Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1988ൽ 664 റൺസിന്റെ കൂട്ടുകെട്ട്; വാതുവയ്‌പ്പ് വിവാദത്തിൽ കുടുങ്ങിയപ്പോൾ കൂട്ടുകാരനെ പിന്തുണയ്ക്കാത്ത താരം; വിരമിക്കലിൽ പ്രസംഗത്തിലും മറന്നു; തെണ്ടുൽക്കർ അക്കാദമിയിൽ മെന്ററാക്കി പ്രായശ്ചിത്തവും; വേദന തുറന്നു പറഞ്ഞ് കാംബ്ലി വീണ്ടും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത മുത്തിനെ ഇതിഹാസം വീണ്ടും മറോട് അണയ്ക്കുമോ? കാംബ്ലിയുടെ തുറന്നു പറച്ചിലിൽ ചർച്ച സച്ചിനിലേക്ക്

1988ൽ 664 റൺസിന്റെ കൂട്ടുകെട്ട്; വാതുവയ്‌പ്പ് വിവാദത്തിൽ കുടുങ്ങിയപ്പോൾ കൂട്ടുകാരനെ പിന്തുണയ്ക്കാത്ത താരം; വിരമിക്കലിൽ പ്രസംഗത്തിലും മറന്നു; തെണ്ടുൽക്കർ അക്കാദമിയിൽ മെന്ററാക്കി പ്രായശ്ചിത്തവും; വേദന തുറന്നു പറഞ്ഞ് കാംബ്ലി വീണ്ടും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത മുത്തിനെ ഇതിഹാസം വീണ്ടും മറോട് അണയ്ക്കുമോ? കാംബ്ലിയുടെ തുറന്നു പറച്ചിലിൽ ചർച്ച സച്ചിനിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 1988ൽ സ്‌കൂൾ തലത്തിൽ റെക്കോഡ് കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യൻ ടീമിലേക്ക് വളർന്നുവന്നവരാണ് സച്ചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയും. 664 റൺസിന്റെ കൂട്ടുകെട്ട് രണ്ട് പേരും ചേർന്ന് സൃഷ്ടിച്ചത് അന്ന് അത്ഭുതമായിരുന്നു. ഇന്ത്യൻ ടീമിലും ഒന്നിച്ച് കളിച്ച അടുത്ത സുഹൃത്തുക്കൾ പിന്നീട് ശത്രുക്കളായി മാറിയെന്ന് പോലും ചർച്ചകളെത്തി. കാംബ്ലിക്കെതിരേ ഒത്തുകളി ആരോപണം ഉയർന്നപ്പോൾ സച്ചിൻ പിന്തുണച്ചില്ലെന്ന വാദം ചർച്ചയായി. ഇതോടെ കാംബ്ലി സച്ചിനുമായി ഉടക്കിയെന്നും മാധ്യമ വാർത്തകളെത്തി. സച്ചിൻ വിരമിക്കൽ പ്രസംഗം നടത്തിയപ്പോൾ കാംബ്ലിയുടെ പേര് പറയാത്തതിന്റെ ദുഃഖവും കാംബ്ലി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ കാംബ്ലിക്ക് കഷ്ടകാലമാണ്. ഇവിടെ സച്ചിൻ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ഉയരുന്ന ചോദ്യം.

സച്ചിനെ ഇപ്പോൾ കാംബ്ലി കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ശത കോടീശ്വരനായ സച്ചിന് തന്റെ ബാല്യകാല സുഹൃത്തിന് ഒന്നും ആലോചിക്കാതെ സഹായിക്കാനുള്ള സാമ്പത്തിക കരുത്തുണ്ട്. പക്ഷേ അതു ചെയ്യുന്നില്ലെന്നാണ് കാംബ്ലിയുടെ വാക്കുകൾ നൽകുന്ന സൂചന. അപ്പോഴും ഈ ഘട്ടത്തിൽ പരസ്യമായി സച്ചിനെ കാംബ്ലി തള്ളി പറയുന്നില്ല. എല്ലാവരും തന്നെ സഹായിക്കണമെന്ന സൂചനകളാണ് താരത്തിന്റെ വാക്കുകളിലുള്ളത്. 2013ൽ കാംബ്ലിക്ക് ഹൃദയാഘാതം ഉണ്ടായിരുന്നു. അതിന് ശേഷം 2017ൽ വീണ്ടും അസുഖം കൂടി. ശസ്ത്രക്രിയയും ചെയ്തു. ഇതിനൊപ്പം മറ്റ് ചില അസുഖങ്ങളും കാംബ്ലിക്കുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ കാംബ്ലിയുടെ വേദനയുടെ വാക്കുകൾ എത്തുന്നത്.

ബിസിസിഐ നൽകുന്ന പെൻഷൻ മാത്രമാണ് ഏക വരുമാനമെന്നും ക്രിക്കറ്റ് അനുബന്ധ അസൈന്മെന്റുകൾ ലഭിക്കാനായി കാത്തിരിക്കുകയാണെന്നും മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. സച്ചിന് എല്ലാം അറിയാമെന്നും പക്ഷേ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സച്ചിൻ തെണ്ടുൽക്കർക്ക് അറിയുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സച്ചിൻ അടുത്ത സുഹൃത്താണെന്നും അദ്ദേഹം എല്ലായിപ്പോഴും തന്നോടൊപ്പമുണ്ടെന്നും കാംബ്ലി കൂട്ടിച്ചേർത്തു.

തെണ്ടുൽക്കർ മിഡിൽസെക്സ് ഗ്ലോബൽ അക്കാദമിയിൽ മെന്ററായി കാംബ്ലി പ്രവർത്തിച്ചിരുന്നു. എന്നാൽ അവിടേയ്ക്ക് ദിവസേനയുള്ള യാത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'അഞ്ച് മണിക്ക് ഉറക്കമുണർന്നാണ് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലേക്ക് പോയ്ക്കൊണ്ടിരുന്നത്. അത് ബുദ്ധിമുട്ടായിരുന്നു. പിന്നീട് വൈകുന്നേരങ്ങളിൽ ബികെസി ഗ്രൗണ്ടിൽ പരിശീലിപ്പിച്ചിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഞാൻ ബിസിസിഐയുടെ പെൻഷനെയാണ് പൂർണമായും ആശ്രയിക്കുന്നത്',കാംബ്ലി പറഞ്ഞു.

മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സഹായത്തിനായി സമീപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയിലുണ്ടായിരുന്നുവെങ്കിലും അതൊരു പ്രതിഫലമില്ലാത്ത ജോലിയായിരുന്നു. എനിക്കൊരു കുടുംബമുണ്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് എന്നെ ആവശ്യമെങ്കിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് എംസിഐയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാംബ്ലി.

കോവിഡിന് മുമ്പ് ടി20 മുംബൈ ലീഗിൽ ഒരു ടീമിന്റെ കോച്ചായിരുന്നു കാംബ്ലി. നെരൂളിലെ ടെണ്ടുൽക്കർ മിഡിൽ സെക്സ് ഗ്ലോബൽ അക്കാഡമിയിൽ യുവതാരങ്ങളുടെ മെന്ററുമാണ്. താമസിക്കുന്ന സ്ഥലം നെരൂളിൽ നിന്ന് ഏറെ അകലെയാണ്. അതുകൊണ്ട് തന്നെ അവിടെ പോകാനാകുന്നില്ല. സച്ചിനാണ് ടെണ്ടുൽക്കർ മിഡിൽസെക്സ് ഗ്ലോബൽ അക്കാഡമിയിൽ ജോലി തന്നത്. ഞാൻ സന്തോഷവനായിരുന്നു. അദ്ദേഹം നല്ല സുഹൃത്താണ്. എല്ലായ്‌പ്പോഴും എനിക്കൊപ്പം നിന്നു' എന്നായിരുന്നു കാംബ്ലിയുടെ മറുപടി.

മുംബൈ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാൻ സന്നദ്ധനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്കൊപ്പം ജോലി ചെയ്യണം. ഹെഡ് കോച്ചായി അമോൾ മസുംദാറിനെ മുംബൈ നിലനിർത്തി എന്നറിയാം. തന്നെ ആവശ്യമുണ്ട് എന്നു തോന്നുമ്പോൾ വിളിക്കാം.- താരം വ്യക്തമാക്കി. ഇന്ത്യയ്ക്കായി 104 ഏകദിനങ്ങളും 17 ടെസ്റ്റ് മാച്ചുകളും കളിച്ച താരമാണ് കാംബ്ലി. നാലു ടെസ്റ്റ് സെഞ്ച്വറികളും രണ്ട് ഏകദിന സെഞ്ച്വറികളും ഉൾപ്പെടെ എല്ലാ ഫോർമാറ്റുകളിലുമായി 3561 റൺസ് നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP