Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നായകനായി അരങ്ങേറ്റത്തിൽ നേടിയ സഞ്ജു സാംസണിന്റെ സെഞ്ചുറി വിഫലം; വീരോചിത പോരാട്ടത്തിൽ 119 റൺസിന് സഞ്ജു പുറത്തായത് ഇന്നിങ്‌സിലെ അവസാന പന്തിൽ; പഞ്ചാബ് കിങ്‌സിന്റെ റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് രാജസ്ഥാൻ റോയൽസ്; കെ എൽ രാഹുലും സംഘവും ജയിച്ചത് നാല് റൺസിന്; ചൊവ്വാഴ്ച മുംബൈ കൊൽക്കത്ത പോരാട്ടം

നായകനായി അരങ്ങേറ്റത്തിൽ നേടിയ സഞ്ജു സാംസണിന്റെ സെഞ്ചുറി വിഫലം; വീരോചിത പോരാട്ടത്തിൽ 119 റൺസിന് സഞ്ജു പുറത്തായത് ഇന്നിങ്‌സിലെ അവസാന പന്തിൽ; പഞ്ചാബ് കിങ്‌സിന്റെ റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് രാജസ്ഥാൻ റോയൽസ്; കെ എൽ രാഹുലും സംഘവും ജയിച്ചത് നാല് റൺസിന്; ചൊവ്വാഴ്ച മുംബൈ കൊൽക്കത്ത പോരാട്ടം

സ്പോർട്സ് ഡെസ്ക്

മുംബൈ: അവസാന പന്തു വരെ ആവേശം നിറഞ്ഞ സൂപ്പർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ നാല് റൺസിന് കീഴടക്കി പഞ്ചാബ് കിങ്‌സിന് അവിസ്മരണീയ ജയം. നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസൺ അവസാന പന്തിൽ പുറത്തായതോടെയാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. പഞ്ചാബ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സഞ്ജുവിന്റെ വീരോചിത പോരാട്ടം രാജസ്ഥാനെ ജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന പന്തിൽ 'നായകൻ' വീണതോടെ പ്രതീക്ഷ അസ്തമിച്ചു. വിജയത്തിലേക്ക് അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ അർഷ്ദീപ് സിങ്ങിനെ സിക്‌സർ പറത്താനുള്ള ശ്രമത്തിനിടെയാണ് സഞ്ജു ക്യാച്ച് നൽകി മടങ്ങിയത്. 

ഐപിഎൽ 14ാം സീസണിലെ കന്നി സെഞ്ചുറിയുമായി സഞ്ജു തകർത്തടിച്ച മത്സരത്തിൽ രാജസ്ഥാൻ പൊരുതി വീണു. 63 പന്തിൽ 119 റൺസെടുത്ത സഞ്ജു സാംസൺ പുറത്തായതാണ് മത്സരത്തിൽ നിർണായകമായത്.

മത്സരം രാജസ്ഥാൻ തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ചരിത്രത്തിന്റെ ഭാഗമായി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന മികച്ച റെക്കോർഡുമായാണ് സഞ്ജു മുന്നിൽനിന്ന് പടനയിച്ചത്. 12 ഫോറും ഏഴു സിക്‌സറുകളും നിറം ചാർത്തിയ ഇന്നിങ്‌സാണ് സഞ്ജുവിന്റേത്. ഐ.പി.എല്ലിൽ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. സഞ്ജുവാണ് കളിയിലെ താരം.

സഞ്ജുവിന്റെ ഇന്നിങ്‌സിനൊപ്പം ഉറച്ച പിന്തുണയുമായി സഹതാരങ്ങളും അണിനിരന്നതോടെയാണ് രാജസ്ഥാൻ വിജയത്തിന്റെ തൊട്ടടുത്തെത്തിയത്. ജോസ് ബട്‌ലർ (13 പന്തിൽ 25), ശിവം ദുബെ (15 പന്തിൽ 23), റിയാൻ പരാഗ് (11 പന്തിൽ 25) എന്നിവരാണ് ഉറച്ച പിന്തുണയുമായി സഞ്ജുവിന് കൂട്ടുനിന്നത്. അതേസമയം ഓപ്പണർമാരായ ബെൻ സ്റ്റോക്‌സ് (0), മനൻ വോഹ്‌റ (എട്ടു പന്തിൽ 12), രാഹുൽ തെവാത്തിയ (നാലു പന്തിൽ രണ്ട്്) എന്നിവർ നിരാശപ്പെടുത്തി. 16.25 കോടിക്ക് രാജസ്ഥാൻ ടീമിലെത്തിച്ച ക്രിസ് മോറിസിനും തിളങ്ങാനായില്ല. മോറിസ് നാലു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. മൂന്നാം പന്തിൽ തന്നെ മുഹമ്മദ് ഷമി ബെൻ സ്റ്റോക്ക്സിനെ (0) പുറത്താക്കി. സ്‌കോർ 25-ൽ എത്തിയപ്പോൾ മനൻ വോറയും (12) പുറത്തായി. നങ്കൂരമിട്ട് കളിച്ച സഞ്ജുവിന്റെ ഇന്നിങ്‌സാണ് രാജസ്ഥാന് കരുത്തായത്. വേഗം കുറച്ചും കൂട്ടിയും സാഹചര്യത്തിനൊത്ത് ബാറ്റുവീശിയ സഞ്ജു, ജോസ് ബട്‌ലർ, ശിവം ദുബെ, റിയാൻ പരാഗ് എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ കൂടി തീർത്താണ് ടീമിനെ ചേർത്തുപിടിച്ചത്.

മൂന്നാം വിക്കറ്റിൽ ജോസ് ബട്‌ലറിനെ കൂട്ടുപിടിച്ചായിരുന്നു തുടക്കം. 25 പന്തിൽനിന്ന് സഞ്ജു ബട്‌ലർ സഖ്യം കൂട്ടിച്ചേർത്തത് 45 റൺസ്. 13 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 25 റൺസെടുത്ത ബട്‌ലറിനെ റിച്ചാർഡ്‌സൻ മടക്കിയതോടെ ശിവം ദുബെയായി അടുത്ത കൂട്ടാളി. നാലാം വിക്കറ്റിൽ ദുബെയ്‌ക്കൊപ്പം 31 പന്തിൽ സഞ്ജു കൂട്ടിച്ചേർത്തത് 53 റൺസ്. 15 പന്തിൽ മൂന്നു ഫോറുകളോടെ 23 റൺസെടുത്ത ദുബെയെ അർഷ്ദീപ് സിങ് പുറത്താക്കി.

അഞ്ചാം വിക്കറ്റിൽ സഞ്ജുവിന് കൂട്ടായി എത്തിയത് റിയാൻ പരാഗ്. ഉയരുന്ന റൺറേറ്റിന്റെ സമ്മർദ്ദം മാറ്റാൻ പരാഗ് തകർത്തടിച്ചതോെട രാജസ്ഥാന്റെ സ്‌കോർ ബോർഡിലേക്ക് റണ്ണൊഴുകി. വെറും 11 പന്തിൽനിന്ന് ഒരു ഫോറും മൂന്നു സിക്‌സും സഹിതം 23 റൺസുമായി ഗാർഗ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ചെങ്കിലും അപ്പോഴേക്കും രാജസ്ഥാൻ സ്‌കോർ 175ൽ എത്തിയിരുന്നു. അഞ്ചാം വിക്കറ്റിൽ 22 പന്തിൽനിന്ന് സഞ്ജു പരാഗ് സഖ്യം കൂട്ടിച്ചേർത്തത് 52 റൺസ്!

എന്നാൽ പിന്നീടെത്തിയ രാഹുൽ തെവാത്തിയ (നാലു പന്തിൽ രണ്ട്), ക്രിസ് മോറിസ് (നാലു പന്തിൽ പുറത്താകാതെ രണ്ട്) എന്നിവർക്ക് തിളങ്ങാനാകാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി. ഒടുവിൽ അവസാന പന്തിൽ സഞ്ജുവിന്റെ സിക്‌സറിനുള്ള ശ്രമം ദീപക് ഹൂഡയുടെ കൈകളിൽ ഒതുങ്ങിയതോടെ പഞ്ചാബിന് സീസണിലെ ആദ്യ ജയം.

പഞ്ചാബിനായി അർഷ്ദീപ് സിങ് നാല് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നും മുഹമ്മദ് ഷമി നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റുമെടുത്തു. 15 കോടിയോളം രൂപയ്ക്ക് പഞ്ചാബ് ഇത്തവണ ലേലത്തിലെടുത്ത ജൈ റിച്ചാർഡ്‌സൻ നാല് ഓവറിൽ 55 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എട്ടു കോടിയിലധികം രൂപയ്ക്ക് സ്വന്തമാക്കിയ റൈലി മെറിഡത്ത് നാല് ഓവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. തകർത്തടിച്ച ക്യാപ്റ്റൻ കെ.എൽ രാഹുലും ദീപക് ഹൂഡയും ചേർന്നാണ് പഞ്ചാബിന് മികച്ച സ്‌കോർ സമ്മാനിച്ചത്. കൈവിട്ട ക്യാച്ചുകളും ബോളിങ്ങിലെ മൂർച്ചക്കുറവുമാണ് രാജസ്ഥാന് തിരിച്ചടിയായി. സഞ്ജു, ആകെ എട്ടു താരങ്ങളെയാണ് ബോളിങ്ങിൽ പരീക്ഷിച്ചത്. ഇതിൽ ആറു പേരും ഓവറിൽ ശരാശരി 10 റൺസിൽ കൂടുതൽ വഴങ്ങി.



ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. 50 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും അഞ്ച് സിക്‌സും സഹിതം 91 റൺസെടുത്തു. വ്യക്തിഗത സ്‌കോർ 15ൽ നിൽക്കെ ശ്രേയസ് ഗോപാലിന്റെ പന്തിൽ രാഹുൽ നൽകിയ ക്യാച്ച് അവസരം ബെൻ സ്റ്റോക്‌സ് കൈവിട്ടിരുന്നു. ഒടുവിൽ രാഹുൽ തെവാത്തിയയുടെ തകർപ്പൻ ക്യാച്ചിലാണ് രാഹുൽ മടങ്ങിയത്.

ദീപക് ഹൂഡ (28 പന്തിൽ നാലു ഫോറും ആറു സിക്‌സും സഹിതം 64), ക്രിസ് ഗെയ്ൽ (28 പന്തിൽ നാലു ഫോറും രണ്ടു സിക്‌സും സഹിതം 40) എന്നിവരും പഞ്ചാബിനായി തിളങ്ങി. അതേസമയം മായങ്ക് അഗർവാൾ (9 പന്തിൽ 14), നിക്കോളാസ് പുരാൻ (0), ജൈ റിച്ചാർഡ്‌സൻ (0) എന്നിവർ നിരാശപ്പെടുത്തി. ഷാരൂഖ് ഖാൻ നാലു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.

രണ്ടാം വിക്കറ്റിൽ ക്രിസ് ഗെയ്‌ലിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും മൂന്നാം വിക്കറ്റിൽ ദീപക് ഹൂഡയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് രാഹുൽ ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം വിക്കറ്റിൽ 43 പന്തുകൾ ക്രീസിൽനിന്ന രാഹുൽ ഗെയ്ൽ സഖ്യം അടിച്ചുകൂട്ടിയത് 67 റൺസാണ്. ഗെയ്ൽ 28 പന്തിൽ നാലു ഫോറും രണ്ടു സിക്‌സും സഹിതം 40 റൺസെടുത്തു. പിന്നീട് മൂന്നാം വിക്കറ്റിൽ രാഹുൽ ദീപക് ഹൂഡ സഖ്യം 46 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 105 റൺസ്! ഹൂഡ വെറും 28 പന്തിൽനിന്ന് നാലു ഫോറും ആറു സിക്‌സും സഹിതം 64 റൺസെടുത്ത് പുറത്തായി. 20 പന്തിൽനിന്നാണ് ഹൂഡ അർധസെഞ്ചുറി പിന്നിട്ടത്.

പഞ്ചാബ് കിങ്‌സ് താരങ്ങൾ നായകൻ കെ.എൽ. രാഹുലിന്റെ നേതൃത്വത്തിൽ തകർത്തടിച്ചതോടെ മത്സരത്തിലാകെ എട്ട് ബോളർമാരെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരീക്ഷിച്ചത്. കൂട്ടത്തിൽ കൂടുതൽ തിളങ്ങിയത് ഐപിഎലിലെ കന്നി മത്സരം കളിക്കുന്ന ചേതൻ സക്കറിയ. നാല് ഓവറിൽ 31 റൺസ് വഴങ്ങി സക്കറിയ മൂന്നു വിക്കറ്റ് വീഴ്‌ത്തി.

16.25 കോടിയുടെ റെക്കോർഡ് തുകയ്ക്ക് രാജസ്ഥാനിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രാജസ്ഥാൻ നിരയിൽ നാല് ഓവറിൽ 45 റൺസ് വഴങ്ങിയ മുസ്താഫിസുർ റഹ്‌മാൻ, മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങിയ ശ്രേയസ് ഗോപാൽ, രണ്ട് ഓവറിൽ 25 റൺസ് വഴങ്ങിയ രാഹുൽ തെവാത്തിയ, ഒരു ഓവറിൽ 20 റൺസ് വഴങ്ങിയ ശിവം ദുബെ, ഒരു ഓവറിൽ 12 റൺസ് വഴങ്ങിയ ബെൻ സ്റ്റോക്‌സ് എന്നിവർ നിരാശപ്പെടുത്തി.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ട മുംബൈ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പത്ത് റൺസിന് കീഴടക്കിയ കൊൽക്കത്ത രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP