Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

പഞ്ചാബ് കിങ്‌സിനെ ചുരുട്ടിക്കെട്ടി ചെന്നൈ ബൗളർമാർ; ന്യൂബോളിൽ മുൻനിരയെ എറിഞ്ഞിട്ട് ദീപക് ചാഹർ; ഫീൽഡിൽ മിന്നൽപ്പിണറായി രവീന്ദ്ര ജഡേജ; ചെന്നൈയ്ക്ക് 107 റൺസ് വിജയലക്ഷ്യം

പഞ്ചാബ് കിങ്‌സിനെ ചുരുട്ടിക്കെട്ടി ചെന്നൈ ബൗളർമാർ; ന്യൂബോളിൽ മുൻനിരയെ എറിഞ്ഞിട്ട് ദീപക് ചാഹർ; ഫീൽഡിൽ മിന്നൽപ്പിണറായി രവീന്ദ്ര ജഡേജ; ചെന്നൈയ്ക്ക് 107 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരേ ചെന്നൈ സൂപ്പർ കിങ്സിന് 107 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണെടുത്തത്.

ന്യൂബോളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് താരം ദീപക് ചാഹർ, ഫീൽഡിൽ മിന്നൽപ്പിണറായി മാറിയ രവീന്ദ്ര ജഡേജ എന്നിവരുടെ മികവാണ് പഞ്ചാബ് കിങ്‌സിന്റെ നടുവൊടിച്ചത്.

നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ദീപക് ചാഹറാണ് പഞ്ചാബിനെ തകർത്തത്. 47 റൺസെടുത്ത ഷാരൂഖ് ഖാൻ മാത്രമാണ് പഞ്ചാബ് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. 36 പന്തുകൾ നേരിട്ട ഷാരൂഖ്, നാലു ഫോറും രണ്ടു സിക്‌സും സഹിതം 47 റൺസുമായി അവസാന ഓവറിൽ പുറത്തായി.

ഷാരൂഖിനു പുറമെ പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. ക്രിസ് ഗെയ്ൽ (10 പന്തിൽ 10), ദീപക് ഹൂഡ (15 പന്തിൽ 10), ജൈ റിച്ചാർഡ്‌സൻ (22 പന്തിൽ 15) എന്നിവർ മാത്രം. മുഹമ്മദ് ഷമി ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിന് നഷ്ടമായി. ഒരു മികച്ച പന്തിലൂടെ ദീപക് ചാഹർ അക്കൗണ്ട് തുറക്കും മുൻപ് മായങ്കിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഇതോടെ ഒരു റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായി പഞ്ചാബ്.

മായങ്കിന് പകരം ക്രിസ് ഗെയ്ൽ ക്രീസിലെത്തി. തുടർച്ചയായി രണ്ട് ബൗണ്ടറികൾ നേടിക്കൊണ്ട് ഗെയ്ൽ വരവറിയിച്ചു. എന്നാൽ മൂന്നാം ഓവറിൽ നായകൻ രാഹുൽ റൺ ഔട്ടായതോടെ പഞ്ചാബ് പതറി. അനാവശ്യ റണ്ണിന് ശ്രമിച്ച രാഹുലിനെ ജഡേജയാണ് റൺ ഔട്ടാക്കിയത്. അഞ്ച് റൺസ് മാത്രമെടുത്ത് രാഹുൽ പുറത്താകുമ്പോൾ പഞ്ചാബിന്റെ സ്‌കോർ 15 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു.

തൊട്ടുപിന്നാലെ അപകടകാരിയായ ക്രിസ് ഗെയ്ലിനെ പുറത്താക്കി രാഹുൽ ചാഹർ പഞ്ചാബിന് ഇരട്ട പ്രഹരമേൽപ്പിച്ചു. 10 റൺസെടുത്ത ഗെയ്ലിന്റെ ഷോട്ട് അത്യുഗ്രൻ ക്യാച്ചിലൂടെ ജഡേജ സ്വന്തമാക്കി. ഇതോടെ 19 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി പഞ്ചാബ്. തൊട്ടുപിന്നാലെ വന്ന നിക്കോളാസ് പൂരനെ അതേ ഓവറിൽ മടക്കി രാഹുൽ ചാഹർ കൊടുങ്കാറ്റായി മാറി. അക്കൗണ്ട് തുറക്കും മുൻപേ പൂരനെ ചാഹർ ശാർദുൽ ഠാക്കൂറിന്റെ കൈയിലെത്തിച്ചു. ഇതോടെ 19 റൺസിന് നാല് എന്ന അതിദാരുണമായ അവസ്ഥയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി.

ബാറ്റിങ് പവർപ്ലേയിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വെറും 26 റൺസ് മാത്രമാണ് പഞ്ചാബിന് നേടാനായത്. എഴാം ഓവറിലെ രണ്ടാം പന്തിൽ ദീപക് ഹൂഡയെ മടക്കി ദീപക് ചാഹർ പഞ്ചാബിനെ തകർത്തു തരിപ്പണമാക്കി. 10 റൺസെടുത്ത ഹൂഡയെ ചാഹർ ഡുപ്ലെസ്സിയുടെ കൈയിലെത്തിച്ചു. ഇതോടെ പഞ്ചാബ് 26 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നുവീണു. ചാഹർ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ ഐ.പി.എൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ടുനൽകിയാണ് താരം നാല് വിക്കറ്റുകൾ വീഴ്‌ത്തിയത്. അതിൽ ഒരു മെയ്ഡൻ ഓവറും ഉൾപ്പെടും.

പിന്നീട് ഒത്തുചേർന്ന ഷാരൂഖ് ഖാനും റിച്ചാർഡ്സണും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ സ്‌കോർ 57-ൽ നിൽക്കേ 15 റൺസെടുത്ത റിച്ചാർഡ്സണെ ക്ലീൻ ബൗൾഡാക്കി മോയിൻ അലി പഞ്ചാബിന്റെ ആറാം വിക്കറ്റ് വീഴ്‌ത്തി.

ഷാരൂഖ് ഖാന്റെ ഒറ്റയാൾ പ്രകടനമാണ് പഞ്ചാബിനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്. ഈ സീസണിൽ വലിയ തുകയ്ക്ക് പഞ്ചാബിലെത്തിയ താരം മോശം പന്തുകൾ കണ്ടെത്തി പ്രഹരിച്ച് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. അതിനിടെ അശ്വിനെ പുറത്താക്കി ബ്രാവോ പഞ്ചാബിന്റെ ഏഴാം വിക്കറ്റെടുത്തു. ആറ് റൺസ് മാത്രമെടുത്ത താരത്തെ ബ്രാവോ ഡുപ്ലെസ്സിയുടെ കൈയിലെത്തിച്ചു.

19-ാം ഓവറിൽ ഷമിയെ കൂട്ടുപിടിച്ച് ഷാരൂഖ് ടീം സ്‌കോർ 100 കടത്തി. അവസാന ഓവറിൽ ഷാരൂഖ് ഖാനെ മടക്കി സാം കറൻ പഞ്ചാബിന്റെ പതനം പൂർത്തിയാക്കി. 36 പന്തുകളിൽ നിന്നും 47 റൺസെടുത്ത ഷാരൂഖിനെ സാം കറൻ ജഡേജയുടെ കൈയിലെത്തിച്ചു. ഒടുവിൽ പഞ്ചാബ് നിശ്ചിത ഓവറിൽ 107 റൺസെടുത്തു.

ചെന്നൈയ്ക്ക് വേണ്ടി നാലുവിക്കറ്റെടുത്ത ചാഹറിന് പുറമേ ഓരോ വിക്കറ്റുകൾ വീഴ്‌ത്തി ബ്രാവോയും മോയിൻ അലിയും സാം കറനും തിളങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP