Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കം; വെസ്റ്റ് ഇൻഡീസിനെതിരെ 'സന്നാഹ' മത്സരത്തിന് ഒരുങ്ങി ഇന്ത്യ; സൂര്യകുമാറിനും സഞ്ജുവിനും ഇഷൻ കിഷനും നിർണായകം; മുകേഷ് കുമാർ അരങ്ങേറിയേക്കും; ബാർബഡോസിൽ മത്സരം വൈകിട്ട് ഏഴിന് തുടങ്ങും

ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കം; വെസ്റ്റ് ഇൻഡീസിനെതിരെ 'സന്നാഹ' മത്സരത്തിന് ഒരുങ്ങി ഇന്ത്യ; സൂര്യകുമാറിനും സഞ്ജുവിനും ഇഷൻ കിഷനും നിർണായകം; മുകേഷ് കുമാർ അരങ്ങേറിയേക്കും; ബാർബഡോസിൽ മത്സരം വൈകിട്ട് ഏഴിന് തുടങ്ങും

സ്പോർട്സ് ഡെസ്ക്

ബാർബഡോസ്: ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകിട്ടിന് ഏഴിന് ബാർബഡോസിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബാർബഡോസിലാണ് കളിക്കുന്നതെങ്കിലും രോഹിത് ശർമയുടെയും സംഘത്തിന്റെയും ചിന്ത ഇന്ത്യ വേദിയാവുന്ന ലോകകപ്പിനെ കുറിച്ചാണ്. സ്വന്തം കാണികൾക്ക് മുന്നിൽ ലോക പോരാട്ടത്തിന് ഇറങ്ങുംമുൻപ് കെട്ടുറപ്പുള്ള സംഘത്തെ വാർത്തെടുക്കുകയാണ് ടീം ഇന്ത്യയുടെ പ്രധാനലക്ഷ്യം.

ഇന്ത്യൻ ക്രിക്കറ്റ് ടീം അവസാനമായി ഒരു ഏകദിന മത്സരം കളിച്ചിട്ട് നാല് മാസമായി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഐപിഎലിനും മുൻപ് ഓസ്‌ട്രേലിയയ്‌ക്കെതിരെ മാർച്ചിലായിരുന്നു അത്. ദീർഘമായ ഇടവേളയ്ക്കു ശേഷം ഏഷ്യാ കപ്പിനും ലോകകപ്പിനും മുൻപ് ഇന്ത്യയ്ക്ക് ഈ ഫോർമാറ്റിലേക്കും കളിക്കാർക്ക് ഫോമിലേക്കും തിരിച്ചെത്താനുള്ള അവസരമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര. ബ്രിജ്ടൗണിലെ കെൻസിങ്ടൻ ഓവലിൽ ഇന്ത്യൻ സമയം രാത്രി 7 മുതലാണ് മത്സരം. ഫാൻകോഡ് ആപ്പിലും ഡിഡി സ്‌പോർട്‌സിലും തൽസമയം ആരാധകർക്ക് കാണാനാകും.

ട്വന്റി20യിലെ ഉജ്വലഫോം ഏകദിനത്തിൽ ആവർത്തിക്കാനാവാതെ പോകുന്ന സൂര്യകുമാർ യാദവിനും ഋഷഭ് പന്തിന്റെയും കെ.എൽ.രാഹുലിന്റെയും അസാന്നിധ്യത്തിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി പൊരുതുന്ന സഞ്ജു സാംസണും ഇഷൻ കിഷനുമെല്ലാം പരമ്പര നിർണായകമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടരെ മൂന്നു മത്സരങ്ങളിൽ ഗോൾഡൻ ഡക്കായ സൂര്യകുമാർ പിന്നീട് ഐപിഎലിലൂടെ ഫോം വീണ്ടെടുത്തെങ്കിലും ഏകദിന ടീമിലെ നാലാം നമ്പർ സ്ഥാനത്ത് ശ്രേയസ് അയ്യരെ പിന്തള്ളി സ്ഥിരം സ്ഥാനം നേടണമെങ്കിൽ മികച്ച പ്രകടനം തന്നെ വേണം. പരുക്കു മൂലം ശ്രേയസ് ഈ പരമ്പരയ്ക്കില്ല.

രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഏറക്കുറെ ഉറപ്പിച്ച ഓപ്പണിങ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കണമെങ്കിൽ ഋതുരാജ് ഗെയ്ക്വാദും കിട്ടുന്ന അവസരങ്ങളിൽ അദ്ഭുതപ്രകടനം നടത്തേണ്ടി വരും. ബോളിങ്ങിലും ഇന്ത്യ 'റൊട്ടേഷൻ പരീക്ഷണം' നടത്തുമെന്നതിനാൽ ഉംറാൻ മാലിക്കിനും മുകേഷ് കുമാറിനുമെല്ലാം ഒരു കളിയിലെങ്കിലും അവസരം കിട്ടിയേക്കാം.

ഇതുവരെ 7 ഏകദിന മത്സരങ്ങൾ കളിച്ച ഉംറാൻ 13 വിക്കറ്റുകൾ നേടിയിട്ടുണ്ട്. റൺസ് വഴങ്ങുന്ന പ്രശ്‌നം പരിഹരിച്ചാൽ ഇരുപത്തിമൂന്നുകാരൻ ഉംറാനും ഭാവി ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാം. ഏകദിന ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ വിൻഡീസിന് ആത്മാഭിമാനം വീണ്ടെടുക്കാനുള്ള അവസരമാണ് ഈ പരമ്പര.

ഷിംറോൺ ഹെറ്റ്‌മെയ്മറും ഒഷെയ്ൻ തോമസും തിരിച്ചെത്തുന്നതോടെ കരുത്ത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഷായ് ഹോപ് നയിക്കുന്ന വിൻഡീസ്. 2019 ഡിസംബറിന് ശേഷം വിൻഡീസിന് ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ഇതിനിടെ നേർക്കുനേർവന്ന എട്ട് കളിയിലും ഇന്ത്യ ജയിച്ചു. ബാർബഡോസിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇതുകൊണ്ടുതന്നെ ടോസ് നിർണായകം.

ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം, ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മുഹമ്മദ് സിറാജ് നാട്ടിലേക്ക് തിരിച്ചു. അദ്ദേഹത്തിന് പകരം മുകേഷ് കുമാർ ടീമിൽ സ്ഥാനം പിടിച്ചേക്കും. നേരത്തെ, ടെസ്റ്റ് പരമ്പരയിലും മുകേഷ് അരങ്ങേറ്റം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP