Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

`ഹൊ ഈ ഡൊണാൾഡ് ബ്രെറ്റ് ലീ, അക്തർ, ജോൺസൻ, സ്റ്റാർക് ഒക്കെ എന്തൊരു യോർക്കറുകളാ എറിയുന്നത്`; വേഗതയും സ്വിങ്ങും ഉള്ള ഒരു ബൗളർ നമുക്ക് ഇല്ലല്ലോ എന്ന് ഇന്ത്യക്കാർ നിരാശപ്പെട്ടത് നീണ്ടകാലം; വർഷങ്ങൾ കാത്തിരുന്ന് ഇന്ത്യക്ക് കിട്ടിയത് കൃത്യതകൊണ്ട് കുറ്റി തെറിപ്പിക്കുന്ന ഗുജറാത്തി പയ്യനെ; ഇംഗ്ലണ്ട് ഓസ്‌ട്രേലിയ സൗത്താഫ്രിക്ക വിൻഡീസ് എന്നിവിടങ്ങളിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ; ഓരോദിവസം കഴിയുമ്പോഴും കൂടുതൽ അപകടകാരിയായി ഇന്ത്യയുടെ യോർക്കർ കിങ് ജസ്പ്രീത് ബുംറ

`ഹൊ ഈ ഡൊണാൾഡ് ബ്രെറ്റ് ലീ, അക്തർ, ജോൺസൻ, സ്റ്റാർക് ഒക്കെ എന്തൊരു യോർക്കറുകളാ എറിയുന്നത്`; വേഗതയും സ്വിങ്ങും ഉള്ള ഒരു ബൗളർ നമുക്ക് ഇല്ലല്ലോ എന്ന് ഇന്ത്യക്കാർ നിരാശപ്പെട്ടത് നീണ്ടകാലം; വർഷങ്ങൾ കാത്തിരുന്ന് ഇന്ത്യക്ക് കിട്ടിയത് കൃത്യതകൊണ്ട് കുറ്റി തെറിപ്പിക്കുന്ന ഗുജറാത്തി പയ്യനെ; ഇംഗ്ലണ്ട് ഓസ്‌ട്രേലിയ സൗത്താഫ്രിക്ക വിൻഡീസ് എന്നിവിടങ്ങളിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ; ഓരോദിവസം കഴിയുമ്പോഴും കൂടുതൽ അപകടകാരിയായി ഇന്ത്യയുടെ യോർക്കർ കിങ് ജസ്പ്രീത് ബുംറ

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: അലൻ ഡൊണാൾഡ്, വഖാർ യൂനിസ്, ബ്രെറ്റ് ലീ, ഷൊയ്ബ് അക്തർ, മിച്ചൽ ജോൺസൻ, കർട്‌ലി ആബ്രോസ്, മിച്ചൽ സ്റ്റാർക്, ജെയിംസ് ആൻഡേഴ്‌സൺ, മഖായ എന്റീനി...ലോക ക്രിക്കറ്റിലെ ബാറ്റ്‌സ്മാന്മാരെ തങ്ങളുടെ സ്വിങ് വേഗത എന്നിവ കൊണ്ട് വിറപ്പിച്ച ബൗളർമാരുടെ പട്ടികയാണ് ഇത്. ഗ്ലെൻ മഗ്രാത് ഷോൺ പൊള്ളോക്ക് എന്നിവർ വേഗതയിൽ മീഡിയമായിരുന്നുവെങ്കിലും ബാറ്റ്‌സ്മാന്മാർക് പേടി സ്വപ്‌നമായിരുന്നു. ഈ പട്ടികയിൽ ഒരു ഇന്ത്യക്കാരന്റെ പേരില്ലല്ലോ എന്നത് ക്രിക്കറ്റിന്റെ തുടക്കം മുതൽ ഇന്ത്യക്കാർക്ക് ഒരു കുറവ് തന്നെയായിരുന്നു. വിദേശ പര്യടനങ്ങളിൽ നമ്മുടെ ബാറ്റ്‌സ്മാന്മാർ 90കളിലും പിന്നീടിങ്ങോട്ടും എല്ലാം മികച്ച പ്രകടനം നടത്തുമ്പോഴും ഒരു ലോകോത്തര ഫാസ്റ്റ് ബൗളർ ഇല്ലാത്തത് കാരണം നിരവധി മത്സരങ്ങൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ചേർത്ത് നമുക്ക് ലഭിച്ച ഉത്തരമാണ് ജസ്പ്രീത് ബുംറ എന്ന 25കാരൻ ഫാസ്റ്റ് ബൗളർ.

ലോകക്രിക്കറ്റിൽ ഇന്ന് ഒരു ബാറ്റ്‌സ്മാനും ബുറയെ ചങ്കുറപ്പോടെ നോക്കാനും നേരിടാനും തയ്യാറാകില്ല. ലോക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളർമാർക്കും ലഭിക്കാത്ത നേട്ടങ്ങൾ കൊയ്ത് മുന്നോട്ട് പോവുകയാണ് താരം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക വെസ്റ്റിൻഡീസ് എന്നിവിടങ്ങളിൽ എല്ലാം തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എന്ന ഖ്യാതിയും ബുറയ്ക്ക് സ്വന്തം. വെസ്റ്റ് ഇൻഡീസിനെതിരായ ആന്റിഗ്വയിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത് ജസ്പ്രീത് ബുമ്രയുടെ മാസ്മരിക ബൗളിങ് പ്രകടനമായിരുന്നു. ഏഴ് റൺസ് മാത്രം വഴങ്ങി വിൻഡീസിന്റെ അഞ്ച് വിക്കറ്റുകളാണ് ബുമ്ര പിഴുതത്. ആദ്യ ഇന്നിങ്‌സിൽ ഇഷാന്തും ഷമിയും തിളങ്ങിയപ്പോൾ ഒരു വിക്കറ്റ് മാത്രമായിരുന്നു ബുമ്രയുടെ പേരിലുണ്ടായിരുന്നത്.

എന്നാൽ രണ്ടാം ഇന്നിങ്‌സിൽ ബുമ്ര വിശ്വരൂപം കാട്ടി. പലപ്പോഴും ബുമ്രയുടെ പന്തുകളുടെ ഗതിയറിയാതെ വിൻഡീസ് ബാറ്റ്‌സ്മാന്മാർ കാഴ്ചക്കാരായി. ബുമ്രയുടെ പന്തുകളിൽ വിക്കറ്റുകൾ വായുവിൽ പറക്കുന്ന കാഴ്ച ഒരുകാലത്ത് മഹാന്മാരായ പേസ് ബൗളർമാരെ സൃഷ്ടിച്ച വിൻഡീസിനെതിരെ ആയിരുന്നു എന്നത് ചരിത്രത്തിലെ യാദൃശ്ചികതയായി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഹാട്രിക്. നേട്ട സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളർ.

1993 ഡിസംബർ ആറിന് അഹമ്മദാബാദിലെ ഒരു സിഖ് കുടുംബത്തിലായിരുന്നു ബുംറയുടെ ജനനം. ഏഴാം വയസ്സ് എത്തിയപ്പോൾ അച്ഛനെ നഷ്ടമായി. പിന്നെ വളർത്തിയത് സ്‌കൂൾ പ്രിൻസിപ്പാളായ അമ്മ ദൽജിത്. 90കളിൽ ജനിച്ച ഏതൊരു ഇന്ത്യൻ കുട്ടിയെപ്പോലെയും തന്നെ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചായിരുന്നു ബുംറയുടെയും തുടക്കം. അന്നത്തെ കുട്ടികളെല്ലാം തന്നെ സച്ചിനാകണം ഗാംഗുലിയാകണം എന്ന് വാശിപിടിച്ച് ബാറ്റിങ് അഭിനിവേശത്തിൽ നടക്കുമ്പോഴും ഒരു ഫാസ്റ്റ് ബൗളർ ആകണം എന്ന് തന്നെയായിരുന്നു കുട്ടി ബുംറയുടെ ആഗ്രഹം. നല്ല വേഗത്തിൽ യോർക്കറുകൾ എറിയുന്ന വാസിം അക്രം, മിച്ചൽ ജോൺസൺ എന്നിവരെ റോൾ മോഡലുകളാക്കിയായിരുന്നു ബംറ കളി പഠിച്ചത്.

കടുത്ത വേനൽക്കാലത്ത് പുറത്ത് പോയി കളിക്കാൻ അമ്മ അനുവദിക്കില്ലായിരുന്നു. പക്ഷേ ബോൾ കൊണ്ട് വെറുത ഇരിക്കാൻ ബുംറ തയ്യാറായില്ല. വീട്ടിലെ ചുവരും തറയും ചേരുന്ന ഭാഗത്ത് അവൻ യോർക്കറുകൾ എറിഞ്ഞ് പഠിച്ചു. ക്രിക്കറ്റ് കളിച്ച് നടന്നാൽ മകന്റെ ഭാവി എന്താകും എന്ന് ആശങ്കയുണ്ടായിരുന്ന അമ്മ മകൻ കസിൻസിന്റെ കാനഡയിൽ ഉപരിപഠനത്തിന് പോണം എന്നാണ് ആഗ്രഹിച്ചത്. 14 വയസ്സുള്ളപ്പോൾ തനിക്ക് ക്രിക്കറ്റ് മതി എന്ന് പറഞ്ഞ് അമ്മയെ അവൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. 19ാം വയസ്സിൽ ഗുജറാത്ത് സ്റ്റേറ്റ് അണ്ടർ 19 ടീമിലേക്ക് എത്തിയതാണ് കരിയറിൽ നിർണായകമായത്. അസ്വഭാവികമായ ആ ആക്ഷൻ ബാറ്റസ്മാന്മാരുടെ ചങ്കിടിപ്പ് കൂട്ടി.

20ാം വയസ്സിൽ ഒരു പ്രാദേശിക ടി20 മത്സരത്തിൽ ബുംറ ബൗൾ ചെയ്യുന്നത് അന്നത്തെ മുംബൈ ഇന്ത്യൻസ് കോച്ചായ ജോൺ റൈറ്റ് കണ്ടു. പിന്നീട് അത് ജീവിതത്തിലെ തന്നെ വഴിത്തിരിവായിമാറിയത്. 2013ൽ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തിയ ബുറയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ സീസണിൽ വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. മൂന്ന് വിക്കര്റുകളും നേടി. യോർക്കറുകളോട് വ്ലലാത്ത രു പ്രണയമുണ്ടായിരുന്ന ബുംറ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു. ലോകക്രിക്കറ്റിലെ യോർക്കർ കിങ് ലസിത് മാലിംഗ കരിയറിലെ ഉജ്വല ഫോമിൽ നിൽക്കുമ്പോൾ ഒപ്പം കളിച്ചത് ബുംറയ്ക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ഒരു എക്സ്പീരിയൻസായിരുന്നു.

മാലിംഗ കരിയറിൽ പഴയ ഫോമിൽ കളിക്കാതായപ്പോൾ ബുംറ എന്ന വേഗക്കാരൻ ആ സ്ഥാനം ഏറ്റെടുത്തു നല്ല പിന്മുറക്കാരനായി. മുഹമ്മദ് ഷമിക്ക് പരിക്ക് പറ്റിയപ്പോൾ 2015-16 സീസണിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ പകരക്കാരനായി എത്തിയ ബുംറ മടങ്ങിയത് ആ പര്യടനത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിട്ടായിരുന്നു. ഇന്ത്യയുടെ പുതിയ കണ്ടെത്തൽ എന്നാണ് അന്നത്തെ നായകൻ എംഎസ് ധോണി ബുറയെ വിശേഷിപ്പിച്ചത്. ഐപിഎല്ലിൽ തകർത്തെറിഞ്ഞ ബുംറ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ, റിക്കി പോണ്ടിങ്, എന്നിവരുടെ ഉൾപ്പടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

2018ൽ ടെസ്റ്റ് ടീമിലേക്ക് വിളി വന്നപ്പോഴും ബുംറ മോശമാക്കിയില്ല. ആ വർഷം ഒൻപത് ടെസ്റ്റ് മത്സരങ്ങൾ കളിച്ച് 48 വിക്കറ്റുകളാണ് ബുംറ വീഴ്‌ത്തിയത്. ഒരു ഇന്ത്യൻ ബൗളറുടെ എക്കാലത്തേയും മികച്ച റെക്കോഡ്. ഈ ലോകകപ്പിൽ ഇന്ത്യയുടെ സാധ്യത മുഴുവൻ ഈ 25കാരന്റെ ബൗളിങ് മികവിനെക്കൂടി ആശ്രയിച്ചായിരുന്നു. നിർണായകമായ സമയത്ത് റണ്ണൊഴുക്ക് തടയാനും വിക്കറ്റുകൾ വീഴ്‌ത്താനും കോലിക്ക് വിശ്വസിച്ച് പന്തേൽപ്പിക്കാം ജസ്പ്രീത് ബുംറയെ എന്നതായിരുന്നു സ്ഥിതി. ബാറ്റ്‌സ്മാന്മാർ കളി മറന്ന പല കളികളിലും ഇന്ത്യയെ ലോകകപ്പ് സെമി വരെ എത്തിച്ചതിൽ ബുറയുടെ പങ്ക് ചെറുതല്ല.

ഇപ്പോൾ വിൻഡീസിനെതിരെ പരമ്പരയിൽ ഹാട്രിക് നേടിയപ്പോൾ യുവ്‌രാജ് സിങ് നടത്തിയ പ്രതികരണം ആണ്.ബുംറയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തകർപ്പൻ ഹാട്രിക്ക് പ്രകടനം തന്നെയാണ് താരത്തെ ഒരു സൂപ്പർ ഹീറോയാക്കിയത്. ഒരു ഇന്ത്യക്കാരൻ ടെസ്റ്റിൽ നേടുന്ന മൂന്നാമത്തെ ഹാട്രിക് പ്രകടനമായിരുന്നു ബുംറയുടേത്. എന്നാൽ ഹാട്രിക് പ്രകടനത്തിൽ വലിയ ആശ്ചര്യമില്ലെന്നാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് പറയുന്നത്.

ട്വിറ്ററിലായിരുന്നു യുവരാജിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''ബുംറയ്ക്ക് ആശംസകൾ. എല്ലാതരത്തിലും നിങ്ങൾ അർഹിക്കുന്ന പ്രകടനമായിരുന്നത്. എന്നാൽ എനിക്ക് ആശ്ചര്യമൊന്നും തോന്നുന്നില്ല. കാരണം നിങ്ങൾ ലോകത്തിലെ ഒന്നാം നമ്പർ ബൗളറാണ്. അത് കാണിക്കേണ്ട രീതിയിൽ തന്നെ നിങ്ങൾ കാണിക്കുകയും ചെയ്തു.'' യുവരാജ് ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP