Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇംഗ്ലീഷ് ടെസ്റ്റിന് മുമ്പെ ഇന്ത്യയ്ക്ക് തിരിച്ചടി; പരുക്ക് ഭേദമാകാത്ത രവീന്ദ്ര ജഡേജയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകും; ആറാഴ്ച വിശ്രമം തുടരണം; ഇംഗ്ലണ്ടിനെതിരായ ഏകദിന ട്വന്റി 20 മത്സരങ്ങളിലും കളിച്ചേക്കില്ല

ഇംഗ്ലീഷ് ടെസ്റ്റിന് മുമ്പെ ഇന്ത്യയ്ക്ക് തിരിച്ചടി; പരുക്ക് ഭേദമാകാത്ത രവീന്ദ്ര ജഡേജയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകും; ആറാഴ്ച വിശ്രമം തുടരണം; ഇംഗ്ലണ്ടിനെതിരായ ഏകദിന ട്വന്റി 20 മത്സരങ്ങളിലും കളിച്ചേക്കില്ല

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തുടക്കത്തിലെ തിരിച്ചടി. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് നാലു ടെസ്റ്റുകളിലും കളിക്കാനാവില്ല. ഓസ്‌ട്രേലിയയിൽവച്ചു തന്നെ താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും കുറഞ്ഞത് ആറാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണ്. ഫെബ്രുവരി അഞ്ചിനാണു ടെസ്റ്റ് മത്സരങ്ങൾ തുടങ്ങുന്നത്.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ മൂന്നാം ടെസ്റ്റിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ജഡേജയുടെ വലതു കയ്യിൽ തട്ടിയാണ് പരുക്കേറ്റത്. വിരലിന് പരുക്കേറ്റതോടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ആർ അശ്വിനും ഹനുമ വിഹാരിയും മികച്ച പ്രതിരോധം തീർത്തതോടെ മത്സരം സമനിലയിലായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ജഡേജയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നില്ല തുടർന്ന് നാലാം ടെസ്റ്റും ജഡേജയ്ക്കു നഷ്ടമായി.

പരുക്ക് ഭേദമാകാത്തതിനാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിൽ ജഡേജയെ ഉൾപ്പെടുത്തിയിരുന്നില്ല. ആറാഴ്ച വിശ്രമം തുടരണമെന്ന് വ്യക്തമായതോടെ പരമ്പര പൂർണമായും നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഏകദിന, ട്വന്റി20 ടീമുകളിലേക്കും ജഡേജയെ പരിഗണിച്ചേക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ജഡേജയുടെ ഇനിയുള്ള പരിശീലനങ്ങൾ നടക്കുക. ഏറ്റവും ഒടുവിൽ ഇന്ത്യയും ഇംഗ്ലണ്ടും ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോൾ 48 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്‌ത്തി തകർപ്പൻ പ്രകടനമാണ് ജഡേജ നടത്തിയത്.

ബാറ്റിങ്ങിൽ രവീന്ദ്ര ജഡേജയുടെ ഫോം കൂടി പരിഗണിച്ചാൽ താരത്തിന്റെ അസാന്നിധ്യം ടീം ഇന്ത്യയ്ക്കു വൻ നഷ്ടമാണ്. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജഡേജയില്ലാത്തതിനാൽ വാഷിങ്ടൻ സുന്ദറിന് ടീമിൽ അവസരം ലഭിക്കും. നാല് ടെസ്റ്റ്, അഞ്ച് ട്വന്റി20, മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ കളിക്കാനുള്ളത്.

ആദ്യ രണ്ട് മത്സരങ്ങൾ ചെന്നൈയിലും ശേഷിക്കുന്ന മത്സരങ്ങൾ അഹമ്മദാബാദിലുമാണ് നടക്കുക. അഞ്ച് ട്വന്റി20 മത്സരങ്ങളും അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കും. പുണെയിലാണ് ഏകദിന മത്സരങ്ങൾ കളിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP