Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കൻ മണ്ണിലും വെസ്റ്റ്ഇൻഡീസിനെ വീഴ്‌ത്തി; വമ്പൻ ജയവുമായി ടി20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ; ഇന്ത്യയുടെ ജയം 59 റൺസിന്; ബൗളിങ്ങും ബാറ്റിങ്ങും മികവിലേക്കെത്തിയപ്പോൾ ഇന്ത്യ സ്വന്തമാക്കിയത് അനായാസ ജയം; പരമ്പരയിലെ അവസാന മത്സരം ഇന്ന്

അമേരിക്കൻ മണ്ണിലും വെസ്റ്റ്ഇൻഡീസിനെ വീഴ്‌ത്തി; വമ്പൻ ജയവുമായി ടി20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ;  ഇന്ത്യയുടെ ജയം 59 റൺസിന്; ബൗളിങ്ങും ബാറ്റിങ്ങും മികവിലേക്കെത്തിയപ്പോൾ ഇന്ത്യ സ്വന്തമാക്കിയത് അനായാസ ജയം; പരമ്പരയിലെ അവസാന മത്സരം ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിൽ നടന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 59 റൺസിന്റെ വമ്പൻ ജയവുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി.192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 19.1 ഓവറിൽ 132 റൺസിന് ഓൾ ഔട്ടായി. 24 റൺസ് വീതമെടുത്ത ക്യാപ്റ്റൻ നിക്കോളാസ് പുരാനും റൊവ്മാൻ പവലുമാണ് വിൻഡീസിന്റെ ടോപ് സ്‌കോറർമാർ.

ഇന്ത്യക്കായി അർഷദീപ് സിങ് മൂന്നും ആവേശ് ഖാൻ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്ത് ബൗളിംഗിൽ തിളങ്ങി. സ്‌കോർ ഇന്ത്യ 20 ഓവറിൽ 191-5, വെസ്റ്റ് ഇൻഡീസ് 19.1 ഓവറിൽ 132ന് ഓൾ ഔട്ട്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം ഇന്ന് ഇതേ ഗ്രൗണ്ടിൽ നടക്കും.

ഇന്ത്യയുടെ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ വിൻഡീസിനായി ബ്രാണ്ടൻ കിംഗും കെയ്ൽ മയേഴ്‌സും ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിൽ 14 റൺസടിച്ചാണ് തുടങ്ങിയത്. എന്നാൽ വിൻഡീസിന്റെ ആവേശം അവിടെ തീർന്നു. രണ്ടാം ഓവറിൽ ബ്രാണ്ടൻ കിംഗിനെ(8 പന്തിൽ 13) മടക്കി ആവേശ് തുടക്കമിട്ട വിക്കറ്റ് വേട്ട മറ്റ് ബൗളർമാരും ഏറ്റെടുത്തു. വൺ ഡൗണായി എത്തിയ ഡെവോൺ തോമസിനെ(1) തന്റെ രണ്ടാം ഓവറിൽ ആവേശ് തന്നെ മടക്കി.

പിടിച്ചു നിൽക്കാൻ ശ്രമിച്ച കെയ്ൽ മയേഴ്‌സിനെ(16) അക്‌സർ പട്ടേൽ വീഴ്‌ത്തുകയും തകർത്തടിച്ച് പേടിപ്പിച്ച ക്യാപ്റ്റൻ നിക്കോളാസ് പുരാനെ(8 പന്തിൽ 24) സഞ്ജു സാംസണിന്റെ ത്രോയിൽ റിഷഭ് പന്ത് റണ്ണൗട്ടാക്കുകയും ചെയ്തതോടെ വിൻഡീസിന്റെ നടുവൊടിഞ്ഞു. എന്നിട്ടും റൊവ്മാൻ പവലിലൂടെ(16 പന്തിൽ 24)യും ഷിമ്രോൺ ഹെറ്റ്‌മെയറിലൂടെയും(19) തല ഉയർത്താൻ ശ്രമിച്ച വിൻഡീസിനെ അക്‌സറും രവി ബിഷ്‌ണോയിയും ചേർന്ന് എറിഞ്ഞൊതുക്കി.

വാലറ്റക്കാരെ യോർക്കറുകൾ കൊണ്ട് ശ്വാസം മുട്ടിച്ച അർഷദീപ് ജേസൺ ഹോൾഡറെയും(13), ഡൊമനിക് ഡ്രേക്ക്‌സിനെയും(5) ഒബേഡ് മക്കോയിയെയും(2)വീഴ്‌ത്തി വിൻഡീസിന്റെ തോൽവി പൂർത്തിയാക്കി. ഇന്ത്യക്കായി അർഷദീപ് മൂന്നോവറിൽ 12 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ആവേശ് ഖാൻ നാലോവറിൽ 17 റൺസിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. നിക്കോളാസ് പുരാൻ മൂന്ന് സിക്‌സിന് പറത്തിയെങ്കിലും അക്‌സർ നാലോവറിൽ 48 റൺസിന് രണ്ട് വിക്കറ്റും രവി ബിഷ്‌ണോയ് നാലോവറിൽ 27 റൺസിന് രണ്ട് വിക്കറ്റുമെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു.ക്യാപ്റ്റൻ രോഹിത് ശർമയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. പരമ്പരയിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ പുറത്താകാതെ 30 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

രോഹിത് ശർമ 16 പന്തിൽ 33 ഉം ഋഷഭ് പന്ത് 31 പന്തിൽ നിന്ന് 44 റൺസും നേടി. ആറാം വിക്കറ്റിലെത്തി എട്ട് പന്തിൽ നിന്ന് 20 റണ്ണടിച്ചെടുത്ത് അക്സർ പട്ടേലും താരമായി. വിൻഡീസിനായി അൽസാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.മഴമൂലം ഒരു മണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.നേരത്തെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP