Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്സരത്തിന്റെ ഗതിമാറ്റാൻ 'ഇംപാക്ട് പ്ലെയർ'; ടോസിന് ശേഷം ടീമിനെ പ്രഖ്യാപിക്കാം; നോബോളിനും വൈഡിനും റിവ്യു; കുറഞ്ഞ ഓവർ നിരക്കിന് ഉടൻ പെനൽറ്റി; പുതിയ നിയമങ്ങളുമായി മുഖം മിനുക്കി ഐപിഎൽ; കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് ഇന്ന് കൊടിയേറ്റം!

മത്സരത്തിന്റെ ഗതിമാറ്റാൻ 'ഇംപാക്ട് പ്ലെയർ'; ടോസിന് ശേഷം ടീമിനെ പ്രഖ്യാപിക്കാം; നോബോളിനും വൈഡിനും റിവ്യു; കുറഞ്ഞ ഓവർ നിരക്കിന് ഉടൻ പെനൽറ്റി; പുതിയ നിയമങ്ങളുമായി മുഖം മിനുക്കി ഐപിഎൽ; കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് ഇന്ന് കൊടിയേറ്റം!

സ്പോർട്സ് ഡെസ്ക്

മുംബൈ: പുതിയ കളിനിയമങ്ങളുമായി മുഖം മിനുക്കിയ ഇന്ത്യൻ പ്രീമിയർ പതിനാറാം സീസണ് ഇന്ന് കൊടിയേറ്റം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. അഹമ്മദാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പത്ത് ടീമുകൾ പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങളിൽ ഏറ്റുമുട്ടും. കിരീടപ്പോരാട്ടം മെയ്‌ ഇരുപത്തിയെട്ടിന്. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്ട് പ്ലയറും വൈഡും നോബോളും ഡിആർഎസ് പരിധിയിൽ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത.

കളിയുടെ ഗതിക്കനുസരിച്ച് ഒരുകളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്ട് പ്ലെയർ നിയമം. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ പരീക്ഷിച്ച ശേഷമാണ് ഐപിഎല്ലിലേക്ക് കൊണ്ടുവരുന്നത്. ടോസിന്റെ സമയത്ത് പ്ലേയിങ് ഇലവനൊപ്പം പകരക്കാരുടെ പേരും മുൻകൂട്ടിനൽകണം. നാല് പകരക്കാരിൽ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ. പതിനാലാം ഓവറിന് മുമ്പ് പകരക്കാരനെ കളത്തിലിറക്കണം. ഇതാവട്ടേ ഓവർ പൂർത്തിയാവുമ്പോഴോ വിക്കറ്റ് വീഴുമ്പോഴോ ആയിരിക്കണം.

ബാറ്ററെയോ ബോളറെയോ മത്സരത്തിനിടെ മാറ്റി പകരം ഒരാളെ ഇറക്കാൻ അനുവദിക്കുന്ന നിയമമാറ്റമാണ് 'ഇംപാക്ട് പ്ലെയർ'. ടോസ് കഴിഞ്ഞ് സമർപ്പിക്കുന്ന ടീം പട്ടികയിൽ 5 പകരക്കാരെയും ഇക്കുറി മുതൽ ഉൾപ്പെടുത്താം. ഇതിൽ ഒരു താരത്തെ ഇംപാക്ട് പ്ലെയറായി ഉപയോഗിക്കാം. ടീമിൽ നിലവിൽ 4 വിദേശ താരങ്ങളുണ്ടെങ്കിൽ ഇന്ത്യൻ താരത്തെ മാത്രമേ ഇംപാക്ട് പ്ലെയർ ആയി കളിപ്പിക്കാനാകൂ. നാലിൽ കുറവാണെങ്കിൽ വിദേശതാരത്തെയും ഉപയോഗിക്കാം.

ഇംപാക്ട് പ്ലെയർക്കു പകരം പുറത്തു പോകുന്ന താരത്തിന് പിന്നീട് ആ മത്സരത്തിൽ പങ്കാളിയാകാൻ പറ്റില്ല. ഇംപാക്ട് പ്ലെയർ ബോൾ ചെയ്യുകയാണെങ്കിൽ മുഴുവൻ ക്വോട്ട ആയ 4 ഓവറും എറിയാം. ഐപിഎലിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇംപാക്ട് പ്ലെയർ ആരായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ന് ഗുജറാത്ത് ചെന്നൈ മത്സരത്തിൽ ആർക്കായിരിക്കും ഈ റോളിനു നറുക്കു വീഴുക

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ എക്സ് ഫാക്ടർ പ്ലെയർ എന്നപേരിൽ ഈ രീതി നടപ്പാക്കുന്നുണ്ട്. ആദ്യ ഇന്നിങ്സിന്റെ 10 ഓവറിന് ശേഷം ഒരോവറിൽ കൂടുതൽ ബാറ്റ് ചെയ്യുകയോ പന്തെറിയുകയോ ചെയ്തിട്ടില്ലാത്തയാളെ മാറ്റി പകരം താരത്തെ കൊണ്ടുവരാൻ അനുവദിക്കുന്നതാണ് ബിഗ് ബാഷ് ലീഗിലെ എക്സ് ഫാക്ടർ പ്ലേയർ നിയമം.

ടോസ് കിട്ടുന്ന ടീമിന് കൂടുതൽ നേട്ടമുണ്ടാകുന്ന സ്ഥിതി ഒഴിവാക്കാനായി ടോസിനു ശേഷം ടീം പട്ടിക പ്രഖ്യാപിച്ചാൽ മതിയെന്നാണ് മറ്റൊരു നിർണായക മാറ്റം. ആദ്യം ചെയ്യേണ്ടത് ബാറ്റിങ്ങാണോ ബോളിങ്ങാണോ എന്നതിനനുസരിച്ച് ടീമുകൾക്ക് താരങ്ങളെ മാറ്റാം എന്നതാണ് സവിശേഷത. എതിർടീം ക്യാപ്റ്റൻ അനുവദിച്ചാൽ ടീം പ്രഖ്യാപിച്ചതിനു ശേഷവും താരങ്ങളെ മാറ്റാനുള്ള അവസരവുമുണ്ട്.

വനിതാ പ്രിമിയർ ലീഗിൽ നടപ്പാക്കിയ വൈഡ് നോബോൾ ഡിആർഎസ് നിയമം ഐപിഎലിലും നിലവിൽ വരുന്നു. ഓൺ ഫീൽഡ് അംപയർമാരുടെ വൈഡ് നോബോൾ തീരുമാനങ്ങൾ റിവ്യൂ വഴി 3ാം അപയർക്കു പരിശോധിക്കാൻ അവസരം നൽകുന്നതാണ് ഈ മാറ്റം. ബാറ്റർ ഷോട്ട് കളിക്കുന്നതിനു മുൻപ് വിക്കറ്റ് കീപ്പർ 'അന്യായമായി' സ്ഥാനം മാറിയാൽ ബോളിങ് ടീമിനെതിരെ പെനൽറ്റി റൺ ചുമത്താം.

കുറഞ്ഞ ഓവർ നിരക്കിന് ഇനി കളിക്കളത്തിൽ തന്നെ പെനൽറ്റി നൽകും. നിശ്ചിത സമയത്ത് ഓവർ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീടുള്ള ഓരോ ഓവറിലും സർക്കിളിനു പുറത്ത് 4 ഫീൽഡർമാരെ മാത്രമേ അനുവദിക്കൂ.

നാലുവർഷത്തെ ഇടവേളയ്ക്ക് മത്സരങ്ങൾ ഹോം ആൻഡ് എവേ രീതിയിലേക്ക് ഐപിഎൽ തിരിച്ചുവരികയാണ്. പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പിലുള്ളവരുമായി ഓരോതവണയും എതിർഗ്രൂപ്പിലുള്ളവരുമായി രണ്ടുതവണയും ഏറ്റുമുട്ടും. ഒരു ടീമിന് 14 കളി. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകൾ പ്ലേഓഫിലേക്ക് മുന്നേറും.

ആദ്യ രണ്ട് സ്ഥാനക്കാർ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടി ഫൈനലിലെത്തും. ഇതിൽ തോൽക്കുന്നവർക്ക് ഒരു അവസരംകൂടിയുണ്ട്. മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്ററിലെ വിജയിയും ഒന്നാം ക്വാളിഫയറിൽ തോൽക്കുന്നവരും രണ്ടാം ക്വാളിഫയർ കളിച്ച് ഫൈനലിലെത്തും. ജേതാക്കൾക്ക് 20 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 13 കോടിരൂപയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP