Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202218Wednesday

ലഖ്‌നൗ ടീമിനെ കെ എൽ രാഹുൽ നയിക്കും; സ്റ്റോയിനിസും ബിഷ്ണോയിയും ടീമിൽ; ഹാർദിക് പാണ്ഡ്യ അഹമ്മദാബാദിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്; പാണ്ഡ്യയ്ക്ക് ഒപ്പം റാഷിദ് ഖാനും ശുഭ്മാൻ ഗിലും ടീമിൽ

ലഖ്‌നൗ ടീമിനെ കെ എൽ രാഹുൽ നയിക്കും; സ്റ്റോയിനിസും ബിഷ്ണോയിയും ടീമിൽ; ഹാർദിക് പാണ്ഡ്യ അഹമ്മദാബാദിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്; പാണ്ഡ്യയ്ക്ക് ഒപ്പം റാഷിദ് ഖാനും ശുഭ്മാൻ ഗിലും ടീമിൽ

സ്പോർട്സ് ഡെസ്ക്

ലഖ്നൗ: ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ ടീമിനെ ഇന്ത്യയുടെ നിശ്ചിത ഓവർ ടീം ഉപനായകൻ കെ എൽ രാഹുൽ നയിക്കും. ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം ഓസ്ട്രേലിയൻ താരം മാർക്സ് സ്റ്റോയിനിസ്, ഇന്ത്യയുടെ യുവ സ്പിന്നർ രവി ബിഷ്ണോയ് എന്നിവരേയും ലഖ്നൗ ടീമിലെത്തിച്ചു.

അടുത്തമാസം നടക്കുന്ന ഐപിഎൽ മെഗാതാരലേലത്തിന് മുന്നോടിയായി മൂന്ന് യുവതാരങ്ങളെ അഹമ്മദാബാദ് ടീമിലെത്തിച്ചതായും റിപ്പോർട്ടുണ്ട്. ഹാർദ്ദിക് പാണ്ഡ്യ റാഷിദ് ഖാൻ, ശുഭ്മാൻ ഗിൽ എന്നിവരെയാണ് അഹമ്മദാബാദ് ടീമിലെത്തിതെന്ന് ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇതിൽ ഹാർദ്ദിക്കിന് ടീമിന്റെ നായകസ്ഥാനവും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഐപിഎല്ലിൽ പുതിയതായി ഉൾപ്പെടുത്തിയ രണ്ട് ടീമുകൾക്ക് ലേലത്തിനുള്ള കളിക്കാരുടെ പൂളിൽ നിന്ന് മൂന്ന് കളിക്കാരെ വീതം തെരഞ്ഞെടുക്കാനുള്ള അവസരം വിനിയോഗിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

രാഹുലിന് 15 കോടിയാണ് പ്രതിഫലം ലഭിക്കുക. സ്റ്റോയിനിസിന് 11 കോടി ലഭിക്കും. നാല് കോടിയാണ് ബിഷ്ണോയിയുടെ തുക. സഞ്ജീവ് ഗോയങ്കയാണ് ലഖ്നൗ ടീമിന്റെ ഉടമ. 7090 കോടിക്കാണ് ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായിരുന്നു രാഹുൽ. ഇത്തവണ ടീമിൽ റിലീസ് ചെയ്യണമെന്ന് താരം ടീമിനോട് ആവശ്യപ്പെട്ടിരുന്നു.

2013ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലൂടെയാണ് രാഹുൽ അരങ്ങേറുന്നത്. അടുത്ത സീസണിൽ സൺറൈസേഴസ്് ഹൈദരാബാദിലേക്ക് ചേക്കേറി. എന്നാൽ 2016ൽ ട്രഡിലൂടെ വീണ്ടും ആർസിബിയിലെത്തി. ഒരു സീസണിന് ശേഷം താരം കിങ്സ് പഞ്ചാബിലേക്ക് പോവുകയായിരുന്നു.

സ്റ്റോയിനിസ് ഡൽഹി കാപിറ്റൽസിൽ നിന്നാണെത്തുന്നത്. താരത്തെ മെഗാതാരലേലത്തിന് മുമ്പ് ഡൽഹി ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന്റെ താരമായിരുന്നു ബിഷ്ണോയ്.

2015ൽ അടിസ്ഥാനവിലയായ 10 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസിലെത്തിയ ഹാർദ്ദിക്കിന് 2018ൽ താരങ്ങളെ നിലനിർത്തിയപ്പോൾ മുംബൈ നൽകിയത് 11 കോടി രൂപയായിരുന്നു. 2017ൽ നാലു കോടി രൂപക്ക് സൺറൈസേഴ്‌സ് ഹൈദരാബാദിലെത്തിയ റാഷിദിന് പിന്നീട് ഒമ്പത് കോടി രൂപ നൽകിയാണ് ഹൈദരാബാദ് നിലനിർത്തിയത്. 2018ൽ 1.8 കേടി രൂപക്ക് കൊൽക്കത്തയിലെത്തിയ ശുഭ്മാൻ ഗിൽ അവരുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഈ സീസണൊടുവിൽ നിലനിർത്തേണ്ട താരങ്ങളുടെ പട്ടികയിൽ നിന്ന് കൊൽക്കത്ത താരത്തെ തഴഞ്ഞിരുന്നു.

ഈ മൂന്ന് കളിക്കാർക്ക് പുറമെ ടീമിന്റെ പരിശീലക സംഘത്തിന്റെ കാര്യത്തിലും അഹമ്മദാബാദ് ടീം അന്തിമ ധാരണയിലെത്തിയിട്ടുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗാരി കിർസ്റ്റനാവും മുഖ്യ പരിശീലകൻ. മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ, മുൻ ഇംഗ്ലണ്ട് താരവും സറെ പരിശീലകനുമായ വിക്രം സോളങ്കി എന്നിവരും പരിശീലക സംഘത്തിലുണ്ട്.

അതേസമയം, ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് ഐ.പി.എല്ലിൽ കളിക്കില്ല. മെഗാ താരലേലത്തിൽനിന്ന് അദ്ദേഹം പിന്മാറി. അടുത്ത സീസണിൽ ഇംഗ്ലണ്ടിന്റെ കളികൾക്കായി ഒരുങ്ങുന്നതിനാണ് ഐ.പി.എലിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് സ്റ്റോക്സ് പറഞ്ഞു.

ജനുവരി 22ന് മുമ്പ് ലേലത്തിന് മുമ്പ് സ്വന്തമാക്കിയ മൂന്ന് കളിക്കാർ ആരൊക്കെയെന്ന് പുതിയ രണ്ട് ടീമുകളും വെളിപ്പെടുത്തണമെന്നാണ് നിർദ്ദേശം. മൂന്ന് കളിക്കാരിൽ ഒരു വിദേശ കളിക്കാരൻ മാത്രമെ ഉണ്ടാവാൻ പാടുള്ളു. അടുത്തമാസം ബാംഗ്ലൂരിലാണ് ഐപിഎൽ മെഗാ താരലേലം നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP