Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധോണിയും ചഹാലും പൂത്തുലഞ്ഞപ്പോൾ മെൽബണിൽ ഇന്ത്യൻ ക്രിക്കറ്റ് വസന്തം; ടെസ്റ്റ് പരമ്പരയുടെ ചരിത്രനേട്ടത്തിന് പിന്നാലെ 2-1ന് കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് ഓസീസ് മണ്ണിൽ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ തേരോട്ടം; ഓസീസ് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്നിട്ടത് മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി; അമ്പതാം ഓവറിൽ ധോണിയെ സാക്ഷിയാക്കി പന്ത് അതിർത്തിയിലേക്ക് പായിച്ച് വിജയറൺ നേടി കേദാർ യാദവ്

ധോണിയും ചഹാലും പൂത്തുലഞ്ഞപ്പോൾ മെൽബണിൽ ഇന്ത്യൻ ക്രിക്കറ്റ് വസന്തം; ടെസ്റ്റ് പരമ്പരയുടെ ചരിത്രനേട്ടത്തിന് പിന്നാലെ 2-1ന് കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് ഓസീസ് മണ്ണിൽ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ തേരോട്ടം; ഓസീസ് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്നിട്ടത് മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി; അമ്പതാം ഓവറിൽ ധോണിയെ സാക്ഷിയാക്കി പന്ത് അതിർത്തിയിലേക്ക് പായിച്ച് വിജയറൺ നേടി കേദാർ യാദവ്

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: ഓസീസ് മണ്ണിൽ ചരിത്രംകുറിച്ച് ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഏകദിന പരമ്പരയിലും കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് ഇന്ത്യ. ബൗളിംഗിൽ ചഹാലും ബാറ്റിങ്ങിൽ ധോണിയും തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആധികാരികമായ വിജയംകുറിച്ചത്. ഇതോടെ ഓസീസിൽ ഏകദിന പരമ്പര സ്വന്തമാക്കുന്ന ഇന്ത്യൻ ടീമുമായി കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം. ബാറ്റിങ് ദുഷ്‌കരമായ മെൽബൺ പിച്ചിൽ ഓസീസിനെ 48.4 ഓവറിൽ 230 റൺസിന് എറിഞ്ഞിട്ട ഇന്ത്യ ധോണിയുടേയും ക്യാപ്റ്റൻ കോലിയുടേയും അവസാന ഘട്ടത്തിൽ ധോണിക്കൊപ്പം ഉറച്ചുനിന്ന കേദാർ യാദവിന്റേയും ബാറ്റിങ് മികവിൽ നിർണായകമായ മൂന്നാം ഏകദിനത്തിൽ വിജയം ഉറപ്പാക്കുകയായിരുന്നു. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. അവസാന ഓവറിലേ രണ്ടാം പന്തിലാണ് കേദാർ യാദവ് ഇന്ത്യക്ക് വേണ്ടി പന്ത് അതിർത്തി കടത്തി വിജയറൺ നേടിയത്. കേദാറും അർദ്ധ സെഞ്ച്വറി നേടി.

ബാറ്റിംഗിന്റെ തുടക്കത്തിൽ ഓസീസ് ഉജ്വല ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. ഒമ്പത് റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. പിന്നീടെത്തിയ ക്യാപ്റ്റൻ കോഹ്ലിയും ശിഖർ ധവാനും കരുതലോടെ കളിച്ചെങ്കിലും 23 റൺസെടുത്ത ധവാൻ പുറത്തായി. പിന്നീട് പതിവു സ്ഥാനം വിട്ട് നാലാമനായി ക്രീസിലെത്തിയ ധോണിയോടൊപ്പം ചേർന്ന് വിരാട് ഇന്ത്യൻ ഇന്നിങ്‌സ് പതിയെ പടുത്തുയർത്തി. എന്നാൽ 46 റൺസെടുത്ത കോഹ്ലി ജയ് റിച്ചാഡ്‌സണ് തന്നെ വിക്കറ്റ് നൽകി അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാനാവാതെ മടങ്ങി. പിന്നീടാണ് കേദാർ യാദവുമൊത്ത് ധോണി ഇന്ത്യയെ വിജയത്തിലേക്ക് പടിപടിയായി നയിച്ചത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ കരുതലോടെ കളിച്ച ധോണി ലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ വീണ്ടും കരുത്തുകാട്ടിയതോടെയാണ് ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കിയത്.

അവസാന ആറ് ഓവറിൽ 55 റൺസ് എന്ന നിലയിലേക്ക് ഇന്ത്യൻ വിജയലക്ഷ്യം എത്തിയെങ്കിലും പടിപടിയായി ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ധോണിയും കേദാറും കരുതലോടെ ബാറ്റ് വീശി. സ്‌കോറിങ് വേഗം കൂട്ടി അവസാന രണ്ട് ഓവറിൽ 15 റൺ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. എന്നാൽ 49-ാം ഓവറിൽ തന്നെ കാര്യങ്ങൾ വരുതിയിലാക്കിയ ഇന്ത്യ ഓസീസ് സ്‌കോറിന് ഒപ്പമെത്തി. അവസാന ഓവറിൽ പിന്നീട് കുതിച്ചത് അനായാസ വിജയത്തിലേക്ക്. അവസാന ഘട്ടത്തിൽ കളംനിറഞ്ഞു കളിച്ചത് കേദാർ യാദവാണ്. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി കുതിച്ച കേദാർ ആറ് ഫോറുകളാണ് തന്റെ ഇന്നിങ്‌സിൽ കുറിച്ചത്. അമ്പതാം ഓവറിൽ സ്റ്റോണിസ് എറിഞ്ഞ രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് പറത്തി കേദാർ യാദവാണ് വിജയറൺ സ്‌കോർ ചെയ്തത്. കേദാർ 61 (57 പ്ന്ത്) ധോണി 87 റണ്ണും (114 പന്ത്) എടുത്ത് പുറത്താകാതെ നിന്നു.

ചരിത്രം കുറിച്ച പരമ്പര വിജയം

ചരിത്രം തിരുത്തിയെഴുതിയ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഓസീസ് മണ്ണിൽ ഏകദിന പരമ്പര സ്വന്തമാക്കിയതും പുതു ചരിത്രമായി.
സിഡ്‌നിയിൽ നടന്ന ആദ്യ മൽസരം തോറ്റ ഇന്ത്യ, അഡ്‌ലെയ്ഡിലും മെൽബണിലും ജയം പിടിച്ചെടുത്താണ് പരമ്പര വിജയം സ്വന്തമാക്കിയത്. ഇതോടെ, ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്രനേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര എന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമായി.

അതേസമയം, ടെസ്റ്റ് നേട്ടത്തിന് 71 വർഷം കാത്തിരിക്കേണ്ടി വന്നെങ്കിൽ ഏകദിന നേട്ടത്തിന് അത്ര പഴക്കമില്ല. മൂന്നു വർഷം മുൻപ്, 2016ൽ ആണ് രണ്ടു ടീമുകളും തമ്മിൽ ഇവിടെ കന്നി ഏകദിന പരമ്പര കളിച്ചത്. അന്ന് ആതിഥേയർ 4-1ന് ജയിച്ചു. അതിനു മുൻപും ശേഷവും കളിച്ചതെല്ലാം മറ്റൊരു ടീം കൂടി ഉൾപ്പെട്ട ടൂർണമെന്റുകളായിരുന്നു. എന്നതിനാൽ ഇന്ത്യയുടെ കന്നി പരമ്പര വിജയവുമായി ഇപ്പോഴത്തേത്.

ഓസീസിന്റെ ബോൾട്ടിളക്കി ചഹാൽ

മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ക്യാപ്റ്റൻ കോലിയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു അച്ചടക്കത്തോടെയുള്ള ബൗളർമാരുടെ പ്രകടനം. യുസ്വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഓസീസിനെ താരതമ്യേന കുറഞ്ഞ സ്‌കോറിന് പുറത്താക്കാൻ സഹായിച്ചത്. 48.4 ഓവറിൽ ഓസ്ട്രേലിയ ഓൾ ഔട്ടാവുകയായിരുന്നു. അരങ്ങേറ്റക്കാരൻ വിജയ് ശങ്കറും മോശമാക്കിയില്ല. 6 ഓവറുകൾ എറിഞ്ഞ വിജയിക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ആകെ വിട്ടുകൊടുത്തത് 23 റൺസായിരുന്നു. അജിത് അഗാർക്കറിന് ശേഷം എംസിജിയിൽ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനം ഇനി ചഹാലിന്റെ പേരിൽ കുറിക്കപ്പെട്ടു.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പേസർ ഭുവനേശ്വർ കുമാർ നൽകിയത്. മൂന്നാം ഓവറിൽ ഓസീസ് ഓപ്പണർ കാരിയെ മടക്കിയ ഭുവി ഒൻപതാം ഓവറിൽ ക്യാപ്റ്റൻ ഫിഞ്ചിനെയും കൂടാരം കയറ്റി. കാരി അഞ്ചും ഫിഞ്ച് 14 ഉം റൺസെടുത്താണ് മടങ്ങിയത്. ഭുവിയുടെ മനോഹരമായ ഇൻസ്വിങ്ങറിൽ ഫിഞ്ച് വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഏകദിനത്തിൽ മൂന്ന് തവണയും ഫിഞ്ച് ഭുവിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ഒത്തുച്ചേർന്ന മാർഷ്- ഖവാജ സഖ്യം ഓസീസിനെ തകർച്ചയിൽ നിന്ന കരകയറ്റി. ഇരുവരും 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരേയും ഒരു ഓവറിൽ പുറത്താക്കി ചാഹൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. മാർഷിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോൾ ഖവാജയെ ചാഹൽ സ്വന്തം പന്തിൽ ക്യാച്ചെടുത്തു.

ഒരറ്റത്ത് പിടിച്ചുനിന്ന പീറ്റർ ഹാന്റ്സ്‌കോമ്പ് അർദ്ധസെഞ്ച്വറി നേടി. ഇതിനിടെ പത്ത് റൺസ് നേടിയ മാർകസ് സ്റ്റോയിനിസിനെ ചാഹൽ തന്നെ രോഹിത് ശർമ്മയുടെ കൈയിലെത്തിച്ചിരുന്നു. ഗ്ലെൻ മാക്സ്വെല്ലിനെ ഷമിയുടെ പന്തിൽ ഭുവിയാണ് പിടികൂടിയത്. മാക്സ്വെൽ 26 റൺസെടുത്തു. ഹാന്റ്സ്‌കോമ്പിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ചാഹൽ തന്റെ നാലാം വിക്കറ്റും നേടി. 58 റൺസായിരുന്നു ഹാന്റ്സ്‌കോമ്പിന്റെ സമ്പാദ്യം.

പിന്നാലെ റിച്ചാർഡ്‌സണെ (16) കേദാർ ജാദവിന്റെയും ആദം സാമ്പ(എട്ട്)യെ വിജയ് ശങ്കറിന്റെയും കൈകളിലെത്തിച്ച് ചാഹൽ ഇന്ത്യൻ ബോളിങിന്റെ കരുത്ത് കാട്ടി. സ്റ്റാൻലേകിനെ ക്ലീൻ ബൗൾഡ് ചെയ്ത് ഷമിയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. പത്തോവറിൽ 42 റൺസ് വഴങ്ങിയാണ് ചാഹൽ ആറ് വിക്കറ്റുകൾ വീഴ്‌ത്തിയത്. ഷമിയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി.

ഓസ്‌ട്രേലിയൻ മണ്ണിൽ ആയിരം തികച്ച് ധോണി

ഓസ്ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യ വിജയം കൊയ്തപ്പോൾ മറ്റൊരു നേട്ടം കൂടി ഇന്ത്യക്ക് സ്വന്തമായി. ഓസ്ട്രേലിയയിൽ 1000 ഏകദിന റൺസ് കുറിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി മഹേന്ദ്ര സിങ് ധോണി ചരിത്രം കുറിച്ചു.

മെൽബണിൽ മൂന്നാം ഏകദിനത്തിൽ 34 റൺ നേടിയപ്പോളാണ് ധോണി ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരാണ് ഇതിന് മുമ്പ് ഓസീസിൽ 1000 ഏകദിന റണ്ണുകൾ പിന്നിട്ട ഇന്ത്യൻ താരങ്ങൾ.

എംസിജിയിൽ ഇക്കുറി കളിക്കളത്തിലറങ്ങുമ്പോൾ 966 ഏകദിന റണ്ണുകളായിരുന്നു ഓസീസിൽ ധോണിയുടെ സമ്പാദ്യമായി ഉണ്ടായിരുന്നത്. എന്നാൽ മത്സരത്തിൽ നാലാമനായിറങ്ങി തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ധോണി ആയിരം പിന്നിട്ട് കുതിച്ചു. നേരത്തെ സിഡ്നിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി 10000 ഏകദിന റൺസുകൾ തികയ്ക്കുന്ന താരമെന്ന നേട്ടവും ധോണി സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP