Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാപ്ടന്റെ പക്വതയിൽ ധവാന്റെ ക്ലാസ് ഇന്നിങ്സ്; സഞ്ജുവിന് പകരക്കാരനായെത്തി അർദ്ധ സെഞ്ച്വറിയുമായി ഇശാൻ കിഷനും; ഓൾറൗണ്ട് മികവിൽ ശ്രീലങ്കയിൽ രണ്ടാം നിരക്കാരുടെ മിന്നും പ്രകടനം; കൊളംബോ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയം

ക്യാപ്ടന്റെ പക്വതയിൽ ധവാന്റെ ക്ലാസ് ഇന്നിങ്സ്; സഞ്ജുവിന് പകരക്കാരനായെത്തി അർദ്ധ സെഞ്ച്വറിയുമായി ഇശാൻ കിഷനും; ഓൾറൗണ്ട് മികവിൽ ശ്രീലങ്കയിൽ രണ്ടാം നിരക്കാരുടെ മിന്നും പ്രകടനം; കൊളംബോ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയം

സ്പോർട്സ് ഡെസ്ക്

കൊളംബൊ: ഏകദിനത്തിലെ അരങ്ങേറ്റക്കാർ അവിസ്മരണീയമാക്കിയ മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശിഖർ ധവാനും ഏകദിനത്തിൽ അരങ്ങേറ്റത്തിൽ അർധ നേടിയ ഇഷാൻ കിഷനുമാണ് ജയം വേഗത്തിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം 36.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

ആദ്യമായി ഇന്ത്യയുടെ ഏകദിന ജേഴ്‌സിയണിഞ്ഞ ഇഷാൻ കിഷൻ അർദ്ധ സെഞ്ചുറിയുമായി തകർത്തടിച്ചപ്പോൾ നായകൻ ശിഖർ ധവാന് മികച്ച പിന്തുണ നൽകി സൂര്യകുമാർ യാദവ് പക്വത പുറത്തെടുത്തു. കിഷൻ 42 പന്തിൽ നിന്ന് രണ്ടു സിക്സും എട്ടു ഫോറുമടക്കം 59 റൺസെടുത്തു. സൂര്യകുമാർ യാദവ് 20 പന്തിൽ നിന്ന് 31 റൺസുമായി ധവാനൊപ്പം പുറത്താകാതെ നിന്നു.

95 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 86 റൺസെടുത്ത ധവാനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. മത്സരത്തിനിടെ ഏകദിനത്തിൽ 6000 റൺസെന്ന നാഴികക്കല്ലും ധവാൻ പിന്നിട്ടു. വിജയം പൂർത്തിയായപ്പോൾ സീനിയർ ടീമിനൊപ്പം ആദ്യമായി പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുൽ ദ്രാവിഡിനും ഇരട്ടി സന്തോഷം. ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിൽ.



263 റൺസായിരുന്നു ആതിഥേയർ ഇന്ത്യക്ക് നൽകിയ വിജയലക്ഷ്യം. പൃഥ്വി ഷാ (24 പന്തിൽ 43) മോഹിപ്പിക്കുന്നത തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തിൽ പൃഥ്വിയുടെ കൂറ്റനടികൾ തുടക്കം മികച്ചതാക്കി. നേരിട്ട രണ്ടാം പന്തിൽ തന്നെ ഫോറടിച്ചാണ് പൃഥ്വി തുടങ്ങിയത്. പിന്നാലെ എട്ട് ഫോറുകൾ കൂടി പൃഥ്വിയുടെ ബാറ്റിൽ നിന്ന് പിറന്നു. എന്നാൽ ആറാം ഓവറിൽ സ്‌കോർബോർഡ് 58ൽ നിൽക്കെ പൃഥ്വി മടങ്ങി. ധനഞ്ജയുടെ പന്തിൽ അവിഷ്‌ക ഫെർണാണ്ടോയ്ക്ക് ക്യാച്ച്.

മൂന്നാമനായി എത്തിയ അരങ്ങേറ്റക്കാരൻ ഇഷാൻ കിഷൻ, ഷാ നിർത്തിയടത്ത്് നിന്ന് തുടങ്ങി. നേരിട്ട ആദ്യ പന്ത് കിഷൻ സിക്സ് നേടി. പിന്നീട് എട്ട് ഫോറുകളും മറ്റൊരു കൂറ്റൻ സി്കസും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ധവാൻ - ഇഷാൻ കിഷൻ സഖ്യം രണ്ടാം വിക്കറ്റിൽ 85 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അർധ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. നേരത്തെ ഇന്ത്യയ്ക്കായുള്ള ട്വന്റി 20 അരങ്ങേറ്റത്തിലും ഇഷാൻ കിഷൻ അർധ സെഞ്ചുറി നേടിയിരുന്നു.


യുവതാരങ്ങൾ തുടക്കം നൽകി മടങ്ങിയപ്പോൾ ക്യാപ്റ്റൻ ക്ഷമയോടെ എല്ലാം നോക്കികണ്ടു. ഇടയ്ക്ക് മനീഷ് പാണ്ഡെ (26) മടങ്ങിയെങ്കിലും ജയം പൂർത്തിയാവും വരെ ധവാൻ ക്രീസിലുണ്ടായിരുന്നു. 94 പന്തിൽ ആറ് ഫോറും ഒരു സിക്സും അടങ്ങുന്ന സെൻസിബിൾ ഇന്നിങ്സായിരുന്നു അത്. സൂര്യകുമാർ 20 പന്തിൽ 31 റൺസുമായി ക്യാപ്റ്റനൊപ്പം പുറത്താവാതെ നിന്നു. അഞ്ച് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ലങ്കയ്ക്കായി ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചാമിക കരുണാരത്നെ (പുറത്താവാതെ 43), ദസുൻ ഷനക (39), ചരിത് അസലങ്ക (38), അവിഷ്‌ക ഫെർണാണ്ടോ (32) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ദീപക് ചാഹർ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മിനോദ് ഭാനുക (27) ഫെർണാണ്ടോ സഖ്യം ഭേദപ്പെട്ട തുടക്കമാണ് ലങ്കയ്ക്ക നൽകിയത്. ഒമ്പത് ഓവറിൽ 49 റൺസ് കൂട്ടിചേർക്കാൻ അവർക്കായി. പേസർമാരായ ഭുവനേശ്വർ കുമാറും ദീപക് ചാഹറും ആദ്യ സ്പെല്ലിൽ വിക്കറ്റെടുക്കാൻ പരാജയപ്പെട്ടപ്പോൾ ചാഹലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. ചാഹൽ ടോസ് ചെയ്തിട്ട പന്തിൽ ഫെർണാണ്ടോ കവറിൽ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് നൽകി.

മൂന്നാമനായി ക്രീസിലെത്തിയ ഭാനുക രാജപക്സ (24), മിനോദിനൊപ്പം പിടിച്ചുനിന്നു. ഒരു ഘട്ടത്തിൽ ഒന്നിന് 85 എന്ന നിലയിലായിരുന്നു ലങ്ക. എന്നാൽ കുൽദീപ് ഒരോവറിൽ രണ്ട് പേരെയും മടക്കിയയച്ചു. മിനോദ് പൃഥി ഷായ്ക്ക് ക്യാച്ച് നൽകിയിപ്പോൾ രാജപക്സ ശിഖർ ധവാന്റെ കയ്യിലൊതുങ്ങി. നാലാമൻ ധനഞ്ജയ സിഡിൽവ (14) ക്രുനാലിന്റെ പന്തിൽ ഭുവനേശ്വറിന് ക്യാച്ച് നൽകുകയായിരുന്നു. നാലിന് 117 എന്ന നിലയിലേക്ക് വീണ ലങ്കയെ അസലങ്ക- ഷനക സഖ്യമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.



ഇരുവരും പുറത്തായ ശേഷം ദുഷ്മന്ത ചമീരയെ (13) കൂട്ടുപിടിച്ച് കരുണാരത്നെ നടത്തിയ ചെറുത്തുനിൽപ്പാണ് സ്‌കോർ 260 കടത്തിയത്. ഇതിനിടെ വാനിഡു ഹസരങ്ക (8), ഇസുരു ഉഡാന (8) എന്നിവരും പുറത്തായി. പാണ്ഡ്യ സഹോദരന്മാർ ഓരോ വിക്കറ്റ് പങ്കിട്ടെടുത്തു.പരിക്കിനെ തുടർന്ന് മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP