലോകത്തിൽ തന്നെ വളരെ കുറച്ച് ചൈനമാൻ സ്പിന്നർമാർ മാത്രമാണുള്ളത്. കേരള അണ്ടർ 19,22,23,25 ടീമുകളിൽ കേരള ടീമിലുൾപ്പെടുത്തിയെങ്കിലും വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്.

ഐപിഎൽ 2015 സീസണിൽ ഡെൽഡി ഡെയർ ഡെവിൾസ് ടീമിലെടുത്തിരുന്നു. എന്നാൽ ലോകോത്തര സ്പിന്നർമാരായ ഇമ്രാൻ താഹിർ അമിത് മിശ്ര എന്നിവർ കളിച്ച ടീമിൽ പക്ഷേ ജിയാസിന് അവസരം ലഭിച്ചില്ല. ഇപ്പോൾ സാക്ഷാൽ ഡേവ് വാട്മോറിനെ തന്നെ കേരള ടീമിന്റെ പരിശീലകനായിട്ടും ജിയാസിനെ പോലെ മികച്ച രീതിയിൽ പന്തറിയുന്ന ഒരാളെ വാട്മോറിന് മുന്നിലെത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഏതൊരു ടീമിനും ഒരു ബാലൻസും ബൗളിങ്ങിൽ വ്യത്യസ്തതയും പകരുന്ന ചൈനമാന്മാരെ ടീമുകൾ റാഞ്ചുമ്പോഴാണ് മികച്ച ഒരു ബൗളർ കേരളത്തിൽ സിലക്ഷൻ കാത്ത് കഴിയുന്നത്. ലോക ക്രിക്കറ്റിൽ ഇന്ന്വരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ചൈനമാൻ സ്പിന്നറും മുൻ ഓസ്ട്രേലിയൻ താരവുമായ ബ്രാഡ് ഹോഗിന്റെ കടുത്ത ആരാധകനാണ് ജിയാസ്.

ചെറുപ്പത്തിൽ നാട്ടിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുമ്പോൾ മുതൽ എറിയുന്നത് ഇടങ്കയ്യൻ ലെഗ്സ്പിന്നായിരുന്നു. ഇതിന് ചൈനാമാൻ എന്നൊരു പേരുണ്ടെന്ന് പോലും ജിയാസിന് അറിയില്ലായിരുന്നു. നല്ല ടേൺ കിട്ടുന്നതുകൊണ്ട് അത് തുടർന്നു. പിന്നീട് പത്രത്തിൽ പരസ്യം കണ്ടാണ് കോഴിക്കോട് വേനൽക്കാല അവധി ക്യാമ്പിന്റെ പരസ്യത്തെക്കുറിച്ച് കണ്ടത്. ഇതിൽ അപേക്ഷിച്ചതും ചേർന്നതും ഇടങ്കയ്യൻ ഓപ്പണർ ബാറ്റ്സ്മാനായിട്ടായിരുന്നു. 2007ൽ കോഴിക്കോട് അണ്ടർ 17 ടീമിന്റെ സിലക്ഷൻ നടക്കുമ്പോഴും ബാറ്റ്സ്മാന്മാരുടെ പട്ടികയിലാണ് അപേക്ഷിച്ചത്. അവസാനം ഇനി ആരെങ്കിലും ബൗളിങ്ങ് ചെയ്യാനുണ്ടോ എന്ന് ചോദിച്ചപ്പോൾ പോയി ബൗൾ ചെയ്യുകയായിരുന്നു. പിന്നീട് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ബാറ്റ്സ്മാന്മാർക്കൊപ്പമാണ് ജിയാസ് നിന്നത്.

അപ്പോൾ സിലക്ഷനിലുണ്ടായിരുന്ന ഒരാൾ ചോദിച്ചു ജിയാസ് ചൈനമാൻ അല്ലെ പിന്നെന്തിനാണ് ബാറ്റ്സ്മാന്മാരുടെ ഒപ്പം നിക്കുന്നത് എന്നായിരുന്നു. അപ്പോൾ എന്താണ് ചൈനമാൻ എന്ന് ജിയാസ് അടുത്ത് നിന്ന ഒരു സുഹൃത്തിനോട് ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.ആരും പറഞ്ഞ്കൊടുത്തിട്ടല്ല ജിയാസ് അങ്ങനെ ആദ്യമായി ചൈനമാൻ ബൗളറായത്. ക്രിക്കറ്റ് പണക്കാരുടെ കളിയാണെന്ന് പറയുമ്പോഴും കേരളാ ടീമിലും പിന്നീട് ഇന്ത്യൻ ടീമിലേക്കും എത്താൻ കഴിയുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ഈ നരിക്കുനിക്കാരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP