Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തകർപ്പൻ തുടക്കമിട്ട് രോഹിതും ഇഷാനും; വെടിക്കെട്ട് ബാറ്റിങിനിടെ ടിം ഡേവിഡിന്റെ റണ്ണൗട്ട് നിർണായകമായി; മുംബൈയെ മൂന്ന് റൺസിന് വീഴ്‌ത്തി ഹൈദരാബാദ്; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി

തകർപ്പൻ തുടക്കമിട്ട് രോഹിതും ഇഷാനും; വെടിക്കെട്ട് ബാറ്റിങിനിടെ ടിം ഡേവിഡിന്റെ റണ്ണൗട്ട് നിർണായകമായി; മുംബൈയെ മൂന്ന് റൺസിന് വീഴ്‌ത്തി ഹൈദരാബാദ്; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരിൽ മുംബൈ ഇന്ത്യൻസിനെ മൂന്ന് റൺസിന് കീഴടക്കി സൺറൈസേഴ്സ് ഹൈദാരാബാദ് പ്ലേ ഓഫ് സാധ്യകൾ നിലനിർത്തി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഉംറാൻ മാലിക്കാണ് മുംബൈയെ തകർത്തത്.

ജയത്തോടെ ഹൈദരാബാദിന് 13 മത്സരങ്ങളിൽ 12 പോയിന്റായി. ഇത്രയും മത്സരങ്ങളിൽ ആറ് പോയിന്റ് മാത്രമുള്ള മുംബൈ അവസാന സ്ഥാനത്ത് തുടരുന്നു. അവസാന മത്സരത്തിൽ മുംബൈ, ഡൽഹി കാപിറ്റൽസിനെ തോൽപ്പിച്ചാൽ മാത്രമെ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യതുള്ളൂ.

194 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈക്ക് രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 70 പന്തിൽ നിന്ന് 95 റൺസ് ഇരുവരും ചേർന്നെടുത്തു. 36 പന്തിൽ നിന്ന് നാലു സിക്സും രണ്ട് ഫോറുമടക്കം 48 റൺസെടുത്ത രോഹിത്തിനെ മടക്കി വാഷിങ്ടൺ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 12-ാം ഓവറിൽ ഇഷാൻ കിഷനെ മടക്കി ഉംറാൻ മാലിക്ക് മുംബൈയെ ഞെട്ടിച്ചു. 34 പന്തിൽ നിന്ന് 43 റൺസെടുത്താണ് കിഷൻ മടങ്ങിയത്. തുടർന്ന് തിലക് വർമയേയും (8), ഡാനിയൽ സാംസിനെയും (15) മടക്കി മാലിക്ക് മുംബൈയെ പ്രതിരോധത്തിലാക്കി.

എന്നാൽ ടിം ഡേവിഡിന്റെ വെടിക്കെട്ട് ബാറ്റിങ് മുംബൈക്ക് പ്രതീക്ഷ നൽകിയതാണ്. 18 പന്തിൽ നിന്ന് നാലു സിക്സും മൂന്ന് ഫോറുമടക്കം 46 റൺസടിച്ച ഡേവിഡിനെ 18-ാം ഓവറിൽ ടി. നടരാജൻ റണ്ണൗട്ടാക്കിയതോടെ മുംബൈ മത്സരം കൈവിടുകയായിരുന്നു. ആറു പന്തിൽ നിന്ന് 14 റൺസടിച്ച രമൺദീപ് ശ്രമിച്ചുനോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് രാഹുൽ ത്രിപാഠിയുടെ (44 പന്തിൽ 76) ഇന്നിങ്സാണ് തുണയായത്. പ്രിയം ഗാർഗ് (26 പന്തിൽ 42), നിക്കൊളാസ് പുരാൻ (22 പന്തിൽ 38) മികച്ച പ്രകടനം പുറത്തെടുത്തു. രമൺദീപ് സിങ് മുംബൈക്കായി മൂന്ന് വിക്കറ്റ് നേടി. ഓപ്പണിങ് മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇന്നിറങ്ങിയത്. കെയ്ൻ വില്യംസണ് പകരം ഗാർഗ് ഓപ്പണറായി. അതിനുള്ള മാറ്റവും കണ്ടു. അഭിഷേക് ശർമ (9) നേരത്തെ പുറത്തായെങ്കിലും ത്രിപാഠിക്ക് മികച്ച പിന്തുണ നൽകാൻ ഗാർഗിന് സാധിച്ചു. ഇരുവരും 78 റൺസാണ് കൂട്ടിചേർത്തത്. രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ഗാർഗിന്റെ ഇന്നിങ്സ്.

പിന്നാലെയെത്തിയ പുരാനും ത്രിപാഠിക്ക് പിന്തുണ നൽകി. അതിവേഗം റൺസ് കണ്ടെത്തിയ പുരാൻ ത്രിപാഠിക്കൊപ്പം 76 റൺസ് കൂട്ടിചേർത്തു. എന്നാൽ പുരാനെ പുറത്താക്കി റിലെ മെരെഡിത്ത് മുംബൈക്ക് ബ്രേക്ക് ത്രൂ നൽകി. തൊടട്ടടുത്ത ഓവരിൽ ത്രിപാഠിയും മടങ്ങി. മൂന്ന് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പുരാന്റെ ഇന്നിങ്സ്. പിന്നാലെ എയ്ഡൻ മാർക്രവും (2) പുറത്തായി. വാഷിങ്ടൺ സുന്ദറിനെ (9) ബുമ്ര ബൗൾഡാക്കി. കെയ്ൻ വില്യംസൺ (8) പുറത്താവാതെ നിന്നു.

നേരത്തെ, ഹൈദരാബാദ് രണ്ട് മാറ്റം വരുത്തി. പ്രിയം ഗാർഗ്, ഫസൽ ഫാറൂഖി എന്നിവർ ടീമിലെത്തി. ശശാങ്ക് സിങ്, മാർകോ ജാൻസൻ പുറത്തായി. മുംബൈയും രണ്ട് മാറ്റം വരുത്തി. മായങ്ക് മർകണ്ഡെ, സഞ്ജയ് യാദവ് എന്നിവർ ടീമിലെത്തി. ഹൃതിക് ഷൊകീൻ, കുമാർ കാർത്തികേയ എന്നിവരാണ് വഴിമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP