Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ 148 റൺസിന് 'എറിഞ്ഞൊതുക്കി' രാജസ്ഥാൻ റോയൽസ്; 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി ജയ്ദേവ് ഉനദ്കട്ട്; ബാറ്റിങ് തകർച്ചയിലും അർദ്ധ സെഞ്ചുറിയോടെ നായക മികവുമായി ഋഷഭ് പന്ത്; രാജസ്ഥാനും മോശം തുടക്കം; 17 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ 148 റൺസിന് 'എറിഞ്ഞൊതുക്കി' രാജസ്ഥാൻ റോയൽസ്; 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി ജയ്ദേവ് ഉനദ്കട്ട്; ബാറ്റിങ് തകർച്ചയിലും അർദ്ധ സെഞ്ചുറിയോടെ നായക മികവുമായി ഋഷഭ് പന്ത്; രാജസ്ഥാനും മോശം തുടക്കം; 17 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ രാജസ്ഥാൻ റോയൽസിന് 148 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനെ കഴിഞ്ഞുള്ളു തകർപ്പൻ പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ ബൗളർമാരാണ് ഡൽഹിയെ ചെറിയ സ്‌കോറിലൊതുക്കിയത്. അർധസെഞ്ചുറി നേടിയ നായകൻ ഋഷഭ് പന്ത് മാത്രമാണ് ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോൽസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്‌കോർബോർഡിൽ 17 റൺസ് ചേർക്കുന്നതിനിടെ രാജസ്ഥാന് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ജോസ് ബട്‌ലർ രണ്ട് റൺസിനും മനൻ വോറ ഒൻപത് റൺസിനും പുറത്തായി. ഇരുവരേയും ക്രിസ് വോക്‌സാണ് പുറത്താക്കിയത്. മൂന്ന് റൺ്‌സഎടുത്ത് നിൽക്കെ നായകൻ സഞ്ജു സാംസണിനെ കഗിസോ റബാദ ശിഖർ ധവാന്റെ കൈകളിൽ എത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ പൃഥ്വി ഷായെ മടക്കി ജയ്ദേവ് ഉനദ്കട്ട് ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. അഞ്ച് പന്തുകളിൽ നിന്നും വെറും രണ്ട് റൺസ് മാത്രമെടുത്ത ഷായെ ഉനദ്കട് ഡേവിഡ് മില്ലറുടെ കൈയിലെത്തിച്ചു. ഇതോടെ രണ്ടോവറിൽ അഞ്ചുറൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായി ഡൽഹി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഉനദ്കട്ട് ശിഖർ ധവാനെ പുറത്താക്കി. 11 പന്തുകളിൽ നിന്നും 9 റൺസെടുത്ത താരത്തെ അത്ഭുതകരമായ ക്യാച്ചിലൂടെ നായകൻ സഞ്ജു സാംസൺ പുറത്താക്കി. ഇതോടെ 3.1 ഓവറിൽ 16 ന് രണ്ട് എന്ന സ്‌കോറിലേക്ക് ഡൽഹി വീണു.

പിന്നീട് ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും ഋഷഭ് പന്തും ചേർന്ന് ഡൽഹി ഇന്നിങ്സ് മുന്നോട്ട് നയിച്ചെങ്കിലും സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. വൈകാതെ രഹാനെയെ പുറത്താക്കി ഉനദ്കട്ട് മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്‌ത്തി. ആറാം ഓവറിലെ അവസാന പന്തിൽ മികച്ച ഒരു സ്ലോ ബോളിലൂടെ രഹാനെയെ ഉനദ്കട്ട് തന്നെ പിടിച്ച് പുറത്താക്കി. വെറും എട്ട് റൺ്സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ബാറ്റിങ് പവർപ്ലേ അവസാനിച്ചപ്പോൾ ഡൽഹി മൂന്നു വിക്കറ്റിന് 36 റൺസ് എന്ന നിലയിലായി.

തൊട്ടടുത്ത ഓവറിൽ അപകടകാരിയായ മാർക്കസ് സ്റ്റോയിനിസ്സിനെ പൂജ്യനാക്കി മടക്കി മുസ്താഫിസുർ റഹ്‌മാൻ ഡൽഹിയെ തകർത്തു. മികച്ച ഒരു സ്ലോ ബോളിലൂടെ സ്റ്റോയിനിസ് പുറത്താവുമ്പോൾ 37 ന് നാല് എന്ന ദാരുണമായ നിലയിലായി ഡൽഹി. പിന്നീട് ഒത്തുചേർന്ന പന്ത്-ലളിത് യാദവ് സഖ്യം ടീം സ്‌കോർ 50 കടത്തി.

രാഹുൽ തെവാത്തിയ എറിഞ്ഞ 11-ാം ഓവറിൽ നാല് ബൗണ്ടറികൾ ഉൾപ്പെടെ 20 റൺസ് നേടി ഋഷഭ് പന്ത് സ്‌കോർ ഉയർത്തി. വൈകാതെ താരം അർധസെഞ്ചുറി പൂർത്തിയാക്കി. 30 പന്തുകളിൽ നിന്നുമാണ് താരം ഐ.പി.എൽ കരിയറിലെ 13-ാം അർധസെഞ്ചുറി സ്വന്തമാക്കിയത്. പിന്നാലെ ലളിതിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും താരം പടുത്തുയർത്തി.

12-ാം ഓവറിലെ നാലാം പന്തിൽ അനാവശ്യ റണ്ണിന് ഓടിയ പന്ത് റൺ ഔട്ടായി പുറത്തായി. 32 പന്തുകളിൽ നിന്നും ഒൻപത് ബൗണ്ടറികളുടെ സഹായത്തോടെ 51 റൺസെടുത്താണ് താരം മടങ്ങിയത്. പന്ത് പുറത്താകുമ്പോൾ ഡൽഹി 88 ന് അഞ്ച് എന്ന നിലയിലായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ടോം കറനെ കൂട്ടുപിടിച്ച് ലളിത് ടീം സ്‌കോർ 100 കടത്തി. എന്നാൽ തൊട്ടുപിന്നാലെ ലളിതിനെ തെവാത്തിയയുടെ കൈയിലെത്തിച്ച് ക്രിസ് മോറിസ് ഡൽഹിയുടെ ആറാം വിക്കറ്റ് വീഴ്‌ത്തി. 20 റൺസാണ് അരങ്ങേറ്റ മത്സരത്തിൽ ലളിത് നേടിയത്.

അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടോം കറനും ക്രിസ് വോക്സും ചേർന്നാണ് ഡൽഹിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ടോം കറൻ 21 റൺസും വോക്സ് 15 റൺസുമെടുത്തു. മത്സരത്തിൽ ഒരു സിക്സ് പോലും നേടാൻ ഡൽഹി ബാറ്റ്സ്മാന്മാർക്ക് കഴിഞ്ഞില്ല.

രാജസ്ഥാന് വേണ്ടി ജയ്ദേവ് ഉനദ്കട്ട് നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റുകൾ വീഴ്‌ത്തി. മുസ്താഫിസുർ റഹ്‌മാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ ക്രിസ് മോറിസ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP