Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202326Tuesday

'മോസ്റ്റ് വാല്യുബിൾ പ്ലേയർ' ജഡേജ തന്നെ; കലാശപ്പോരിലും മികവ് തെളിയിച്ച് താരം; പിന്നാലെ ട്വീറ്റും; 'എം.എസ്. ധോണി, മഹി ഭായ് നിങ്ങൾക്കുവേണ്ടി'; ഐപിഎൽ കിരീടവുമായി താനും ഭാര്യയും ധോണിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ജഡേജ

'മോസ്റ്റ് വാല്യുബിൾ പ്ലേയർ' ജഡേജ തന്നെ; കലാശപ്പോരിലും മികവ് തെളിയിച്ച് താരം; പിന്നാലെ ട്വീറ്റും; 'എം.എസ്. ധോണി, മഹി ഭായ് നിങ്ങൾക്കുവേണ്ടി'; ഐപിഎൽ കിരീടവുമായി താനും ഭാര്യയും ധോണിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ജഡേജ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയെ ജയത്തിലെത്തിച്ച വിരാട് കോലിയെ എടുത്തുയർത്തുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ ചിത്രം ഇന്ത്യൻ ആരാധകരുടെ മനസിൽ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. പരാജയ മുനമ്പിൽ നിന്ന് അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയർത്തിയ കളിക്കാരനെ അതല്ലാതെ എന്താണ് ഒരു നായകന് ചെയ്യാനാകുക.

സമാനമായ കാഴ്ചയ്ക്കാണ് ഇന്നലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ സാക്ഷിയായത്. ചെന്നൈ സൂപ്പർ കിങ്‌സിനായി വിജയറൺ നേടിയശേഷം ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ രവീന്ദ്ര ജഡേജയെ എം എസ് ധോണി തന്റെ കാൽമുട്ടിലെ വേദനപോലും മറന്ന് എടുത്തുയർത്തിയ കാഴ്ച.

കാരണം. ഈ സീസണിൽ ധോണിയും ജഡേജയും തമ്മിൽ അത്ര നല്ല രസത്തിലല്ലെന്ന റിപ്പോർട്ടുകളായിരുന്നു പലപ്പോഴും ചെന്നൈ ടീമിൽ നിന്ന് പുറത്തുവന്നത്. പല മത്സരങ്ങളിലും ധോണിക്ക് മുമ്പെ ജഡേജ ക്രീസിലെത്തുമ്പോൾ താൻ പുറത്താവാൻ വേണ്ടി പ്രാർത്ഥിക്കുന്ന ആരാധകരുണ്ടെന്ന് ജഡേജ തന്നെ മുമ്പ് തമാശയായി പറയുകയും ചെയ്തിരുന്നു.

എന്നാൽ ഇന്നലെ ധോണിക്ക് ശേഷം ജഡേജ ക്രീസിലെത്തിയപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചിട്ടുണ്ടാകുക ജഡേജ പുറത്താകരുതെ എന്നായിരിക്കും. ചെന്നൈയുടെ വിജയലക്ഷ്യം അവസാന രണ്ട് പന്തിൽ പത്ത് റൺസായതോടെ ഡഗ് ഔട്ടിൽ കണ്ണടച്ച് ധ്യാനിച്ചിരിക്കുകയായിരുന്നു ധോണി.

ജഡേജക്ക് മുമ്പിറങ്ങി ഗോൾഡൻ ഡക്കായതിന്റെ നിരാശയായിരുന്നില്ല ഒരുപക്ഷെ അവസാന രണ്ട് പന്തിൽ ജഡേജ അത്ഭുതം കാട്ടുമെന്ന വിശ്വാസമായിരുന്നിരിക്കണം അത്. മോഹിത് ശർമയെ ആദ്യം ലോംഗ് ഓണിന് മുകളിലൂടെ സിക്‌സിനും പിന്നാലെ ഫൈൻ ലെഗ്ഗിലൂടെ ബൗണ്ടറിയും പായിച്ച് ആവേശജയം സ്വന്തമാക്കി ഓടിയെത്തിയ ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ ജഡേജയെ എടുത്തുയർത്തിയാണ് ധോണി സന്തോഷം പ്രകടിപ്പിച്ചത്.

ചെന്നൈ ടീമിന്റെ മോസ്റ്റ് വാല്യുബിൾ പ്ലേയറെ നെഞ്ചോട് ചേർത്ത് ധോണി തന്റെ സ്‌നേഹം മുഴുവൻ പുറത്തെടുത്തപ്പോൾ ഒരു വിഭാഗം ആരാധകർക്ക് ഇത്രദിവസവും വില്ലനായിരുന്ന ജഡേജ സൂപ്പർ ഹീറോ ആയി. ഒടുവിൽ കിരീടം ഏറ്റുവാങ്ങാനും ജഡേജയെ വേദിയിലേക്ക് ക്ഷണിച്ച് ധോണി തങ്ങൾക്കിടയിൽ ഉണ്ടെന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്ന അവിശ്വാസത്തിന്റെ അവസാന അണുവും ബൗണ്ടറി കടത്തിയിരുന്നു.

കിരീട നേട്ടത്തിനു പിന്നാലെ ജദേജ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വിജയം ധോണിക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ധോണി തന്നെ എടുത്തുയർത്തുന്ന ചിത്രങ്ങളും കപ്പുമായി താനും ഭാര്യയും ധോണിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. 'ഞങ്ങൾ അത് ഒരേ ഒരു വ്യക്തിക്കുവേണ്ടി ചെയ്തു, എം.എസ്. ധോണി. മഹി ഭായ് നിങ്ങൾക്കുവേണ്ടി' -ജദേജ ട്വിറ്ററിൽ കുറിച്ചു.

ഓപ്പണർമാരായ ഡെവോൺ കോൺവെയും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് ഒന്നാം വിക്കറ്റിൽ നേടിയ അർധ സെഞ്ച്വറി കൂട്ടുകെട്ടും അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെ (21 പന്തിൽ 32), ജദേജ (ആറു പന്തിൽ 15) എന്നിവരുടെ പോരാട്ടവുമാണ് ചെന്നൈയുടെ വിജയത്തിൽ നിർണായകമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയിരുന്നു. മഴ പെയ്തതോടെ മത്സരം 15 ഓവറാക്കി വെട്ടിക്കുറിച്ച് ചെന്നൈയുടെ വിജയലക്ഷ്യം 171 റൺസായി ചുരുക്കിയിരുന്നു. 15ാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈ ലക്ഷ്യത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP