Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

ഓൾറൗണ്ട് മികവുമായി മോയിൻ അലി; നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ജഡേജയും സാം കറനും; രാജസ്ഥാനെ 45 റൺസിന് തകർത്ത് ചെന്നൈ; ചൊവ്വാഴ്ച മുംബൈ ഡൽഹി പോരാട്ടം

ഓൾറൗണ്ട് മികവുമായി മോയിൻ അലി; നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ജഡേജയും സാം കറനും; രാജസ്ഥാനെ 45 റൺസിന് തകർത്ത് ചെന്നൈ; ചൊവ്വാഴ്ച മുംബൈ ഡൽഹി പോരാട്ടം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് 45 റൺസ് വിജയം. 189 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്‌സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ അവസാനിച്ചു. 35 പന്തുകളിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 49 റൺസെടുത്ത ജോസ് ബട്ട്ലർക്ക് മാത്രമാണ് രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

20 പന്തിൽ 26 റൺസും, മൂന്ന് ഓവറിൽ 7 റൺസ് മാത്രം വിട്ടുകൊടത്ത് മൂന്നു വിക്കറ്റും വീഴ്‌ത്തിയ ഓൾറൗണ്ടർ മോയിൻ അലിയാണ് ചെന്നൈ നിരയുടെ വിജയശിൽപി. മൊയിൻ അലിക്ക് പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ സാം കറൻ, രവീന്ദ്ര ജഡേജ എന്നിവരും ചേർന്നാണ് രാജസ്ഥാന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തിയത്.

12-ാം ഓവറിൽ ബട്ട്ലറെയും ദുബെയേയും മടക്കിയ രവീന്ദ്ര ജഡേജയാണ് മത്സരം ചെന്നൈക്ക് അനുകൂലമാക്കി തിരിച്ചത്. മില്ലറെയും മോറിസിനെയും മടക്കിയ മോയിൻ അലി രാജസ്ഥാന്റെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി. രാഹുൽ തെവാട്ടിയ 15 പന്തിൽ നിന്ന് 20 റൺസെടുത്തു. ജയദേവ് ഉനദ്കട്ട് 17 പന്തിൽ നിന്ന് 24 റൺസെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. മികച്ച കൂട്ടുകെട്ടുകളൊന്നും പടുത്തുയർത്താനായില്ലെങ്കിലും മികച്ച സ്‌കോർ സ്വന്തമാക്കാൻ ചെന്നൈക്ക് സാധിച്ചു.

മധ്യ ഓവറുകളിൽ ചെന്നൈ ബാറ്റ്‌സ്മാന്മാരെ നിയന്ത്രിച്ചു നിർത്തിയ രാജസ്ഥാൻ ബോളർമാരാണ് കൂറ്റൻ സ്‌കോറിൽനിന്ന് അവരെ തടഞ്ഞത്. ഒരുവേള 180 കടക്കില്ലെന്ന് തോന്നിച്ച ചെന്നൈ, അവസാന മൂന്ന് ഓവറിൽ 45 റൺസടിച്ചാണ് 188ൽ എത്തിയത്.

ഒരു അർധസെഞ്ചുറിയോ അർധസെഞ്ചുറി കൂട്ടുകെട്ടോ പോലും പിറക്കാതെ പോയ ചെന്നൈ ഇന്നിങ്‌സിൽ, ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം ഒത്തുപിടിച്ചാണ് ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചത്. പവർപ്ലേയിൽ പതിവിനു വിപരീതമായി തകർത്തടിച്ച ഓപ്പണർ ഫാഫ് ഡുപ്ലേസിയാണ് അവരുടെ ടോപ് സ്‌കോറർ. ഡുപ്ലേസി 17 പന്തിൽ നാലു ഫോറും രണ്ടു സിക്‌സും സഹിതം 33 റൺസെടുത്തു.

ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന് തുടർച്ചയായ മൂന്നാം മത്സരത്തിലും താളം കണ്ടെത്താനാകാതെ പോയത് ചെന്നൈയെ നിരാശപ്പെടുത്തി. 13 പന്തുകൾ നേരിട്ട ഗെയ്ക്വാദ്, ഒരു ഫോർ സഹിതം 10 റൺസെടുത്തു. മോയിൻ അലി (20 പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 26), സുരേഷ് റെയ്‌ന (15 പന്തിൽ ഓരോ സിക്‌സും ഫോരും സഹിതം 18), അമ്പാട്ടി റായുഡു (17 പന്തിൽ മൂന്നു സിക്‌സറുകൾ സഹിതം 27), രവീന്ദ്ര ജഡേജ (ഏഴു പന്തിൽ ഒരു ഫോർ സഹിതം എട്ട്), സാം കറൻ (ആറു പന്തിൽ ഒരു സിക്‌സ് സഹിതം 13) എന്നിങ്ങനെയാണ് ചെന്നൈ താരങ്ങളുടെ പ്രകടനം. ഡ്വെയിൻ ബ്രാവോ എട്ടു പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 20 റൺസുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ മോയിൻ അലി സുരേഷ് റെയ്‌ന സഖ്യം 26 പന്തിൽ അടിച്ചുകൂട്ടിയ 45 റൺസാണ് ചെന്നൈ നിരയിലെ ഉയർന്ന കൂട്ടുകെട്ട്.

രാജസ്ഥാനായി ചേതൻ സകാരിയ നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. ക്രിസ് മോറിസ് നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. രാഹുൽ തെവാത്തിയ മൂന്ന് ഓവറിൽ 21 റൺസ് വഴങ്ങിയും മുസ്താഫിസുർ റഹ്‌മാൻ നാല് ഓവറിൽ 37 റൺസ് വഴഹ്ങിയും ഓരോ വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ജയ്‌ദേവ് ഉനദ്കട് നാല് ഓവറിൽ 40 റൺസ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ട് ചെന്നൈ താരങ്ങൾ റണ്ണൗട്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP