Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര ബാറ്റിങ്: ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും നവ്ദീപ് സൈനിയുടെയും പോരാട്ടം വിഫലമായി; ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി ഇന്ത്യയ്ക്കായി കൂടുതൽ അർധസെഞ്ചുറി നേടിയെന്ന റെക്കോഡ് നേട്ടവുമായി ജഡേജ; സ്വന്തം മണ്ണിൽ ട്വന്റി20 പരമ്പര നഷ്ടപ്പെടുത്തിയതിന്റെ ഭാരത്തിൽനിന്ന് തലയുയർത്തി കിവീസും

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര ബാറ്റിങ്: ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും നവ്ദീപ് സൈനിയുടെയും പോരാട്ടം വിഫലമായി; ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി ഇന്ത്യയ്ക്കായി കൂടുതൽ അർധസെഞ്ചുറി നേടിയെന്ന റെക്കോഡ് നേട്ടവുമായി ജഡേജ; സ്വന്തം മണ്ണിൽ ട്വന്റി20 പരമ്പര നഷ്ടപ്പെടുത്തിയതിന്റെ ഭാരത്തിൽനിന്ന് തലയുയർത്തി കിവീസും

മറുനാടൻ മലയാളി ബ്യൂറോ

ഓക്‌ലൻഡ്: ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിൽ ഇന്ത്യ വന്ന ഘട്ടം. സെയ്നിയേയും താക്കൂറിനേയും, ചഹലിനേയും കൂട്ടുപിടിച്ച് പൊരുതി നിന്നു ഒരിക്കൽ കൂടി രവീന്ദ്ര ജഡേജ. പക്ഷേ 48ാം ഓവറിലെ മൂന്നാമത്തെ ഡെലിവറിയിൽ നീഷാമിന്റെ പന്തിൽ ഗ്രാൻഡോമിന്റെ കൈകളിലേക്ക് ജഡേജ എത്തിയതോടെ ആ പൊരുതലിന് അവസാനമാകുകയായിരുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് സ്വന്തം മണ്ണിൽ ട്വന്റി20 പരമ്പര നഷ്ടപ്പെടുത്തിയതിന്റെ ഭാരത്തിൽനിന്ന് തലയുയർത്തി കിവീസും.

ഏകദിന കളിയിൽ അത്ര പ്രാധാന്യം കൊടുക്കുന്നി്‌ല്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി പറഞ്ഞതാകാം ദയനീയ തോൽവിയിലേക്ക് നയിച്ചതെന്ന് വ്യക്താമാവും. ഇതോടെ ഏകദിന ക്രിക്കറ്റ് അത്ര പ്രാധാന്യം ഇന്ത്യൻ നായകൻ വില കൊടുക്കുന്നില്ലെങ്കിലും ടീമിനെ ജയിപ്പിക്കാൻ മധ്യനിര പൊരുതുന്നത് ആരാധകരെ ഏറെ ആശ്വാസകരമാക്കി. ഓക്ലൻഡുകാരൻ തന്നെയായ ആറടി എട്ടിഞ്ച് ഉയരക്കാരൻ കൈൽ ജാമിസൻ, ഓൾറൗണ്ട് പ്രകടനത്തോടെ അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ചായി.ഒരിക്കൽ കൂടി ഇന്ത്യൻ ഓപ്പണിങ് നിര പരാജയപ്പെടുന്ന കാഴ്ചയായിരുന്നു ഓക്ലൻഡിൽ. മൂന്ന് റൺസുമായി മായങ്ക് അഗർവാളും 24 റൺസുമായി പൃഥ്വി ഷായും മടങ്ങി. നായകൻ വിരാട് കോഹ്ലിയുടെ ഇന്നിങ്‌സ് നീണ്ടത് 15 റൺസ് മാത്രം. നാലമനായി ഇറങ്ങിയ ശ്രേയസ് അയ്യർ ഒരിക്കൽ കൂടി ക്രീസിൽ നിലയുറപ്പിച്ച് കളിച്ചു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറിയും കണ്ടെത്തിയ താരം ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. എന്നാൽ രാഹുൽ നാല് റൺസിനും കേദാർ ജാദവ് ഒമ്പത് റൺസിനും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

അർധസെഞ്ചുറിക്ക് പിന്നാലെ ശ്രേയസും പുറത്ത്. 57 പന്തിൽ ഒരു സിക്‌സും ഏഴ് ഫോറും അടക്കം 52 റൺസെടുത്ത താരത്തെ ബെന്നറ്റ് ലഥാമിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇതോടെ ബാറ്റിങ് ഉത്തരവാദിത്വം ജഡേജയുടെ കൈകളിലായി. തകർപ്പനടികളുമായി ഷാർദുൽ ഠാക്കൂറും കളം നിറഞ്ഞെങ്കിലും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ഇതോടെ നവ്ദീപ് സൈനി ക്രീസിലെത്തി. ജഡേജയും സൈനിയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് മുന്നേറിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ വീണ്ടും സജീവമായി. എന്നാൽ 45-ാം ഓവറിൽ സൈനി പുറത്തായി. പിന്നാലെ ചാഹലിന്റെ റൺഔട്ടും ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചു. നീഷാമിന്റെ പന്തിൽ ഗ്രാൻഡ്‌ഹോമിന് ജഡേജ ക്യാച്ച് നൽകിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു.

മാർട്ടിൻ ഗുപ്റ്റിലും ഹെന്റി നിക്കോൾസും തുടങ്ങി വച്ച ഇന്നിങ്‌സ് വാലറ്റത്ത് റോസ് ടെയ്ലർ അവസാനിപ്പിച്ചപ്പോൾ ഇന്ത്യയ്‌ക്കെതിരെ ന്യൂസലൻഡ് 274 റൺസിന്റെ വിജയലക്ഷ്യമാണ് കിവികൾ ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്. മാർട്ടിൻ ഗുപ്റ്റിലും ടെയ്ലറും അർധസെഞ്ചുറി തികച്ച മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കിവികൾ 273 റൺസെന്ന സ്‌കോറിലെത്തിയത്. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച ഓപ്പണർമാർ 93 റൺസിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 41 റൺസെടുത്ത നിക്കോളാസിനെ യുസ്വേന്ദ്ര ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ടോം ബ്ലണ്ടൽ ഗുപ്റ്റിലുമായി ചേർന്ന് സ്‌കോർബോർഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും 22 റൺസെടുക്കുന്നതിനിടയിൽ ബ്ലണ്ടലിനെ ഠാക്കൂർ മടക്കി. പിന്നാലെ തന്നെ ഗുപ്റ്റിലും പുറത്തായി. 79 പന്തിൽ എട്ട് ഫോറും മൂന്ന് സിക്‌സും അടക്കം 79 റൺസാണ് ഗുപ്റ്റിൽ സ്വന്തമാക്കിയത്.

ന്യൂസിലൻഡ് ടീം സ്‌കോറിൽ 40 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അഞ്ച് ബാറ്റ്‌സ്മാന്മാരെ കൂടാരം കയറ്റി ഇന്ത്യൻ ബോളർമാർ കരുത്ത് കാട്ടിയെങ്കിലും പുറത്താകാതെ നിന്ന ടെയ്ലർ ലക്ഷകനാകുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ 76 റൺസിന്റെ കൂട്ടുകെട്ടാണ് കൈൽ ജാമിസണൊപ്പം ചേർന്ന് ടെയ്ലർ സൃഷ്ടിച്ചത്. ടെയ്ലർ 74 പന്തിൽ 73 റൺസ് നേടിയപ്പോൾ കൈൽ 24 പന്തിൽ 25 റൺസ് സ്വന്തമാക്കി. അവസാന ഓവറുകളിൽ കളി മറന്ന ഇന്ത്യൻ ബോളർമാരെ നിരന്തരം ബൗണ്ടറി കടത്താൻ കിവികൾക്കായി.

ഇന്ത്യയ്ക്കുവേണ്ടി യുസ്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഷാർദുൽ ഠാക്കൂർ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമിക്ക് പകരമെത്തിയ നവ്ദീപ് സൈനിയുടെയും രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് റൺസ് നിയന്ത്രിക്കുന്നതിൽ നിർണായകമായത്. ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ പോരാട്ടം ഫലം കണ്ടില്ലെങ്കിലും രവീന്ദ്ര ജഡേജയെത്തേടി മറ്റൊരു റെക്കോഡ്. ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി ഇന്ത്യയ്ക്കായി കൂടുതൽ അർധസെഞ്ചുറി നേടിയെന്ന റെക്കോഡാണ് ജഡേജ സ്വന്തമാക്കിയത്.

ഈ നേട്ടത്തിൽ മഹേന്ദ്ര സിങ് ധോനി, കപിൽ ദേവ് എന്നിവരെ മറികടന്നു. ജഡേജയുടെ ഏഴാമത്തെ അർധസെഞ്ചുറിയയായിരുന്നു ശനിയാഴ്ച. ധോനിക്കും കപിൽദേവിനും ഏഴാം നമ്പറിൽ ആറ് വീതം അർധസെഞ്ചുറിയാണുള്ളത്. ഏകദിനത്തിൽ ജഡേജയുടെ 12-ാമത്തെ അർധസെഞ്ചുറി കൂടിയാണിത്. ചൊവ്വാഴ്ച മൗണ്ട് മൗംഗനൂയിയിലാണ് മൂന്നാം ഏകദിനം.ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, മുൻനിര ബോളർമാരായ ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ എന്നിവരില്ലാതിരുന്നിട്ടും മത്സരം ജയിക്കാനായി എന്നതാണ് ന്യൂസീലൻഡിന്റെ പ്രകടനത്തിന്റെ ഹൈലൈറ്റ്. മറുവശത്ത് ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാന്മാർ അനാവശ്യ ഷോട്ട് കളിച്ചു വിക്കറ്റ് കളഞ്ഞ് തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു. പരമ്പരയിൽ രണ്ട് മത്സരങ്ങളിലും ദയനീയ തോൽവി നേരിട്ടതോടെ ആശ്വാസ ജയത്തിനായുള്ള നെട്ടോട്ടത്തിലാണ് ടീം ഇന്ത്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP