Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ ഓവറിലെ ആറ് പന്തിലും ഫോർ; 41 പന്തിൽ 11 ഫോറും മൂന്നു സിക്‌സുമടക്കം 82 റൺസുമായി പൃഥ്വി 'ഷോ'; ശിഖർ ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; ഡൽഹിക്ക് ആധികാരിക ജയം സമ്മാനിച്ച് ഓപ്പണർമാർ; കൊൽക്കത്തയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്

ആദ്യ ഓവറിലെ ആറ് പന്തിലും ഫോർ; 41 പന്തിൽ 11 ഫോറും മൂന്നു സിക്‌സുമടക്കം 82 റൺസുമായി പൃഥ്വി 'ഷോ'; ശിഖർ ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; ഡൽഹിക്ക് ആധികാരിക ജയം സമ്മാനിച്ച് ഓപ്പണർമാർ; കൊൽക്കത്തയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഓപ്പണർമാരുടെ ബാറ്റിങ് കരുത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആധികാരിക വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. 155 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡൽഹി 21 പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് വിജയിച്ചു. 41 പന്തിൽ 11 ഫോറും മൂന്നു സിക്സും സഹിതം 82 റൺസെടുത്ത പൃഥ്വി ഷായാണ് ഡൽഹിയുടെ വിജയശിൽപ്പി.

ഓപ്പണിങ് വിക്കറ്റിൽ ഷായും ശിഖർ ധവാനും ചേർന്ന് 132 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡൽഹി ഇന്നിങ്സിന് അടിത്തറ പാകി. 83 പന്തിലായിരുന്നു 132 റൺസ്. ധവാൻ നാലു ഫോറും ഒരു സിക്സും സഹിതം 47 പന്തിൽ 46 റൺസ് നേടി. ഋഷഭ് പന്ത് എട്ടു പന്തിൽ 16 റൺസെടുത്ത് പുറത്തായി. മൂന്നു പന്തിൽ ആറു റൺസോടെ മാർക്കസ് സ്റ്റോയിൻസും ഒരു പന്തു നേരിട്ട് ഷിമ്രോൺ ഹെറ്റ്മെയറും പുറത്താകാതെ നിന്നു.

ഡൽഹിക്ക് അവിസ്മരണീയ തുടക്കമാണ് പൃഥ്വി ഷാ സമ്മാനിച്ചത്. ആദ്യ ഓവർ എറിഞ്ഞ യുവ ബോളർ ശിവം മാവി വൈഡുമായാണ് തുടങ്ങിയത്. എന്നാൽ, ആ ഓവറിലെ ആറു പന്തും ഫോറടിച്ചാണ് ഷാ ടീമിന് മിന്നൽ തുടക്കം സമ്മാനിച്ചത്. ഇതോടെ, ഐപിഎൽ ചരിത്രത്തിൽ ഇന്നിങ്‌സിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന മൂന്നാമത്തെ ബോളറായി മാവി മാറി. 'നാണക്കേടിന്റെ റെക്കോർഡി'ൽ മാവിക്കു മുന്നിലുള്ളത് 2011ൽ ചെന്നൈയിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആദ്യ ഓവറിൽ 27 റൺസ് വഴങ്ങിയ അബു നെച്ചിം, 2013ൽ കൊൽക്കത്തയിൽ നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈയ്ക്കായി 26 റൺസ് വഴങ്ങിയ ഹർഭജൻ സിങ് എന്നിവർ മാത്രം.

തകർത്തടിച്ച പൃഥ്വി ഷായുടെ മികവിൽ സീസണിൽ പവർപ്ലേയിൽ ഒരു ടീം നേടുന്ന ഉയർന്ന സ്‌കോറും ഡൽഹി കുറിച്ചു. ആദ്യ ആറ് ഓവറിൽ ഷായും ധവാനും ചേർന്ന് അടിച്ചുകൂട്ടിയത് 67 റൺസാണ്. പിന്നിലാക്കിയത് മുംബൈയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 65 റൺസടിച്ച 'സ്വന്തം' റെക്കോർഡ്! മുംബൈയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും 65 റൺസടിച്ചിട്ടുണ്ടെങ്കിൽ രണ്ട് വിക്കറ്റ് നഷ്ടമാക്കിയിരുന്നു. മുംബൈയിൽ പഞ്ചാബിനെതിരെ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസടിച്ച ചരിത്രവും ഡൽഹിക്കുണ്ട്.

13.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 132 റൺസുമായി അനായാസ വിജയത്തിലേക്കു കുതിച്ചുകൊണ്ടിരുന്ന ഡൽഹിയെ 18 റൺസിനിടെ മൂന്നു വിക്കറ്റ് വീഴ്‌ത്തി പാറ്റ് കമ്മിൻസ് ഞെട്ടിച്ചെങ്കിലും അനിവാര്യമായ തോൽവി ഒഴിവാക്കാനായില്ല. സ്‌കോർ 132ൽ നിൽക്കെ ധവാനെ എൽബിയിൽ കുരുക്കിയാണ് കമ്മിൻസ് വിക്കറ്റ് വേട്ട തുടങ്ങിയത്. സ്‌കോർ 146ൽ നിൽക്കെ പൃഥ്വി ഷായെ നിതീഷ് റാണയുടെ കൈകളിലെത്തിച്ചു. പിന്നാലെ 150ൽ വച്ച് അതേ ഓവറിൽ ക്യാപ്റ്റൻ ഋഷഭ് പന്ത് ശിവം മാവിയുടെ കൈകളിൽ. കമ്മിൻസ് നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 27 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊൽക്കത്തയുടെ ടോപ്പ് സ്‌കോറർ. ശുഭ്മാൻ ഗിൽ 38 പന്തിൽ 43 റൺസെടുത്തു. ഇയാൻ മോർഗനും സുനിൽ നരെയ്‌നും പൂജ്യത്തിന് പുറത്തായി.

നിതീഷ് റാണ (12 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 15), രാഹുൽ ത്രിപാഠി (17 പന്തിൽ രണ്ടു ഫോറുകളോടെ 19), ദിനേഷ് കാർത്തിക് (10 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 14) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. പാറ്റ് കമ്മിൻസ് 13 പന്തിൽ ഒരു ഫോർ സഹിതം 11 റൺസുമായി പുറത്താകാതെ നിന്നു. പൂർണമായും നിരാശപ്പെടുത്തിയത് ക്യാപ്റ്റൻ ഒയിൻ മോർഗൻ (0), സുനിൽ നരെയ്ൻ (0) എന്നിവർ മാത്രം.

ഒരു അർധസെഞ്ചുറിയോ അർധസെഞ്ചുറി കൂട്ടുകെട്ടോ പിറക്കാതെ പോയ കൊൽക്കത്ത ഇന്നിങ്‌സിൽ പിരിയാത്ത ഏഴാം വിക്കറ്റിൽ ആന്ദ്രെ റസ്സൽ പാറ്റ് കമ്മിൻസ് സഖ്യം 22 പന്തിൽ കൂട്ടിച്ചേർത്ത 45 റൺസാണ് ഉയർന്ന കൂട്ടുകെട്ട്. രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗിൽ രാഹുൽ ത്രിപാഠി സഖ്യം 44 റൺസും കൂട്ടിച്ചേർത്തു. 35 പന്തിൽനിന്നാണ് ഗിൽ ത്രിപാഠി സഖ്യം 44 റൺസടിച്ചത്. അവസാന അഞ്ച് ഓവറിൽ 59 റൺസാണ് കൊൽക്കത്ത നേടിയത്.

ഡൽഹി നിരയിൽ മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ലളിത് യാദവ് തിളങ്ങി. അക്ഷർ പട്ടേൽ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്‌ത്തി. മാർക്കസ് സ്റ്റോയ്‌നിസ് ഒരു ഓവറിൽ ഏഴ് റൺസ് വഴങ്ങിയും ആവേശ് ഖാൻ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP