Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിന്നുന്ന തുടക്കമിട്ട് രാഹുലും രോഹിത്തും; ബാറ്റിങ് വെടിക്കെട്ടുമായി സൂര്യകുമാർ; ആവേശം ഏറ്റെടുത്ത് കോലി; ഫിനിഷറായി കാർത്തിക്; ഗുവാഹാട്ടിയിൽ റൺമല തീർത്ത് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 238 റൺസ് വിജയലക്ഷ്യം

മിന്നുന്ന തുടക്കമിട്ട് രാഹുലും രോഹിത്തും; ബാറ്റിങ് വെടിക്കെട്ടുമായി സൂര്യകുമാർ; ആവേശം ഏറ്റെടുത്ത് കോലി; ഫിനിഷറായി കാർത്തിക്; ഗുവാഹാട്ടിയിൽ റൺമല തീർത്ത് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 238 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

ഗുവാഹത്തി: കെ എൽ രാഹുലും രോഹിത് ശർമ്മയും തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട് ആളിക്കത്തിച്ച സൂര്യകുമാർ യാദവും വിരാട് കോലിയും ദിനേശ് കാർത്തിക്കും ചേർന്ന് ഗുവാഹത്തിയിൽ പടുത്തുയർത്തിയത് റൺമല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 237 റൺസ് നേടി. കെ എൽ രാഹുൽ(28 പന്തിൽ 57), രോഹിത് ശർമ്മ(37 പന്തിൽ 43), സൂര്യകുമാർ യാദവ്(22 പന്തിൽ 61), വിരാട് കോലി(28 പന്തിൽ 49*), ഡികെ(7 പന്തിൽ 17*) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സ്‌കോർ.

വിമർശനങ്ങളെയെല്ലാം അടിച്ചകറ്റി കെ എൽ രാഹുൽ കസറുന്നതാണ് സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ നാല് പന്തിൽ 5 റൺസായിരുന്ന രാഹുൽ പിന്നാലെ ടോപ് ഗിയറിലായി. രോഹിത്തും കൂട്ടുചേർന്നതോടെ ഇന്ത്യ പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസിലെത്തി. ഈസമയം കെ എൽ രാഹുൽ 11 പന്തിൽ 25 ഉം റൺസ് നേടിയിരുന്നു. പവർപ്ലേയ്ക്ക് ശേഷവും രാഹുൽ അടി തുടർന്നപ്പോൾ ഇന്ത്യ കുതിച്ചു. എന്നാൽ ഒരുതവണ ക്യാച്ചിന്റെ ആനുകൂല്യം ലഭിച്ചെങ്കിലും 37 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 43 റൺസെടുത്ത രോഹിത് ശർമ്മയെ കേശവ് മഹാരാജ് 10-ാം ഓവറിലെ അഞ്ചാം പന്തിൽ ട്രിസ്റ്റൻ സ്റ്റബ്സിന്റെ കൈകളിലെത്തിച്ചത് വഴിത്തിരിവായി. ഇതോടെ 96 റൺസ് നീണ്ട ഓപ്പണിങ് കൂട്ടുകെട്ട് അവസാനിച്ചു.

എന്നാൽ ഒരോവറിന്റെ ഇടവേളയിൽ ഏയ്ഡൻ മാർക്രമിനെ സിക്സറിന് പറത്തി രാഹുൽ ഫിഫ്റ്റിയും ഇന്ത്യൻ സ്‌കോർ 100 കടത്തുകയും ചെയ്തു. 24 പന്തിലാണ് രാഹുൽ 50 തികച്ചത്. തൊട്ടടുത്ത ഓവറിൽ മഹാരാജ് എൽബിയിൽ രാഹുലിനെ പുറത്താക്കി. രാഹുൽ 28 പന്തിൽ അഞ്ച് ഫോറും നാല് സിക്സും സഹിതം 57 റൺസ് എടുത്തു. പിന്നാലെ കണ്ടത് സൂര്യകുമാറിന്റെ ബാറ്റിങ് താണ്ഡവം. കാര്യവട്ടത്ത് നിർത്തിയയിടത്തുനിന്ന് തുടങ്ങിയ സൂര്യ 18 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കി. 17-ാം ഓവറിൽ പാർനലിനെ സിക്സർ പറത്തിയായിരുന്നു സൂര്യയുടെ ഫിഫ്റ്റി ആഘോഷം.

സൂര്യക്കൊപ്പം കോലിയും ആക്രമണം തുടങ്ങിയതോടെ ഇന്ത്യ 18-ാം ഓവറിൽ അനായാസം 200 കടന്നു. പിന്നാലെ 100 റൺസ് കൂട്ടുകെട്ട് ഇരുവരും പൂർത്തിയാക്കുകയും ചെയ്തു. മൂന്നാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ - വിരാട് കോലി സഖ്യം ദക്ഷിണാഫ്രിക്കൻ പേസർമാരെ തലങ്ങും വിലങ്ങും പറത്തി. 102 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോറിലേക്ക് ചേർത്തത്.

19-ാം ഓവറിലെ ആദ്യ പന്തിൽ കോലിയുമായുള്ള ആശയക്കുഴപ്പത്തിനിടെ സൂര്യകുമാർ റണ്ണൗട്ടായി. സ്‌കൈ 22 പന്തിൽ അഞ്ച് വീതം ഫോറും സിക്സും സഹിതം 61 റൺസെടുത്തു. അവസാന ഓവറിൽ തുടർച്ചയായി രണ്ട് സിക്സറുമായി ഡികെ തകർത്താടി. 28 പന്തുകൾ നേരിട്ട കോലി ഒരു സിക്സും ഏഴ് ഫോറുമടക്കം 49 റൺസോടെ പുറത്താകാതെ നിന്നു. ദിനേഷ് കാർത്തിക്ക് വെറും ഏഴു പന്തിൽ നിന്ന് 17 റൺസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP