Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുജറാത്തിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ഹൈദരാബാദ് ഐപിഎൽ പ്ലേഓഫിൽ; മുംബൈയോട് തോറ്റെങ്കിലും കൊൽക്കത്തയും ഇടംപിടിച്ചു; പഞ്ചാബ്-പുണെ മത്സരത്തിലെ വിജയികൾക്കും അവസരം ലഭിക്കും

ഗുജറാത്തിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ഹൈദരാബാദ് ഐപിഎൽ പ്ലേഓഫിൽ; മുംബൈയോട് തോറ്റെങ്കിലും കൊൽക്കത്തയും ഇടംപിടിച്ചു; പഞ്ചാബ്-പുണെ മത്സരത്തിലെ വിജയികൾക്കും അവസരം ലഭിക്കും

കൊൽക്കത്ത: ഐ.പി.എൽ. പത്താം സീസണിൽ മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ ടീമുകൾ പ്ലേഓഫിലെത്തി. ശനിയാഴ്ച കാൺപുരിൽ ഗുജറാത്തിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചാണ് ഹൈദരാബാദ് പ്ലേ ഓഫിലെത്തിയത്. രണ്ടാമത്തെ മത്സരത്തിൽ മുബൈയോട് ഒമ്പതു റൺസിന് തോറ്റെങ്കിലും കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പ്ലേ ഓഫിലെത്തി. ഇന്ന് നടക്കുന്ന പഞ്ചാബ്-പുണെ മത്സരത്തിലെ വിജയി പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാകും.

ക്വാളിഫയർ ഒന്നിലാണ് മുംബൈ കളിക്കുക. ഇതിൽ ജയിച്ചാൽ അവർ ഫൈനലിലെത്തും. എട്ടുവിക്കറ്റ് ജയത്തോടെയാണ് ഹൈദരാബാദ് തങ്ങളുടെ സാധ്യതകൾ നിലനിർത്തിയത്. ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ലയൺസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് അവസാന നാലിലെത്തിയത്. സ്‌കോർ: ഗുജറാത്ത് 19.2 ഓവറിൽ 154ന് പുറത്ത്. ഹൈദരാബാദ് 18.1 ഓവറിൽ രണ്ടുവിക്കറ്റിന് 158. പ്രാഥമികറൗണ്ടിലെ 14 മത്സരങ്ങൾ പൂർത്തിയാക്കിയ ഗുജറാത്ത് നാലു ജയവും 10 തോൽവിയുമായി ടൂർണമെന്റിൽനിന്ന് മടങ്ങി. ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഹൈദരാബാദിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് മികച്ചരീതിയിൽ ബാറ്റിങ് തുടങ്ങിയ ഗുജറാത്ത് ബാറ്റിങ്ങിന്റെ രണ്ടാം പകുതിയിൽ അവിശ്വസനീയമായരീതിയിൽ തകർന്നടിഞ്ഞു. ഹൈദരാബാദിനുവേണ്ടി വാർണർ 69 റൺസോടെയും വിജയ്ശങ്കർ 63 റൺസോടെയും പുറത്താകാതെനിന്നു. ഓപ്പണർമാരായ ഡ്വെയ്ൻ സ്മിത്തും (33 പന്തിൽ 54) ഇഷാൻ കിഷനും (40 പന്തിൽ 61) ചേർന്ന് ഗുജറാത്തിന് മോഹിപ്പിക്കുന്ന തുടക്കം നൽകി. പതിനൊന്നാം ഓവറിലെ അഞ്ചാം പന്തിൽ സ്മിത്ത് പുറത്താകുമ്പോൾ ഗുജറാത്ത് 111 റൺസെടുത്തിരുന്നു. ആദ്യവിക്കറ്റ് നഷ്ടപ്പെടുമ്പോൾ പത്തിനുമീതെയായിരുന്നു റൺറേറ്റ്. പിന്നീടങ്ങോട്ട് കൂട്ടത്തകർച്ചയായിരുന്നു. ദിനേഷ് കാർത്തിക്, പ്രദീപ് സാങ്വാൻ, അങ്കിത് സോണി, മുനാഫ് പട്ടേൽ എന്നിവർ പൂജ്യത്തിനുപുറത്തായി. 20 റൺസോടെ പുറത്താകാതെനിന്ന് രവീന്ദ്ര ജഡേജ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ഏഴുപേർ ചേർന്നെടുത്തത് അഞ്ചുറൺസ് മാത്രം.

ഹൈദരാബാദുകാരനായ പേസ്ബൗളർ മുഹമ്മദ് സിറാജാണ് ഗുജറാത്തിനെ തകർത്തത്. സിറാജ് കളിയിലെ താരവുമായി. റാഷിദ് ഖാൻ 34 റൺസിന് മൂന്നുവിക്കറ്റ് വീഴ്‌ത്തി. മറുപടിബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനുവേണ്ടി 52 പന്തിലാണ് വാർണർ 69 റൺസെടുത്തത്. വിജയ് ശങ്കർ 63 റൺസ് 44 പന്തിൽനിന്ന്. സീസണിൽ റൺവേട്ടയിൽ മുന്നിലുള്ള വാർണർ 13 ഇന്നിങ്സിൽ 604 റൺസെടുത്തു.

ഹൈദരാബാദിനായി മുഹമ്മദ് സിറാജ് നാലുവിക്കറ്റും റാഷിദ് ഖാൻ മൂന്നു വിക്കറ്റും വീഴ്‌ത്തി. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. സിറാജ് ആണ് കളിയിലെ കേമൻ. ജയത്തോടെ 14 മൽസരങ്ങളിൽ നിന്നു 17 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്. 18 പോയിന്റുള്ള മുംബൈയാണ് ഒന്നാമത്. 14 മൽസരങ്ങളിൽ നിന്നും എട്ട് പോയിന്റ് മാത്രം നേടിയ ഗുജറാത്ത് നേരത്തെ പുറത്തായിരുന്നു.

കൊൽക്കത്തയെ കൊമ്പു കുത്തിച്ച് മുംബൈ ഇന്ത്യൻസ്

കൊൽക്കത്തയിൽ നടന്ന മത്സത്തിൽ നൈറ്റ്റൈഡേഴ്സിനെ ഒമ്പതു റൺസിന് കീഴടക്കിയാണ് മുംബൈ പട്ടികയിൽ ഒന്നാംസ്ഥാനക്കാരായത്. സ്‌കോർ: മുംബൈ 20 ഓവറിൽ അഞ്ചുവിക്കറ്റിന് 173. കൊൽക്കത്ത 20 ഓവറിൽ എട്ടുവിക്കറ്റിന് 164. സൗരഭ് തിവാരി (43 പന്തിൽ 52), അമ്പാട്ടി റായ്ഡു (37 പന്തിൽ 63) എന്നിവരുടെ ഇന്നിങ്സാണ് മുംബൈക്ക് കരുത്തായത്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയുടെ ഓപ്പണർ സുനിൽ നരെയ്ൻ റണ്ണൊന്നുമെടുക്കാതെ മടങ്ങി. മനീഷ് പാണ്ഡെ (33), ക്രിസ് ലിൻ (26), ഗ്രാന്തോം (29) എന്നിവർ പൊരുതിയെങ്കിലും ഇടയ്ക്കിടെ വിക്കറ്റ് നഷ്ടപ്പെട്ടതുകൊൽക്കത്തയ്ക്ക് തിരിച്ചടിയായി. അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP