Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഐപിഎൽ: ബെൻ സ്‌റ്റോക്‌സിന്റെ ഉജ്ജ്വല സെഞ്ച്വറിയിൽ രാജസ്ഥാൻ റോയൽസിന് മിന്നുന്ന വിജയം; മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചത് എട്ടു വിക്കറ്റിന്; മൂന്ന് സിക്‌സറുകൾ അടക്കം അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി മലയാളി താരം സഞ്ജു സാംസണും

ഐപിഎൽ: ബെൻ സ്‌റ്റോക്‌സിന്റെ ഉജ്ജ്വല സെഞ്ച്വറിയിൽ രാജസ്ഥാൻ റോയൽസിന് മിന്നുന്ന വിജയം; മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചത് എട്ടു വിക്കറ്റിന്; മൂന്ന് സിക്‌സറുകൾ അടക്കം അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി മലയാളി താരം സഞ്ജു സാംസണും

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13ാം സീസണിൽ ജീവൻ നിലനിർത്താൻ ആവശ്യമായി വിജയം കൈപ്പിടിയിൽ ഒതുക്കി രാജസ്ഥാൻ റോയൽസ്. ബെൻ സ്റ്റോക്‌സിന്റെ (107) തകർപ്പൻ സെഞ്ച്വറിയാണ് രാജസ്ഥാൻ റോയൽസിന് വിജയം സമ്മാനിച്ചത്. മലയാളി താരം സഞ്ജു സാംസൺ( 54) അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. മുംബൈ സൂപ്പർ കിങ്‌സിനെ എട്ട് വിക്കറ്റിനാണ് രാജസ്ഥാൻ തോൽപ്പിച്ചത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം അനായാസം രാജസ്ഥാൻ മറികടക്കുകയായിരുന്നു. 18.2 ഓവറിലാണ് മുംബൈ ഉയർത്തിയ സ്‌കോർ രാജസ്ഥാൻ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നത്.

റോബിൻ ഉത്തപ്പ 13 റൺസെടുത്തു പുറത്തായി. സ്മിത്ത് 11 റൺസും പുറത്തായി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഒത്തുചേർന്ന സഞ്ജു-സ്റ്റോക്‌സ് കൂട്ടുകെട്ട് അനായാസം ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. 60 പന്തിൽ 14 ഫോറും മൂന്നും സിക്‌സും അടങ്ങുന്നതായിരുന്നു ബെൻ സ്‌റ്റോക്്‌സിന്റെ സെഞ്ച്വറി ഇന്നിങ്‌സ്. അതേസമയം സഞ്ജുവിന്റെ അക്കൗണ്ടിൽ നാല് ഫോറും മൂന്നു സിക്‌സുമാണ് ഉൾപ്പെട്ടത്.

നേരത്തെ ഹാർദിക് പാണ്ഡ്യയുടെ അതിവേഗ അർധസെഞ്ചുറിയാണ് മുംബൈയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. ഈ സീസണിലെ മൂന്നാമത്തെ വേഗമേറിയ അർധസെഞ്ചുറി കുറിച്ച പാണ്ഡ്യ 21 പന്തിൽ രണ്ടു ഫോറും ഏഴു സിക്‌സും സഹിതം 60 റൺസുമായി പുറത്താകാതെ നിന്നു. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഈ സീസണിൽ പിറക്കുന്ന ഉയർന്ന സ്‌കോറാണ് മുംബൈയുടേത്.

അങ്കിത് രാജ്പുത്ത് എറിഞ്ഞ 18ാം ഓവറിൽ നാലു പടുകൂറ്റൻ സിക്‌സറുകൾ സഹിതം 27 റൺസടിച്ച പാണ്ഡ്യ, കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ മൂന്നു സിക്‌സും രണ്ടു ഫോറും സഹിതം അടിച്ചെടുത്തത് വീണ്ടും 27 റൺസ്! അഞ്ചാം വിക്കറ്റിൽ സൗരഭ് തിവാരിയെ കൂട്ടുപിടിച്ച് വെറും 31 പന്തിൽനിന്ന് പാണ്ഡ്യ കൂട്ടിച്ചേർത്തത് 64 റൺസാണ്. ആറാം വിക്കറ്റിൽ സഹോദരൻ ക്രുനാലിനൊപ്പം വെറും 11 പന്തിൽനിന്ന് 30 റൺസും അടിച്ചെടുത്തു. ഇതിൽ ക്രുനാലിന്റെ സംഭാവന മൂന്നു റൺസ് മാത്രം!

സൂര്യകുമാർ യാദവ് 26 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 40 റൺസെടുത്തു. ഇഷാൻ കിഷൻ 36 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 37 റൺസും സൗരഭ് തിവാരി 25 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 34 റൺസുമെടുത്തു. നിരാശപ്പെടുത്തിയത് ക്വിന്റൻ ഡികോക്ക്, ക്യാപ്റ്റൻ കീറൺ പൊള്ളാർഡ് (ഇരുവരും നാലു പന്തിൽ ആറ് റൺസ് വീതം) എന്നിവർ മാത്രം. ക്രുനാൽ പാണ്ഡ്യ നാലു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആർച്ചർ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ശ്രേയസ് ഗോപാൽ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ഒരു ഓവറിൽ നാല് സിക്‌സ് സഹിതം അങ്കിത് രാജ്പുത്ത് നാല് ഓവറിൽ 60 റൺസ് വഴങ്ങി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്ക്കായി ജോഫ്ര ആർച്ചറിന്റെ ആദ്യ ഓവറിൽത്തന്നെ തകർപ്പൻ സിക്‌സറുമായി ഗംഭീരമായാണ് ഓപ്പണർ ക്വിന്റൻ ഡികോക്ക് തുടക്കമിട്ടത്. മണിക്കൂറിൽ 150 കിലോമീറ്ററോളം വേഗത്തിലെത്തിയ പന്ത് പുൾ ചെയ്ത് ഗാലറിയിലെത്തിക്കുകയായിരുന്നു ഡികോക്ക്. എന്നാൽ, തൊട്ടടുത്ത പന്തിൽ ആർച്ചർ പകരംവീട്ടി. വഴിയേ പോയ പന്തിനെ വിക്കറ്റിലേക്ക് വലിച്ചിട്ട് ഡികോക്ക് പുറത്താകുമ്പോൾ മുംബൈയുടെ സ്‌കോർ എട്ട് മാത്രം.

രണ്ടാം വിക്കറ്റിൽ തകർത്തടിച്ചു തുടങ്ങിയ ഇഷാൻ കിഷൻ സൂര്യകുമാർ യാദവ് സഖ്യം ഡികോക്കിന്റെ മടക്കം ടീമിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചു. അതിവേഗം സ്‌കോർ ചെയ്ത ഇരുവരും ആറാം ഓവറിൽത്തന്നെ മുംബൈ സ്‌കോർ 50 കടത്തി. വെറും 30 പന്തിൽനിന്ന് കിഷൻ യാദവ് കൂട്ടുകെട്ടും 50 കടന്നു. ഒടുവിൽ 11ാം ഓവറിൽ കാർത്തിക് ത്യാഗിയാണ് കൂട്ടുകെട്ടു പൊളിച്ചത്. ത്യാഗിയേക്കാൾ ക്യാച്ചെടുത്ത ജോഫ്ര ആർച്ചറിന് അവകാശപ്പെട്ട വിക്കറ്റെന്ന് പറയുന്നതാകും കൂടുതൽ ശരി. കിഷൻ ഗാലറി ലക്ഷ്യമാക്കി ഉയർത്തിവിട്ട പന്ത് ബൗണ്ടറിയിൽനിന്ന് അൽപം മുന്നോട്ടു കയറിനിൽക്കുകയായിരുന്ന ആർച്ചർ, അസാധ്യ ചാട്ടത്തിലൂടെയാണ് കയ്യിലൊതുക്കിയത്. ആർച്ചറിന്റെ ചാട്ടം കണ്ട് രാജസ്ഥാൻ താരങ്ങൾ തലയിൽ കൈവച്ചുപോയി. 36 പന്തിൽ 37 റൺസെടുത്താണ് കിഷൻ മടങ്ങിയത്. നാലു ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതാണ് ആ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റിൽ 59 പന്തിൽനിന്ന് കിഷൻ യാദവ് സഖ്യം സ്വന്തമാക്കിയത് 83 റൺസ്.

കിഷൻ പുറത്തായി അധികം വൈകാതെ യാദവും മടങ്ങി. 26 പന്തിൽ നാലു ഫോറും ഒരു സിക്‌സും സ ഹിതം 40 റൺസെടുത്ത യാദവിനെ ശ്രേയസ് ഗോപാലിന്റെ പന്തിൽ ബെൻ സ്റ്റോക്‌സ് ക്യാച്ചെടുത്ത് മടക്കി. ഇതേ ഓവറിൽ കീറൺ പൊള്ളാർഡിനെയും ഗോപാൽ വീഴ്‌ത്തിയതോടെ മുംബൈ തളരുമെന്ന തോന്നലുയർന്നു. നാലു പന്തിൽ ഒരു സിക്‌സർ സഹിതം ആറു റൺസെടുത്ത പൊള്ളാർഡിനെ ഗോപാൽ ക്ലീൻ ബൗൾഡാക്കി.

എന്നാൽ, അഞ്ചാം വിക്കറ്റിൽ ഒരുമിച്ച സൗരഭ് തിവാരി ഹാർദിക് പാണ്ഡ്യ സഖ്യം പോരാട്ടം വീണ്ടും രാജസ്ഥാൻ ക്യാംപിലേക്ക് നയിച്ചു. നിലയുറപ്പിച്ചശേഷം തകർത്തടിച്ച ഇരുവരും മുംബൈ സ്‌കോർ ബോർഡിലേക്ക് റണ്ണൊഴുക്കി. ജോഫ്ര ആർച്ചർ എറിഞ്ഞ 17ാം ഓവറിൽ സൗരഭ് തിവാരി ഒരു സിക്‌സും രണ്ട് ഫോറും സഹിതം അടിച്ചുകൂട്ടിയത് 17 റൺസ്. അങ്കിത് രാജ്പുത്ത് എറിഞ്ഞ 18ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ ഊഴമായിരുന്നു. ഈ ഓവറിൽ ഹാട്രിക് സിക്‌സ് ഉൾപ്പെടെ നാലു സിക്‌സ് നേടിയ പാണ്ഡ്യ അടിച്ചെടുത്തത് 27 റൺസായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP