Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശത്തിൽ സൺറൈസേഴ്‌സിനെ കീഴ്‌പ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; കിങ് ഖാന്റെ ടീമിന് വിജയം സമ്മാനിച്ചത് തീതുപ്പുന്ന പന്തുകളുമായി കളം നിറഞ്ഞ ലോക്കി ഫെർഗൂസൻ; ഐപിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരം

സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശത്തിൽ സൺറൈസേഴ്‌സിനെ കീഴ്‌പ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; കിങ് ഖാന്റെ ടീമിന് വിജയം സമ്മാനിച്ചത് തീതുപ്പുന്ന പന്തുകളുമായി കളം നിറഞ്ഞ ലോക്കി ഫെർഗൂസൻ; ഐപിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരം

മറുനാടൻ ഡെസ്‌ക്‌

അബുദാബി: അടിമുടി നിറഞ്ഞു നിന്ന ഫെർഗൂസൻ ഷോയിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ തകർത്തുകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. തീതുപ്പുന്ന പന്തുകളുമായി കളം നിറഞ്ഞ ലോക്കി ഫെർഗൂസനാണ് കൊൽക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് വെറും രണ്ട് റൺസ് മാത്രമാണ് എടുത്തത്. ഇത് അനായാസം കൊൽക്കത്ത മറികടക്കുകയായിരുന്നു.

നേരത്തെ മൂന്നുവിക്കറ്റെടുത്ത ഫെർഗൂസന്റെ തീപാറുന്ന പന്തുകൾക്ക് മുന്നിൽ സൺറൈസേഴ്സിന് പിടിച്ചുനിൽക്കാനായില്ല. തോൽവിയിൽ നിന്നും വിജയത്തിന്റെ വക്കിലെത്തി. അവിടെ നിന്നും വീണ്ടും തകർന്നടിയുകയായിരുന്നു സൺ റൈസേഴ്‌സ്. സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടപ്പോഴാണ് കൊൽക്കത്ത വിജയം തട്ടിപ്പറിച്ചത്. ആദ്യ പന്തിൽ വാർണറെ ക്ലീൻ ബൗൾഡ് ആക്കിയ ഫെർഗൂസൻ മൂന്നാം പന്തിൽ സമദിനെ പുറത്താക്കി മത്സരം കൊൽക്കത്തയുടെ വരുതിയിലാക്കി. മൂന്നുറൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത അനായാസം സ്‌കോർ കണ്ടെത്തുകയും ചെയ്തു.

ഡേവിഡ് വാർണർ (33 പന്തിൽ 47), ജോണി ബെയർസ്‌റ്റോ (28 പന്തിൽ 36) കെയിൻ വില്യംസൺ (19 പന്തിൽ 29) എന്നിവരായിരുന്നു ഹൈദരാബാദിന് വേണ്ടി പൊരുതിയത്. വാലറ്റത്ത് 15 പന്തിൽ 23 റൺസുമായി അബ് ദുൽ സമദ് ആഞ്ഞ് വീശിയെങ്കിലും സ്‌കോർ 163ൽ ഒതുങ്ങുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ വാർണറുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു കൊൽക്കത്തയുടേത്. പതിഞ്ഞ തുടക്കത്തിൽ രാഹുൽ ത്രിപാഠിയും ശുഭ്മാൻ ഗില്ലും ചേർന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഓപ്പണിംഗിൽ 48 റൺസ് ചേർത്തു. പിന്നാലെയെത്തിയവരും ടീമിന് വമ്പൻ സ്‌കോർ സമ്മാനിക്കാൻ തക്കവണ്ണമുള്ള പ്രകടനമൊന്നും നടത്തിയില്ല.

എങ്കിലും അവസാന ഓവറുകളിൽ ഇയാൻ മോർഗനും ദിനേഷ് കാർത്തിക്കും ചേർന്ന് നടത്തിയ വെടിക്കെട്ടാണ് സ്‌കോർ 150 കടത്തിയത്. കാർത്തിക് 14 പന്തിൽ 24 റൺസും. മോർഗൻ 23 പന്തിൽ 34 റൺസാണ് അടിച്ചുകൂട്ടിയത്. ഹൈദരാബാദിന് വേണ്ടി ബേസിൽ നാലോവറിൽ 46 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളെടുത്തു. നടരാജൻ നാൽപ്പത് റൺസ് വഴങ്ങി രണ്ട് വിക്കറ്റുമെടുത്തു. വിജയ് ശങ്കർ, റാഷിദ് ഖാൻ, എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സും നിശ്ചിത ഓവറിൽ ഇതേ സ്‌കോർ എടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. അവസാന ഓവറിൽ ജയിക്കാൻ 18 റൺസായിരുന്നു സൺറൈസേഴ്സിന് വേണ്ടിയിരുന്നത്. ആന്ദ്രെ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് കണ്ടെത്തി ക്യാപ്റ്റൻ വാർണറാണ് മത്സരം സമനിലയിലാക്കിയത്. ഒരു ഘട്ടത്തിൽ തോൽവിയിലേക്ക് പോകുകയായിരുന്ന ടീമിനെ ഒറ്റയ്ക്ക് സമനിലയിലേക്ക് നയിച്ചത് വാർണറാണ്. അദ്ദേഹം 33 പന്തുകളിൽ നിന്നും പുറത്താവാതെ 47 റൺസെടുത്തു.

163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്സിന് വേണ്ടി ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും കെയ്ൻ വില്യംസണും ചേർന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. ഇന്ന് ക്യാപ്റ്റൻ ഡേവിഡ് വാർണർക്ക് പകരം വില്യംസണാണ് ഓപ്പണറായി ഇറങ്ങിയത്. കിട്ടിയ അവസരം വില്യംസൺ നന്നായി ഉപയോഗിച്ചു. ഇരുവരും ചേർന്ന് 5.2 ഓവറിൽ സ്‌കോർ 50 കടത്തി.

എന്നാൽ ഏഴാം ഓവറിലെ ആദ്യ പന്തിൽ വില്യംസണെ പുറത്താക്കി ലോക്കി ഫെർഗൂസൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ഈ സീസണിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ച ഫെർഗൂസൻ ആദ്യ പന്തിൽ തന്നെ 29 റൺസെടുത്ത വില്യംസണെ പുറത്താക്കി. പിന്നാലെയെത്തിയത് യുവതാരം പ്രിയം ഗാർഗാണ്. ബാറ്റിങ് ലൈനപ്പിൽ മാറ്റങ്ങളുമായാണ് സൺറൈസേഴ്സ് ഇന്നിറങ്ങിയത്.

പ്രിയം ഗാർഗിനെ മടക്കി ഫെർഗൂസൻ വീണ്ടും സൺറൈസേഴ്സിന് പ്രഹരമേൽപ്പിച്ചു. ഇത്തവണ നാലാമനായാണ് ക്യാപ്റ്റൻ വാർണർ ക്രീസിലെത്തിയത്.. തൊട്ടടുത്ത ഓവറിൽ 36 റൺസെടുത്ത ബെയർസ്റ്റോയും മടങ്ങി. വരുൺ ചക്രവർത്തിക്കാണ് വിക്കറ്റ്. തൊട്ടുപിന്നാലെ മനീഷ് പാണ്ഡെയെ ക്ലീൻ ബൗൾഡാക്കി ഫെർഗൂസൻ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു.

ഈ മത്സരത്തിലൂടെ ഡേവിഡ് വാർണർ ഐ.പി.എല്ലിൽ 5000 റൺസ് നേടി റെക്കോഡിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദേശ താരമാണ് വാർണർ. മനീഷ് പാണ്ഡെയ്ക്ക് പകരമെത്തിയത് വിജയ് ശങ്കറാണ്. ബൗളിങ്ങിൽ പുലർത്തിയ മികവ് ബാറ്റിങ്ങിൽ പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. പാറ്റ് കമ്മിൻസിന്റെ പന്തിൽ ശങ്കർ പുറത്തായി. പക്ഷേ ഒരറ്റത്ത് ക്യാപ്റ്റൻ വാർണർ പതറാതെ പിടിച്ചുനിന്നു. പിന്നാലെയെത്തിയ സമദുമായി ചേർന്ന് വാർണർ രക്ഷാപ്രവർത്തനം നടത്തി. അവസാന ഓവറിൽ മികച്ച പ്രകടനം പുറത്തെടുത്ത വാർണർ സമനിലയും നേടി.

കൊൽക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെർഗൂസൻ നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. സൂപ്പർ ഓവറിൽ രണ്ട് വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. അവസാന ഓവറുകളിൽ തകർത്തടിച്ച ക്യാപ്റ്റൻ മോർഗനും ദിനേഷ് കാർത്തിക്കുമാണ് ഭേദപ്പെട്ട സ്‌കോർ കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും രാഹുൽ ത്രിപാഠിയും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് പവർപ്ലേയിൽ 48 റൺസ് നേടി. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് നടരാജൻ സൺറൈസേഴ്സിന് വിക്കറ്റ് സമ്മാനിച്ചു. 16 പന്തുകളിൽ നിന്നും 23 റൺസെടുത്ത രാഹുൽ ത്രിപാഠിയെ നടരാജൻ ക്ലീൻ ബൗൾഡ് ചെയ്തു. ത്രിപാഠിക്ക് ശേഷം നിതീഷ് റാണ ക്രീസിലെത്തി.

റാണയും ഗില്ലും ചേർന്ന് മികച്ച കൂട്ടുകെട്ടുമായി കൊൽക്കത്ത ഇന്നിങ്സ് മുന്നോട്ട് നയിച്ചു. എന്നാൽ സ്‌കോർബോർഡ് 87-ൽ നിൽക്കെ റാഷിദ്ഖാൻ ഗില്ലിന്റെ വിക്കറ്റെടുത്ത് കളി വീണ്ടും സൺറൈസേഴ്സിന് അനുകൂലമാക്കി. 36 റൺസെടുത്ത ഗില്ലിനെ മനോഹരമായ ഒരു ക്യാച്ചിലൂടെ പ്രിയം ഗാർഗ് പുറത്താക്കി. തൊട്ടടുത്ത ഓവറിൽ 29 റൺസെടുത്ത റാണയെ പുറത്താക്കി വിജയ് ശങ്കർ കൊൽക്കത്തയ്ക്ക് ഇരട്ടപ്രഹരം ഏൽപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP