Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202302Saturday

'മുംബൈ ഇന്ത്യൻസിനോട് എനിക്ക് കടപ്പാടുണ്ട്; യുവതാരമായി എത്തിയത് വലിയ സ്വപ്നങ്ങളുമായി; നമ്മൾ ഒരുമിച്ച് പൊരുതി; ഒരുമിച്ച് ജയിച്ചു; ഒരുമിച്ച് തോറ്റു; എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടല്ലോ'; ടീമിലേക്ക് മടങ്ങില്ലെന്ന സൂചന നൽകി ഹാർദിക് പാണ്ഡ്യ

'മുംബൈ ഇന്ത്യൻസിനോട് എനിക്ക് കടപ്പാടുണ്ട്; യുവതാരമായി എത്തിയത് വലിയ സ്വപ്നങ്ങളുമായി; നമ്മൾ ഒരുമിച്ച് പൊരുതി; ഒരുമിച്ച് ജയിച്ചു; ഒരുമിച്ച് തോറ്റു; എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടല്ലോ'; ടീമിലേക്ക് മടങ്ങില്ലെന്ന സൂചന നൽകി ഹാർദിക് പാണ്ഡ്യ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിർത്താൻ കഴിയാതെ പോയ പ്രമുഖ താരങ്ങളെ തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് ടീം ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻ ആയ സഹീർ ഖാൻ പറയുമ്പോഴും മുംബൈ ഇന്ത്യൻസിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് സൂചന നൽകി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മുംബൈ ടീമുമൊമൊത്തുള്ള ഓർമകൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വികാരനിർഭരമായ കുറിപ്പിലാണ് ഹാർദിക് എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടെന്ന് കുറിച്ചത്.

ഈ ഓർമകൾ ജീവിതകാലം മുഴുവൻ എനിക്കൊപ്പമുണ്ടാകും. മുംബൈയിൽ ചെലവഴിച്ച നിമിഷങ്ങളും. ഇവിടെയുണ്ടായിരുന്ന സൗഹൃദങ്ങളും സഹതാരങ്ങളും ആരാധകരുമെല്ലാം. കളിക്കാരനെന്ന മാത്രമല്ല വ്യക്തിയെന്ന നിലയിലും വളരാൻ അവസരമൊരുക്കിയതിന് മുംബൈ ഇന്ത്യൻസിനോട് എനിക്ക് കടപ്പാടുണ്ട്. വലിയ സ്വപ്നങ്ങളും പേറി ഒരു യുവതാരമായാണ് ഞാനിവിടെ എത്തിയത്. നമ്മൾ ഒരുമിച്ച് പൊരുതി, നമ്മൾ ഒരുമിച്ച് ജയിച്ചു. നമ്മൾ ഒരുമിച്ച് തോറ്റു. ഈ ടീമിനൊപ്പമുള്ള ഓരോ നിമിഷത്തിനും എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. പക്ഷെ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടല്ലോ. മുംബൈ ഇന്ത്യൻസ് എക്കാലവും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കും-എന്നായിരുന്നു ഹാർദ്ദിക്കിന്റെ കുറിപ്പ്.

      View this post on Instagram

A post shared by Hardik Himanshu Pandya (@hardikpandya93)

സമീപകാലത്തെ മോശം ഫോമും പരിക്കുമാണ് ഹാർദിക്കിനെ കൈവിടുന്ന തീരുമാനത്തിലേക്ക് മുംബൈയെ നയിച്ചെതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കളിക്കാരെ നിലനിർത്താനുള്ള സമയപരിധി അവസാനിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെയാണ് നിലനിർത്തിയത്.

കൈവിട്ട താരങ്ങളിൽ മൂന്നു പേരെയെങ്കിലും ഐപിഎൽ മെഗാ താരലേലത്തിൽ തിരിച്ചുപിടിക്കാനുള്ള പദ്ധതികൾ തയാറാക്കുമെന്ന് മുംബൈ ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷൻ ഡയറക്ടറായ സഹീർ ഖാൻ ഇന്നലെ വ്യക്തമാക്കിയെങ്കിലും ഹാർദ്ദിക് തിരിച്ചുവരാനിടയില്ലെന്നാണ് സൂചന. കെ എൽ രാഹുൽ നായകനാകുമെന്ന് കരുതുന്ന ലക്‌നോ ടീമിലേക്കാകും ഹാർദ്ദിക് പോകുകയെന്നും റിപ്പോർട്ടുകളുണ്ട്.

ഹാർദ്ദിക്കിന്റെ അടുത്ത സുഹൃത്തായ കെ എൽ രാഹുലിനെയും ലക്‌നോ ടീം സ്വന്തമാക്കുമെന്നാണ് കരുതുന്നത്. ഹാർദ്ദികിന് പുറമെ യുവതാരം ഇഷാൻ കിഷൻ, ഹാർദ്ദികിന്റെ സഹോദരനായ ക്രുനാൽ പാണ്ഡ്യ, ഓപ്പണർ ക്വിന്റൺ ഡി കോക്ക് എന്നിവരെയും മുംബൈ താരലേലത്തിന് മുന്നോടിയായി കൈവിട്ടിരുന്നു.

താരലേലത്തിന് മുമ്പ് കൈവിട്ട താരങ്ങൾക്ക് മുംബൈയിലെ സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നും താരലേലത്തിൽ ഇവരെ തിരിച്ചുപിടിക്കാനുള്ള വ്യക്തമായ പദ്ധതികളുമായി ടീം മുന്നോട്ടുവരുമെന്നും സഹീർ ക്രിക് ബസിനോട് പറഞ്ഞിരുന്നു. നാലു താരങ്ങളെ മാത്രം നിലനിർത്താൻ കഴിയുന്ന ഘട്ടത്തിൽ ചില കളിക്കാരെ ഒഴിവാക്കാനുള്ള തീരുമാനം വികാരപരമാണ്. കാരണം, അവരിൽ പലരും യാത്ര തുടങ്ങിയത് ഇവിടെ നിന്നാണ്. കരിയിൽ ഉന്നതിയിലെത്തിയതും ഇന്ത്യക്കായി കളിച്ചതുമെല്ലാം ഈ ടീമിൽ നിന്നായിരുന്നു. അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.

അതുകൊണ്ടുതന്നെ അവരുടെയൊന്നും അവസാനമല്ല ഈ ഒഴിവാക്കൽ. അവരിൽ പലരെയും തിരിച്ചു പിടിക്കാനുള്ള സാധ്യതകൾ ഞങ്ങളുടെ മുന്നിലുണ്ട്. പലരെയും ഒഴിവാക്കേണ്ടിവന്നത് ഹൃദയഭേദകമായിരുന്നു. പക്ഷെ എല്ലാ ടീമുകളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഞങ്ങളും അതിൽ നിന്ന് വ്യത്യസ്തരല്ല. എന്നാൽ പ്രഫഷണൽ കളിക്കാരെന്ന നിലക്ക് ടീമിന്റെ ആവശ്യം കളിക്കാർ മനസിലാക്കുമെന്നാണ് കരുതുന്നത്.

മുന്നോട്ടുള്ള വഴികൾ ലളിതമാണ്. മെഗാ താരലേലത്തിന് മുമ്പ് ധാരാളം സമയമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ കൈവിട്ട താരങ്ങളെ തിരിച്ചു പിടിക്കാനുള്ള പദ്ധതികൾ തയാറാക്കാനും ഞങ്ങൾക്ക് സമയമുണ്ട്. മുൻകാല പ്രകടനങ്ങൾ ആവർത്തിക്കാനാണ് വരുംകാലങ്ങളിലും മുംബൈ ശ്രമിക്കുകയെന്നും സഹീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP