Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിഎല്ലിലെ 'രാജകീയ' പോരാട്ടത്തിൽ സമഗ്രാധിപത്യം ചെന്നൈയ്ക്ക്; പഞ്ചാബിനെ കീഴടക്കിയത് ആറു വിക്കറ്റിന്; 107 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ശേഷിക്കെ മറികടന്നു; 13 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത രാഹുൽ ചാഹർ കളിയിലെ താരം; ശനിയാഴ്ച മുംബൈ - ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലിലെ 'രാജകീയ' പോരാട്ടത്തിൽ സമഗ്രാധിപത്യം ചെന്നൈയ്ക്ക്; പഞ്ചാബിനെ കീഴടക്കിയത് ആറു വിക്കറ്റിന്; 107 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ശേഷിക്കെ മറികടന്നു; 13 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത രാഹുൽ ചാഹർ കളിയിലെ താരം; ശനിയാഴ്ച മുംബൈ - ഹൈദരാബാദ് പോരാട്ടം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരേ ചെന്നൈ സൂപ്പർ കിങ്സിന് ആറു വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം 26 പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ചെന്നൈ മറികടന്നു.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ ചെന്നൈ 15.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി. തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച ദീപക് ചാഹറും പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ മോയിൻ അലിയുമാണ് ചെന്നൈയ്ക്ക് ഈ അനായാസ വിജയം സമ്മാനിച്ചത്. ചാഹറാണ് കളിയിലെ താരം. ചെന്നൈ ഈ സീസണിൽ നേടുന്ന ആദ്യ വിജയമാണിത്. 

ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി വൺഡൗണായെത്തിയ ഓൾറൗണ്ടർ മോയിൻ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 31 പന്തുകൾ നേരിട്ട അലി, ഏഴു ഫോറും ഒരു സിക്‌സും സഹിതം 46 റൺസെടുത്ത് പുറത്തായി. ഓപ്പണറായെത്തിയ ഫാഫ് ഡുപ്ലേസി 33 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 36 റൺസുമായി പുറത്താകാതെ നിന്നു.



107 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിയും ഋതുരാജ് ഗെയ്ക്വാദും കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ റൺസ് കണ്ടെത്താൻ നന്നെ ബുദ്ധിമുട്ടിയ ഋതുരാജിനെ പുറത്താക്കി അർഷ്ദീപ് ചെന്നൈയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. അഞ്ചാം ഓവറിലെ അവസാന പന്തിൽ 16 പന്തുകളിൽ നിന്നും വെറും അഞ്ച് റൺസ് മാത്രമെടുത്ത ഋതുരാജിനെ അർഷ്ദീപ് ദീപക് ഹൂഡയുടെ കൈയിലെത്തിച്ചു.

ഋതുരാജിന് പകരം ഓൾറൗണ്ടർ മോയിൻ അലി ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 32 റൺസാണ് നേടിയത്. പിന്നാലെ മോയിൻ അലി ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ സ്‌കോർ കുതിച്ചു. 8.1 ഓവറിൽ ടീം സ്‌കോർ 50 കടന്നു. മോയിൻ അലി ആക്രമിച്ച് കളിച്ചപ്പോൾ ഡുപ്ലെസി അതിനുള്ള അവസരമൊരുക്കി.

ഒടുവിൽ സ്‌കോർ 90-ൽ നിൽക്കെ മോയിൻ അലിയെ പുറത്താക്കി അശ്വിൻ ചെന്നൈയുടെ രണ്ടാം വിക്കറ്റെടുത്തു. 31 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 46 റൺസെടുത്ത മോയിൻ അലി ടീമിന് വിജയമുറപ്പിച്ച ശേഷമാണ് ക്രീസ് വിട്ടത്.

പിന്നാലെ വന്ന സുരേഷ് റെയ്നയ്ക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. എട്ടുറൺസെടുത്ത താരത്തെ മുഹമ്മദ് ഷമി പുറത്താക്കി. റെയ്നയ്ക്ക് ശേഷം ക്രീസിലെത്തിയ അമ്പാട്ടി റായുഡുവിനെ തൊട്ടടുത്ത പന്തിൽ പുറത്താക്കി ഷമി ചെന്നൈയിനെ വിറപ്പിച്ചു.

എന്നാൽ റായുഡുവിന് ശേഷം ക്രീസിലെത്തിയ സാം കറനെ കൂട്ടുപിടിച്ച് ഫാഫ് ഡുപ്ലെസി ടീമിനെ 15.4 ഓവറിൽ വിജയത്തിലെത്തിച്ചു. ഡുപ്ലെസി 33 പന്തുകളിൽ നിന്നും 36 റൺസെടുത്തും സാം കറൻ നാലുപന്തുകളിൽ നിന്നും അഞ്ച് റൺസെടുത്തും പുറത്താവാതെ നിന്നു

പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തപ്പോൾ അർഷ്ദീപ്, എം.അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണെടുത്തത്. ന്യൂബോളിൽ വിസ്മയം തീർത്ത ചെന്നൈ സൂപ്പർ കിങ്‌സ് താരം ദീപക് ചാഹർ, ഫീൽഡിൽ മിന്നൽപ്പിണറായി മാറിയ രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടന മികവാണ് പഞ്ചാബിന്റെ തകർച്ചയ്ക്ക് വഴിവച്ചത്.

നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ദീപക് ചാഹറാണ് പഞ്ചാബ് ബാറ്റിങ് നിരയെ തകർത്തത്. താരലേലത്തിൽ കോടിപതിയായി കടന്നുവന്ന തമിഴ്‌നാട് താരം ഷാരൂഖ് ഖാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. 36 പന്തുകൾ നേരിട്ട ഷാരൂഖ്, നാലു ഫോറും രണ്ടു സിക്‌സും സഹിതം 47 റൺസുമായി അവസാന ഓവറിൽ പുറത്തായി. ഷാരൂഖിനു പുറമെ പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. ക്രിസ് ഗെയ്ൽ (10 പന്തിൽ 10), ദീപക് ഹൂഡ (15 പന്തിൽ 10), ജൈ റിച്ചാർഡ്‌സൻ (22 പന്തിൽ 15) എന്നിവർ മാത്രം. മുഹമ്മദ് ഷമി ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിന് നഷ്ടമായി. ഒരു മികച്ച പന്തിലൂടെ ദീപക് ചാഹർ അക്കൗണ്ട് തുറക്കും മുൻപ് മായങ്കിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഇതോടെ ഒരു റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായി പഞ്ചാബ്.

മായങ്കിന് പകരം ക്രിസ് ഗെയ്ൽ ക്രീസിലെത്തി. തുടർച്ചയായി രണ്ട് ബൗണ്ടറികൾ നേടിക്കൊണ്ട് ഗെയ്ൽ വരവറിയിച്ചു. എന്നാൽ മൂന്നാം ഓവറിൽ നായകൻ രാഹുൽ റൺ ഔട്ടായതോടെ പഞ്ചാബ് പതറി. അനാവശ്യ റണ്ണിന് ശ്രമിച്ച രാഹുലിനെ ജഡേജയാണ് റൺ ഔട്ടാക്കിയത്. അഞ്ച് റൺസ് മാത്രമെടുത്ത് രാഹുൽ പുറത്താകുമ്പോൾ പഞ്ചാബിന്റെ സ്‌കോർ 15 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു.

തൊട്ടുപിന്നാലെ അപകടകാരിയായ ക്രിസ് ഗെയ്ലിനെ പുറത്താക്കി രാഹുൽ ചാഹർ പഞ്ചാബിന് ഇരട്ട പ്രഹരമേൽപ്പിച്ചു. 10 റൺസെടുത്ത ഗെയ്ലിന്റെ ഷോട്ട് അത്യുഗ്രൻ ക്യാച്ചിലൂടെ ജഡേജ സ്വന്തമാക്കി. ഇതോടെ 19 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി പഞ്ചാബ്. തൊട്ടുപിന്നാലെ വന്ന നിക്കോളാസ് പൂരനെ അതേ ഓവറിൽ മടക്കി രാഹുൽ ചാഹർ കൊടുങ്കാറ്റായി മാറി. അക്കൗണ്ട് തുറക്കും മുൻപേ പൂരനെ ചാഹർ ശാർദുൽ ഠാക്കൂറിന്റെ കൈയിലെത്തിച്ചു. ഇതോടെ 19 റൺസിന് നാല് എന്ന അതിദാരുണമായ അവസ്ഥയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി.

ബാറ്റിങ് പവർപ്ലേയിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വെറും 26 റൺസ് മാത്രമാണ് പഞ്ചാബിന് നേടാനായത്. എഴാം ഓവറിലെ രണ്ടാം പന്തിൽ ദീപക് ഹൂഡയെ മടക്കി ദീപക് ചാഹർ പഞ്ചാബിനെ തകർത്തു തരിപ്പണമാക്കി. 10 റൺസെടുത്ത ഹൂഡയെ ചാഹർ ഡുപ്ലെസ്സിയുടെ കൈയിലെത്തിച്ചു. ഇതോടെ പഞ്ചാബ് 26 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നുവീണു. ചാഹർ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ ഐ.പി.എൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ടുനൽകിയാണ് താരം നാല് വിക്കറ്റുകൾ വീഴ്‌ത്തിയത്. അതിൽ ഒരു മെയ്ഡൻ ഓവറും ഉൾപ്പെടും.

പിന്നീട് ഒത്തുചേർന്ന ഷാരൂഖ് ഖാനും റിച്ചാർഡ്സണും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ സ്‌കോർ 57-ൽ നിൽക്കേ 15 റൺസെടുത്ത റിച്ചാർഡ്സണെ ക്ലീൻ ബൗൾഡാക്കി മോയിൻ അലി പഞ്ചാബിന്റെ ആറാം വിക്കറ്റ് വീഴ്‌ത്തി.

ഷാരൂഖ് ഖാന്റെ ഒറ്റയാൾ പ്രകടനമാണ് പഞ്ചാബിനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്. ഈ സീസണിൽ വലിയ തുകയ്ക്ക് പഞ്ചാബിലെത്തിയ താരം മോശം പന്തുകൾ കണ്ടെത്തി പ്രഹരിച്ച് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. അതിനിടെ അശ്വിനെ പുറത്താക്കി ബ്രാവോ പഞ്ചാബിന്റെ ഏഴാം വിക്കറ്റെടുത്തു. ആറ് റൺസ് മാത്രമെടുത്ത താരത്തെ ബ്രാവോ ഡുപ്ലെസ്സിയുടെ കൈയിലെത്തിച്ചു.

19-ാം ഓവറിൽ ഷമിയെ കൂട്ടുപിടിച്ച് ഷാരൂഖ് ടീം സ്‌കോർ 100 കടത്തി. അവസാന ഓവറിൽ ഷാരൂഖ് ഖാനെ മടക്കി സാം കറൻ പഞ്ചാബിന്റെ പതനം പൂർത്തിയാക്കി. 36 പന്തുകളിൽ നിന്നും 47 റൺസെടുത്ത ഷാരൂഖിനെ സാം കറൻ ജഡേജയുടെ കൈയിലെത്തിച്ചു. ഒടുവിൽ പഞ്ചാബ് നിശ്ചിത ഓവറിൽ 107 റൺസെടുത്തു.

ചെന്നൈയ്ക്ക് വേണ്ടി നാലുവിക്കറ്റെടുത്ത ചാഹറിന് പുറമേ ഓരോ വിക്കറ്റുകൾ വീഴ്‌ത്തി ബ്രാവോയും മോയിൻ അലിയും സാം കറനും തിളങ്ങി. ഒരു ഐ.പി.എൽ ടീമിന് വേണ്ടി 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായി മാറിയ ചെന്നൈ സൂപ്പർ കിങ്‌സിന്റെ എം എസ് ധോണി ചരിത്ര നേട്ടത്തിൽ വിജയ മധുരം നുകരാനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP