Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫിനിഷിങ് മികവ് വീണ്ടെടുത്ത് പാണ്ഡ്യ-പൊള്ളാർഡ് സഖ്യം; മുംബൈ ഇന്ത്യൻസ് വീണ്ടും വിജയ വഴിയിൽ; പഞ്ചാബിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; പ്ലേ ഓഫ് സാധ്യത നിലനിർത്തി; ബുധനാഴ്ച രാജസ്ഥാനും ബാംഗ്ലൂരും ഏറ്റുമുട്ടും

ഫിനിഷിങ് മികവ് വീണ്ടെടുത്ത് പാണ്ഡ്യ-പൊള്ളാർഡ് സഖ്യം; മുംബൈ ഇന്ത്യൻസ് വീണ്ടും വിജയ വഴിയിൽ; പഞ്ചാബിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; പ്ലേ ഓഫ് സാധ്യത നിലനിർത്തി; ബുധനാഴ്ച രാജസ്ഥാനും ബാംഗ്ലൂരും ഏറ്റുമുട്ടും

സ്പോർട്സ് ഡെസ്ക്

അബുദാബി: ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. പഞ്ചാബ് മുന്നോട്ടുവെച്ച 136 റൺസ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ നേടി. അവസാന ഓവറുകളിലെ ഹർദിക് പാണ്ഡ്യ കീറോൺ പൊള്ളാർഡ് വെടിക്കെട്ടാണ് മുംബൈയെ ജയത്തിലെത്തിച്ചത്.സ്‌കോർ: പഞ്ചാബ് കിങ്സ് 20 ഓവറിൽ ആറഇന് 135. മുംബൈ ഇന്ത്യൻസ് 19 ഓവറിൽ നാലിന് 137.

തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ തോറ്റ മുംബൈയ്ക്ക് ഏറെ പ്രതീക്ഷ പകരുന്ന വിജയമാണിത്. തകർന്ന ഘട്ടത്തിൽ ചെറുത്തുനിന്ന സൗരഭ് തിവാരിയും അവസാന ഓവറുകളിൽ അടിച്ചുതകർത്ത ഹാർദിക് പാണ്ഡ്യ- പൊള്ളാർഡ് സഖ്യവുമാണ് മുംബൈയുടെ ജയത്തിൽ നിർണായകമായത്. ഈവിജയത്തോടെ മുംബൈ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. പഞ്ചാബ് ആറാമതാണ്.

136 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ശ്രദ്ധയോടെയാണ് ഓപ്പണർമാർ ബാറ്റ് വീശിയത്. നാലാം ഓവറിലെ മൂന്നാം പന്തിൽ സ്പിന്നർ രവി ബിഷ്ണോയ് നായകൻ രോഹിത് ശർമ്മയെ(10 പന്തിൽ 8) മന്ദീപിന്റെ കൈകളിലാക്കി. തൊട്ടടുത്ത പന്തിൽ സൂര്യകുമാർ യാദവിനെ(0) ബൗൾഡാക്കി ബിഷ്ണോയ് ഇരട്ട പ്രഹരം മുംബൈക്ക് നൽകി. എന്നാൽ ഹാട്രിക് പന്തിൽ സൗരഭ് തിവാരി സിംഗിൾ നേടി. ഡികോക്ക്-തിവാരി സഖ്യത്തിന്റെ പോരാട്ടം 45 റൺസ് കൂട്ടുകെട്ടിൽ അവസാനിച്ചു. 29 പന്തിൽ 27 റൺസെടുത്ത ഡികോക്കിനെ 10-ാം ഓവറിൽ ഷമി ബൗൾഡാക്കി.

നിലയുറപ്പിക്കാൻ ശ്രമിച്ച തിവാരിയെ 37 പന്തിൽ 45 റൺസെടുത്ത് നിൽക്കേ എല്ലിസ് രാഹുലിന്റെ കൈകളിലെത്തിച്ചതോടെ പഞ്ചാബിന് ചെറിയ പ്രതീക്ഷയായി. എന്നാൽ ക്രീസിൽ ഒത്തുചേർന്ന ഹർദിക് പാണ്ഡ്യയും(30 പന്തിൽ 40*), കീറോൺ പൊള്ളാർഡും(7 പന്തിൽ 15*) പഞ്ചാബ് ബൗളർമാരെ അനായാസം പറത്തി മുംബൈയെ ജയത്തിലെത്തിച്ചു. പഞ്ചാബിനായി രവി ബിഷ്ണോയി രണ്ടുവിക്കറ്റെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ മുഹമ്മദ് ഷമി, നതാൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബൗളർമാർ പഞ്ചാബ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. എയ്ഡൻ മാർക്രത്തിന്റെയും ദീപക് ഹൂഡയുടെയും ചെറുത്തുനിൽപ്പാണ് പഞ്ചാബിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

ഒരു ഘട്ടത്തിൽ 48 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന പഞ്ചാബിനെ ഹൂഡ-മാർക്രം സഖ്യമാണ് 100 കടത്തിയത്. പഞ്ചാബിന്റെ മുൻനിര ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഓപ്പണിങ്ങിൽ മാറ്റം വരുത്തി. മായങ്ക് അഗർവാളിന് പകരം മൻദീപ് സിങ്ങാണ് രാഹുലിനൊപ്പം ഓപ്പൺ ചെയ്തത്. ഇരുവരും ശ്രദ്ധിച്ചാണ് ഇന്നിങ്സ് ആരംഭിച്ചത്.

ആദ്യ അഞ്ചോവറിൽ ഇരുവരും ചേർന്ന് 35 റൺസെടുത്തു. എന്നാൽ ആറാം ഓവറിലെ രണ്ടാം പന്തിൽ മൻദീപിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ക്രുനാൽ പാണ്ഡ്യ പഞ്ചാബിന്റെ ആദ്യ വിക്കറ്റെടുത്തു. 14 പന്തുകളിൽ നിന്ന് 15 റൺസെടുത്താണ് മൻദീപ് മടങ്ങിയത്. മൻദീപിന് പകരം ക്രിസ് ഗെയ്ൽ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെടുത്തു.

ഗെയ്ൽ ഈ മത്സരത്തിലും നിരാശപ്പെടുത്തി. നാലുപന്തിൽ നിന്ന് ഒരു റൺസ് മാത്രമെടുത്ത ഗെയ്ൽ പൊള്ളാർഡിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകി മടങ്ങി. അതേ ഓവറിൽ തന്നെ രാഹുലിനെയും മടക്കി പൊള്ളാർഡ് പഞ്ചാബിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. 22 പന്തുകളിൽ നിന്ന് 21 റൺസെടുത്ത രാഹുലിനെ പൊള്ളാർഡ് ബുംറയുടെ കൈയിലെത്തിച്ചു. ഇതോടെ പഞ്ചാബ് തകർന്നു.

രാഹുലിന് പകരമായി ക്രീസിലെത്തിയ വെടിക്കെട്ട് താരം നിക്കോളാസ് പൂരാനെ നിലയുറപ്പിക്കുംമുൻപ് മടക്കി ജസ്പ്രീത് ബുംറ പഞ്ചാബിന്റെ നാലാം വിക്കറ്റ് വീഴ്‌ത്തി. വെറും രണ്ട് റൺസ് മാത്രമെടുത്ത് പൂരാൻ പുറത്താകുമ്പോൾ പഞ്ചാബ് 48 ന് നാല് വിക്കറ്റ് എന്ന ദയനീയമായ നിലയിലെത്തി.

പിന്നീട് ക്രീസിലൊന്നിച്ച ദീപക് ഹൂഡയും എയ്ഡൻ മാർക്രവും ചേർന്ന് പഞ്ചാബിനെ രക്ഷിക്കാൻ ആരംഭിച്ചു. ആദ്യ പത്തോവറിൽ 62 റൺസ് മാത്രമാണ് ടീമിന് നേടാനായത്. ഹൂഡയും മാർക്രവും ചേർന്ന് പതിയെ പഞ്ചാബിനെ രക്ഷിച്ചു. സിംഗിളുകളും ഡബിളുകളുമൊക്കെയായി ഇരുവരും സ്‌കോർ ഉയർത്തി. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ടീം സ്‌കോർ 100 കടത്തുകയും ചെയ്തു.

മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ടിനെ രാഹുൽ ചാഹർ ഭേദിച്ചു. സ്‌കോർ 109-ൽ നിൽക്കേ മാർക്രത്തെ ക്ലീൻ ബൗൾഡാക്കി ചാഹർ കൂട്ടുകെട്ട് പൊളിച്ചു. 29 പന്തുകളിൽ നിന്ന് ആറ് ബൗണ്ടറികളുടെ സഹായത്തോടെ 42 റൺസെടുത്ത മാർക്രം ഹൂഡയ്ക്കൊപ്പം 61 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ക്രീസ് വിട്ടത്.

പിന്നാലെ റൺറേറ്റ് ഉയർത്താൻ ശ്രമിച്ച ഹൂഡയും മടങ്ങി. 19-ാം ഓവറിൽ ബുംറയുടെ പന്തിൽ സിക്സ് നേടാനുള്ള താരത്തിന്റെ ശ്രമം പൊള്ളാർഡിന്റെ കൈയിലൊതുങ്ങി. 26 പന്തുകളിൽ നിന്ന് ഹൂഡ 28 റൺസെടുത്തു. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും കീറൺ പൊള്ളാർഡും രണ്ട് വിക്കറ്റ് വീതമെടുത്തു. രാഹുൽ ചാഹർ, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP