Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തകർപ്പൻ സെഞ്ച്വറുമായി ദീപക് ഹൂഡ; ക്ലാസ് ഇന്നിങ്ങ്‌സിലൂടെ അർധസെഞ്ച്വറിയുമായി സഞ്ജുസാംസണിന്റെ ഉറച്ച പിന്തുണയും; മധ്യനിര തകർന്നെങ്കിലും അയർലൻഡിനെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ; രണ്ടാം ടി 20 യിൽ ആതിഥേയർക്ക് 228 റൺസ് വിജയലക്ഷ്യം

തകർപ്പൻ സെഞ്ച്വറുമായി ദീപക് ഹൂഡ; ക്ലാസ് ഇന്നിങ്ങ്‌സിലൂടെ അർധസെഞ്ച്വറിയുമായി സഞ്ജുസാംസണിന്റെ ഉറച്ച പിന്തുണയും; മധ്യനിര തകർന്നെങ്കിലും അയർലൻഡിനെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ; രണ്ടാം ടി 20 യിൽ ആതിഥേയർക്ക് 228 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

ഡബ്ലിൻ: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ അയർലൻഡിന് 228 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദീപക് ഹൂഡയുടെ സെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെ അർധസെഞ്ചുറിയുടെയും മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. 57 പന്തിൽ 104 റൺസെടുത്ത ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇഷാൻ കിഷനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു ടി20യിലെ തന്റെ ഉയർന്ന സ്‌കോറായ 77 റൺസെടുത്തു. ഹൂഡ-സഞ്ജു സഖ്യം രണ്ടാം വിക്കറ്റിൽ 176 റൺസിന്റെ കൂട്ടുകെട്ടുയർത്തിയാണ് ഇന്ത്യയയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.ടി 20 ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ഇന്ന് തീർത്തത്യ

ടോസിലെ ഭാഗ്യം ഇന്ത്യയെ തുടക്കത്തിൽ തുണച്ചില്ല. ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിട്ട സഞ്ജു ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. രണ്ടാം ഓവറിലും സഞ്ജു ബൗണ്ടറി നേടി. എന്നാൽ മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യക്ക് ഇഷാൻ കിഷന്റെ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തിൽ 3 റൺസെടുത്ത കിഷനെ മാർക്ക് അഡെയർ വീഴ്‌ത്തി. എന്നാൽ കിഷൻ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ കഴിഞ്ഞ മത്സരത്തിൽ നിർത്തിയേടത്തു നിന്ന് തുടങ്ങി. സഞ്ജുവും മോശമാക്കിയില്ല.

പവർ പ്ലേ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്ത ഇന്ത്യയെ സഞ്ജുവും ഹൂഡയും ചേർന്ന് 11-ാം ഓവറിൽ 100 കടത്തി. 27 പന്തിൽ അർധസെഞ്ചുറി തികച്ച ഹൂഡയായിരുന്നു ആക്രമണം നയിച്ചത്. ഹൂഡ ക്രീസിലെത്തുമ്പോൾ 10 റൺസിലെത്തിയിരുന്നു സഞ്ജു. എന്നാൽ സഞ്ജുവിന് മുമ്പെ ഹൂഡ അർധസെഞ്ചുറി തികച്ച് മുന്നേറി. പത്താം ഓവറിൽ ഹൂഡ
അർധസെഞ്ചുറിയിലെത്തിയപ്പോൾ പതിമൂന്നാം ഓവറിലാണ് സഞ്ജു ടി20 കരിയറിൽ തന്റെ ആദ്യ രാജ്യാന്തര അർധസെഞ്ചുറി കുറിച്ചത്. സഞ്ജു അർധസെഞ്ചുറിയിലെത്തുമ്പോൾ ഹൂഡ 80 റൺസിലെത്തിയിരുന്നു. 31 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് സഞ്ജു അർധസെഞ്ചുറിയിലെത്തിയത്.

രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡക്കൊപ്പം 176 റൺസിന്റെ കൂട്ടുകെട്ടുയർത്തിയ സഞ്ജുവിന് സെഞ്ചുറിയിലെത്താൻ അവസരമുണ്ടായിരുന്നെങ്കിലും പതിനേഴാം ഓവറിൽ മാർക്ക് അഡയറിനെ സിക്‌സിന് പറത്തിയതിന് പിന്നാലെ യോർക്കറിൽ ക്ലീൻ ബൗൾഡായി പുറത്തായി. 42 പന്തിൽ 77 റൺസെടുത്ത സഞ്ജു നാല് സിക്‌സും ഒമ്പത് ഫോറും പറത്തി. സഞ്ജു മടങ്ങിയതിന് പിന്നാലെ ഇന്ത്യ 200 കടന്നു. സഞ്ജു-ഹൂഡ സഖ്യം കൂട്ടിച്ചേർത്ത 176 റൺസ് ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്. സഞ്ജു പുറത്തായശേഷം 55 പന്തിൽ സെഞ്ചുറി തികച്ച ഹൂഡ ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററായി. രോഹിത് ശർമയും കെ എൽ രാഹുലും സുരേഷ് റെയ്‌നയുമാണ് ഹൂഡക്ക് മുമ്പ് ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ താരങ്ങൾ.

സഞ്ജു പുറത്തായശേഷമെത്തിയ സൂര്യകുമാർ യാദവ് രണ്ട് സിക്‌സുമായി തുടങ്ങിയെങ്കിലും 5 പന്തിൽ 15 റൺസെടുത്ത് പുറത്തായി. സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ 57 പന്തിൽ 104 റൺസെടുത്ത ഹൂഡയെ ജോഷ്വ ലിറ്റിൽ വീഴ്‌ത്തി. ഒമ്പത് ഫോറും ആറ് സിക്‌സും പറത്തിയാണ് ഹൂഡ 104 റൺസടിച്ചത്. പിന്നാലെ ദിനേശ് കാർത്തിക്കിനെയും അക്‌സർ പട്ടേലിനെയും നേരിട്ട ആദ്യ പന്തിൽ പൂജ്യരായി മടക്കി ക്രെയ്ഗ് യങ് ഇന്ത്യൻ കുതിപ്പിന് കടിഞ്ഞാണിട്ടു. അവസാന ഓവറിൽ ഹർഷൽ പട്ടേലിനെയും പൂജ്യനാക്കി മടക്കി മാർക്ക് അഡയർ ഇന്ത്യ 250 കടക്കാതെ തടഞ്ഞു. അയർലൻഡിനായി മാർക്ക് അഡയർ മൂന്നും ജോഷ്വാ ലിറ്റിലും ക്രെയഡ് യങും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. പതിനേഴാം ഓവറിൽ 200 കടന്ന ഇന്ത്യക്ക് അവസാന മൂന്നോവറിൽ അഞ്ച് വിക്കറ്റ് നഷ്ടമാക്കി 27 റൺസെ എടുക്കാനായുള്ളു. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 9 പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യ മത്സരം കളിച്ച ടീമിൽ മൂന്ന് മാറ്റവുമായാണ് ഇറങ്ങിയത്. റുതുരാജ് ഗെയ്ക്വാദിന് പകരം മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി അന്തിമ ഇലവനിലെത്തിയപ്പോൾ പേസർ ആവേശ് ഖാന് പകരം ഹർഷൽ പട്ടേലും സ്പിന്നർ യുസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്‌ണോയിയും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. അതേസമയം, ആദ്യ മത്സരം തോറ്റ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് അയർലൻഡ് ഇറങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP