Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നായകന്റെ ഇന്നിങ്‌സുമായി സഞ്ജു; വേഗം കുറയ്ക്കാതെ പടിക്കൽ; 'ലൈഫുകൾ' മുതലാക്കി വെടിക്കെട്ട് അർധസെഞ്ചുറിയുമായി ജോസ് ബട്‌ലർ; ആദ്യ ക്വാളിഫയറിൽ റൺമല തീർത്ത് രാജസ്ഥാൻ; ഗുജറാത്തിന് 189 റൺസ് വിജയലക്ഷ്യം

നായകന്റെ ഇന്നിങ്‌സുമായി സഞ്ജു; വേഗം കുറയ്ക്കാതെ പടിക്കൽ; 'ലൈഫുകൾ' മുതലാക്കി വെടിക്കെട്ട് അർധസെഞ്ചുറിയുമായി ജോസ് ബട്‌ലർ; ആദ്യ ക്വാളിഫയറിൽ റൺമല തീർത്ത് രാജസ്ഥാൻ; ഗുജറാത്തിന് 189 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

കൊൽക്കത്ത: ഐപിഎൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 189 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറുവിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. 56 പന്തിൽ 89 റൺസെടുത്ത ജോസ് ബട്ലറാണ് രാജസ്ഥാന്റെ ഇന്നിങ്സിന് നെടുംതൂണായത്. 47 റൺസെടുത്ത നായകൻ സഞ്ജു സാംസൺ നൽകിയ മികച്ച തുടക്കമാണ് രാജസ്ഥാൻ ഇന്നിങ്‌സിന് അടിത്തറ നൽകിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി പതിവുപോലെ ജോസ് ബട്ലറും യശസ്വി ജയ്സ്വാളുമാണ് ഓപ്പൺ ചെയ്തത്. ബട്ലർ അനായാസം ബൗണ്ടറികൾ നേടിയപ്പോൾ ജയ്സ്വാൾ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. എട്ട് പന്തുകളിൽ നിന്ന് വെറും മൂന്ന് റൺസ് മാത്രമെടുത്ത ജയ്സ്വാൾ യാഷ് ദയാലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ജയ്സ്വാളിന് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി.

സഞ്ജു വന്നതോടെ കളിയുടെ ഗതിമാറി. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാൻ കുതിച്ചു. ബാറ്റിങ് പവർപ്ലേയിൽ രാജസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുത്തു.ബട്ലറും സഞ്ജുവും 32 പന്തുകളിൽ നിന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

പക്ഷേ അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിന് അടിതെറ്റി. സായ് കിഷോറിന്റെ പന്തിൽ സിക്സ് നേടാനുള്ള സഞ്ജുവിന്റെ ശ്രമം അൽസാരി ജോസഫിന്റെ കൈയിലൊതുങ്ങി. 26 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 47 റൺസെടുത്ത ശേഷമാണ് സഞ്ജു ക്രീസ് വിട്ടത്. സഞ്ജുവിന് പകരം ദേവ്ദത്ത് പടിക്കൽ ക്രീസിലെത്തി.

സഞ്ജു പുറത്തായതോടെ രാജസ്ഥാൻ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. പക്ഷേ ദേവ്ദത്ത് അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ടീം സ്‌കോറിന് വീണ്ടും ജീവൻ വെച്ചു. പക്ഷേ ദേവ്ദത്തിനെ മടക്കി ഹാർദിക് പാണ്ഡ്യ വീണ്ടും രാജസ്ഥാനെ തകർച്ചയിലേക്ക് തള്ളിയിച്ചു. 20 പന്തുകളിൽ നിന്ന് രണ്ട് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 28 റൺസെടുത്ത ദേവ്ദത്തിന്റെ ബാറ്റിൽകൊണ്ട പന്ത് ദിശമാറി വിക്കറ്റിലിടിച്ചു. ഇതോടെ രാജസ്ഥാൻ 116 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു.

ഹെറ്റ്മെയറിനെ കൂട്ടുപിടിച്ച് ജോസ് ബട്ലർ ടീമിനെ മുന്നോട്ടുനയിച്ചു. ഒപ്പം 42 പന്തുകളിൽ നിന്ന് താരം അർധസെഞ്ചുറിയും നേടി. തുടർച്ചയായി ബൗണ്ടറികൾ നേടിക്കൊണ്ട് ബട്ലർ അവസാന ഓവറിൽ മികച്ച പ്രകടനം പുറത്തെടുത്തു. 17.3 ഓവറിൽ ടീം സ്‌കോർ 150 കടന്നു. പക്ഷേ ഹെറ്റ്മെയറിന് താളം കണ്ടെത്താനായില്ല. ഏഴുപന്തിൽ നിന്ന് നാല് റൺസെടുത്ത താരത്തെ മുഹമ്മദ് ഷമി രാഹുൽ തെവാട്ടിയയുടെ കൈയിലെത്തിച്ചു.

ഒരു വശത്ത് വിക്കറ്റ് വീണെങ്കിലും ബട്ലർ പിടിച്ചുനിന്നത് രാജസ്ഥാന് ഗുണം ചെയ്തു. ബട്ലറെ പുറത്താക്കാനുള്ള നാലോളം അവസരങ്ങളാണ് ഗുജറാത്ത് പാഴാക്കിയത്. അതിന് വലിയ വില തന്നെ കൊടുക്കേണ്ടിവന്നു. പതിഞ്ഞ താളത്തിൽ തുടങ്ങിയ ബട്ലർ ഇന്നിങ്്സ് അവസാനിക്കുമ്പോൾ 89 റൺസ് നേടിയിരുന്നു. ഇതു തന്നെയായിരുന്ന രാജസ്ഥാന്റെ ഇന്നിങ്സിലെ നട്ടെല്ല്. 12 ഫോറു രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ബ്ടലറുടെ ഇന്നിങ്സ്.

ബട്ലർ ഇന്നിങ്സിലെ അവസാന പന്തിൽ റൺഔട്ടായി. ഈ പന്ത് നോബോൾ ആയതോടെ ഒരു പന്ത് കൂടി രാജസ്ഥാന് ലഭിച്ചു. അടുത്ത പന്ത് വൈഡായി. ഈ പന്തിൽ അനാവശ്യ റൺസിന് ശ്രമിച്ച നാലുറൺസെടുത്ത റിയാൻ പരാഗ് റൺ ഔട്ടായി. അവസാന പന്തിൽ അശ്വിൻ ഡബിളെടുത്തു. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാൽ, സായ് കിഷോർ ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP