Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടോസിലെ ഭാഗ്യം ഗുജറാത്ത് ലയൺസിന്; ഐപിഎൽ ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ബാറ്റിങിനയച്ചു; ഒരു മാറ്റവുമായി ഹാർദിക്കും സംഘവും; ഫെർഗൂസന് പകരം അൽസാരി ടീമിൽ

ടോസിലെ ഭാഗ്യം ഗുജറാത്ത് ലയൺസിന്; ഐപിഎൽ ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ബാറ്റിങിനയച്ചു; ഒരു മാറ്റവുമായി ഹാർദിക്കും സംഘവും; ഫെർഗൂസന് പകരം അൽസാരി ടീമിൽ

സ്പോർട്സ് ഡെസ്ക്

കൊൽക്കത്ത: ഐപിഎൽ ആദ്യ പ്ലേ ഓഫ് ക്വാളിഫയറിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ ബാറ്റിങിനയച്ചു. മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഞായറാഴ്ച നടക്കുന്ന ഐപിഎൽ ഫൈനലിൽ പ്രവേശിക്കാം.

ഗുജറാത്തിൽ ഒരു മാറ്റമാണുള്ളത്. ലോക്കി ഫെർഗൂസന് പകരം അൽസാരി ജോസഫ് ടീമിലിടം നേടി. രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തി. ജയിക്കുന്ന ടീം ഫൈനലിലെത്തും. തോൽക്കുന്ന ടീമിന് ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. ബുധനാഴ്ചത്തെ എലിമിനേറ്ററിൽ ജയിക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയർ കളിക്കണം. അതിൽ ജയിച്ചാൽ ഫൈനലിൽ എത്താം.

ആദ്യ ഐ.പി.എലിന് ഇറങ്ങിയ ഗുജറാത്ത് പ്രാഥമിക ഘട്ടത്തിലെ 14 കളിയിൽ 10 വിജയവുമായാണ് ഒന്നാംസ്ഥാനക്കാരായത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിനൊപ്പം ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ എന്നീ ഫിനിഷർമാരും ചേർന്ന ബാറ്റിങ് ലൈനപ്പ് ഏതു കളിയും മാറ്റിമറിക്കും.

മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ, അൽസാരി ജോസഫ് എന്നീ പേസർമാരും ലോകോത്തര സ്പിന്നർ റാഷിദ് ഖാനും ചേർന്ന ബൗളിങ് യൂണിറ്റും അതിഗംഭീരം. അതേസമയം, ഓപ്പണർ ശുഭ്മാൻ ഗിൽ അവസാനഘട്ടത്തിൽ തീർത്തും നിറംമങ്ങിയത് ടീമിനെ ബാധിച്ചു. അവസാനം കളിച്ച അഞ്ചിൽ മൂന്നും ഗുജറാത്ത് തോറ്റു.

2008-ലെ പ്രഥമ ഐ.പി.എലിൽ ജേതാക്കളായിരുന്നു രാജസ്ഥാൻ. ഇക്കുറി തുടക്കത്തിൽ മിന്നുന്ന ഫോമിലായിരുന്ന ടീം അവസാന അഞ്ച് കളിയിൽ രണ്ടു മത്സരം തോറ്റു. ജോസ് ബട്‌ലർ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, യശസ്വി ജയ്‌സ്വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ തുടങ്ങിയ ഉഗ്രൻ ബാറ്റിങ് യൂണിറ്റാണ് രാജസ്ഥാന്റേത്. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മകൾ അവസാന മത്സരങ്ങളിൽ കണ്ടു. പ്രാഥമിക ഘട്ടത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാംസ്ഥാനത്തുള്ളത് രാജസ്ഥാൻ താരങ്ങളാണ്. ബാറ്റിങ്ങിൽ ജോസ് ബട്‌ലറും (629 റൺസ്) ബൗളിങ്ങിൽ യുസ്വേന്ദ്ര ചാഹലും (26 വിക്കറ്റ്). എന്നാൽ അവസാന മൂന്നു കളികളിൽ ബട്‌ലറുടെ സ്‌കോർ 2, 2, 7 എന്നിങ്ങനെയാണ്.

ഇതുവരെ മത്സരങ്ങളെല്ലാം മുംബൈയിലും പുണെയിലുമായിരുന്നു. കൊൽക്കത്തയിൽ ഈ സീസണിലെ ആദ്യ മത്സരമാണിത്. ഇവിടെ സമീപ ദിവസങ്ങളിൽ ശക്തമായ മഴയുണ്ട്. ഇത് മത്സരത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.

ടീം: രാജസ്ഥാൻ റോയൽസ്: രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ഷിംറോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചെഹൽ, ഓബദ് മക്കോയ്.

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), മാത്യു വെയ്ഡ്, ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, യഷ് ദയാൽ, അൽസാരി ജോസഫ്, സായ് കിഷോർ, മുഹമ്മദ് ഷമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP