Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202121Thursday

ബാംഗ്ലൂരിനെ എറിഞ്ഞു വീഴ്‌ത്തി വരുണും റസലും; തകർത്തടിച്ച ഗില്ലും വെങ്കിടേഷും; കൊൽക്കത്തയ്ക്ക് അനായാസ ജയം; റൺറേറ്റ് മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത്; പ്ലേ ഓഫ് സാധ്യത നിലനിർത്തി

ബാംഗ്ലൂരിനെ എറിഞ്ഞു വീഴ്‌ത്തി വരുണും റസലും; തകർത്തടിച്ച ഗില്ലും വെങ്കിടേഷും; കൊൽക്കത്തയ്ക്ക് അനായാസ ജയം; റൺറേറ്റ് മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത്; പ്ലേ ഓഫ് സാധ്യത നിലനിർത്തി

സ്പോർട്സ് ഡെസ്ക്

അബുദാബി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഒൻപത് വിക്കറ്റിന് തകർത്തുകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 19 ഓവറിൽ 92 റൺസിന് ഓൾ ഔട്ടായപ്പോൾ 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി.

48 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് വിജയത്തിനരികെ കൊൽക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യരും(27 പന്തിൽ 41) ആന്ദ്രെ റസലും(0) പുറത്താകാതെ നിന്നു.



തുടക്കക്കാരന്റെ പതർച്ചയൊന്നുമില്ലാതെ ആദ്യ ഓവറിൽ തന്നെ മുഹമ്മദ് സിറാജിനെ രണ്ടുതവണ ബൗണ്ടറി കടത്തിയ വെങ്കിടേഷ് അയ്യർ ലക്ഷ്യം വ്യക്തമാക്കി. അയ്യരിൽ നിന്ന് പ്രചോദനും ഉൾക്കൊണ്ട് തകർത്തടിച്ച ശുഭ്മാൻ ഗിൽ 34 പന്തിൽ 48 റൺസുമായി മടങ്ങിയെങ്കിലും വെങ്കിടേഷ് അയ്യരും ആന്ദ്രെ റസലും ചേർന്ന് കൊൽക്കത്തയുടെ ജയം പൂർത്തിയാക്കി. അർധസെഞ്ചുറിക്ക് അരികെ ചാഹലാണ് ഗില്ലിനെ മടക്കിയത്.

ജയത്തോടെ റൺറേറ്റ് മെച്ചപ്പെടുത്തിയ കൊൽക്കത്ത ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബാംഗ്ലൂർ മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആന്ദ്രെ റസലും വരുൺ ചക്രവർത്തിയും ചേർന്നാണ് ബാംഗ്ലൂരിനെ എറിഞ്ഞിട്ടത്.

അഞ്ച് റൺസ് മാത്രമെടുത്ത കോലിയെ രണ്ടാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ വിക്കറ്റിന് മുന്നിൽ കുടുക്കി. പ്രസിദ്ധിനെതിരെ മനോഹരമായൊരു കവർ ഡ്രൈവ് ബൗണ്ടറി നേടിയശേഷം അടുത്ത പന്തിലാണ് കോലി വീണത്.

കോലി തുടക്കത്തിലെ മടങ്ങിയശേഷം മലയാളി താരം ദേവ്ദത്ത് പടിക്കലും അരങ്ങേറ്റക്കാരൻ ശ്രീകർ ഭരത്തും പവർപ്ലേയിൽ പിടിച്ചു നിന്നതോടെ ബാംഗ്ലൂർ കരകയറുമെന്ന് തോന്നിച്ചു. എന്നാൽ പവർപ്ലേയിലെ അവസാന പന്തിൽ ആന്ദ്രെ റസൽ പടിക്കലിനെ(22) ദിനേശ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചതോടെ ബാംഗ്ലൂരിന്റെ തകർച്ച തുടങ്ങി. പിന്നാലെ എ ബി ഡിവില്ലിയേഴ്‌സിനെ(0) നേരിട്ട ആദ്യ പന്തിൽ മനോഹരമായൊരു യോർക്കറിൽ ക്ലീൻ ബൗൾഡാക്കിയ റസൽ ബാംഗ്ലൂരിനെ ഞെട്ടിച്ചു.



റസലിന്റെ ഇരട്ടപ്രഹരത്തിന് പിന്നാലെ വരുൺ ചക്രവർത്തിയുടെ ഊഴമായിരുന്നു. പിടിച്ചു നിൽക്കാൻ ശ്രമിച്ച ഗ്ലെൻ മാക്‌സ്വെല്ലിനെ(10) ക്ലീൻ ബൗൾഡാക്കിയ ചക്രവർത്തി തൊട്ടടുത്ത പന്തിൽ വനിൻഡു ഹസരങ്കയെ വിക്കറ്റിന് മുന്നിൽ കുടുക്കി ഹാട്രിക്കിന് അടുത്തെത്തി. ഹാട്രിക്ക് നഷ്ടമായെങ്കിലും അടുത്ത ഓവറിൽ സച്ചിൻ ബേബിയെയും(7) വീഴ്‌ത്തി വരുൺ കൊൽക്കത്തയുടെ ബൗളിങ് ചക്രവർത്തിയായി. കെയ്ൽ ജയ്മിസണെ(4) ചക്രവർത്തി റണ്ണൗട്ടാക്കിയപ്പോൾ ഹർഷൽ പട്ടേലിനെ(12) ലോക്കി ഫെർഗൂസൻ യോർക്കറിൽ മടക്കി.

രണ്ട് താരങ്ങൾ ആർസിബിക്കായി ഇന്ന് അരങ്ങേറ്റം നടത്തി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എസ് ഭരതും രണ്ടാംപാതിയിയിൽ ആർസിബിക്കൊപ്പമെത്തിയ വാനിഡു ഹസരങ്കയും. കൊൽക്കത്ത നിരയിൽ വെങ്കിടേഷ് അയ്യരും അരങ്ങേറ്റം കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP