Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202303Tuesday

മഴയല്ല, ഇന്ന് റൺമഴ! ഐപിഎൽ കലാശപ്പോരിന് അരങ്ങുണർന്നു; ടോസിലെ ഭാഗ്യം ചെന്നൈക്ക്; ഗുജറാത്തിന് ബാറ്റിങ്; പ്ലേ ഓഫിൽ കളിച്ച അതേ ടീമിനെ നിലനിർത്തി ഇരു ടീമുകളും; ആവേശത്തിൽ ആരാധകർ

മഴയല്ല, ഇന്ന് റൺമഴ! ഐപിഎൽ കലാശപ്പോരിന് അരങ്ങുണർന്നു; ടോസിലെ ഭാഗ്യം ചെന്നൈക്ക്; ഗുജറാത്തിന് ബാറ്റിങ്; പ്ലേ ഓഫിൽ കളിച്ച അതേ ടീമിനെ നിലനിർത്തി ഇരു ടീമുകളും; ആവേശത്തിൽ ആരാധകർ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: കനത്ത മഴയെ തുടർന്ന് റിസർവ് ദിനത്തിലേക്ക് നീണ്ട ഐ.പി.എൽ ഫൈനലിന് തുടക്കം. ഗുജറാത്ത് ടൈറ്റൻസിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോനി ബൗളിങ് തിരഞ്ഞെടുത്തു. ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും പ്ലേ ഓഫിൽ കളിച്ച അതേ ടീമിനെ നിലനിർത്തി. ബാറ്റർമാരെ തുണയ്ക്കുന്ന അഹമ്മദാബാദിലെ ശരാശരി സ്‌കോർ 193 റൺസാണ്. എട്ട് കളിയിൽ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്താരെണെങ്കിലും ടോസ് വലിയ നിർണായക ഘടകമായേക്കില്ല. കലാശപ്പോരാട്ടത്തിലും റൺമഴ പെയ്തിറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാർദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയിൽ ഒന്നാമന്മാരായാണ്. എന്നാൽ ചെപ്പോക്കിൽ നടന്ന ആദ്യ ക്വാളിഫയറിൽ ധോണിയും സംഘവും ഹാർദിക്കിന്റെ ഗുജറാത്തിനെ 15 റൺസിന് വീഴ്‌ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി.

അഹമ്മദാബാദിലെ സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം നിലനിർത്താനാണ് ടൈറ്റൻസ് ഇറങ്ങുന്നതെങ്കിൽ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം. 16 കളിയിൽ മൂന്ന് സെഞ്ച്വറിയോടെ 851 റൺസെടുത്ത ശുഭ്മാൻ ഗില്ലായിരിക്കും ഫൈനലിലെ കേന്ദ്രബിന്ദു. ഗിൽ ക്രീസിൽ ഉള്ളിടത്തോളം ഗുജറാത്തിന് ഭയപ്പെടാനില്ല. ഗില്ലിനെ വേഗത്തിൽ പുറത്താക്കുകയും റുതുരാജ് ഗെയ്ക്വാദ് പരമാവധി സമയം ക്രീസിൽ തുടരുകയുമാണ് ചെന്നൈ ആഗ്രഹിക്കുന്നത്. ഇവർക്കൊപ്പം ഒറ്റയ്ക്ക് കളിമാറ്റിമറിക്കാൻ ശേഷിയുള്ളവർ ഇരുനിരയിലുമുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദ്യ ട്വന്റി 20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എം.എസ്. ധോനിയാണ് ചെന്നൈയെ നയിക്കുന്നതെങ്കിൽ ഇപ്പോഴത്തെ ഇന്ത്യൻ ടി 20 ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്.

ധോനിയുടെയും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുടെയും ആരാധകനാണ് ഹാർദിക്. പക്ഷേ, നേർക്കുനേർ പോരാട്ടത്തിൽ ആ ആരാധനയുണ്ടാകില്ല. ഇക്കുറി ഐ.പി.എൽ. പ്രാഥമിക റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ ഗുജറാത്ത് ഒന്നാമതും ചെന്നൈ രണ്ടാമതുമായിരുന്നു. ഒന്നാം ക്വാളിഫയറിൽ ചെന്നൈ ഗ്രൗണ്ടിൽ ഗുജറാത്തിനെ തകർത്ത് ചെന്നൈ ഫൈനലിലെത്തിയപ്പോൾ, വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ മുംബൈയെ ആധികാരികമായി തോൽപ്പിച്ചാണ് ഗുജറാത്ത് ഫൈനലിനെത്തുന്നത്. അതുകൊണ്ടുതന്നെ തുല്യശക്തികളുടെ പോരാട്ടമാകും ഫൈനൽ.

1,30,000-ത്തോളം കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ ഐ.പി.എൽ. ഫൈനലിനനുവദിച്ച ടിക്കറ്റുകളെല്ലാം വിറ്റുതീർന്നതായി സംഘാടകർ അറിയിച്ചു. ഹോംഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം എന്നത് ഗുജറാത്തിന് മാനസികമായി ചെറിയ ആധിപത്യം നൽകുന്നു.നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത്. കഴിഞ്ഞവർഷം ടൂർണമെന്റിൽ കളിച്ചുതുടങ്ങിയ ടീം ആദ്യ സീസണിൽത്തന്നെ ചാമ്പ്യന്മാരായി. ഇക്കുറിയും തുടക്കംതൊട്ട് സ്ഥിരതയാർന്ന പ്രകടനമായിരുന്നു. ഒന്നാം ക്വാളിഫയറിൽ ചെന്നൈയോട് തോറ്റത് ഒഴിച്ചുനിർത്തിയാൽ ഗുജറാത്തിന് വലിയ വെല്ലുവിളിയുണ്ടായില്ല.

അഞ്ചാം കിരീടം തേടിയാണ് ചെന്നൈ സൂപ്പർ കിങ്സ് ഞായറാഴ്ച ഇറങ്ങുന്നത്. 2008-ലെ ആദ്യ സീസൺതൊട്ട് ചെന്നൈയെ നയിക്കുന്ന എം.എസ്. ധോനിക്ക് 42 വയസ്സ് തികയാറായി. അടുത്തസീസണിൽ അദ്ദേഹം കളിക്കുമോ എന്ന ചോദ്യം സജീവമായുണ്ട്. കിരീടം നേടിയാൽ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്. ഓൾറൗണ്ട് മികവിലാണ് ഗുജറാത്തിന്റെ മുന്നേറ്റം. ഇക്കുറി വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള ആദ്യമൂന്നുപേരും ഗുജറാത്ത് താരങ്ങളാണ്. മുഹമ്മദ് ഷമി (28 വിക്കറ്റ്), റാഷിദ് ഖാൻ (27), മോഹിത് ശർമ (24) എന്നിവർ. ബാറ്റിങ്ങിൽ മുന്നിലുള്ള ശുഭ്മാൻ ഗില്ലും (851) അവരുടെ ടീമിലാണ്. ഇതിൽ മൂന്നു സെഞ്ചുറിയുമുണ്ട്.

ടീമിന്റെ ശക്തി വെളിപ്പെടുത്താൻ വേറെ ഉദാഹരണം വേണ്ടാ. ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ തുടങ്ങി അവരുടെ ബാറ്റിങ് നിരയ്ക്ക് ഏറെ ആഴമുണ്ട്. വെള്ളിയാഴ്ച മുംബൈ ഇന്ത്യൻസിനെതിരേ 20 ഓവറിൽ 233 റൺസാണ് അടിച്ചുകൂട്ടിയത്.ഷമി, ഹാർദിക്, റാഷിദ് ഖാൻ, മോഹിത് ശർമ, ജോഷ് ലിറ്റിൽ എന്നിവരടങ്ങിയ ബൗളിങ് നിരയും സന്തുലിതമാണ്.

ചെന്നൈയുടെ കരുത്തും ബാറ്റിങ്ങിലാണ്. ഋതുരാജ് ഗെയ്ക്വാദും ഡെവൻ കോൺവെയും ചേർന്ന അവരുടെ ഓപ്പണിങ് ഈ ഐ.പി.എലിലെ ഏറ്റവും അപകടകരമായ കൂട്ടുകെട്ടാണ്. ശിവം ദുബെ, അജിൻക്യ രഹാനെ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം.എസ്. ധോനി തുടങ്ങിയവരാണ് പിന്നീട് വരുന്നത്. ബൗളിങ്ങിൽ, ദീപക് ചഹാർ, മോയിൻ അലി, രവീന്ദ്ര ജഡേജ എന്നിവരെ മാറ്റിനിർത്തിയാൽ ഒരുസംഘം പുതുമുഖക്കാരുമായാണ് ചെന്നൈ കളിച്ചത്. തുഷാർ ദേശ്പാണ്ഡെ, മതീഷ പതിരണ, മഹീഷ് തീക്ഷ്ണ എന്നീ ബൗളർമാർ ചെന്നൈയുടെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചു. എല്ലാറ്റിനെയും ഒരുമിപ്പിച്ച ധോനി എന്ന ക്യാപ്റ്റന്റെ സാന്നിധ്യവും അവർക്ക് ബലം നൽകുന്നു.

ചെന്നൈ സൂപ്പർ കിങ്സ്: റിതുരാജ് ഗെയ്കവാദ്, ഡെവോൺ കോൺവെ, അജിൻക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മൊയീൻ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹർ, തുഷാർ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പരിരാന.

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശർമ, ജോഷ്വ ലിറ്റിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP