Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഓസ്ട്രേലിയക്കെതിരേ വിജയം നേടുക എന്നത് ഏറെ കടുപ്പമാണ്'; ' അവരുടെ നാട്ടിലാണ് മത്സരമെങ്കിൽ വെല്ലുവിളി വർധിക്കും'; ' പ്രധാനപ്പെട്ട കളിക്കാരെയും നഷ്ടമായിട്ടും ഇന്ത്യൻ ടീം സ്വന്തമാക്കിയ വിജയം ഗംഭീരമായിരുന്നു'; ഇന്ത്യൻ യുവതാരങ്ങളെ പ്രശംസിച്ച് കെയ്ൻ വില്യംസൺ

'ഓസ്ട്രേലിയക്കെതിരേ വിജയം നേടുക എന്നത് ഏറെ കടുപ്പമാണ്'; ' അവരുടെ നാട്ടിലാണ് മത്സരമെങ്കിൽ വെല്ലുവിളി വർധിക്കും'; ' പ്രധാനപ്പെട്ട കളിക്കാരെയും നഷ്ടമായിട്ടും ഇന്ത്യൻ ടീം സ്വന്തമാക്കിയ വിജയം ഗംഭീരമായിരുന്നു'; ഇന്ത്യൻ യുവതാരങ്ങളെ പ്രശംസിച്ച് കെയ്ൻ വില്യംസൺ

സ്പോർട്സ് ഡെസ്ക്

വെല്ലിങ്ടൺ: ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടത്തെ പ്രശംസിച്ച് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പരിക്ക് കാരണം പ്രധാന താരങ്ങളെ നഷ്ടമായിട്ടും ഓസ്ട്രേലിയന് മണ്ണിൽ അവർക്കെതിരേ ഇന്ത്യ നേടിയത് ഗംഭീര വിജയമാണെന്ന് വില്യംസൺ പറഞ്ഞു.

''ഓസ്‌ട്രേലിയയിൽ ഇന്ത്യ നേരിട്ട വെല്ലുവിളിയും, ടീം അതിനെ നേരിട്ട വിധവും നോക്കൂ. അവരുടെ ബൗളിങ് യൂണിറ്റിലെ എല്ലാവർക്കുമുണ്ടായിരുന്നത് ഏഴോ എട്ടോ ടെസ്റ്റുകളുടെ മാത്രം പരിചയസമ്പത്തായിരുന്നു. ഇന്ത്യയെ ഈ വിജയം ത്രില്ലടിപ്പിച്ചിട്ടുണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.'' - വില്യംസൺ സ്പോർട്സ് ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

''ഓസ്ട്രേലിയക്കെതിരേ നിങ്ങൾ എപ്പോൾ കളിച്ചാലും വിജയം നേടുക എന്നത് ഏറെ കടുപ്പമാണ്. അവരുടെ നാട്ടിലാണ് മത്സരമെങ്കിൽ വെല്ലുവിളി വർധിക്കുകയും ചെയ്യും. ആ സാഹചര്യത്തിൽ അവിടെ ചെന്ന് പരിക്കു കാരണം പല പ്രധാനപ്പെട്ട കളിക്കാരെയും നഷ്ടമായിട്ടും ഇന്ത്യൻ ടീം സ്വന്തമാക്കിയ വിജയം ഗംഭീരമായിരുന്നു.''വില്യംസൺ കൂട്ടിച്ചേർത്തു.



നാല് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2 - 1നാണ് സ്വന്തമാക്കിയത്. അഡ്‌ലെയ്ഡിൽ ദയനീയ തോൽവി ഏറ്റ് വാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം. മെൽബണിൽ തകർപ്പൻ ജയത്തോടെ ഒപ്പമെത്തിയ ടീം ഇന്ത്യ സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ സമനില പൊരുതി നേടിയിരുന്നു. ബ്രിസ്ബെയ്ൻ നടന്ന നിർണായകമായ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യൻ നിര പരമ്പര നേട്ടം ആഘോഷിച്ചത്. ബ്രിസ്ബെയ്നിൽ തുടർച്ചയായി 32 വർഷം വിജയം മാത്രം രുചിച്ച ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചായിരുന്ന ഇന്ത്യൻ യുവനിരയുടെ പടയോട്ടം.

ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ശതമാനത്തിൽ ഇന്ത്യയാണ് ഇപ്പോൾ മുന്നിൽ (71.7 ശതമാനം). തുടർന്ന് ന്യൂസീലൻഡ് (70), ഓസ്ട്രേലിയ (69.2), ഇംഗ്ലണ്ട് (68.7) ടീമുകളും. ദക്ഷിണാഫ്രിക്കയിലേക്കുള്ള ക്രിക്കറ്റ് പര്യടനത്തിൽനിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറിയതോടെ ന്യൂസീലൻഡ് രണ്ടാംസ്ഥാനം ഉറപ്പിച്ച് ഫൈനലിന് യോഗ്യത നേടിയിരുന്നു.

കോവിഡ് രൂക്ഷമായ രാജ്യത്തേക്ക് പോകുന്നതിലെ അപകടസാധ്യത ഏറ്റെടുക്കാനാകാത്തതുകൊണ്ടാണ് പിന്മാറ്റമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് മാനേജ്മെന്റ് അറിയിച്ചു. ഇതോടെയാണ് പ്രഥമ ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി ന്യൂസീലൻഡ് മാറിയത്. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി അടുത്തമാസമാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നു ടെസ്റ്റുകൾ നടക്കേണ്ടിയിരുന്നത്.

പ്രാഥമികറൗണ്ടിൽ ഇനി മത്സരമില്ലാത്തതുകൊണ്ടാണ് ന്യൂസിലൻഡ് രണ്ടാംസ്ഥാനം ഉറപ്പിച്ച്് ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീമിനെ നിർണയിക്കുക. ജൂണിൽ ലോർഡ്സിലാണ് ഫൈനൽ.

നിലവിലത്തെ സ്ഥിതിയിൽ ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാകാൻ ഏറ്റവും സാധ്യത ഇന്ത്യയ്ക്കാണ്. ഇംഗ്ലണ്ടിനെതിരേ 4-0, 3-0, 3-1, 2-0, 2-1 എന്നീ മാർജിനുകളിൽ ഒന്നിൽ ജയിച്ചാൽ ഇന്ത്യ കിരീടപോരാട്ടത്തിന് യോഗ്യതനേടും. എന്നാൽ ഇന്ത്യയ്ക്കെതിരേ 4-0, 3-0, 3-1 എന്നീ മാർജിനിൽ ജയിച്ചാൽ ഇംഗ്ലണ്ട് ഫൈനലിലെത്തും. ഓസ്ട്രേലിയയ്ക്ക് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിൽ അവസാനിച്ചാൽ മാത്രമേ അവസരം തെളിയൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP