Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലമാറിയിട്ട് പഞ്ചാബിനും രക്ഷയില്ല;ഡൽഹിയോട് പരാജയപ്പെട്ടത് ഏഴുവിക്കറ്റിന്; മായങ്ക് അഗർവാളിന് ഡൽഹിയുടെ മറുപടി ശിഖർധവാനിലുടെ; ആറാം ജയത്തോടെ പോയന്റ് പട്ടികയിൽ ഡൽഹി ഒന്നാമത്

തലമാറിയിട്ട് പഞ്ചാബിനും രക്ഷയില്ല;ഡൽഹിയോട് പരാജയപ്പെട്ടത് ഏഴുവിക്കറ്റിന്; മായങ്ക് അഗർവാളിന് ഡൽഹിയുടെ മറുപടി ശിഖർധവാനിലുടെ; ആറാം ജയത്തോടെ പോയന്റ് പട്ടികയിൽ ഡൽഹി ഒന്നാമത്

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: പുതിയ ക്യാപ്റ്റന്റെ കീഴിൽ പഞ്ചാബിനും രക്ഷയില്ല. ഞായറാഴ്‌ച്ച നടന്ന രണ്ടാം മത്സരത്തിൽ ഡൽഹിയോട് ഏഴുവിക്കറ്റിനായിരുന്നു പഞ്ചാബിന്റെ തോൽവി. അപ്പെൻഡിസൈറ്റിസ് മൂലം ടീമിൽനിന്ന് ഒഴിവായ കെ.എൽ.രാഹുലിനു പകരം മയാങ്ക് അഗർവാളാണ് പഞ്ചാബ് കിങ്‌സിനെ നയിച്ചത്.പഞ്ചാബ് ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം ഡൽഹി 14 പന്തും ഏഴു വിക്കറ്റും ബാക്കി നിൽക്കെ മറികടന്നു.ബാറ്റിങ്ങിൽ കളത്തിലിറങ്ങിയവരെല്ലാം തിളങ്ങിയതോടെ സീസണിലെ ആറാം ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിലും ഒന്നാമതെത്തി.

സീസണിലെ മൂന്നാം അർധസെഞ്ചുറിയുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമനായ ഓപ്പണർ ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. 47 പന്തുകൾ നേരിട്ട ധവാൻ ആറു ഫോറും രണ്ടു സിക്‌സും സഹിതം 69 റൺസുമായി പുറത്താകാതെനിന്നു. പൃഥ്വി ഷാ (22 പന്തിൽ മൂന്നു വീതം സിക്‌സും ഫോറും സഹിതം 39), സ്റ്റീവ് സ്മിത്ത് (22 പന്തിൽ ഒരു ഫോർ സഹിതം 24), ഋഷഭ് പന്ത് (11 പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 14), ഷിംറോൺ ഹെറ്റ്‌മെയർ (നാലു പന്തിൽ ഒരു ഫോറും നാലു സിക്‌സും സഹിതം പുറത്താകാതെ 16) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഓപ്പണിങ് വിക്കറ്റിൽ വെറും 37 പന്തിൽനിന്ന് ഡൽഹി സ്‌കോർ ബോർഡിൽ 63 റൺസെത്തിച്ച ശിഖർ ധവാൻ പൃഥ്വി ഷാ കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഡൽഹിക്ക് സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനൊപ്പം 41 പന്തിൽ 48 റൺസ്, മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 21 പന്തിൽ 36 റൺസ്, പിരിയാത്ത നാലാം വിക്കറ്റിൽ ഷിംറോൺ ഹെറ്റ്‌മെയറിനൊപ്പം ഏഴു പന്തിൽ 20 റൺസ് എന്നിങ്ങനെ കൂട്ടിച്ചേർത്താണ് ധവാൻ ടീമിനെ വിജയത്തിലെത്തിച്ചത്.

പഞ്ചാബിനായി ഹർപ്രീത് ബ്രാർ മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങിയും ക്രിസ് ജോർദാൻ രണ്ട് ഓവറിൽ 21 റൺസ് വഴങ്ങിയും റൈലി മെറിഡത്ത് 3.4 ഓവറിൽ 35 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസെടുത്തത്. അപ്പെൻഡിസൈറ്റിസ് മൂലം ടീമിൽനിന്ന് ഒഴിവായ കെ.എൽ.രാഹുലിനു പകരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മയാങ്ക് അഗർവാളാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ഓപ്പണറായി ഇറങ്ങിയ അഗർവൾ 58 പന്തിൽ എട്ടു ഫോറും നാലു സിക്‌സും സഹിതം 99 റൺസുമായി പുറത്താകാതെ നിന്നു.

പഞ്ചാബ് ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച ഇംഗ്ലിഷ് താരം ഡേവിഡ് മലൻ 26 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 26 റൺസെടുത്തു. പവർപ്ലേയിൽ 35 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ പഞ്ചാബിന്, മൂന്നാം വിക്കറ്റിൽ അഗർവാൾ മലൻ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 47 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 52 റൺസ്. പിന്നീട് അഞ്ചാം വിക്കറ്റിൽ 23 പന്തിൽ 41 റൺസടിച്ച അഗർവാൾ ഷാരൂഖ് ഖാൻ സഖ്യവും പഞ്ചാബിന് കരുത്തായി. ഇതിൽ 37 റൺസും അഗർവാളിന്റെ വകയാണ്. പിരിയാത്ത ഏഴാം വിക്കറ്റിൽ വെറും ആറു പന്തിൽനിന്ന് അഗർവാൾ ഹർപ്രീത് ബ്രാർ സഖ്യം 23 റൺസെടുത്തതിൽ 17 റൺസും പിറന്നത് അഗർവാളിന്റെ ബാറ്റിൽനിന്നു തന്നെ! ആവേശ് ഖാൻ എറിഞ്ഞ 20ാം ഓവറിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം അഗർവാളും ഹർപ്രീതും ചേർന്ന് അടിച്ചെടുത്തത് 23 റൺസാണ്.

പ്രഭ്‌സിമ്രാൻ സിങ് (16 പന്തിൽ 12), ക്രിസ് ഗെയ്ൽ (ഒൻപത് പന്തിൽ 13), ദീപക് ഹൂഡ (ഒരു പന്തിൽ ഒന്ന്), ഷാരൂഖ് ഖാൻ (അഞ്ച് പന്തിൽ നാല്), ക്രിസ് ജോർദാൻ (മൂന്നു പന്തിൽ രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഹർപ്രീത് ബ്രാർ രണ്ടു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു.

ഡൽഹിക്കായി നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ കഗീസോ റബാദയുടെ പ്രകടനം ശ്രദ്ധേയമായി. അക്ഷർ പട്ടേൽ നാല് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. ആവേശ് ഖാൻ നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി. ഇഷാന്ത് ശർമ നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 37 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ പുതിയ ക്യാപ്റ്റൻ കെയ്ൻ വില്യംസനു കീഴിലിറങ്ങിയ ഹൈദരാബാദ് രാജസ്ഥാനോടും തോറ്റിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP