Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെഞ്ചുറി കൂട്ടുകെട്ടിലൂടെ വിജയശിൽപികളായി വീണ്ടും ഡുപ്ലേസി ഗെയ്ക്വാദ് സഖ്യം; സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ചെന്നൈ ഒന്നാമത്; ഹൈദരാബാദിനെ കീഴടക്കിയത് ഏഴു വിക്കറ്റിന്; ആറു മത്സരങ്ങളിൽ അഞ്ചിലും തോറ്റ വാർണറും സംഘവും ഏറ്റവും പിന്നിൽ

സെഞ്ചുറി കൂട്ടുകെട്ടിലൂടെ വിജയശിൽപികളായി വീണ്ടും ഡുപ്ലേസി ഗെയ്ക്വാദ് സഖ്യം; സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ചെന്നൈ ഒന്നാമത്; ഹൈദരാബാദിനെ കീഴടക്കിയത് ഏഴു വിക്കറ്റിന്; ആറു മത്സരങ്ങളിൽ അഞ്ചിലും തോറ്റ വാർണറും സംഘവും ഏറ്റവും പിന്നിൽ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ചെന്നൈ സൂപ്പർ കിങ്സ് ഒന്നാമത്. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിന് ചെന്നൈ കീഴ്പ്പെടുത്തി. 172 റൺസ് വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ ധോനിയുടെ സംഘം മറികടന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നേടിയത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. ചെന്നൈ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ അനായാസം ലക്ഷ്യത്തിലെത്തി.

129 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ചെന്നൈയുടെ ഓപ്പണർമാരാണ് വിജയശിൽപികളായി മാറിയത്. 44 പന്തിൽനിന്ന് 12 ഫോറുകളോടെ 75 റൺസെടുത്ത ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ഡുപ്ലേസി 38 പന്തിൽ ആറു ഫോറും ഒരു സിക്‌സും സഹിതം 56 റൺസെടുത്തു.



ഇതോടെ ആറു മത്സരങ്ങളിൽനിന്ന് അഞ്ചാം ജയവുമായി ചെന്നൈ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആറു മത്സരങ്ങളിൽനിന്ന് അഞ്ചാം തോൽവി വഴങ്ങിയ ഹൈദരാബാദ് അവസാന സ്ഥാനത്തും തുടരുന്നു.

ഓപ്പണിങ് വിക്കറ്റിൽ രണ്ടാം തവണയും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഫാഫ് ഡുപ്ലേസി ഋതുരാജ് ഗെയ്ക്വാദ് സഖ്യമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ആദ്യം ഗെയ്ക്വാദും പിന്നീട് അടുത്തടുത്ത പന്തുകളിൽ മൊയീൻ അലി, ഡുപ്ലേസി എന്നിവരും റാഷിദ് ഖാനു മുന്നിൽ വീണെങ്കിലും രവീന്ദ്ര ജഡേജ സുരേഷ് റെയ്‌ന സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടപ്പെടാതെ ചെന്നൈയെ വിജയത്തിലെത്തിച്ചു.

എട്ടു പന്തിൽ 15 റൺസോടെ മോയിൻ അലി പുറത്തായി. 15 പന്തിൽ 17 റൺസുമായി റെയ്നയും ആറു പന്തിൽ ഏഴ് റൺസോടെ ജഡേജയും പുറത്താകാതെ നിന്നു. ഹൈദരാബാദ് ബോളർമാരിൽ തിളങ്ങിയത് നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത റാഷിദ് ഖാൻ മാത്രം.

ഹൈദരാബാദ് നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. അർധ സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടേയും മനീഷ് പാണ്ഡെയുടേയും 'ചെറുത്തുനിൽപാണ്' ഹൈദരാബാദിനെ തുണച്ചത്. ഹൈദരാബാദ് ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കിയ ചെന്നൈ ബൗളർമാർ അവസാന മൂന്നു ഓവറിൽ കളി കൈവിട്ടു. അവസാന 18 പന്തിൽ 44 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തിൽ തന്നെ ജോണി ബെയർ‌സ്റ്റോയെ നഷ്ടപ്പെട്ടു. ഏഴ് റൺസായിരുന്നു ബെയർ‌സ്റ്റോയുടെ സമ്പാദ്യം. പിന്നീട് ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും ഒത്തുചേർന്നു. ഇരുവരും 87 പന്തിൽ 106 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാർണർ 55 പന്തിൽ മൂന്നു ഫോറും രണ്ട് സിക്‌സും സഹിതം 57 റൺസ് നേടി. ഐപിഎൽ കരിയറിലെ 50ാം അർധസെഞ്ചുറിയും ട്വന്റി20 കരിയറിൽ 10,000 റൺസും ക്യാപ്റ്റൻ ഡേവിഡ് വാർണർ പിന്നിട്ടു. ഐപിഎൽ കരിയറിലെ തന്റെ 50 അർധസെഞ്ചുറികളിൽ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയാണ് ഇന്ന് നേടിയത്.

മനീഷ് പാണ്ഡെ 46 പന്തിൽ അഞ്ചു ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെ 61 റൺസ് അടിച്ചു.



10 പന്തിൽ 26 റൺസ് അടിച്ച കെയ്ൻ വില്ല്യംസണും നാല് പന്തിൽ 12 റൺസ് നേടിയ കേദർ ജാദവും അവസാന ഓവറുകളിൽ ഹൈദരാബാദിന്റെ സ്‌കോറിങ് വേഗത കൂട്ടി. ചെന്നൈയ്ക്കായി ലുങ്കി എൻഗിഡി നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. സാം കറൻ നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP