Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഹമ്മദാബാദ് ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്; ആറ് വിക്കറ്റ് നേട്ടവുമായി അക്ഷർ പട്ടേൽ; അശ്വിന് മൂന്ന് വിക്കറ്റ്; രണ്ടക്കം കാണാതെ ആറ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർ; ഇന്ത്യ ബാറ്റിങ് തുടങ്ങി

അഹമ്മദാബാദ് ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്; ആറ് വിക്കറ്റ് നേട്ടവുമായി അക്ഷർ പട്ടേൽ; അശ്വിന് മൂന്ന് വിക്കറ്റ്; രണ്ടക്കം കാണാതെ ആറ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർ; ഇന്ത്യ ബാറ്റിങ് തുടങ്ങി

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 48.4 ഓവർ മാത്രം നീണ്ടുനിന്ന ഒന്നാം ഇന്നിങ്‌സിനൊടുവിൽ 112 റൺസുമായി കൂടാരം കയറി. രാജ്യാന്തര ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന അക്‌സർ പട്ടേലാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകർത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു ചാർത്തപ്പെട്ട അതേ ദിവസം തന്നെ ഇംഗ്ലിഷ് പടയെ മോദിയുടെ നാട്ടുകാരനായ അക്‌സർ പട്ടേൽ എറിഞ്ഞുവീഴ്‌ത്തുന്ന തകർപ്പൻ പ്രകടനത്തിനാണ് കാണികൾ സാക്ഷിയായയത്. 21.4 ഓവറിൽ 38 റൺസ് മാത്രം വഴങ്ങിയാണ് അക്ഷർ ആറു വിക്കറ്റ് വീഴ്‌ത്തിയത്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്നുവീതം ജയിച്ച ഇരു ടീമുകളും നിലവിൽ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്.

ഇംഗ്ലിഷ് നിരയിൽ ആറ് ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി. കരിയറിലെ നാലാം ടെസ്റ്റ് അർധസെഞ്ചുറി കണ്ടെത്തിയ സാക് ക്രൗളിയാണ് ടോപ് സ്‌കോറർ. 84 പന്തുകൾ നേരിട്ട ക്രൗളി 10 ഫോറുകൾ സഹിതം 53 റൺസെടുത്തു. ക്രൗളിക്കു പുറമെ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ ജോ റൂട്ട് (37 പന്തിൽ 17), ജോഫ്ര ആർച്ചർ (18 പന്തിൽ 11), ബെൻ ഫോക്‌സ് (58 പന്തിൽ 12) എന്നിവർ മാത്രം.

ഓപ്പണർ ഡൊമിനിക് സിബ്‌ലി (ഏഴു പന്തിൽ 0), ജോണി ബെയർ‌സ്റ്റോ (0), ബെൻ സ്റ്റോക്‌സ് (ആറ്), ഒലീ പോപ്പ് (ഒന്ന്), ജാക്ക് ലീച്ച് (മൂന്ന്), സ്റ്റുവാർട്ട് ബ്രോഡ് (29 പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ജയിംസ് ആൻഡേഴ്‌സൻ (0) പുറത്താകാതെ നിന്നു.

മത്സരത്തിലാകെ 21.4 ഓവറുകൾ ബോൾ ചെയ്ത അക്‌സർ പട്ടേൽ, ആറു മെയ്ഡൻ ഓവറുകൾ സഹിതം 38 റൺസ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റ് വീഴ്‌ത്തിയത്. അശ്വിൻ 16 ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റും ഇഷാന്ത് ശർമ അഞ്ച് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴത്തി.

ഏഴു പന്തു മാത്രം നേരിട്ട സിബ്‌ലിയെ പൂജ്യത്തിന് പുറത്താക്കി കരിയറിലെ 100-ാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശർമയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രോഹിത് ശർമ ക്യാച്ചെടുത്തു. പരമ്പരയിൽ ആദ്യമായി കളത്തിലിറങ്ങിയ ജോണി ബെയർ‌സ്റ്റോ ആകട്ടെ, അക്‌സർ പട്ടേലിന് വിക്കറ്റ് സമ്മാനിച്ചു. പട്ടേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് ബെയർ‌സ്റ്റോ മടങ്ങിയത്. ഇതോടെ രണ്ടിന് 27 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ഓപ്പണർ സാക് ക്രൗളിക്കൊപ്പം ക്യാപ്റ്റൻ ജോ റൂട്ട് രക്ഷപ്പെടുത്തുമെന്നാണ് കരുതിയത്.

ക്ഷമയോടെ ക്രീസിൽനിന്ന ഇരുവരും സ്‌കോർബോർഡിലേക്ക് റണ്ണൊഴുക്കിയെങ്കിലും അത് അധികം നീണ്ടില്ല. സ്‌കോർ 74ൽ നിൽക്കെ റൂട്ടിനെ എൽബിയിൽ കുരുക്കി രവിചന്ദ്രൻ അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. 37 പന്തിൽ രണ്ട് ഫോറുകൾ സഹിതം 17 റൺസെടുത്ത റൂട്ടിനെ അശ്വിൻ എൽബിയിൽ കുരുക്കി.

ടീമിലേക്കുള്ള തിരിച്ചുവരവിൽ കരിയറിലെ നാലാം അർധസെഞ്ചുറി കണ്ടെത്തിയ സാക് ക്രൗളിയുടെ ഊഴമായിരുന്നു അടുത്തത്. അക്‌സർ പട്ടേലിന്റെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ട ക്രൗളി, എൽബിയിൽ കുരുങ്ങി. 84 പന്തിൽ 10 ഫോറുകൾ സഹിതം 53 റൺസെടുത്താണ് ക്രൗളി മടങ്ങിയത്. സ്‌കോർ 81ൽ നിൽക്കെ ഒലീ പോപ്പിനെ (12 പന്തിൽ ഒന്ന്) അശ്വിൻ ക്ലീൻ ബൗൾഡാക്കിയപ്പോൾ, ബെൻ സ്റ്റോക്‌സിനെ (24 പന്തിൽ ആറ്) അക്‌സർ പട്ടേൽ എൽബിയിൽ കുരുക്കി.

പിന്നാലെ രണ്ട് ഫോറുകൾ സഹിതം തിരിച്ചടിക്കാനൊരുങ്ങിയ ആർച്ചറിനെയും അക്‌സർ പട്ടേൽ ക്ലീൻ ബോൾ ചെയ്തു. ജാക്ക് ലീച്ചിന്റെ ഊഴമായിരുന്നു അടുത്തത്. 14 പന്തിൽ മൂന്നു റൺസെടുത്ത ലീച്ചിനെ അശ്വിൻ പൂജാരയുടെ കൈകളിലെത്തിക്കുമ്പോൾ ഇംഗ്ലണ്ട് സ്‌കോർ 98 റൺസ് മാത്രം.

സ്റ്റുവാർട്ട് ബ്രോഡ് ബെൻ ഫോക്‌സിനൊപ്പം പ്രതിരോധിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. ബ്രോഡിനെ അക്‌സർ പട്ടേൽ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ചു. സമ്പാദ്യം 29 പന്തിൽ മൂന്നു റൺസ് മാത്രം. അധികം വൈകാതെ ബെൻ ഫോക്‌സിനെ ക്ലീൻ ബോൾ ചെയ്ത അക്‌സർ, ഇംഗ്ലിഷ് ഇന്നിങ്‌സിന് തിരശീലയിട്ടു.

രണ്ടാം ടെസ്റ്റിൽ ദയനീയമായി തോറ്റ ടീമിൽ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഓപ്പണിങ് നിരയിൽ അഴിച്ചുപണി നടത്തിയ ഇംഗ്ലണ്ട് റോറി ബേൺസിനു പകരം സാക് ക്രൗളിയെ കളത്തിലിറക്കി. ഇതുൾപ്പെടെ നാലു മാറ്റങ്ങളാണ് ഇംഗ്ലണ്ട് ടീമിൽ വരുത്തിയത്. ബേൺസിനു പുറമെ ലോറൻസ്, സ്റ്റോൺ, മോയിൻ അലി എന്നിവർ പുറത്തിരുന്നപ്പോൾ ജയിംസ് ആൻഡേഴ്‌സൻ, ജോണി ബെയർ‌സ്റ്റോ, ജോഫ്ര ആർച്ചർ, സാക് ക്രൗളി എന്നിവർ ടീമിലെത്തി.

രണ്ടാം ടെസ്റ്റിൽ ജയിച്ച ഇന്ത്യൻ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. കുൽദീപ് യാദവിനു പകരം വാഷിങ്ടൻ സുന്ദറും മുഹമ്മദ് സിറാജിനു പകരം ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തി. ഇംഗ്ലണ്ട് പിങ്ക് ബോളിൽ കണ്ണുനട്ട് മൂന്ന് പേസർമാരെ കളത്തിലിറക്കിയപ്പോൾ കൂട്ടിനുള്ളത് ഒരേയൊരു സ്പിന്നർ മാത്രം. ഇന്ത്യയാകട്ടെ, പരമ്പരാഗത രീതിയിൽ നാട്ടിൽ രണ്ടു പേസർമാരും മൂന്നു സ്പിന്നർമാരുമായാണ് കളിക്കുന്നത്.

നരേന്ദ്ര മോദി സ്റ്റേഡിയമെന്ന് പുനഃർനാമകരണം ചെയ്ത സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. ഇന്ത്യയുടെ മൂന്നാം പിങ്ക് ടെസ്റ്റാണിത്. കൊൽക്കത്തയിൽ നടന്ന ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെതിരേ വൻ ജയം നേടി. പക്ഷേ, ഡിസംബറിൽ ഓസ്ട്രേലിയക്കെതിരേ അഡ്ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിൽ 36 റൺസിന് പുറത്തായി നാണംകെട്ട് മത്സരം തോറ്റിരുന്നു.

ഡേ നൈറ്റ് മത്സരത്തിൽ വൈകീട്ട് ഫ്‌ളഡ് ലൈറ്റ് വരുന്നതോടെ പേസ് ബൗളിങ്ങിനെ നേരിടാൻ ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടുമെന്നാണ് വിലയിരുത്തൽ. എന്നാൽ ആദ്യ ദിനത്തിൽ തന്നെ സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണച്ച പിച്ച് വരും ദിവസങ്ങളിലും 'അത്ഭുതം' തുടരാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP