Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരോവറിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി പാറ്റ് കമിൻസ്; മൂന്ന് റണ്ണൗട്ടുകളും; 13 റൺസിനിടെ നിലംപൊത്തിയത് അവസാന ആറ് വിക്കറ്റുകൾ; മുംബൈ ഇന്ത്യൻസിന് ഒൻപതാം തോൽവി; കൊൽക്കത്ത ജയം 52 റൺസിന്

ഒരോവറിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി പാറ്റ് കമിൻസ്; മൂന്ന് റണ്ണൗട്ടുകളും; 13 റൺസിനിടെ നിലംപൊത്തിയത് അവസാന ആറ് വിക്കറ്റുകൾ; മുംബൈ ഇന്ത്യൻസിന് ഒൻപതാം തോൽവി; കൊൽക്കത്ത ജയം 52 റൺസിന്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ഒൻപതാം തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 17.3 ഓവറിൽ 113 റൺസിനു പുറത്തായി. കൊൽക്കത്തയ്ക്ക് 52 റൺസ് വിജയം.

വിജയപ്രതീക്ഷ ഉയർത്തിയശേഷം അവിശ്വസനീയമായി തകർന്നടിഞ്ഞാണ് മുംബൈ കനത്ത തോൽവി വഴങ്ങിയത്. അവസാന ആറ് വിക്കറ്റുകൾ 13 റൺസിന് നഷ്ടമായ മുംബൈ 17.3 ഓവറിൽ 113 റൺസുമായി കൂടാരം കയറി.

ഒരോവറിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ പാറ്റ് കമിൻസും മൂന്ന് റണ്ണൗട്ടുകളുമാണ് മുംബൈയുടെ വിധിയെഴുതിയത്. 43 പന്തിൽ 51 റൺസെടുത്ത ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറർ. സ്‌കോർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ 165-9, മുംബൈ ഇന്ത്യൻസ് 17.3 ഓവറിൽ 113ന് ഓൾ ഔട്ട്.

ക്യാപ്റ്റൻ രോഹിത് ശർമയടക്കം (2) മുംബൈയുടെ ആറ് താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. രമൺദീപ് സിങ് (16 പന്തിൽ 12), ടിം ഡേവിഡ് (9 പന്തിൽ 13), കീറൺ പൊള്ളാർഡ് (16 പന്തിൽ 15) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന റൺവേട്ടക്കാർ.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് തുടക്കം മുതൽ അടിതെറ്റി. ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ(2) ടിം സൗത്തി മടക്കി. പവർ പ്ലേക്ക് മുമ്പ് വൺഡൗണായി എത്തിയ തിലക് വർമയും(6) ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി. രമൺദീപിനെ(12) കൂട്ടുപിടിച്ച് ഇഷാൻ കിഷൻ മുംബൈയെ 50 കടത്തി.

തിലക് വർമക്ക് പിന്നാലെ രമൺദീപിനെയും വീഴ്‌ത്തിയ റസൽ മുംബൈക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. വമ്പനടിക്കാരാനായ ടിം ഡേവിഡിനെ(13) വരുൺ ചക്രവർത്തി മടക്കിയപ്പോൾ ഇഷാൻ കിഷൻ(51), മുരുഗൻ അശ്വിൻ(0), ഡാനിയേൽ സാംസ്(1) എന്നിവരെ ഒരോവറിൽ വീഴ്‌ത്തി പാറ്റ് കമിൻസ് മുംബൈയെ കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടു. 100-4 എന്ന സ്‌കോറിൽ നിന്ന് മുംബൈ 102ന് ഏഴിലേക്ക് കൂപ്പു കുത്തി.

സിക്‌സടിച്ച് തുടങ്ങിയ പൊള്ളാർഡ്(15) നൽകിയ ക്യാച്ച് ഷെൽഡൺ ജാക്‌സൺ നിലത്തിട്ടെങ്കിലും രണ്ടാം റണ്ണിനോടിയ പൊള്ളാർഡിനെ വരുൺ ചക്രവർത്തിയുടെ ത്രോയിൽ ശ്രേയസ് അയ്യർ റണ്ണൗട്ടാക്കിയതോടെ മുംബൈയുടെ പോരാട്ടം തീർന്നു. കുമാർ കാർത്തികേയയും ജസ്പ്രീത് ബുമ്രയും കൂടി റണ്ണൗട്ടായതോടെ മുംബൈ വീണ്ടും തലകുനിച്ച് മടങ്ങി.

കൊൽക്കത്തക്കായി പാറ്റ് കമിൻസ് നാലോവറിൽ 22 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ആന്ദ്രെ റസൽ 2.3 ഓവറിൽ 22 റൺസിന് രണ്ട് വിക്കറ്റെടുത്തു.ടിം സൗത്തി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും ജസ്പ്രീത് ബുമ്രയുടെ ബോളിങ്ങിനു മുന്നിൽ മധ്യനിരയും വാലറ്റവും തകർന്നുപോയതാണു കൊൽക്കത്തയെ കൂറ്റൻ സ്‌കോറിൽനിന്ന് അകറ്റിയത്.

ജസ്പ്രീത് ബുമ്രയുടെ അഞ്ച് വിക്കറ്റ് പ്രകടനം കൊൽക്കത്തയെ 165ൽ ഒതുക്കി. നാല് ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ആന്ദ്രെ റസ്സൽ, ഷെൽഡൻ ജാക്‌സൻ, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ടിം സൗത്തി എന്നിവരെയാണു ബുമ്ര പുറത്താക്കിയത്.

24 പന്തിൽ 43 റൺസെടുത്ത ഓപ്പണർ വെങ്കടേഷ് അയ്യരും 26 പന്തിൽ 43 റൺസെടുത്ത നിതിഷ് റാണയുമാണു കെകെആറിന്റെ ടോപ് സ്‌കോറർമാർ. ഓപ്പണർ അജിൻക്യ രഹാനെ 24 പന്തിൽ 25 റൺസെടുത്തു പുറത്തായി. മധ്യനിരയിൽ റിങ്കു സിങ് മാത്രമാണു തിളങ്ങിയത്. 19 പന്തുകൾ നേരിട്ട താരം 23 റൺസെടുത്ത് പുറത്താകാതെനിന്നു.

11 മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമാത്രമുള്ള മുംബൈ പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. അഞ്ചാം ജയത്തോടെ പത്ത് പോയിന്റുമായി കൊൽക്കത്ത ഏഴാം സ്ഥാനത്തേക്കു കയറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP