Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോം തുടർന്ന് ഗ്രീൻഫീൽഡിലും ഉദിച്ചുയർന്ന് സൂര്യകുമാർ; മികച്ച പിന്തുണയുമായി രാഹുലും; കാര്യവട്ടത്ത് ഇന്ത്യക്ക് തകർപ്പൻ വിജയമൊരുക്കി മൂന്നാം വിക്കറ്റിലെ അർധ സെഞ്ച്വറി കൂട്ടുകെട്ട്; ആദ്യ ടി 20 യിൽ ഇന്ത്യൻ വിജയം 8 വിക്കറ്റിന്; പരമ്പരയിൽ 1-0 ത്തിന് മുന്നിൽ; നാലുവർഷം മുൻപത്തെ തോൽവിയെ മറന്ന് ഇന്ത്യൻ വിജയം ആഘോഷമാക്കി കാണികളും

ഫോം തുടർന്ന് ഗ്രീൻഫീൽഡിലും ഉദിച്ചുയർന്ന് സൂര്യകുമാർ; മികച്ച പിന്തുണയുമായി രാഹുലും; കാര്യവട്ടത്ത് ഇന്ത്യക്ക് തകർപ്പൻ വിജയമൊരുക്കി മൂന്നാം വിക്കറ്റിലെ അർധ സെഞ്ച്വറി കൂട്ടുകെട്ട്; ആദ്യ ടി 20 യിൽ ഇന്ത്യൻ വിജയം 8 വിക്കറ്റിന്; പരമ്പരയിൽ 1-0 ത്തിന് മുന്നിൽ; നാലുവർഷം മുൻപത്തെ തോൽവിയെ മറന്ന് ഇന്ത്യൻ വിജയം ആഘോഷമാക്കി കാണികളും

സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകർപ്പൻ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് സമാനമായി തകർച്ചയോടെയാണ് ഇന്ത്യയും തുടങ്ങിയത് എങ്കിലും മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കെ.എൽ.രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. സൂര്യകുമാർ 50 റൺസെടുത്തും രാഹുൽ 51 റൺസ് നേടിയും പുറത്താവാതെ നിന്നു. സ്‌കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടിന് 106. ഇന്ത്യ 16.4 ഓവറിൽ രണ്ടിന് 110. അർഷ്ദീപ് സിങ്ങിനെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തു.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നില്ല. പെട്ടെന്നുതന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണറും നായകനുമായ രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. വെറും രണ്ട് പന്തുകൾ മാത്രം നേരിട്ട രോഹിത് റൺസെടുക്കാതെ ക്രീസ് വിട്ടു. കഗിസോ റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന് ക്യാച്ച് നൽകി താരം മടങ്ങി.

പിന്നാലെ വന്ന സൂപ്പർതാരം വിരാട് കോലിക്കും പിടിച്ചുനിൽക്കാനായില്ല. വെറും മൂന്നുറൺസ് മാത്രമെടുത്ത കോലിയെ ആന്റിച്ച് നോർക്യെ ക്വിന്റൺ ഡികോക്കിന്റെ കൈയിലെത്തിച്ചു. കോലി പുറത്താവുമ്പോൾ ഇന്ത്യ 17 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു.

മറുവശത്ത് രാഹുൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. എന്നാൽ കോലിക്ക് പകരം വന്ന സൂര്യകുമാർ യാദവ് തുടർച്ചയായി രണ്ട് സിക്സുകൾ നേടിക്കൊണ്ട് ഇന്ത്യൻ സ്‌കോർ ഉയർത്തി. 11-ാം ഓവറിലാണ് ഇന്ത്യൻ സ്‌കോർ 50 കടന്നത്. ചെറിയ വിജയലക്ഷ്യമായിരുന്നിട്ടുപോലും ഇന്ത്യയ്ക്ക് അനായാസം റൺസ് കണ്ടെത്താനായില്ല. സൂര്യകുമാർ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റുവീശിയപ്പോൾ രാഹുൽ അതീവ ശ്രദ്ധയോടെയാണ് കളിച്ചത്. ഇരുവരും ചേർന്ന് വൈകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. സൂര്യകുമാറും രാഹുലും അർധസെഞ്ചുറി നേടി. ആദ്യം സൂര്യകുമാറാണ് അർധശതകം നേടിയത്. വെറും 33 പന്തുകളിൽ നിന്നാണ് താരം അർധശതകം കുറിച്ചത്. താരത്തിന്റെ എട്ടാം അന്താരാഷ്ട്ര ട്വന്റി 20 അർധശതകമാണിത്. പിന്നാലെ തകർപ്പൻ സിക്സടിച്ച് രാഹുൽ അർധസെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

സൂര്യകുമാർ 33 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 50 റൺസെടുത്തും രാഹുൽ 56 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 51 റൺസ് നേടിയും പുറത്താവാതെ നിന്നു. 16.4 ഓവറിൽ ഇന്ത്യ വിജയം നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദയും ആന്റിച്ച് നോർക്യെയും ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാരാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്. 41 റൺസെടുത്ത കേശവ് മഹാരാജാണ് ടീമിന്റെ ടോപ്സ്‌കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത് വമ്പൻ തകർച്ചയാണ്. വെറും ഒൻപത് റൺസെടുക്കുന്നതിനിടെ അഞ്ച് മുൻനിര വിക്കറ്റുകൾ നിലംപൊത്തി. ബുംറയ്ക്കും ഭുവനേശ്വറിനും പകരം ടീമിലിടം നേടിയ അർഷ്ദീപ് സിങ്ങും ദീപക് ചാഹറും ചേർന്ന് ദക്ഷിണാഫ്രിക്കയെ പിച്ചിച്ചീന്തി.

ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണറും നായകനുമായ തെംബ ബവൂമയെ പുറത്താക്കി ദീപക് ചാഹറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അക്കൗണ്ട് തുറക്കുംമുൻപേ ബവൂമയെ ദീപക് ചാഹർ ക്ലീൻ ബൗൾഡാക്കി. നാല് പന്ത് നേരിട്ട ബവൂമ നിരാശപ്പെടുത്തി. പിന്നീട് അർഷ്ദീപിന്റെ ഊഴമായിരുന്നു. രണ്ടാം ഓവറിൽ അർഷ്ദീപ് മൂന്ന് വിക്കറ്റാണ് വീഴ്‌ത്തിയത്.

രണ്ടാം ഓവറിലെ രണ്ടാം പന്തിൽ അർഷ്ദീപ് അപകടകാരിയായ ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റ് പിഴുതു. നാലുപന്തിൽ നിന്ന് ഒരു റൺ മാത്രമെടുത്ത ഡി കോക്കിന്റെ ബാറ്റിലുരസിയാണ് പന്ത് വിക്കറ്റിലേക്ക് തിരിഞ്ഞത്. പിന്നാലെ വന്ന റിലീ റോസ്സോയെ നിലയുറപ്പിക്കും മുൻപ് അർഷ്ദീപ് പറഞ്ഞയച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ റോസ്സോ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

റോസ്സോയ്ക്ക് പകരമെത്തിയത് അപകടകാരിയായ ഡേവിഡ് മില്ലറാണ്. എന്നാൽ മില്ലറെ അതിമനോഹരമായ ഇൻസ്വിങ്ങറിലൂടെ അർഷ്ദീപ് വീഴ്‌ത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ മില്ലർ ക്ലീൻ ബൗൾഡായി പുറത്തായി. ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തതാരം തലതാഴ്‌ത്തി ക്രീസ് വിട്ടു. ആ ഓവറിൽ വെറും ഏഴ് റൺസ് മാത്രം വഴങ്ങിയ അർഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയുടെ അഭിമാനമായി മാറി.

തൊട്ടടുത്ത ഓവറിൽ ചാഹർ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് ഭീഷണിയുയർത്തി. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ വമ്പനടിക്ക് പേരുകേട്ട യുവതാരം ട്രിസ്റ്റൻ സ്റ്റബ്സിനെ മടക്കി ചാഹർ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റ് പിഴുതു. നേരിട്ട ആദ്യ പന്തിൽ തന്നെ സ്റ്റബ്സ് അർഷ്ദീപ് സിങ്ങിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക വെറും ഒൻപത് റൺസിന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. പിന്നീട് ക്രീസിലൊന്നിച്ച എയ്ഡൻ മാർക്രവും ഓൾറൗണ്ടർ വെയ്ൻ പാർനെലും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

മികച്ച ഷോട്ടുകളുമായി കളിച്ച മാർക്രം ടീം സ്‌കോർ ഉയർത്താൻ ശ്രമിച്ചു. പാർനെൽ പിന്തുണ നൽകി. ഇരുവരും ടീം സ്‌കോർ 40 കടത്തി. എന്നാൽ എട്ടാം ഓവറിൽ മാർക്രത്തെ മടക്കി ഹർഷൽ പട്ടേൽ വീണ്ടും ദക്ഷിണാഫ്രിക്കയെ തകർച്ചയിലേക്ക് തള്ളിയിച്ചു. 24 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 25 റൺസെടുത്ത മാർക്രത്തെ ഹർഷൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക 42 ന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

മാർക്രം മടങ്ങിയതോടെ വെയൻ പാർനെൽ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. കേശവ് മഹാരാജ് താരത്തിന് പിന്തുണ നൽകി. ഇരുവരും ചേർന്ന് ടീം സ്‌കോർ 68-ൽ എത്തിച്ചെങ്കിലും അക്ഷർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 37 പന്തുകളിൽ നിന്ന് ഓരോ സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 24 റൺസെടുത്ത പാർനെലിനെ അക്ഷർ സൂര്യകുമാർ യാദവിന്റെ കൈയിലെത്തിച്ചു.

പാർനെൽ മടങ്ങുമ്പോൾ 16-ാം ഓവറിലേക്ക് കളിയെത്തിയിരുന്നു. അവസാന ഓവറുകളിൽ കേശവ് മഹാരാജ് നടത്തിയ ചെറുത്തുനിൽപ്പ് ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചു. കേശവിന്റെ ബാറ്റിങ് മികവിൽ ടീം സ്‌കോർ 100 കടന്നു. 19 ഓവറിലാണ് ടീം മൂന്നക്കം കണ്ടത്. എന്നാൽ അവസാന ഓവറിൽ താരത്തെ ഹർഷൽ പട്ടേൽ ക്ലീൻ ബൗൾഡാക്കി. 35 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 41 റൺസെടുത്താണ് കേശവ് ക്രീസ് വിട്ടത്. റബാദയും (7) ആന്റിച്ച് നോർക്യെയും (2) പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ്ങ് നാലോവറിൽ 32 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. ഹർഷൽ പട്ടേലും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ അക്ഷർ പട്ടേൽ ഒരു വിക്കറ്റ് സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP