Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

അസാധ്യ കാര്യങ്ങളുടെ ദൈവമായി സൗരവ് ഗാംഗുലി മാറിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റിനൊപ്പം കായികലോകത്തിനും പ്രതീക്ഷകൾ ഏറെ; യുഎഇയിലേക്ക് പറിച്ചു നട്ട ഐപിഎൽ വൻ വിജയം; റണ്ണൊഴുകുന്ന ഷാർജ സ്റ്റേഡിയം ഇന്ത്യൻ കളിക്കാരെ സംബന്ധിച്ചിടത്തോളം സ്വന്തം ഗ്രൗണ്ട്; കോവിഡിനെ തോൽപ്പിച്ച ഐപിഎൽ മറ്റു രാജ്യങ്ങൾക്കും കായിക രംഗത്ത് പ്രതീക്ഷയാകുന്നു

അസാധ്യ കാര്യങ്ങളുടെ ദൈവമായി സൗരവ് ഗാംഗുലി മാറിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റിനൊപ്പം കായികലോകത്തിനും പ്രതീക്ഷകൾ ഏറെ; യുഎഇയിലേക്ക് പറിച്ചു നട്ട ഐപിഎൽ വൻ വിജയം; റണ്ണൊഴുകുന്ന ഷാർജ സ്റ്റേഡിയം ഇന്ത്യൻ കളിക്കാരെ സംബന്ധിച്ചിടത്തോളം സ്വന്തം ഗ്രൗണ്ട്; കോവിഡിനെ തോൽപ്പിച്ച ഐപിഎൽ മറ്റു രാജ്യങ്ങൾക്കും കായിക രംഗത്ത് പ്രതീക്ഷയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഈ കോവിഡ് കാലത്ത് ഐപിഎൽ ക്രിക്കറ്റ് എങ്ങനെ നടത്തും? രാജ്യത്ത് കോവിഡ് പടർന്നു പിടിച്ചപ്പോൾ ടൂർണമെന്റുകൾ മാറ്റിവെച്ചപ്പോൾ പൊതുവേ എല്ലാവരും ഉന്നയിച്ച ചോദ്യം ഇതായിരുന്നു. ഇത്തവണ ഐപിഎൽ വേണ്ടെന്ന് വാശി പിടിച്ചവർ പോലുമുണ്ട്. എന്നാൽ, അവിടെയാണ് അസാധ്യകാര്യങ്ങളുടെ ദൈവമായി സൗരവ് ഗാംഗുലി അവതരിച്ചത്. ബിസിസിഐ അധ്യക്ഷനായ ഗാംഗുലി പറഞ്ഞത് ഐപിഎൽ പറഞ്ഞതു പോലം നടക്കുമെന്നായിരുന്നു.

ദാദയുടെ വാക്കുകൾ വെറും വാക്കായില്ല. പറഞ്ഞതു പോലെ കാര്യങ്ങൾ നടന്നു. ഇന്ത്യൻ സാഹചര്യത്തിൽ ക്രിക്കറ്റ് കളിക്കുന്നത് അതീവ ഗുരുതരമാണ് എന്നു മനസ്സിലാക്കി യുഎഇയിലേക്ക് പറിച്ചു നടുകയായിരുന്നു ഐപിഎൽ. ഈ ടൂർണമെന്റാകട്ടെ വലിയ വിജയമായി മാറുകയും ചെയ്തു. ഇന്നലെ നടന്ന രണ്ട് സൂപ്പർ ഓവർ പോരാട്ടം അടക്കം ഐപിഎൽ അതിന്റെ ത്രില്ലിലേക്ക് കടന്നതോടെ നിരാശയെല്ലാം മാറിയിട്ടുണ്ട്. ഗാലറിയിൽ കാണികൾ ഇല്ലെങ്കിലും ഉണ്ടെന്ന് ആംബിയൻസ് വരുത്തി വെച്ചു കൊണ്ടാണ് ഐപിഎൽ തുടങ്ങിയത്. ഇതും വിജയകരമായി മാറിയിട്ടുണ്ട്.

ഐസിസിയുടെ ആസ്ഥാനമാണ് യുഎഇയിലെ ദുബായ്. അതുകൊണ്ടു കൂടിയാണ് ക്രിക്കറ്റ് ഇവിടേക്ക് എത്തിയതും. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം എന്നും ത്രില്ലടിപ്പിക്കുന്ന ഓർമ്മകൾ സമ്മാനിച്ച ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയവും ഏറെക്കാലത്തിന് ശേഷം ക്രിക്കറ്റിൽ ഹിറ്റായി. ഇതിന് മുമ്പ് ഇന്ത്യ-പാക് മത്സരങ്ങളുടെ പേരിൽ എന്നും പ്രശസ്തമായിരുന്നു ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. ഇക്കുറി ഐപിഎല്ലിൽ സച്ചിൻ തകർത്തായി ഗ്രൗണ്ടിൽ ഉഴുതു മറിച്ചവരുടെ കൂട്ടത്തിൽ മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ അടക്കമുണ്ട്. ചുരുക്കത്തിൽ മരുഭൂമിയിൽ ക്രിക്കറ്റ് മാമാങ്കം കൊഴുക്കുമ്പോൾ അത് കായിക ലോകത്ത് സംഘാടന മികവിന്റെ മത്സരം കൂടിയായി മാറുകയാണ്.

ഗൾഫിലെ ക്രിക്കറ്റിന്റെ കച്ചവടസാധ്യത ലോകത്തെ അറിയിച്ചത് ഷെയ്ക്ക് അബ്ദുൽ റഹ്മാൻ ബുഖാതിർ എന്ന അറബ് വ്യവസായി തുടങ്ങിയതാണ് ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയം. 1983ലെ ഇന്ത്യയുടെ പ്രൂഡൻഷ്യൽ കപ്പ് വിജയമാണ് ഷാർജ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വിത്തുപാകിയത്. 1984 ഏപ്രിൽ ആറിനായിരുന്നു മരൂഭൂമിയിലെ ക്രിക്കറ്റിന് തുടക്കമായത്. ആദ്യ ഏഷ്യാ കപ്പിനാണ് ഷാർജ അന്ന് ആദ്യമായി അണിഞ്ഞൊരുങ്ങിയത്. ഒരു നിഷ്പക്ഷ രാജ്യം ആദ്യമായി ഏകദിനക്രിക്കറ്റിന് വേദിയൊരുക്കിയതും അന്നായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു ഗൾഫ് രാഷ്ട്രം രാജ്യാന്തരക്രിക്കറ്റിന് വേദിയൊരുക്കിയ നിമിഷംകൂടിയായിരുന്നു അത്.

ഷാർജയിലെ ആദ്യ രാജ്യാന്തര ഏകദിനം നടന്നത് 1984ലാണെങ്കിലും മരുഭൂമിയിലെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് നിറം പകർന്നത് 1981ലാണ്. 1980ൽ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി. ഷാർജയിൽ നടന്ന ഗാവസ്‌കർ ഇലവനും മിയാൻദാദ് ഇലവനും തമ്മിലുള്ള ബെനിഫിറ്റ് മത്സരം വൻ വിജയമായത് ബുഖാതിറിന് ആത്മവിശ്വാസം പകർന്നു. പിന്നീട് രാജ്യാന്തര മത്സരങ്ങൾ ഷാർജയിൽ ഒരുക്കിയാലോ എന്ന ചിന്തയിലായി ബുഖാതിർ. അങ്ങനെ ആദ്യ ഏഷ്യാ കപ്പിനുള്ള വേദിക്കായി ഷാർജ ശ്രമമാരംഭിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും മാറ്റുരച്ചു. 1984 ഏപ്രിൽ 6. ആദ്യ മത്സരത്തിന് ഗ്രൗണ്ടിലിറങ്ങാനുള്ള ഭാഗ്യം ശ്രീലങ്കയും പാക്കിസ്ഥാനുമായി. പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക ഷാർജയിൽ ആദ്യ വിജയമൊരുക്കി.

എന്നാൽ ടൂർണമെന്റിൽ ജേതാക്കളായി ഇന്ത്യ മരുഭൂമിയിൽ ചരിത്രം കുറിച്ചു. റോത്മാൻസ് ഏഷ്യാ കപ്പ് ഇന്ത്യയ്ക്കുവേണ്ടി നായകൻ സുനിൽ ഗാവസ്‌കർ ഏറ്റുവാങ്ങി. ആദ്യ ടൂർണമെന്റ് വൻവിജയമായി. ക്രിക്കറ്റ് ലോകം അറബിയുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ തലകുനിച്ചു. ഷാർജയെന്നാൽ ഷോപ്പിങ് മാത്രമല്ല, ക്രിക്കറ്റുകൂടിയാണ് എന്ന് ബുഖാതിർ തെളിയിച്ചു. ഷാർജയിൽ ഇന്ത്യയും പാക്കിസ്ഥാനും നിറഞ്ഞുനിന്നു. സുനിൽ ഗാവസ്‌കറും കപിൽദേവും ഇമ്രാൻ ഖാനും പിന്നീട് വസീം അക്രമും വഖാർ യൂനിസും സച്ചിൻ തെൻഡുൽക്കറുമൊക്കെ ഗൾഫ് കീഴടക്കി.

ഷാർജയിലെ ക്രിക്കറ്റ് ഇടക്കാലത്തിന് ശേഷം ക്ലച്ചുപിടിക്കുന്നത് ഇപ്പോൾ ഐപിഎല്ലോടെയാണ്. 1990കളുടെ ഒടുക്കം വാതുവെയ്പ് ക്രിക്കറ്റിന്റെ ശാപമായതോടെ ഷാർജ ക്രിക്കറ്റ് വിസ്മൃതിയിലായത്. ക്രിക്കറ്റിനൊപ്പം വാതുവയ്പിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായി ഷാർജ വളർന്നതോടെ ഗൾഫിലെ ക്രിക്കറ്റും ഓർമയായി. അധോലോക നായകന്മാരുടെ നേതൃത്വത്തിൽ വാതുവയ്പും ഒത്തുകളിയും പൊടിപൊടിച്ചപ്പോൾ ഷാർജപോലുള്ള വേദികളിൽ ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യൻ സർക്കാർ വിലക്കി. ഷാർജ, ടൊറന്റോ എന്നീ ന്യൂട്രൽ വേദികളിൽ മൂന്നു വർഷത്തേക്ക് ഇന്ത്യൻ ടീം കളിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ 2001 ഏപ്രിലിൽ ഉത്തരവ് പുറപ്പെടുവിച്ചു.

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമല്ലാതെ മറ്റൊരു ടീമിനും ഷാർജ സ്റ്റേഡിയത്തിലെ ഗാലറികൾ നിറയ്ക്കാൻ സാധിക്കില്ലെന്നു സംഘാടകർ തിരിച്ചറിഞ്ഞു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പകരമായി അബുദാബിയിലെ ഷെയ്ക്ക് സെയ്ദ് സ്റ്റേഡിയം 2006ൽ രാജ്യാന്തരമത്സരങ്ങൾക്ക് വേദിയൊരുക്കി. പക്ഷേ ഷാർജയുടെ തിളക്കം അവിടെയുണ്ടായില്ല. 13 ടെസ്റ്റുകളും 45 വീതം ഏകദിന, രാജ്യാന്തര ട്വന്റി20 മത്സരങ്ങളും ഇവിടെനടന്നു. 2009ൽ ദുബായ് രാജ്യാന്തര സ്റ്റേഡിയം ആദ്യ ഏകദിനത്തിന് വേദിയൊരുക്കി.

ഇപ്പോൾ ഐപിഎല്ലിന്റെ കടന്നുവരവ് യുഎഇയിലെ ക്രിക്കറ്റ് ലോകത്തിന് ഏറെ പ്രതീക്ഷകൾ പകർന്നിട്ടുണ്ട്. നിഷ്പക്ഷ വേദികൾ എന്ന നിലയിൽ മറ്റു രാജ്യങ്ങൾ യുഎഇിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയും അതോടെ ഉടലെടുത്തിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP