Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഓക്ലൻഡിൽ കിവീസിന്റെ റൺമഴ: ഇന്ത്യൻ ബൗളർമാരെ നിലംതൊടീക്കാതെ റോസ് ടെയ്‌ലർ; ഇന്ത്യക്ക് ആദ്യ ട്വന്റി 20 മത്സരത്തിൽ കിവീസ് ഉയർത്തിയത് വമ്പൻ സ്‌കോറിന്റെ വെല്ലുവിളി; 204 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം

ഓക്ലൻഡിൽ കിവീസിന്റെ റൺമഴ: ഇന്ത്യൻ ബൗളർമാരെ നിലംതൊടീക്കാതെ റോസ് ടെയ്‌ലർ; ഇന്ത്യക്ക് ആദ്യ ട്വന്റി 20 മത്സരത്തിൽ കിവീസ് ഉയർത്തിയത് വമ്പൻ സ്‌കോറിന്റെ വെല്ലുവിളി; 204 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരെ ആദ്യ ടി20യിൽ 204 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഏഴ് ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 77 റൺസെടുത്തിട്ടുണ്ട്. നായകൻ വിരാട് കോലിയും(20 പന്തിൽ 32) കെ എൽ രാഹുലുമാണ്(16 പന്തിൽ 33) ക്രീസിൽ. ആറ് പന്തിൽ ഏഴ് റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സാൻറ്‌നറുടെ പന്തിൽ ടെയ്‌ലർ പിടിച്ചാണ് ഹിറ്റ്‌മാൻ പുറത്തായത്.   

ഏകദിന ലോകകപ്പ് സെമിയിലെ തോൽവിക്കുശേഷം ഇന്ത്യ ന്യൂസിലൻഡുമായി കളിച്ചിട്ടില്ല. ഇന്ന് വീണ്ടും ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് കിവീസ്. സ്വന്തം മണ്ണിലെ വമ്പൻ വിജയ പരമ്പരകൾക്കു ശേഷം ന്യുസിലാൻഡിൽ പര്യടനത്തിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ട്വന്റി 20 മത്സരത്തിൽ ആതിഥേയർ ഉയർത്തിയത് വമ്പൻ സ്‌കോറിന്റെ വെല്ലുവിളിയാണ്. 204 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ന്യൂസിലാൻഡ് അടിച്ചുയർത്തിയത്. മൂന്ന് അർധ സെഞ്ച്വറികളുമായി കിവീസ് കാഴ്ചവെച്ച തകർപ്പൻ ബാറ്റിങ്ങാണ് വമ്പൻ സ്‌കോറിലേക്ക് എത്തിയത്.

ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റ് ചെയ്യാൻ അവസരം കിട്ടിയ കിവീസ് ഇന്ത്യൻ ബൗളിങ്ങിനെ തല്ലി പതംവരുത്തി. കോളിൻ മൺറോ, ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ, വെറ്ററൻ താരം റോസ് ടെയ്‌ലർ എന്നിവരാണ് അർധ സെഞ്ച്വറി കുറിച്ചത്. എട്ടാമത്തെ ഓവറിൽ ആദ്യ വിക്കറ്റിൽ മാർട്ടിൻ ഗുപ്റ്റിൽ പുറത്താകുമ്പോൾ തന്നെ സ്‌കോർ ബോർഡിൽ 80 റൺസ് കയറിക്കഴിഞ്ഞിരുന്നു. 19 പന്തിൽ 30 റൺസുമായി ശിവം ദുബെയുടെ പന്തിൽ രോഹിത് ശർമ പിടിച്ചായിരുന്നു ഗുപ്റ്റിൽ പുറത്തായത്. 42 പന്തിൽ 59 റൺസുമായി കോളിൻ മൺറോ ശാർദൂൽ ഠാക്കൂറിന്റെ പന്തിൽ യുസ്‌വേന്ദ്ര ചാഹൽ പിടിച്ച് പുറത്താക്കി.

ഒരു റൺസ് കൂടി ചേർത്തപ്പോഴേക്കും കോളിൻ ഡി ഗ്രാൻഡ്‌ഹോമിനെ റണ്ണെടുക്കും മുമ്പ് ജദേജ മടക്കിയപ്പോൾ ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു എന്ന് തോന്നിച്ചതാണ്. പക്ഷേ, വില്ല്യംസണ് കൂട്ടായി റോസ് ടെയ്‌ലർ വന്നതോടെ കളി മാറി. 26 പന്തിൽ 51 റൺസുമായി കത്തിക്കയറിയ വില്ല്യംസണെ ചഹലിന്റെ പന്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പിടികൂടിയപ്പോൾ തെല്ലൊരാശ്വാസമായതാണ്. പക്ഷേ, റോസ് ടെയ്‌ലർ വിശരൂപം പൂണ്ടതോടെ കിവീസിന് റണ്ണെടുക്കാൻ മാത്രമായി പന്തെറിയുന്ന പണിയായി ഇന്ത്യൻ ബൗളർമാർക്ക്. അതിനിടയിൽ ഒരു റണ്ണെടുത്ത ടിം സെയ്‌ഫെർട്ടും പുറത്തായെങ്കിലും 27പന്തിൽ പുറത്താകാതെ 54 റൺസുമായി റോസ് ടെയ്‌ലർ തകർത്താടി. മൂന്നു വീതം സിക്‌സറുകളും ബൗണ്ടറികളും ടെയ്‌ലറുടെ ബാറ്റിൽനിന്നു പിറന്നു.

ജസ്പ്രീത് ബുംറ, ശാർദൂൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചഹൽ, ശിവം ദുബെ, രവീന്ദ്ര ജദേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നാലോവറിൽ 53 റൺസ് വഴങ്ങിയ മുഹമ്മദ് ഷമി തല്ലുകൊണ്ട് പരുവക്കേടിലായി. ആകെ അഞ്ച് ട്വന്റി--20 യാണ് പരമ്പരയിൽ. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമുൾപ്പെടെ രണ്ടാഴ്ച നീളുന്ന പരമ്പര. ട്വന്റി--20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ടീമുകൾ. ലോകകപ്പ് സെമിയിൽ 18 റണ്ണിനാണ് കെയ്ൻ വില്യംസണും സംഘവും ഇന്ത്യയെ കീഴടക്കിയത്. ലോകകപ്പ് തോൽവിക്കുശേഷം ഇന്ത്യ തുടർജയങ്ങളുമായി മുന്നേറി.

ന്യൂസിലൻഡിന് തിരിച്ചടികളായിരുന്നു. ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി--20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇന്ത്യക്ക് ഈ പരമ്പര. സ്വന്തം തട്ടകത്തിൽ തുടർച്ചയായ നാല് പരമ്പരകൾ കളിച്ചാണ് കിവീസിലെത്തിയത്. ഇതിൽ മൂന്ന് ട്വന്റി--20 പരമ്പരകളായിരുന്നു. മലയാളിതാരം സഞ്ജു സാംസൺ ഒരിക്കൽക്കൂടി ടീമിൽ ഇടംനേടിയിട്ടുണ്ട്.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP