Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാളിഫയറിൽ കളി മറന്ന് ബാംഗ്ലൂർ; സീസണിലെ നാലാം സെഞ്ചുറിയുമായി പട നയിച്ച് ജോസ് ബട്‌ലർ; 60 പന്തിൽ 106 റൺസ്; 'റോയൽ' ജയത്തോടെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ; നായക മികവുമായി വീണ്ടും സഞ്ജു; ബാംഗ്ലൂരിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ഞായറാഴ്ച കലാശപ്പോരിൽ ഗുജറാത്തിനെ നേരിടും; രണ്ടാം കിരീടത്തിലേക്ക് ഇനി ഒരു ജയത്തിന്റെ ദൂരം

ക്വാളിഫയറിൽ കളി മറന്ന് ബാംഗ്ലൂർ; സീസണിലെ നാലാം സെഞ്ചുറിയുമായി പട നയിച്ച് ജോസ് ബട്‌ലർ; 60 പന്തിൽ 106 റൺസ്; 'റോയൽ' ജയത്തോടെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ; നായക മികവുമായി വീണ്ടും സഞ്ജു; ബാംഗ്ലൂരിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ഞായറാഴ്ച കലാശപ്പോരിൽ ഗുജറാത്തിനെ നേരിടും; രണ്ടാം കിരീടത്തിലേക്ക് ഇനി ഒരു ജയത്തിന്റെ ദൂരം

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിരിനെ ഏഴ് വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് ഫൈനലിൽ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സീസണിലെ നാലാം സെഞ്ചുറി കുറിച്ച ജോസ് ബട്‌ലറുടെ ബാറ്റിങ് മികവാണ് രാജസ്ഥാന് ജയം ഒരുക്കിയത്. ഞായറാഴ്‌ച്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്റെ എതിരാളി.

ബാംഗ്ലൂർ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 18.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ടൂർണമെന്റിലുടനീളം മാരക ഫോമിൽ കളിക്കുന്ന ബട്ലർ 60 പന്തുകളിൽ നിന്ന് 106 റൺസെടുത്ത് അപരാജിതനായി നിന്നു. സീസണിലെ നാലാം സെഞ്ചുറിയാണ് ബട്‌ലർ കുറിച്ചത്.



2008 ന് ശേഷം രാജസ്ഥാൻ റോയൽസ് ഇതാദ്യമായാണ് ഐ.പി.എൽ ഫൈനലിൽ പ്രവേശിക്കുന്നത്. 2008-ലെ പ്രഥമ ഐ.പി.എൽ കിരീടം രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു. അതിനുശേഷം 2013, 2015, 2018 സീസണുകളിൽ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനൽ കാണാതെ പുറത്തായി. ഇതിഹാസ താരം ഷെയ്ൻ വോണിന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകൻ എന്ന നേട്ടം സഞ്ജു സ്വന്തമാക്കി. മികച്ച ഫീൽഡിങ് ഒരുക്കിയും ബൗളർമാരെ കൃത്യമായി വിനിയോഗിച്ചും ബാംഗ്ലൂരിനെ താരതമ്യേനേ ചെറിയ സ്‌കോറിൽ പിടിച്ചുകെട്ടിയ സഞ്ജു സാംസണിന്റെ നായക മികവാണ് രാജസ്ഥാൻ ജയത്തിന് വഴിയൊരുക്കിയത്. രാജസ്ഥാന് വേണ്ടി ബൗളർമാരും മികച്ച പ്രകടനം പുറത്തെടുത്തു.



ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ആർസിബിക്ക് രജത് പടിദാറിന്റെ (58) ഇന്നിങ്സാണ് തുണയായത്. മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് എന്നിവരാണ് ആർസിബിയെ കൂറ്റൻ സ്‌കോറിൽ നിന്ന് അകറ്റി നിർത്തിയത്. മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.

158 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ രാജസ്ഥാൻ വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 16 റൺസാണ് പിറന്നത്. ജയ്സ്വാൾ രണ്ട് സിക്സും ഒരു ഫോറും നേടി. ജോഷ് ഹേസൽവുഡ് എറിഞ്ഞ രണ്ടാം ഓവറിൽ ആറ് റൺസ്. എന്നാൽ സിറാജിന്റെ തന്നെ മൂന്നാം ഓവറിൽ 15 റൺസും പിറന്നു. ഇന്ത്യൻ താരത്തിന്റെ രണ്ട് ഓവറിൽ മാത്രം 31 റൺസാണ് ജയ്സ്വാൾ- ബട്ലർ സഖ്യം അടിച്ചെടുത്തത്. എന്നാൽ സ്‌കോർബോർഡിൽ 61 റൺസുള്ളപ്പോൽ ജയസ്വാൾ മടങ്ങി. ഹേസൽവുഡിനായിരുന്നു വിക്കറ്റ്.

ബട്ലർ മറുവശത്ത് അനായാസം ബാറ്റുവീശി. 23 പന്തുകളിൽ നിന്ന് താരം അർധസെഞ്ചുറി കുറിച്ചു. ജയ്സ്വാളിന് പകരം നായകൻ സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. സഞ്ജുവും നന്നായി ബാറ്റ് വീശാനാരംഭിച്ചതോടെ രാജസ്ഥാൻ സ്‌കോർ കുതിച്ചു. വെറും 9.1 ഓവറിൽ ടീം സ്‌കോർ 100 കടന്നു.



പക്ഷേ 12-ാം ഓവറിൽ സഞ്ജുവിന് കാലിടറി. ഗ്ലൂഗി മനസിലാക്കാതെ ക്രീസിൽ നിന്ന് ചാടിയിറങ്ങിയ സഞ്ജുവിന് പിഴച്ചു. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു സഞ്ജുവിനെ. രണ്ട് മനോഹര സിക്സും ഒരു ഫോറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. 21 പന്തിൽ ഒരു ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 23 റൺസെടുത്താണ് നായകൻ ക്രീസ് വിട്ടത്.

സഞ്ജുവിന് പകരം ദേവദത്ത് പടിക്കൽ ക്രീസിലെത്തി. പിന്നാലെ ബട്ലർ ഈ സീസണിൽ 800 റൺസ് മറികടന്നു. സഞ്ജുവിന് പകരമെത്തിയ ദേവ്ദത്തിന് ഫോം കണ്ടെത്താനായില്ല. വെറും ഒൻപത് റൺസെടുത്ത താരത്തെ ഹെയ്സൽവുഡ് കാർത്തിക്കിന്റെ കൈയിലെത്തിച്ചു. ദേവ്ദത്തിന് പകരം ഹെറ്റ്മെയർ ക്രീസിലെത്തി.

18-ാം ഓവറിൽ ജോസ് ബട്ലർ സെഞ്ചുറി നേടി. വെറും 59 പന്തുകളിൽ നിന്നാണ് താരം മൂന്നക്കം കണ്ടത്. താരത്തിന്റെ ഈ സീസണിലെ നാലാം സെഞ്ചുറിയാണിത്. നാല് അർധശതകവും ബട്ലറുടെ പേരിലുണ്ട്. പിന്നാലെ 18-ാം ഓവറിലെ ആദ്യ പന്തിൽ സിക്സ് നേടിക്കൊണ്ട് ബട്ലർ രാജസ്ഥാനെ വിജയതീരത്തെത്തിച്ചു. ബട്ലർ 60 പന്തുകളിൽ നിന്ന് ആറ് സിക്സിന്റെയും പത്ത് ഫോറിന്റെയും അകമ്പടിയോടെ 106 റൺസെടുത്തും ഹെറ്റ്മെയർ രണ്ട് റൺസ് നേടിയും പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി ജോഷ് ഹെയ്സൽവുഡ് രണ്ട് വിക്കറ്റെടുത്തപ്പോൾ ഹസരംഗ ഒരു വിക്കറ്റ് സ്വന്തമാക്കി.

ലക്‌നൗവിനെ കീഴടിക്കയതിന്റെ ആവേശവുമായി രണ്ടാം ക്വാളിഫയറിന് ഇറങ്ങിയ ബാംഗ്ലൂരിന് തുടക്കം മുതൽ പിഴച്ചു. രണ്ടാം ഓവറിൽ തന്നെ കോലിയെ (7) നഷ്ടമായി. പ്രസിദ്ധിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജുവിന് ക്യാച്ച് നൽകിയാണ് കോലി മടങ്ങുന്നത്. എട്ട് പന്തിലാണ് കോലി ഏഴ് റൺസെടുത്തത്. പിന്നീട് ഒത്തുചേർന്ന ഫാഫ്- പടിദാർ സഖ്യം ആർസിബിയെ പവർപ്ലേയിൽ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇതിനിടെ പടിദാറിന്റെ ക്യാച്ച് റിയാൻ പരാഗ് വിട്ടുകളയുകയും ചെയ്തു. പ്രസിദ്ധിന്റെ തന്നെ പന്തിലാണ് എടുക്കാവുന്ന ക്യാച്ച് പരാഗ് വിട്ടുകളഞ്ഞത്.



എന്നാൽ പത്ത് ഓവറിന് ശേഷം രാജസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചുവന്നു. പതിനൊന്നാം ഓവറിന്റെ നാലാം പന്തിൽ ഫാഫ് ഡുപ്ലെസിസും (25) മടങ്ങി. 14-ാം ഓവറിൽ ഗ്ലെൻ മാക്സ്വെല്ലിനെ (24) ട്രന്റ് ബോൾട്ട് മടക്കിയതോടെ ആർസിബി പ്രതിരോധത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ആർസിബിക്ക് വിക്കറ്റ് നഷ്ടമായി. മഹിപാൽ ലോംറോർ (8), ദിനേശ് കാർത്തിക് (6), വാനിന്ദു ഹസരങ്ക (0), ഹർഷൽ പട്ടേൽ (1) എന്നിവർ പാടേ നിരാശപ്പെടുത്തി. ഇതിനിടെ പടിദാറിനെ അശ്വിനും മടങ്ങിയതോടെ കൂറ്റൻ സ്‌കോറെന്ന മോഹം വിദൂരത്തായി. 42 പന്തുകളിൽ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 58 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. ഷഹബാസ് അഹമ്മദ് (12), ജോഷ് ഹേസൽവുഡ് (1) പുറത്താവാതെ നന്നു.

നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. മക്കോയ് 23 റൺസ് മാത്രമാണ് വഴങ്ങിയത്. ട്രന്റ് ബോൾട്ട് ഇത്രയും ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ആർ അശ്വിനും ഒരു വിക്കറ്റുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP