Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓപ്പണർമാർ തുടക്കത്തിൽ വീണിട്ടും വീറുറ്റ പോരാട്ടവുമായി ബാംഗ്ലൂർ; അവസാന പന്തിൽ സിക്സടിച്ച് ജയത്തിലെത്തിച്ച് ഭരത്; പിന്തുണച്ച് മാക്സ്വെല്ലും ഡിവില്ലിയേഴ്സും; ഡൽഹിയെ തകർത്തത് ഏഴ് വിക്കറ്റിന്

ഓപ്പണർമാർ തുടക്കത്തിൽ വീണിട്ടും വീറുറ്റ പോരാട്ടവുമായി ബാംഗ്ലൂർ; അവസാന പന്തിൽ സിക്സടിച്ച് ജയത്തിലെത്തിച്ച് ഭരത്; പിന്തുണച്ച് മാക്സ്വെല്ലും ഡിവില്ലിയേഴ്സും; ഡൽഹിയെ തകർത്തത് ഏഴ് വിക്കറ്റിന്

സ്പോർട്സ് ഡെസ്ക്

ദുബായ്: പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരത്തിൽ അവിസ്മരണീയ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും തോൽപിച്ചത്. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ സിക്സറോടെ ജയത്തിലെത്തി. സ്‌കോർ: ഡൽഹി 20 ഓവറിൽ അഞ്ചിന് 164, ബാംഗ്ലൂർ 20 ഓവറിൽ മൂന്നിന് 166.

ശ്രീകർ ഭരതിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെ അർധ സെഞ്ചുറികളും ഭരതിന്റെ വെടിക്കെട്ട് ഫിനിഷിംഗുമാണ് ആർസിബിയെ തുണച്ചത്. ജയിച്ചെങ്കിലും ആർസിബി മൂന്നാം സ്ഥാനത്ത് തുടരും.

ആർസിബിയെ ഞെട്ടിച്ചാണ് ഡൽഹി പേസർ ആന്റിച്ച് നോർജെ തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ദേവ്ദത്ത് പടിക്കലിനെ ഗോൾഡൺ ഡക്കാക്കി. ഒരോവറിന്റെ ഇടവേളയിൽ നോർജെ വീണ്ടുമെത്തിയപ്പോൾ ആദ്യ പന്തിൽ കോലി(8 പന്തിൽ 4) അശ്വിന്റെ കൈകളിലെത്തി. പവർപ്ലേയിൽ 29 റൺസ് മാത്രമാണ് ബാംഗ്ലൂരിനുണ്ടായിരുന്നത്.

പവർപ്ലേയ്ക്ക് ശേഷം ശ്രീകർ ഭരതും എ ബി ഡിവില്ലിയേഴ്സും തകർത്തടിക്കാൻ ശ്രമിച്ചെങ്കിലും എബിഡി വീണത് തിരിച്ചടിയായി. 26 പന്തിൽ അത്രതന്നെ റൺസെടുത്ത മിസ്റ്റർ 360യെ 10-ാം ഓവറിൽ അക്സർ, ശ്രേയസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 15-ാം ഓവറിലാണ് ആർസിബി 100 കടന്നത്. എന്നാൽ അടി തുടർന്ന ഭരത് 37 പന്തിൽ ഫിഫ്റ്റി തികച്ചു.

അവസാന രണ്ട് ഓവറിലെ 19 റൺസ് വിജയലക്ഷ്യത്തിലേക്ക് ആർസിബിയെ ഭരതും മാക്സ്വെല്ലും ചേർന്ന് എത്തിച്ചു. ഇതിനിടെ മാക്സ്വെൽ 32 പന്തിൽ ഫിഫ്റ്റി തികച്ചു. പോരാട്ടം അവസാന ഓവറിലേക്ക് നീങ്ങിയപ്പോൾ ആവേഷിന്റെ അവസാന പന്ത് സിക്സർ പറത്തി ഭരത് ആർസിബിയെ ജയിപ്പിച്ചു. ഭരത് 52 പന്തിൽ 78 റൺസും മാക്സ്വെൽ 33 പന്തിൽ 51 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് സ്വപ്നതുല്യ തുടക്കം നേടിയെങ്കിലും കൂറ്റൻ സ്‌കോറിലെത്തിയില്ല. ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റിന് 164 റൺസാണെടുത്തത്. 48 റൺസെടുത്ത പൃഥ്വി ഷായാണ് ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ ഷിമ്രോൻ ഹെറ്റ്മയറുടെ ബാറ്റിങ് നിർണായകമായി. എങ്കിലും അവസാന 30 പന്തിൽ 36 റൺസേ പിറന്നുള്ളൂ. ഇതാണ് ടീമിനെ കൂറ്റൻ സ്‌കോറിൽ നിന്നകറ്റിയത്.

ശിഖർ ധവാൻ-പൃഥ്വി ഷാ സഖ്യം സ്വപ്ന തുടക്കമാണ് ഡൽഹിക്ക് നൽകിയത്. പവർപ്ലേയിൽ 55 റൺസ് ചേർത്ത ഇരുവരും 10 ഓവറിൽ ടീമിനെ 88 റൺസിലെത്തിച്ചു. 11-ാം ഓവറിലെ ആദ്യ പന്തിൽ ഹർഷാൽ പട്ടേലാണ് ആർസിബിക്ക് ബ്രേക്ക്ത്രൂ നൽകിയത്. 35 പന്തിൽ 43 റൺസെടുത്ത ധവാൻ സ്ലോ ബോളിൽ ക്രിസ്റ്റ്യന്റെ കൈകളിലെത്തി. റണ്ണുയർത്താൻ ലക്ഷ്യമിട്ട് നായകൻ റിഷഭ് പന്ത് തന്നെ വൺഡൗണായെത്തി.

ചഹൽ എറിഞ്ഞ 11-ാം ഓവറിലെ ആദ്യ പന്ത് സിക്സർ പറത്തി പൃഥ്വി ഷാ ഡൽഹിയെ 100 കടത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ ഷായെ(31 പന്തിൽ 48) ഗാർട്ടണിന്റെ കൈകളിലാക്കി ചഹൽ പകരംവീട്ടി. സ്ഥാനക്കയറ്റിം കിട്ടിയ റിഷഭിന് ഇന്നിങ്സ് നിരാശയായി. എട്ട് പന്തിൽ 10 റൺസെടുത്ത താരത്തെ 13-ാം ഓവറിൽ ക്രിസ്റ്റ്യൻ വിക്കറ്റ് കീപ്പറുടെ അടുക്കലെത്തിച്ചു.

ഇതിന് ശേഷം ശ്രേയസ് അയ്യർ-ഷിമ്രോൻ ഹെറ്റ്മയർ സഖ്യം ഡൽഹിയെ മുന്നോട്ട് നയിച്ചു. എന്നാൽ ശ്രേയസ് അയ്യർ വെടിക്കെട്ട് മറന്നത് തിരിച്ചടിയായി. 18 പന്തിൽ അത്ര തന്നെ റൺസെടുത്ത അയ്യരെ 18-ാം ഓവറിൽ സിറാജ് പുറത്താക്കിയത് നിർണായകമായി. പിന്നീട് ടീമിന്റെ ഭാരം ഒറ്റയ്ക്ക് തോളിലേറ്റേണ്ടി വന്ന ഹെറ്റ്മയറെ(21 പന്തിൽ 29) ഇന്നിങ്സിലെ അവസാന പന്തിൽ സിറാജ് മടക്കിയപ്പോൾ റിപാൽ പട്ടേൽ ഏഴ് റൺസുമായി പുറത്താകാതെ നിന്നു. ബാംഗ്ലൂരിനുവേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോൾ ഹർഷൽ പട്ടേൽ, യൂസ്വേന്ദ്ര ചാഹൽ, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP