Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടക്കത്തിൽ ബാറ്റിങ് തകർച്ച; തകർപ്പൻ സെഞ്ചുറിയോടെ 'കൈവിട്ട കളി' തിരിച്ചുപിടിച്ച് റിഷഭ് പന്ത്; അർദ്ധ സെഞ്ചുറിയുമായി പിന്തുണച്ച് ഹാർദിക് പാണ്ഡ്യയും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം; വൈറ്റ് ബോളിൽ പരമ്പര നേട്ടം ആഘോഷിച്ച് രോഹിത്തും സംഘവും

തുടക്കത്തിൽ ബാറ്റിങ് തകർച്ച; തകർപ്പൻ സെഞ്ചുറിയോടെ 'കൈവിട്ട കളി' തിരിച്ചുപിടിച്ച് റിഷഭ് പന്ത്; അർദ്ധ സെഞ്ചുറിയുമായി പിന്തുണച്ച് ഹാർദിക് പാണ്ഡ്യയും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം; വൈറ്റ് ബോളിൽ പരമ്പര നേട്ടം ആഘോഷിച്ച് രോഹിത്തും സംഘവും

സ്പോർട്സ് ഡെസ്ക്

മാഞ്ചെസ്റ്റർ: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം ഇന്ത്യ 47 പന്തുകൾ ബാക്കി നിൽക്കേ മറികടന്നു. നിർണായകമായ മത്സരത്തിൽ തുടക്കത്തിലെ ബാറ്റിങ് തകർച്ചയ്ക്ക് ശേഷം കന്നി സെഞ്ചുറിയുമായി 'കൈവിട്ട കളി' തിരിച്ചുപിടിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ വിജയശിൽപ്പി.

ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 38 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വെറും ഒരുറൺ മാത്രമെടുത്ത ധവാനെ റീസ് ടോപ്ലി ജേസൺ റോയിയുടെ കൈയിലെത്തിച്ചു. പിന്നാലെ നായകൻ രോഹിത് ശർമയെയും നഷ്ടമായി.

17 പന്തുകളിൽ നിന്ന് 17 റൺസെടുത്ത ഇന്ത്യൻ നായകനെയും ടോപ്ലി തന്നെ മടക്കി. സ്ലിപ്പിൽ റൂട്ടിന് ക്യാച്ച് നൽകി രോഹിത് മടങ്ങി. പിന്നാലെ വന്ന വിരാട് കോലി മൂന്ന് ബൗണ്ടറിയടിച്ച് നന്നായി തുടങ്ങിയെങ്കിലും ഓഫ്സൈഡിൽ വന്ന പന്ത് വീണ്ടും താരത്തിന് വിനയായി. ടോപ്ലിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്ക് ക്യാച്ച് നൽകി 17 റൺസെടുത്ത് കോലിയും മടങ്ങി.

പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തും സൂര്യകുമാർ യാദവും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഇരുവരും ടീം സ്‌കോർ 50 കടത്തി. എന്നാൽ ടീം സ്‌കോർ 72-ൽ നിൽക്കേ സൂര്യകുമാറിനെ മടക്കി ക്രെയ്ഗ് ഓവർട്ടൺ ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 28 പന്തുകളിൽ നിന്ന് 16 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ അപകടം മണത്തു.



സൂര്യകുമാറിന് പകരം ഹാർദിക് പാണ്ഡ്യ ഋഷഭ് പന്തിന് കൂട്ടായി ക്രീസിലെത്തി. ഇരുവരും പതിയെ ഇന്ത്യൻ സ്‌കോർബോർഡ് ചലിപ്പിക്കാൻ തുടങ്ങി. ഇംഗ്ലണ്ട് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടേയിരുന്നു. അർധസെഞ്ചുറി നേടിക്കൊണ്ട് ഇരുവരും ഇന്ത്യയുടെ വിജയപ്രതീക്ഷകൾ തിരികെ കൊണ്ടുവന്നു. ഇന്ത്യൻ സ്‌കോർ 200 കടത്തി. ടീം സ്‌കോർ 205-ൽ നിൽക്കേ ഹാർദിക് പാണ്ഡ്യയെ ബ്രൈഡൻ കാഴ്സ് പുറത്താക്കി. 55 പന്തിൽ 71 റൺസ് നേടിയാണ് പാണ്ഡ്യ മടങ്ങിയത്. പത്ത് ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

പിന്നീട് ഋഷഭ് പന്ത് കളിയുടെ നിയന്ത്രണമേറ്റെടുക്കുന്ന കാഴ്ചയാണ് മാഞ്ചെസ്റ്ററിൽ കാണാനായത്. ജഡേജയെ കൂട്ടുപിടിച്ച് ലക്ഷ്യത്തിലേക്ക് ബാറ്റേന്തി. ഇംഗ്ലണ്ട് ബോളർമാരെ അതിർത്തികടത്തിക്കൊണ്ട് മാഞ്ചെസ്റ്ററിൽ പന്ത് നിറഞ്ഞാടി. ഒടുവിൽ താരത്തിന്റെ ബാറ്റിൽ നിന്ന് സെഞ്ചുറിയും പിറന്നു. 43-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി നേടിക്കൊണ്ട് പന്ത് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 113 പന്തിൽ നിന്ന് 125 റൺസാണ് ഋഷഭ് പന്ത് അടിച്ചെടുത്തത്. 16 ബൗണ്ടറികളും രണ്ട് സിക്സറുകളമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഋഷഭ് പന്തിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് മാഞ്ചെസ്റ്ററിലേത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഇന്ത്യ ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നിയന്ത്രണമേറ്റെടുത്തു. ഏകദിന പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് ജോണി ബെയർസ്റ്റോ (0), ജോ റൂട്ട് (0) എന്നിവരെ മടക്കിയയച്ചു. മിഡ്ഓഫിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകിയാണ് ബെയർസ്റ്റോ മടങ്ങുന്നത്. അതേ ഓവറിന്റെ അവസാന പന്തിൽ റൂട്ടിനേയും (0) സിറാജ് മടക്കി. സ്ലിപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ക്യാച്ച്.

ക്രീസിൽ ഒത്തുചേർന്ന ജേസൺ റോയ് (41) സ്റ്റോക്സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 54 റൺസ് കൂട്ടിചേർത്തു. എന്നാൽ ഹാർദിക് പാണ്ഡ്യയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തിൽ റോയ്ക്ക് പിഴച്ചു. 10-ാം ഓവറിൽ റിഷഭ് പന്തിന് ക്യാച്ച് നൽകി റോയ് മടങ്ങി. റോയ് ഏഴ് ബൗണ്ടറികൾ നേടി. മികച്ച തുടക്കം സ്റ്റോക്സിന് മുതലാക്കാനായില്ല. ഹാർദിക് സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി.

പിന്നാലെ ക്രീസിലെത്തിയ മൊയീൻ അലി (37), ലിയാം ലിവിങ്സറ്റൺ (27) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാൽ അലിയെ മടക്കി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. ഒട്ടും വൈകാതെ ലിവിങ്സ്റ്റണും പവലിയനിൽ തിരിച്ചെത്തി. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ജഡേജയ്ക്ക് സാധിച്ചു. അതേ ഓവറിൽ ബട്ലറും മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. എന്നാൽ ഡേവിഡ് വില്ലി (18), ക്രെയ്ഗ് ഓവർടോൺ (32) എന്നിവർ സ്‌കോർ 250 കടത്താൻ സഹായിച്ചു. റീസെ ടോപ്ലിയാണ് പുറത്തായ മറ്റൊരു താരം. ബ്രൈഡൺ കാർസെ (3) പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ ഏഴോവറിൽ മൂന്ന് മെയ്ഡനടക്കം 24 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ചാഹൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സിറാജ് രണ്ടുവിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ജഡേജ വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP