Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ബൗളിങ്ങിലെ മാറ്റങ്ങളിലൂടെ മുംബൈ ഇന്ത്യൻസിന്റെ സ്‌കോറിങ് വേഗം കുറച്ചത് ക്യാപ്ടൻ കൂൾ; ജയിക്കാൻ അവസാന മൂന്ന് ഓവറിൽ പത്ത് റൺസ് ശരാശരിയിൽ റൺ വേണ്ടപ്പോൾ ക്രീസിലേക്ക് പറഞ്ഞു വിട്ടത് ബാറ്റിങ്ങിൽ സ്ഥിരത കാട്ടിയിട്ടില്ലാത്ത കുറ്റൻ അടിക്കാരനെ; അപ്രതീക്ഷിത ബാറ്റിങ് ഓർഡർ മാറ്റം കണ്ട് മൂക്കത്ത് വിരൽ വച്ചവർ ഒടുവിൽ പൊട്ടിച്ചിരിയുമായി കൈയടിച്ചു; ചെന്നൈ സൂപ്പർ കിംഗിസിന് അനായാസ വിജയം നൽകിയത് സാം കുറന്റെ ആ രണ്ട് സിക്‌സറുകൾ; ഇതും ക്യാപ്ടൻ ധോണി ഒരുക്കിയ വിജയം

ബൗളിങ്ങിലെ മാറ്റങ്ങളിലൂടെ മുംബൈ ഇന്ത്യൻസിന്റെ സ്‌കോറിങ് വേഗം കുറച്ചത് ക്യാപ്ടൻ കൂൾ; ജയിക്കാൻ അവസാന മൂന്ന് ഓവറിൽ പത്ത് റൺസ് ശരാശരിയിൽ റൺ വേണ്ടപ്പോൾ ക്രീസിലേക്ക് പറഞ്ഞു വിട്ടത് ബാറ്റിങ്ങിൽ സ്ഥിരത കാട്ടിയിട്ടില്ലാത്ത കുറ്റൻ അടിക്കാരനെ; അപ്രതീക്ഷിത ബാറ്റിങ് ഓർഡർ മാറ്റം കണ്ട് മൂക്കത്ത് വിരൽ വച്ചവർ ഒടുവിൽ പൊട്ടിച്ചിരിയുമായി കൈയടിച്ചു; ചെന്നൈ സൂപ്പർ കിംഗിസിന് അനായാസ വിജയം നൽകിയത് സാം കുറന്റെ ആ രണ്ട് സിക്‌സറുകൾ; ഇതും ക്യാപ്ടൻ ധോണി ഒരുക്കിയ വിജയം

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ഐ.പി.എൽ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചു വിക്കറ്റ് ജയം നേടുമ്പോൾ ഉദ്ഘാടന മത്സരത്തിൽ തോറ്റ് തുടങ്ങുന്ന മുംബൈ ഇന്ത്യൻസ് പതിവ് തെറ്റിക്കുന്നുമില്ല. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ അണിനിരന്ന ഐ.പി.എൽ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ ചെന്നൈ മറികടന്നു.

അർധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്സുകളാണ് ചെന്നൈയെ ജയിപ്പിച്ചത്. 48 പന്തുകൾ നേരിട്ട റായുഡു മൂന്നു സിക്സും ആറു ഫോറുമടക്കം 71 റൺസെടുത്തു. റായുഡുവാണ് കളിയിലെ താരവും. മുരളി വിജയ് (1), ഷെയ്ൻ വാട്ട്‌സൺ (4) എന്നിവരെ അതിവേഗം നഷ്ടമായ ശേഷമാണ് റായുഡു ചെന്നൈയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. 44 പന്തുകൾ നേരിട്ട ഡൂപ്ലെസിസ് 58 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 115 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രവീന്ദ്ര ജഡേജ (10), സാം കറൻ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

ഇതിൽ ധോണിയെന്ന കൂൾ ക്യാപ്ടന്റെ തന്ത്രവും നിർണ്ണായകമായി. നാലാം വിക്കറ്റ് നഷ്ടമാകുമ്പോൾ പാഡ് അണിഞ്ഞ് കേദാർ ജാദവും ധോണിയും സാം കറനും. എല്ലാവരും പ്രതീക്ഷിച്ചത് മൂന്ന് ഓവറിൽ പത്ത് റൺസിൽ അധികം ശരാശരിയിലെ ജയം വേണ്ടതിനാൽ ധോണിയോ ജാദവോ ഇറങ്ങുമെന്നായിരുന്നു. എന്നാൽ കൂൾ ക്യാപ്ടൻ ഏവരുടേയും പ്രതീക്ഷ തെറ്റിച്ച് സാം കറനെ ക്രീസിലേക്ക് പറഞ്ഞു വിട്ടു. തീരുമാനം തെറ്റാകുമോ എന്ന് പലരും ഭയന്നു. പക്ഷേ ക്യാപ്ടൻ ധോണിയുടെ തീരുമാനമായിരുന്നു ശരി. ആറു പന്തിൽ 18 റൺസെടുത്ത് കറൻ ടീമിനെ വിജയത്തിന് അടുത്തെത്തിച്ചു. സാം കറന്റെ രണ്ട് കൂറ്റൻ സ്‌കിസുകൾ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷകളെ തകർത്തു. അങ്ങനെ ക്യാപ്ടൻ ധോണിയുടെ നിർണ്ണായക തീരുമാനം ടീമിനെ ജയത്തിലെത്തിച്ചു.

റൺസെടുക്കുന്നതിനിടെ ധോണിയുടെ പുറത്താകലും സംഭവിച്ചുവെന്ന് ആരാധാകർക്ക് തോന്നി. ബുംമ്രയുടെ ചെറിയൊരു ബൗൺസറിൽ സ്‌കോർ ചെയ്യാനായിരുന്നു തന്നെ ധോണിയുടെ ശ്രമം. എന്നാൽ പന്തെത്തിയ കീപ്പറുടെ കൈയിൽ. ഔട്ടിനുള്ള അതിശക്തമായ അപ്പിൽ എത്തി. പന്ത് ബാറ്റിൽ തട്ടിയതിന് സമാനമായ ശബ്ദവും കേട്ടു. അമ്പയർ അതിവേഗം ഔട്ടും വിധിച്ചു. ക്യാപ്ടൻ കൂൾ പതറാതെ നിന്നു. ആരാധകർ അന്തം വിട്ടപ്പോൾ തീരുമാനം റിവ്യൂവിന് വട്ടു.

ധോണിയുടെ ബാറ്റിൽ പന്തുരസിയില്ലെന്ന് ടിവി റീപ്ലേയിൽ വ്യക്തമായി. തീരുമാനം അമ്പയർക്ക് പുനപരിശോധിക്കേണ്ടിയും വന്നു. അമ്പയർ തല കുനിച്ച രംഗം. എന്നാൽ തന്റെ ബാറ്റിൽ സംഭവിക്കാറുള്ള സാങ്കേതിക പിഴവാണ് അമ്പയറെ ചതിച്ചതെന്ന സൂചന ധോണി നൽകി. ബാറ്റിന്റെ ഗ്രിപ്പിലുണ്ടായ പ്രശ്‌നമാണ് പന്ത് നിക്ക് ചെയ്തതു പോലെ ശബ്ദമുണ്ടാക്കിയതെന്ന് സഹബാറ്റ്‌സ്മാനോട് ധോണി പറഞ്ഞു. തെറ്റായ തീരുമാനത്തിന് കാരണം അമ്പയറുടെ മാത്രം പിഴവല്ലെന്ന വിശദീകരണം നൽകും പോലെയാണ് ഏവരും ഈ ഇടപെടലിനേയും വിലയിരുത്തിയത്. അങ്ങനെ എല്ലാ അർത്ഥത്തിലും വിജയത്തിൽ താരമാകുകയായിരുന്നു ധോണി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തിരുന്നു. മികച്ച തുടക്കം ലഭിച്ച മുംബൈയെ ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോണി ബൗളിങ് മാറ്റങ്ങളിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. 4.4 ഓവറിൽ 46 റൺസ് ചേർത്ത ശേഷമാണ് രോഹിത് ശർമ - ക്വിന്റൺ ഡിക്കോക്ക് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. രോഹിത് ശർമ 12 റൺസും ക്വിന്റൺ ഡിക്കോക്ക് 33 റൺസും നേടി. 31 പന്തിൽ നിന്ന് 42 റൺസെടുത്ത സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ.

ചെന്നൈക്കായി എൻഗിഡി മൂന്നു വിക്കറ്റ് വീഴ്‌ത്തി. ദീപക് ചാഹറും ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തു. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണിലെ ആദ്യ സിക്‌സ് മുംബൈ താരം സൗരഭ് തിവാരിക്കാണ്. മുംബൈ ഇന്നിങ്‌സിലെ ഒൻപതാം ഓവറിലാണ് ആദ്യ സിക്‌സ് പിറന്നത്. മത്സരത്തിലെ രണ്ടാം ഓവർ എറിയാനെത്തിയ രവീന്ദ്ര ജഡേജയുടെ രണ്ടാം പന്ത് ലോങ് ഓഫിനു മുകളിലൂടെ തിവാരി ഗാലറിയിലെത്തിച്ചു.

ഇരു ടീമുകളുടെയും ടീം പ്രഖ്യാപനത്തിലും ചില കൗതുകങ്ങളുണ്ടായിരുന്നു. ഇന്ത്യൻ ടീമിൽനിന്ന് മുൻപേ പുറത്തായ മുരളി വിജയ് ചെന്നൈ നിരയിൽ ഓപ്പണറുടെ വേഷത്തിൽ ഇടംപിടിച്ചു. അതേസമയം, ചെന്നൈ നിരയിലെ സ്ഥിരം സാന്നിധ്യമായ വിൻഡീസ് താരം ഡ്വെയിൻ ബ്രാവോ ടീമിനു പുറത്തായി. പരുക്കാണ് കാരണമെന്നാണ് സൂചന. മറുവശത്ത് മുംബൈ നിരയിൽ സൗരഭ് തിവാരി ഇടംപിടിച്ചതും ശ്രദ്ധ നേടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP