Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാറ്റിങ് വെടിക്കെട്ടുമായി ഇഷാനും സൂര്യകുമാറും; സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ ഉയർത്തിയിട്ടും 'ഭാഗ്യം' തുണച്ചില്ല; ഹൈദരാബാദിനെ 42 റൺസിന് വീഴ്‌ത്തിയിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്; നാലാം സ്ഥാനക്കാരായി കൊൽക്കത്ത

ബാറ്റിങ് വെടിക്കെട്ടുമായി ഇഷാനും സൂര്യകുമാറും; സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ ഉയർത്തിയിട്ടും 'ഭാഗ്യം' തുണച്ചില്ല; ഹൈദരാബാദിനെ 42 റൺസിന് വീഴ്‌ത്തിയിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്; നാലാം സ്ഥാനക്കാരായി കൊൽക്കത്ത

സ്പോർട്സ് ഡെസ്ക്

അബുദാബി: സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ പടുത്തുയർത്തി മികച്ച വിജയം നേടിയിട്ടും നെറ്റ് റൺറേറ്റിന് മുന്നിൽ മുട്ടു മടക്കി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്ത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 42 റൺസിന് ജയിച്ചിട്ടും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫിലെത്താനായില്ല.

കൂറ്റൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 235 റൺസടിച്ചെങ്കിലും തിരിച്ചടിച്ച ഹൈദരാബാദ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കുറിച്ചതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു.

ഹൈദരാബാദിനെ 171 റൺസിനെങ്കിലും തോൽപ്പിച്ചാൽ മാത്രമെ കൊൽക്കത്തയുടെ നെറ്റ് റൺറേറ്റ് മറികടന്ന് നാലാം സ്ഥാനക്കാരായി മുംബൈക്ക് പ്ലേ ഓഫിലെത്താനാവുമായിരുന്നുള്ളു. ഇതോടെ കൊൽക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. സ്‌കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 235-9, സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 193-8.

236 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ജേസൺ റോയിയും അഭിഷേക് ശർമയും നൽകിയത്. 4.3 ഓവറിൽ ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ ടീം സ്‌കോർ 64-ൽ നിൽക്കേ അപകടകാരിയായ ജേസൺ റോയിയെ മടക്കി ട്രെന്റ് ബോൾട്ട് സൺറൈസേഴ്സിന്റെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. 21 പന്തുകളിൽ നിന്ന് 34 റൺസെടുത്ത താരത്തെ ബോൾട്ട് ക്രുനാൽ പാണ്ഡ്യയുടെ കൈയിലെത്തിച്ചു. പക്ഷേ അതുകൊണ്ട് കാര്യമുണ്ടായില്ല. അപ്പോഴേക്കും മുംബൈ പ്ലേ ഓഫ് കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

എന്നാൽ ഏഴാം ഓവറിൽ നന്നായി കളിച്ചുതുടങ്ങിയ അഭിഷേക് ശർമയെ പുറത്താക്കി ജിമ്മി നീഷാം സൺറൈസേഴ്സിന്റെ രണ്ടാം വിക്കറ്റെടുത്തു. 16 പന്തുകളിൽ നിന്ന് 33 റൺസാണ് താരമെടുത്തത്. പിന്നാലെ വന്ന മുഹമ്മദ് നബി നിരാശപ്പെടുത്തി. വെറും 3 റൺസ് മാത്രമെടുത്ത താരത്തെ പീയുഷ് ചൗള പുറത്താക്കി. നബിക്ക് ശേഷം വന്ന അബ്ദുൾ സമദിനും പിടിച്ചുനിൽക്കാനായില്ല. വെറും രണ്ടുറൺസെടുത്ത താരത്തെ നീഷാം പുറത്താക്കി.

ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് തളരാതെ പിടിച്ചുനിന്ന നായകൻ മനീഷ് പാണ്ഡെ മികച്ച പ്രകടനം പുറത്തെടുത്ത് ടീം സ്‌കോർ ഉയർത്തി. പ്രിയം ഗാർഗ് കൂടി ക്രീസിലെത്തിയതോടെ സൺറൈസേഴ്സ് സ്‌കോർ കുതിച്ചു. 14.3 ഓവറിൽ ടീം സ്‌കോർ 150 കടന്നു. എന്നാൽ ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തുകളിൽ നിന്ന് 29 റൺസെടുത്ത പ്രിയം ഗാർഗിനെ പുറത്താക്കി ബുംറ സൺറൈസേഴ്സിന്റെ അഞ്ചാം വിക്കറ്റെടുത്തു. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ സൺറൈസേഴ്സ് പതറി. ഹോൾഡറും (1), റാഷിദും (9), സാഹയും (2) നിരാശപ്പെടുത്തി. മറുവശത്ത് അർധസെഞ്ചുറിയുമായി പൊരുതി മനീഷ് പാണ്ഡെ ടീമിനെ മികച്ച നിലയിലെത്തിച്ചു. 41 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും സഹായത്തോടെ മനീഷ് 69 റൺസെടുത്ത് പുറത്താവാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി നീഷാം, ബുംറ, കോൾട്ടർ നൈൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റ് സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഓപ്പണർ ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ഇന്നിങ്‌സുകളുടെ കരുത്തിലാണ് വമ്പൻ സ്‌കോർ കുറിച്ചത്.32 പന്തിൽ 84 റൺസടിച്ച ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറർ. സൂര്യകുമാർ യാദവ് 40 പന്തിൽ 82 റൺസടിച്ചു. ഹൈദരാബാദിനായി ജേസൺ ഹോൾഡർ നാലു വിക്കറ്റെടുത്തു.

പ്ലേ ഓഫിലെത്താൻ 171 റൺസിൽ കുറയാത്ത കൂറ്റൻ വിജയമെന്ന ലക്ഷ്യവുമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യൻസിനായി ഇഷാൻ കിഷൻ ആദ്യ ഓവറിൽ തന്നെ വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എരിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തിയാണ് കിഷൻ തുടങ്ങിയത്. ആദ്യ ഓവറിൽ എട്ട് റൺസടിച്ച മുംബൈ സിദ്ധാർത്ഥ് കൗൾ എറിഞ്ഞ രണ്ടാം ഓവറിൽ 18 റൺസടിച്ചു. നബി എറിഞ്ഞ മൂന്നാം ഓവറിലും പിറന്നും 15 റൺസ്. ജേസൺ ഹോൾഡർ എറിഞ്ഞ നാലാം ഓവറിൽ 22 റൺസടിച്ച് മുംബൈയും കിഷനും 50 തികച്ചു. ഉംറാൻ മാലിക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ മൂന്ന ബൗണ്ടറിയടക്കം 15 റൺസാണ് മുംബൈ അടിച്ചെടുത്തത്. റാഷിദ് ഖാൻ എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ അഞ്ച് റൺസ് നേടാനെ മുംബൈക്കായുള്ളു. രോഹിത്തിന്റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.

പവർ പ്ലേക്കുശേഷവും അടി തുടർന്ന് ഇഷാൻ എട്ടാം ഓവറിൽ മുംബൈ സ്‌കോർ 100 കടത്തി. ഇതിനിടെ രോഹിത് ശർമയെയും(18), ഹാർദ്ദിക് പാണ്ഡ്യയയെയും(10) നഷ്ടമായെങ്കിലും ഇഷാൻ അടി തുടർന്നു. ഒടുവിൽ പത്താം ഓവറിൽ ഉംറാൻ മലിക്കിന്റെ പന്തിൽ വൃദ്ധിമാൻ സാഹകക്ക് പിടികൊടുത്ത് ഇഷാൻ കിഷൻ(32 പന്തിൽ 84)മടങ്ങുമ്പോൾ മുംബൈ സ്‌കോർ 124 റൺസിലെത്തിയിരുന്നു. 11 ഫോറും നാല് സിക്‌സും പറത്തിയാണ് ഇഷാൻ 84 റൺസടിച്ചത്.

മധ്യനിരയിൽ കീറോൺ പൊള്ളാർഡും(12 പന്തിൽ 13) ക്രുനാൽ പാണ്ഡ്യയും(9), ജിമ്മി നീഷാമും(0) നിരാശപ്പെടുത്തിയെങ്കിലും ഒരറ്റത്ത് സ്‌കോറിങ് നിരക്ക് താഴാതെ കാത്ത സൂര്യകുമാർ യാദവ്(40 പന്തിൽ 82) മുംബൈയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. ഹൈദരാബാദിനായി ജേസൺ ഹോൾഡർ നാലും റാഷിദ് ഖാനും അഭിഷേക് ശർമയും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP