Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചെന്നൈ പഠിപ്പിച്ച 'പാഠം' പഞ്ചാബ് മറന്നില്ല; അർധ സെഞ്ചുറിയുമായി പട നയിച്ച് രാഹുലും മായങ്കും; ഓപ്പണർമാരുടെ ബാറ്റിങ് മികവിൽ പഞ്ചാബ് കിങ്‌സിന് കൂറ്റൻ സ്‌കോർ; ഡൽഹി ക്യാപ്പിറ്റൽസിന് 196 റൺസ് വിജയലക്ഷ്യം

ചെന്നൈ പഠിപ്പിച്ച 'പാഠം' പഞ്ചാബ് മറന്നില്ല; അർധ സെഞ്ചുറിയുമായി പട നയിച്ച് രാഹുലും മായങ്കും; ഓപ്പണർമാരുടെ ബാറ്റിങ് മികവിൽ പഞ്ചാബ് കിങ്‌സിന് കൂറ്റൻ സ്‌കോർ; ഡൽഹി ക്യാപ്പിറ്റൽസിന് 196 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐ.പി.എല്ലിൽ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 196 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ അർധ സെഞ്ചുറി നേടിയ മായങ്ക് അഗർവാളും ക്യാപ്റ്റൻ കെ.എൽ രാഹുലുമാണ് മികച്ച സ്‌കോറിൽ എത്തിച്ചത്.

നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 195 റൺസെടുത്തത്. 12.4 ഓവറിൽ 122 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 36 പന്തിൽ നിന്ന് നാലു സിക്സും ഏഴു ഫോറുമടക്കം 69 റൺസെടുത്ത മായങ്കിനെ പുറത്താക്കി അരങ്ങേറ്റക്കാരൻ ലുക്മാൻ മെറിവാലയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

വൈകാതെ രാഹുൽ റബാദയുടെ പന്തിൽ പുറത്തായി. 51 പന്തിൽ നിന്ന് രണ്ടു സിക്സും ഏഴു ഫോറുമടക്കം 61 റൺസെടുത്താണ് ബർത്ത് ഡേ ബോയ് രാഹുൽ മടങ്ങിയത്.

ഇരുവരും പുറത്തായ ശേഷമെത്തിയവരിൽ ക്രിസ് ഗെയ്ൽ, നിക്കോളാസ് പുരാൻ എന്നിവർ പൂർണമായും നിരാശപ്പെടുത്തി. വൺഡൗണായെത്തിയ ഗെയ്ൽ ഒൻപത് പന്തിൽ ഒരേയൊരു സിക്‌സ് സഹിതം 11 റൺസെടുത്ത് പുറത്തായി. പുരാൻ എട്ടു പന്തിൽ ഒരേയൊരു ഫോർ സഹിതം ഒൻപത് റൺസെടുത്തും മടങ്ങി. അവസാന ഓവറുകളിൽ തകർത്തടിച്ച ദീപക് ഹൂഡ (13 പന്തിൽ പുറത്താകാതെ 22), ഷാരൂഖ് ഖാൻ (അഞ്ച് പന്തിൽ പുറത്താകാതെ 15) എന്നിവർ ചേർന്നാണ് പഞ്ചാബ് സ്‌കോർ 195ൽ എത്തിച്ചത്.

ഡൽഹിക്കായി ആവേശ് ഖാൻ നാല് ഓവറിൽ 33 റൺസ് വഴങ്ങിയും ലുക്മാൻ മെറിവാല മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങിയും ക്രിസ് വോക്‌സ് നാല് ഓവറിൽ 26 റൺസ് വഴങ്ങിയും കഗീസോ റബാദ നാല് ഓവറിൽ 43 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങിയ രവിചന്ദ്രൻ അശ്വിന്റെ പ്രകടനം ശ്രദ്ധേയമായി.

നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഡൽഹി ടീമിൽ ടോം കറന് പകരം സ്റ്റീവ് സ്മിത്ത് ഇടംപിടിച്ചു. പഞ്ചാബ് ടീമിൽ മുരുഗൻ അശ്വിന് പകരം ജലജ് സക്സേന ഇടംനേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP